Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓണമായതിനാൽ എല്ലാ ജീവനക്കാരും സെപ്റ്റംബർ എട്ടാം തീയതി ജോലിക്ക് എത്തണമെന്ന് ഡിജിപിയുടെ ഉത്തരവ്; ഇല്ലാത്ത കീഴ്‌വഴക്കം അംഗീകരിച്ച് കൊടുക്കേണ്ടെന്ന് തീരുമാനിച്ച് അനുസരിക്കാതെ പൊലീസ് അസോസിയേഷനിലെ ഇടത് വിഭാഗം; ബഹ്‌റയുടെ ഉത്തരവിനെ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂട്ടുപിടിച്ചും; പൊലീസ് മേധാവിയുടെ ഉത്തരവ് നടപ്പിലാക്കാത്തിൽ പ്രതിഷേധവുമായി മറുവിഭാഗവും

ഓണമായതിനാൽ എല്ലാ ജീവനക്കാരും സെപ്റ്റംബർ എട്ടാം തീയതി ജോലിക്ക് എത്തണമെന്ന് ഡിജിപിയുടെ ഉത്തരവ്; ഇല്ലാത്ത കീഴ്‌വഴക്കം അംഗീകരിച്ച് കൊടുക്കേണ്ടെന്ന് തീരുമാനിച്ച് അനുസരിക്കാതെ പൊലീസ് അസോസിയേഷനിലെ ഇടത് വിഭാഗം; ബഹ്‌റയുടെ ഉത്തരവിനെ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂട്ടുപിടിച്ചും; പൊലീസ് മേധാവിയുടെ ഉത്തരവ് നടപ്പിലാക്കാത്തിൽ പ്രതിഷേധവുമായി മറുവിഭാഗവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ ഞായറാഴ്‌ച്ച പൊലീസ് ആസ്ഥാനത്തെ മുഴുവൻ ജീവനക്കാരും ഡ്യൂട്ടിക്ക് എത്തണമെന്ന ഡിജിപിയുടെ ഉത്തരവ് അട്ടിമറിക്കപ്പെട്ട സംഭവത്തിൽ പൊലീസിൽ വിവാദം പുകയുന്നു. ഓണം പ്രമാണിച്ച് തിരക്കുള്ളതിനാൽ പൊലീസ് ആസ്ഥാനത്തെ മുഴുവൻ ജീവനക്കാരും എത്തണമെന്ന ഉത്തരവാണ് അട്ടിമറിക്കപ്പെട്ടത്.ഉത്തരവ് ഇറങ്ങിയിട്ടും ആസ്ഥാനത്ത് ഉണ്ടായിരിക്കണമെന്ന ഉത്തരവിൽ പറഞ്ഞവരിൽ മിക്കവരും ഞായറാഴ്‌ച്ച ഡ്യൂട്ടിക്ക് എത്തിയില്ല. ജീവനക്കാർ എത്താതിരുന്നപ്പോൾ ഉത്തരവ് അട്ടിമറിക്കപ്പെട്ട അവസ്ഥ നിലവിൽ വരുകയും ചെയ്തു. അച്ചടക്കത്തിന്റെ വാൾമുനയിൽ മുന്നോട്ടു പോകുന്ന പൊലീസിൽ നടാടെയാണ് ഡിജിപിയുടെ ഉത്തരവ് ഒരു ചലനങ്ങളും സൃഷ്ടിക്കാതെ കടന്നുപോയത്.

ഉത്തരവ് ഇറങ്ങിയപ്പോൾ തന്നെ പൊലീസ് ആസ്ഥാനത്ത് പ്രതിഷേധം ശക്തമായിരുന്നു. അതുകൊണ്ട് തന്നെ ഉത്തരവിനൊപ്പം അത് അട്ടിമറിക്കാനുള്ള നീക്കങ്ങളും വന്നു. പൊലീസ് ആസ്ഥാനത്തെ ഇടത് സംഘടനകൾ തന്നെയാണ് ഉത്തരവ് അട്ടിമറിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. സാധാരണ ഓണ നാളുകളിൽ ഇത്തരം ഒരു ഓർഡർ ഒരു ഡിജിപിയും പുറപ്പെടുവിച്ചിട്ടില്ല. അതുകൊണ്ട് ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ ഓർഡർ ഇറങ്ങിയപ്പോൾ തന്നെ പ്രതിഷേധവും വന്നു. പൊലീസ് ആസ്ഥാനത്തെ ഇടത് സംഘടനകൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ശക്തമായ നീക്കങ്ങളും നടത്തി. പതിവില്ലാത്ത ഒരു രീതിക്ക് വഴങ്ങണ്ടതില്ലെന്നു ജീവനക്കാർ മൊത്തം തീരുമാനിച്ചപ്പോഴാണ് ഡിജിപിയുടെ ഉത്തരവ് ഒരു ചലനവും സൃഷ്ടിക്കാതെ കടലാസിൽ തന്നെ കിടന്നത്.

ഡിജിപിയുടെ ഉത്തരവ് നടപ്പിലാക്കാത്തതിൽ ഉന്നതതലത്തിൽ തന്നെ പ്രതിഷേധം ശക്തമാണ്. പൊലീസിലെ അച്ചടക്കത്തിനെ ബാധിക്കുന്ന പ്രശ്‌നങ്ങൾ ഉൾപ്പെടുന്നതിനാലാണ് ഉത്തരവ് ഒരു ചലനവും സൃഷ്ടിക്കാതെ കടലാസിൽ കിടന്നത് ഗൗരവകരമായി കണക്കാക്കപ്പെടുന്നത്. ഡിജിപി എന്ന നിലയിൽ ബഹ്‌റയ്ക്ക് ഉള്ള അപ്രമാദിത്വത്തിനുള്ള ഇളക്കം തട്ടലായാണ് സംഭവം വീക്ഷിക്കപ്പെടുന്നത്. ഓണത്തിനു മലയാളികൾ കൽപ്പിക്കുന്ന പ്രാധാന്യത്തിനു ഒരു വിലയും കൽപ്പിക്കാതെയുള്ള ഉത്തരവായതിനാലാണ് അത് അട്ടിമറിക്കപ്പെട്ടത് എന്നാണ് ലഭിക്കുന്ന സൂചനകൾ. ഞായറാഴ്ച ഡ്യൂട്ടിക്ക് എത്തണമെന്ന ഉത്തരവ് മുൻകൂട്ടി തന്നെ എല്ലാവർക്കും ലഭിച്ചിരുന്നു.

പക്ഷെ ഓണം ആയതിനാൽ എത്താൻ കഴിയില്ലെന്ന് തന്നെയാണ് ഉദ്യോഗസ്ഥർ പ്രതികരിച്ചത്. ആസ്ഥാനത്തെ സംഘടനകളും ഈ ഉത്തരവ് ഗൗരവകരമായി കാണേണ്ടതില്ലെന്നു നിലപാട് എടുക്കുകയും ചെയ്തു. ഇടത് സംഘടനകൾ തന്നെ എതിർപ്പുമായി രംഗത്ത് വന്നതോടെ ഉത്തരവ് കടലാസിൽ കിടന്നു. ഉത്തരവ് നടപ്പാക്കപ്പെടുന്നില്ലെന്നു മനസിലായിട്ടും സാഹചര്യം മനസിലാക്കി ഡിജിപിയും മൗനം ദീക്ഷിക്കുകയും ചെയ്തു. ഇതോടെയാണ് ഉത്തരവ് കടലാസിൽ തന്നെ കിടക്കുന്ന അവസ്ഥ വന്നത്.

എൻഐഎയിലെ പ്രവർത്തന പാടവമടക്കം വിരൽ ചൂണ്ടി മികച്ച കുറ്റാന്വേഷകൻ എന്ന നിലയിൽ പേരെടുത്ത ഓഫീസറാണ് ബഹ്‌റയെങ്കിലും അഡ്‌മിനിസ്‌ട്രെറ്റർ എന്ന നിലയിൽ ബഹ്‌റ ഒരു പരാജയമാണെന്ന് വിരൽ ചൂണ്ടപ്പെട്ടിരുന്നു. ഇത് തെളിയിക്കുന്ന സംഭവവികാസങ്ങളാണ് ബഹ്‌റ ഡിജിപിയായ കാലയളവിൽ മുഴുവനും നടന്നത്. ഉന്നത ഉദ്യോഗസ്ഥർ തന്നെ ബഹ്‌റയ്ക്ക് വിലകല്പിക്കാത്തതും പൊലീസിൽ ചർച്ചയായിരുന്നു. ജിഷ്ണു പ്രണോയ്യുടെ മരണവുമായി ബന്ധപ്പെട്ടു നീതി തേടി അമ്മ മഹിജ പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാൻ വന്നപ്പോൾ പൊലീസ് ക്രൂരമായി നേരിട്ടത് ബഹ്‌റയുടെ വ്യക്തിപരമായ പരാജയം കൂടിയായിരുന്നു.

ബഹ്‌റയുടെ നടപടികൾക്കെതിരെ സിപിഎമ്മിലും കേരളത്തിലും പ്രതിഷേധത്തിര തന്നെ അലയടിച്ചിരുന്നു. പ്രശനം കൈകാര്യം ചെയ്യുന്നതിൽ ഡിജിപിഎന്ന നിലയിൽ ബഹ്‌റയുടെ പരാജയമായിരുന്നു ഇതെന്ന ആരോപണമാണ് ഉയർന്നത്. ഇതേ ദിവസം തന്നെ കെ.എം.ഷാജഹാൻ ഇതേ പ്രശ്‌നത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടതും വിവാദം സൃഷ്ടിച്ചു.സിപിഎമ്മിന്റെ പ്രതികാരത്തിനു ബഹ്‌റ ഷാജഹാനെ ഇരയാക്കുകയായിരുന്നു എന്ന ആരോപണമാണ് അന്ന് ഡിജിപിക്ക് എതിരെ ഉയർന്നത്. ഈ ആരോപണം ശരിവെച്ചുകൊണ്ട് ഷാജഹാൻ അറസ്റ്റ് ചെയ്യപ്പെട്ടിട്ടു രണ്ടു വർഷം കഴിഞ്ഞിട്ടും കുറ്റപത്രം കോടതിയിൽ എത്തുകയും ചെയ്തിട്ടില്ല. ഇത്തരം നടപടികൾ വഴി ബഹ്‌റ പൊലീസിന്റെ അന്തസ് തന്നെ ഇടിച്ചു താഴ്‌ത്തുകയാണ് എന്ന ആരോപണമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും വന്നത്.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശത്തിന്നെതിരെ നിയമനടപടികൾക്ക് സർക്കാരിന്റെ അനുവാദം തേടിയതും രാഷ്ട്രീയക്കളിയിൽ ഡിജിപി കൂടി തന്റെ ഭാഗം കളിക്കുന്നു എന്ന ആരോപണം ഉയർത്തി. സംസ്ഥാന പൊലീസ് മേധാവി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പെരുമാറുന്നുവെന്ന പരാമർശം നടത്തിയതിനാണ് മുല്ലപ്പള്ളിക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി ലോക്‌നാഥ് ബഹ്‌റ സർക്കാരിനെ സമീപിച്ചത്. അനുമതി ലഭിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ കടുത്ത വിമർശനവുമായി ഡിജിപിക്ക് എതിരെ രംഗത്ത് വന്നിരുന്നു. ഇത്തരം പ്രശ്‌നങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് ഡിജിപി ഇറക്കിയ ഉത്തരവ് പൊലീസ് ആസ്ഥാനത്തെ ജീവനക്കാർ തന്നെ ഉത്തരവ് അട്ടിമറിച്ച വാർത്ത പുറത്ത് വന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP