Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസം നാല് കഴിഞ്ഞിട്ടും ഒഴിവ് നികത്തുന്നില്ല; റിപ്പോർട്ട് ചെയ്ത ഒഴിവുകൾ പോലും നികത്താൻ ശുപാർശയില്ലാത്തതിനെതിരെ പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ; നൂറുകണക്കിന് പേരുള്ള പട്ടികയിലെ പലർക്കും ഇത് അവസാന അവസരം; പരാതി നൽകിയിട്ടും കണ്ണ് തുറക്കാതെ പിഎസ്‌സി ചെയർമാൻ

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസം നാല് കഴിഞ്ഞിട്ടും ഒഴിവ് നികത്തുന്നില്ല; റിപ്പോർട്ട് ചെയ്ത ഒഴിവുകൾ പോലും നികത്താൻ ശുപാർശയില്ലാത്തതിനെതിരെ പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ; നൂറുകണക്കിന് പേരുള്ള പട്ടികയിലെ പലർക്കും ഇത് അവസാന അവസരം; പരാതി നൽകിയിട്ടും കണ്ണ് തുറക്കാതെ പിഎസ്‌സി ചെയർമാൻ

സുവർണ്ണ പി.എസ്

കൊച്ചി: എസ്എഫ്‌ഐ നേതാക്കൾ പി എസ് സി പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന ആരോപണമാണ് ഒടുവിലായി പിഎസ്‌സിക്ക് എതിരെ ഉയർന്നത്. യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിയെ കുത്തി കേസിലെ പ്രതികളായ ശിവരഞ്ചിത്തും നസീമിനും പി എസ് സി പരീക്ഷയിൽ ഉന്നത വിജയം കിട്ടിയത് എങ്ങനെയെന്ന ചോദ്യമാണ് പിന്നീട് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിന് തുടക്കം കുറിച്ചത്. ഇതിന്റെ തർക്കങ്ങൾ നടക്കുന്നതിനിടെയാണ്. പി എസ് സിയെ തേടി മറ്റൊരു പ്രശ്നം എത്തിയിരിക്കുന്നത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നാല് മാസം പിന്നിട്ടിട്ടും റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിലേക്ക് നിയമന ശുപാർശ ലഭിച്ചില്ലെന്നതാണ് പി എസ് സിക്ക് എതിരായുള്ള പരാതി.

ഹയർ സെക്കൻഡറി പൊളിറ്റിക്കൽ സയൻസ് ജൂനിയർ അദ്ധ്യാപക റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളാണ് പി എസ് സി വരുത്തിയ ഗുരുതരമായ വീഴ്ച മൂലം നിയമനം ഇനിയും കിട്ടാത്തത്. ഈ തസ്തികയിലേക്ക് 2017 ഓഗസ്റ്റ് മാസം വിജ്ഞാപനം പുറപ്പെടുവിച്ച് 2018 ജനുവരി 30 ന് പരീക്ഷയും നടത്തി. പിന്നീട് ഡിസംബർ മാസം അഭിമുഖം പൂർത്തിയാക്കി 2019 ഏപ്രിൽ പത്തിന് 500 പേർ മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ്തന്നെ 54 ഒഴിവുകൾ പി എസ് സി യിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. എന്നാൽ ലിസ്റ്റ് നിലവിൽ വന്ന് മാസങ്ങളായിട്ടും ഒരാൾക്ക് പോലും നിയമന ശുപാർശ അയക്കാൻ പി എസ് സി തയ്യാറായില്ല.

റാങ്ക് ലിസ്റ്റ് നിലവിൽ വരുന്നതിന് മുമ്പ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ 45 ദിവസത്തിനുള്ളിൽ നിയമന ശുപാർശ അയക്കണം എന്നാണ് ചട്ടം. ഈ നിയമമാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനമാകെ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ട 54 ഒഴിവുകൾ കൂടാതെ ഹയർ സെക്കൻഡറി ജൂനിയർ വിഭാഗം അദ്ധ്യാപകർക്ക് സീനിയറായി സ്ഥാനക്കയറ്റം നൽകുകവഴി 29 ഒഴിവുകളും കഴിഞ്ഞ മാസം പി എസ് സി യിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആകെ 83 ഒഴിവുകൾ നിലവിൽ ഉണ്ടെന്ന് പി എസ് സി തന്നെ സമ്മതിക്കുന്നുണ്ട്. എന്നിട്ടാണ് ഈ ഒഴിവുകളിലേക്ക് നിയമനം നടത്താൻ താമസിക്കുന്നത്.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും നിയമനം വൈകുന്നതിലനെക്കുറിച്ച് പി എസ് സി ആസ്ഥാനത്ത് അന്വേഷിച്ചപ്പോഴാണ് മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ട ഒരു ഉദ്യോഗാർത്ഥിയുടെ സ്പോർട്സിന്റെ വെയിറ്റേജ് മാർക്ക് ഉൾപ്പെടുത്താതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതു മൂലം വന്ന പിഴവാണ് ശുപാർശ വൈകാൻ കാരണം എന്ന് വ്യക്തമായത്. ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ച് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ സൂക്ഷ്മ പരിശോധന നടത്തി പി എസ് സി ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നൽകും മാത്രമല്ല ഇതിന് പുറമേ അഭിമുഖത്തിന് ഹാജരാവുന്ന സമയത്ത് പ്രമാണങ്ങൾ വീണ്ടും പരിശോധിക്കും ഇതിന് ശേഷമാണ് വെയിറ്റേജ് ഉൾപ്പെടെയുള്ള മാർക്ക് നൽകുന്നത്.

അതുകൊണ്ട് തന്നെ ഇത്തരത്തിൽ രണ്ട് തവണ സൂക്ഷ്മ പരിശോധന നടത്തിയിട്ടും സ്പോർട്സ് വെയിറ്റേജ് മാർക്ക് ഉൾപ്പെടുത്താൻ വിട്ടുപോയി എന്ന് പറയുന്നത് പി എസ് സി യുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ച മൂലമാണെന്നാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്.റാങ്ക് ലിസ്റ്റിൽ പേര് വന്നിട്ടും നിയമനം ലഭിക്കാത്തതിനാൽ വലയുകയാണ് ഉദ്യോഗാർത്ഥികൾ കാരണം പലരുടെയും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പ്രായം കൂടി വരികയാണ് . അതുകൊണ്ട് തന്നെ പ്രായ പരിധി കഴിയുന്നതിന് മുന്നേ തന്നെ ഒഴിവുകളിലേക്ക് നിയമനം ലഭിക്കേണ്ടത് അത്യാവശ്യമാണ്. നീണ്ട ഒൻപത് വർഷത്തെ കാത്തിരിപ്പിനു ശേഷം നിലവിൽ വന്ന ഹയർ സെക്കൻഡറി പൊളിറ്റിക്കൽ സയൻസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പ്രായം കൂടിയ പലരുടെതും ഇത് അവസാനത്തെ അവസരമാണ് .

അതുകൊണ്ട് തന്നെ പി എസ് സി യുടെ വീഴ്ച മൂലം അവസരം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഈ ഉദ്യോഗാർത്ഥികൾ. ഇതിന് മുമ്പ് 2008 ലാണ് ഈ തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചത്. അതേസമയം നിയമനം വൈകുന്നത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾ ചെയർമാനും സെക്രട്ടറിക്കും പരാതി നൽകിയെങ്കിലും ഇതുവരെ യാതൊരു വിധ നടപടിയും ഇവർ സ്വീകരിച്ചിട്ടില്ല. ഒരു കുട്ടിക്ക് വെയിറ്റേജ് മാർക്ക് വരുന്നത് സംബന്ധിച്ച് പി എസ് സിയുടെ തീരുമാനം വരാത്തതുകൊണ്ടാണെന്നാണ് ചെയർമാനും ബന്ധപ്പെട്ടവരും അറിയിച്ചത്.

പി എസ് സിയുടെ ഭാഗത്ത് നിന്നും നേരിട്ട വീഴ്‌ച്ചയ്ക്ക് ഉദ്യോഗാർത്ഥികളെ പറഞ്ഞിട്ട് കാര്യമില്ല. നിയമനത്തിനായ് കാത്തുകെട്ടികിടക്കുന്ന ഉദ്യോഗാർത്ഥികൾ ഉണ്ടായിട്ടും അവരെയൊന്നും നിയമിക്കാതെ സംസ്ഥാനത്ത് പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകർക്ക് ക്ഷാമം നേരിടുകയാണ്. എന്നിട്ടും ഈ ഒഴുവുകളിലേക്ക് നിയമനം നടത്താതെ സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിഭാഗത്തിൽ മതിയായ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകർ ഇല്ലാത്തതിനാൽ പല സ്ഥലങ്ങളിലും ദിവസ വേതനം അടിസ്ഥാനത്തിൽ താൽക്കാലിക അദ്ധ്യാപകരെ നിയമിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP