Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിയമം ശക്തമാക്കിയതിന് ശേഷം പിഴ ഇനത്തിൽ പിരിച്ചത് 46 ലക്ഷം; പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ശരിയാക്കിയിട്ട് പോരെ ഓണം വെള്ളത്തിലാക്കുന്ന ഈ കൊള്ളയടിയെന്ന ചോദ്യം കേട്ട് മടുത്ത് പൊലീസും മോട്ടോർ വാഹന വകുപ്പും; പിഴ കൂട്ടിയതിനെതിരെ കോൺഗ്രസും സിപിഎമ്മും ഒരുമിച്ച് രംഗത്ത്; ഓണം വരെ പിഴ ചുമത്തേണ്ടെന്ന് തീരുമാനിച്ച് പിണറായി; നിയമം ലംഘിക്കുന്നവർക്ക് ഫ്രീ ഉപദേശം മാത്രം; ഓർഡിനൻസ് ഇറക്കുന്ന കാര്യത്തിൽ നിയമവകുപ്പിന്റെ ഉപദേശം തേടി ഗതാഗതവകുപ്പ്

നിയമം ശക്തമാക്കിയതിന് ശേഷം പിഴ ഇനത്തിൽ പിരിച്ചത് 46 ലക്ഷം; പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ശരിയാക്കിയിട്ട് പോരെ ഓണം വെള്ളത്തിലാക്കുന്ന ഈ കൊള്ളയടിയെന്ന ചോദ്യം കേട്ട് മടുത്ത് പൊലീസും മോട്ടോർ വാഹന വകുപ്പും; പിഴ കൂട്ടിയതിനെതിരെ കോൺഗ്രസും സിപിഎമ്മും ഒരുമിച്ച് രംഗത്ത്; ഓണം വരെ പിഴ ചുമത്തേണ്ടെന്ന് തീരുമാനിച്ച് പിണറായി; നിയമം ലംഘിക്കുന്നവർക്ക് ഫ്രീ ഉപദേശം മാത്രം; ഓർഡിനൻസ് ഇറക്കുന്ന കാര്യത്തിൽ നിയമവകുപ്പിന്റെ ഉപദേശം തേടി ഗതാഗതവകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോട്ടോർ വാഹന ഭേദഗതി നിയമത്തിൽ ഇളവിനായി സർക്കാർ നിയമോപദേശം തേടിയെന്നും വാഹന പരിശോധനകളിൽ അയവുവരുത്തിയെന്നും ഗതാഗതമന്ത്രി മന്ത്രി എ.കെ.ശശീന്ദ്രൻ. ഒപ്പം തന്നെ ഓണക്കാലത്ത് പിഴ ഈടാക്കില്ലെന്നും ബോധവത്കരണം മാത്രംമായിരിക്കും നടത്തുക എന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ട്രാഫിക് നിയമലഘനത്തിന് പിഴ കുത്തനെ കൂ്ട്ടിയതിന് എതിരെ പലസ്ഥലങ്ങളിലും ജനരോഷം നിലനിൽക്കുന്നുണ്ട്. ഇപ്പോൾ പിഴ കൂടുതലായി ചുമത്തി ജനങ്ങളെ ബുദ്ധിമുട്ടി്ക്കരുതെന്ന് മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശമുണ്ട് എന്നും മന്ത്രി പറഞ്ഞു. നിയമം നടപ്പിലാക്കി ഇന്നലെ വരെ 46 ലക്ഷം രൂപയ്ക്ക് മുകളിൽ പിരിഞ്ഞ് കിട്ടിയിട്ടുണ്ട്.

നിയമലംഘനങ്ങൾക്ക് അഞ്ചിരട്ടി വരെ പിഴ ഈടാക്കാനുള്ള മോട്ടോർ വാഹന നിയമഭേദഗതി സംസ്ഥാനത്ത് തൽക്കാലം നടപ്പാക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഓണക്കാലം കഴിയും വരെ കർശന വാഹന പരിശോധന വേണ്ടെന്നാണ് തീരുമാനം. ഓണത്തിനു ശേഷം സ്ഥിതി വീണ്ടും വിലയിരുത്തി തുടർനടപടികൾ തീരുമാനിക്കും. എന്നാൽ സർക്കാർ തീരുമാനം ശരിയല്ല എന്ന് പറയുന്നവരുടെ എണ്ണവും കുറവല്ല. നിയമം പാലിക്കാൻ ആണ് കേന്ദ്രം നിർദ്ദേശിക്കുന്നത്. ഇത് തെറ്റിച്ചാൽ മാത്രമാണ് പിഴ ഈടാക്കുക. അപ്പോൾ അനാവശ്യമായി നിയമം പിൻവലിക്കുന്നത് എന്തിന് എന്ന ചോദ്യമാണ് ഉയരുന്നത്.

ശരിക്കും ഇപ്പോളത്തെ അവസ്ഥ വളരെ കൃത്യമായി കൈകാര്യം ചെയ്യേണ്ടതാണ് എന്ന് മുഖ്യമന്ത്രി പിണറായിക്കും അറിയാം. കാരണം കേന്ദ്രം കുത്തനെ പിഴ കൂട്ടിയപ്പോൾ രാജ്യത്തെ നിരവധി സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് ബിജെപി ഇതര സംസഥാനങ്ങളിൽ നിയമം നടപ്പിലാക്കിയില്ല. ഇതോടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്ന ചോദ്യം ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനങ്ങൾ എല്ലായിപ്പോഴും എതിർക്കുന്ന മുഖ്യൻ എന്ത്‌കൊണ്ടാണ് ഇപ്പോൾ നിയമ അക്ഷരംപ്രതി നടപ്പിലാക്കുന്നത് എന്നായിരുന്നു. ഇതിന് പിന്നാലെയാണ് നിയമം കർശനമാക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് മുഖ്യമന്ത്രിയും സർക്കാരും എത്തിയത്.

മോട്ടോർവാഹന നിയമഭേദഗതിക്കെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പരിഷ്‌കാരം അശാസ്ത്രീയമാണെന്നും വൻ അഴിമതിക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങൾ അപകടങ്ങൾ കുറയ്ക്കാൻ വേണ്ടിയാവണമെന്നും ഉയർന്ന പിഴ വിപരീത ഫലം ഉണ്ടാക്കുമെന്നും കോടിയേരി വ്യക്തമാക്കി. കേന്ദ്ര നിയമത്തിനെതിരെ എന്ത് ചെയ്യാൻ പറ്റുമെന്ന് ഗതാഗത വകുപ്പ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രം പല നിയമങ്ങളും കൊണ്ടുവന്ന് ഫെഡറൽ ഘടന തകർക്കുന്നുവെന്നും പിഴ കൂട്ടുകയല്ല, നിയമം കർശനമായി നടപ്പാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിരത്തിൽ പൊലീസ് ചെക്കിങ്ങുകളിൽ പെട്ട് കീശ കീറുന്ന അവസഥയിലെത്തിയിരിക്കുന്നത്. ഓണമാഘോഷിക്കുവാൻ കൈയിൽ കരുതിയ പണം മുഴുവൻ പൊലീസുകാർ കൊണ്ട് പോകുന്ന അവസ്ഥായാണ് സംസ്ഥാനത്ത് പല സ്ഥലത്തും എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.. ഭീമൻ പിഴകൾ അടക്കാനും വയ്യ അടക്കാതിരിക്കാനും വയ്യ എന്നതാണ് വാഹനമോടിക്കുന്നവരുടെ അവസ്ഥ. കാസർഗോഡ് ജില്ലയിലെ ഒരു യുവാവിന് ഒറ്റയടിക്ക് നൽകേണ്ടി വന്ന പിഴ പതിമൂവായിരം രൂപയാണ് ! ലൈസൻസ് ഇല്ലാതെ മറ്റൊരാളുടെ വാഹനമോടിച്ചു, പോരാത്തതിന് ഹെൽമറ്റ് ഇൻഷുറൻസ് എന്നിവയും ഇല്ല. നിന്നെ തന്നെയാടാ നോക്കിയിരുന്നത് എന്ന ഭാവത്തിൽ പൊലീസ് നൽകിയത 13000 രൂപയുടെ റസീപ്റ്റ്.

ആദ്യം നിങ്ങൾ ഈ റോഡുകളൊക്കെ മര്യാദയ്ക്ക് ഒന്ന് ശരിയാക്ക് എന്നിട്ട് മതി പിഴയൊക്കെ ഇങ്ങനെ കൂട്ടാൻ എന്ന നിലപാടാണ് ജനങ്ങൾക്ക്. പിഴ ഒടുക്കുമ്പോൾ അത് ഞങ്ങൾ കോടതിയിൽ അടച്ചോളാം എന്ന് പറയുന്നവരും കുറവല്ല. പൊലീസിന് കാശ് നൽകിയാൽ അത് ശരിയാകില്ല എന്നും ജനം വിശ്വസിക്കുന്നു. ഇത്തരത്തിൽ പിഴ കുത്തനെ കൂട്ടിയത് കേന്ദ്ര സർക്കാർ ആണെങ്കിലും സംസ്ഥാന സർക്കാരിനേും ജനം പഴിക്കുന്നുണ്ട്. രാജ്യത്ത് പല ബിജെപി ഇതര സർക്കാരുകളും കേന്ദ്ര നിയമം നടപ്പിലാക്കുന്നില്ല. എന്നാൽ നാഴികയ്ക്ക് നാൽപ്പത് വട്ടം കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന പിണറായി വിജയൻ എന്ത്കൊണ്ട് തന്റെ നാട്ടിൽ ഈ നിയമം നടപ്പിലാക്കി ജനങ്ങളെ പിഴിയേണ്ട എന്ന് തീരുമാനിക്കുന്നില്ല എന്നാണ് ജനങ്ങൾ ചോദിക്കുന്നത്.

കേന്ദ്ര സർക്കാർ മോട്ടോർ വാഹന ലംഘനത്തിനു ഏർപ്പെടുത്തിയിരിക്കുന്ന പിഴയിലെ വൻ വർദ്ധന കേരളത്തിൽ നടപ്പിലാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുമായി ആലോചിക്കാതെ ഏക പക്ഷീയമായി അടിച്ചേൽപ്പിച്ചത് പ്രതിഷേധാർഹമാണ് .കേരളത്തിലെ റോഡുകൾ തകർന്നു തരിപ്പണമായി കിടക്കുകയാണ്. ഗതാഗതകുരുക്കിൽ റോഡിൽ മണിക്കൂറുകൾ ആളുകൾ വലയുമ്പോഴാണ് പലമടങ്ങ് ഇരട്ടി പിഴയുമായി കേന്ദ്രസർക്കാർ എത്തുന്നത്.ഭേദഗതി ചെയ്ത നിയമം ഒരു കരുണയുമില്ലാതെ കണ്ണുംപൂട്ടി നടപ്പിലാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.

നിലവിലുള്ള നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനു പകരം വൻ തുക പിഴ ചുമത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി അംഗീകരിക്കില്ല.ഇപ്പോൾ തന്നെ രാജസ്ഥാൻ, മധ്യപ്രദേശ്, ബംഗാൾ, തമിഴ്‌നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ പുതിയ ഭേദഗതി നടപ്പിലാക്കില്ലെന്നു അറിയിച്ചു കഴിഞ്ഞു. എന്നിട്ടും കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടിയുമായി മുന്നോട്ട് പോകുന്നത് ശരിയല്ല.കോടിയേരിയുടെ പ്രസ്താവനയിൽ ആത്മാർത്ഥതയുണ്ടെങ്കിൽ സ്വന്തം പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിൽ സമ്മർദ്ദം ചെലുത്തി നടപടികൾ പിൻവലിക്കുകയാണു വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മോട്ടോർവാഹന നിയമലംഘനങ്ങൾക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങൾക്കും ഇടപെടാൻ അനുമതി നൽകിയിട്ടുണ്ട്. പിഴത്തുക പരിശോധകർക്ക് നേരിട്ട് നൽകുകയോ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിൽ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സർക്കാരിന് ഇടപെടാൻ അനുവാദമുള്ളത്.ഈ പഴുതാണ് കേരളം ഉപയോഗിക്കാൻ ശ്രമിക്കുന്നത്. കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുള്ള തുക പിഴയായി നിജപ്പെടുത്തുന്നതാണ് ആലോചിക്കുന്നത്. അതായത് അമിത വേഗത്തിൽ വാഹനമോടിച്ചാൽ പിഴ 1000 മുതൽ 2000 വരെയാണ്. പിടിക്കപ്പെടുന്നവർ നേരിട്ട് പണമടയ്ക്കുകയാണെങ്കിൽ 1100 രൂപ ഈടാക്കുന്ന രീതിലാകും മാറ്റം.എന്നാൽ കോടതിയിൽ അടയ്ക്കുന്ന പിഴയ്ക്ക് ഇത് ബാധമായിരിക്കില്ല. മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് മദ്യപിച്ച് വാഹനം ഓടിച്ചാൽ പിഴയായി ഈടാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP