Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ മരുമകനും ബ്രിട്ടീഷ് കാബിനറ്റിൽ; ജോലി തേടി ബ്രിട്ടനിൽപ്പോയി മൂർത്തിയുടെ മകളെ കെട്ടി അതിസമ്പന്നനായ റിഷി സുനകിന്റെ കഥ; ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യക്കാർക്കും മന്ത്രിയാകാമെന്ന് തെളിയിച്ച് ശതകോടീശ്വരൻ

ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ മരുമകനും ബ്രിട്ടീഷ് കാബിനറ്റിൽ; ജോലി തേടി ബ്രിട്ടനിൽപ്പോയി മൂർത്തിയുടെ മകളെ കെട്ടി അതിസമ്പന്നനായ റിഷി സുനകിന്റെ കഥ; ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യക്കാർക്കും മന്ത്രിയാകാമെന്ന് തെളിയിച്ച് ശതകോടീശ്വരൻ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബോറിസ് ജോൺസൺ മന്ത്രിസഭയിലെ ട്രഷറി ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ റിഷി സുനക് എന്ന ഇന്ത്യക്കാരൻ തുറന്നിടുന്നത് ബ്രിട്ടനിലുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് പുതിയൊരു പ്രതീക്ഷകൂടിയാണ്. ജോലി തേടി ബ്രിട്ടനിലെത്തുകയും വിവാഹത്തിലൂടെ ശതകോടീശ്വരനാവുകയും ചെയ്തയാളാണ് റിഷി. രാഷ്ട്രീയപ്രവർത്തനം തുടങ്ങുകയും കൺസർവേറ്റീവ് പാർട്ടിയുടെ ഉരുക്കുകോട്ടയായ റിച്ച്മണ്ട് സീറ്റിൽനിന്ന് പാർലമെന്റിലെത്തുകയും ചെയ്തു. ഇപ്പോൾ ബോറിസ് ജോൺസൺ സർക്കാരിൽ മന്ത്രിയും.

ഇൻഫോസിസ് സ്ഥാപകൻ എൻ. ആർ.നാരായണമൂർത്തിയുടെ മരുമകൻ എന്നതാകും ഇന്ത്യക്കാർക്ക് റിഷിയെ സുപരിചിതനാക്കുന്ന ഘടകം. അക്ഷത മൂർത്തിയുമായുള്ള പ്രണയവും വിവാഹവുമാണ് റിഷിയുടെ തലവര മാറ്റിമറിച്ചത്. ഭാവി മരുമകനിൽ ഒരുപാട് പ്രതീക്ഷ പുലർത്തിയ നാരായണ മൂർത്തിക്കും തെറ്റിയില്ല. കൃത്യമായ ആസൂത്രണം കരിയറിലും വരുത്തിയ റിഷി ആ പ്രതീക്ഷ തെറ്റിക്കാതെയാണ് ഖജനാവിന്റെ മുഖ്യ സൂക്ഷിപ്പുകാരനായ മന്ത്രിയായി ചുമതലയേൽക്കുന്നത്.

നോർത്ത് യോർക്ക്ഷയറിൽ 12 ഏക്കറിലായി പരന്നുകിടക്കുന്ന വലിയൊരു കൊട്ടാരത്തിലാണ് റിഷിയുടെയും അക്ഷതയുടെയും താമസം. 2015-ൽ 15 ലക്ഷം പൗണ്ട് ചെലവിട്ട് വാങ്ങിയ ഈ കൊട്ടാര സദൃശ്യമായ വീട്ടിൽ താമസിക്കുന്ന റിഷിയെ നാട്ടുകാർ വിശേഷിപ്പിക്കുന്നത് ഡെയ്ൽസിലെ മഹാരാജാവ് എന്നാണ്. കൺസർവേറ്റീവ് പാർട്ടി നേതാവ് വില്യം ഹേഗ് 25 വർഷത്തോളം പ്രതിനിധീകരിച്ച റിച്ച്മണ്ട് സീറ്റിലേക്ക് അദ്ദേഹം പരിഗണിക്കപ്പെട്ടതും ഈ ജനസ്വാധീനം കൊണ്ടുതന്നെ.

ധനമന്ത്രി അഥവാ ചാൻസലർ കഴിഞ്ഞാൽ, ധനവകുപ്പിലെ ഏറ്റവും മുതിർന്ന ചുമതലയാണ് ചീഫ് സെക്രട്ടറിയുടേത്. ആ ഉന്നതമായ പദവിയിലേക്ക് ഒരു ഇന്ത്യക്കാരനെ ബോറിസ് നിയോഗിച്ചതിലൂടെ, ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യക്കാർക്കും ഏത് ഉയർന്ന പദവിയിലേക്കും എത്താമെന്നതിന്റെ തെളിവുകൂടിയായി അത്. സ്വന്തം നിലയിക്ക് റിഷിയുടെ വളർച്ച കൂടി പരിഗണിച്ചാണ് ബോറിസ് ഇത്രയും ഉത്തരവാദപ്പെട്ട പദവി അദ്ദേഹത്തിന് വെച്ചുനീട്ടിയതെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. അക്ഷതയെ വിവാഹം കഴിച്ചതിലൂടെ ധനാഢ്യനായി മാറിയ റിഷി ബ്രിട്ടനിലെ ഏറ്റവും പണക്കാരനായ എംപികൂടിയാണ്.

ബ്രിട്ടനിലേക്ക് കുടിയേറിയ ഇന്ത്യൻ കുടുംബത്തിലെ മൂന്നാംതലമുറയിൽപ്പെട്ടയാളാണ് റിഷി. എൻഎച്ച്എസിൽ ജിപിയായിരുന്നു റിഷിയുടെ അച്ഛൻ. അമ്മ ഒരു മരുന്നുകടയും നടത്തിയിരുന്നു. സതാംപ്ടണിൽ ജനിച്ച റിഷി ഓക്‌സ്ഫഡിലെ പഠനത്തിനുശേഷം കാലിഫോർണിയയിലെ സ്റ്റാൻഫഡ് സർവകലാശാലയിൽ ചേർന്നപ്പോഴാണ് അക്ഷതയെ കണ്ടുമുട്ടിയത്. ആ പ്രണയം 2009-ൽ വിവാഹത്തിലേക്കെത്തി. ബെംഗളൂരുവിൽ രണ്ടുനാൾ നീണ്ടുനിന്ന വിവാഹച്ചടങ്ങായിരുന്നു ഇവരുടേത്.

നിക്ഷേപക രംഗത്ത് പ്രവർത്തിച്ചിരുന്ന റിഷി, വിവാഹത്തിനുശേഷം സ്വന്തം ബിസിനസിന് തുടക്കമിട്ടു. തെലീം പാർട്‌ണേഴ്‌സ് എന്ന സ്ഥാപനം 2010-ലാണ് തുടങ്ങിയത്. തുടക്കത്തിൽ ആഴ്ചയിൽ രണ്ടുദിവസമായിരുന്നു രാഷ്ട്രീയ പ്രവർത്തനം. 700 മില്യൺ പൗണ്ട് മൂലധനവുമായി തുടങ്ങിയ തെലീം വളർന്ന് വികസിച്ചതോടെ, റിഷി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് തിരിഞ്ഞു. ഇപ്പോൾ ഈ കമ്പനിയുടെ ചുമതല ഭാര്യ അക്ഷതയ്ക്കാണ്.

ഇൻഫോസിസിൽ 185 ദശലക്ഷം പൗണ്ടിന്റെ ഓഹരിയുള്ള അക്ഷതയും കഠിനാധ്വാനിയാണ്. അക്ഷത ഡിസൈൻസ് എന്ന പേരിൽ സ്വന്തമായൊരു ഫാഷൻ ബ്രാൻഡ് അവർക്കുണ്ട്. ഇതിന് പുറമെ, നാരായണമൂർത്തി 2010-ൽ സ്ഥാപിച്ച നിക്ഷേപ സ്ഥാപനത്തിന്റെ ഡയറക്ടർകൂടിയാണവർ.

വൈവിധ്യ സമ്പന്നം ബോറിസ് മന്ത്രിസഭ

ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വൈവിധ്യപൂർണമായ മന്ത്രിസഭയൊരുക്കി ബോറിസ് ജോൺസന്റെ വേറിട്ട പാത. എന്തുവന്നാലും ഒക്ടോബർ 31നു തന്നെ യൂറോപ്യൻ യൂണിയൻ വിടുമെന്നു വ്യക്തമാക്കി പുതിയ പ്രധാനമന്ത്രി രൂപം നൽകിയ മന്ത്രിസഭയിൽ പ്രീതി പട്ടേൽ, ആലോക് ശർമ, ഋഷി സുനക് എന്നീ 3 ഇന്ത്യൻ വംശജരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടനിലേക്കു കുടിയേറിയ പാക്കിസ്ഥാൻകാരൻ ഡ്രൈവറുടെ മകനായി ജനിച്ച്, ഉന്നതനിലയിലെത്തിയ സാജിദ് ജാവിദിനെ ധനമന്ത്രിയാക്കിയതും ശ്രദ്ധേയമായി.

ആഭ്യന്തര മന്ത്രിയായി ബോറിസ് നിയോഗിച്ച പ്രീതി പട്ടേലി(47)ന്റെ നേട്ടം അത്യപൂർവമാണ്. ഇന്ത്യൻ വംശജരായ ആരും ഇതുവരെ ബ്രിട്ടിഷ് ആഭ്യന്തര മന്ത്രിയായിട്ടില്ല. ആലോക് ശർമ രാജ്യാന്തര വികസന മന്ത്രിയായപ്പോൾ ഋഷി സുനക് ട്രഷറി ചീഫ് സെക്രട്ടറിയാണ്. ഗുജറാത്തിൽ നിന്നു കുടിയേറിയവരാണു പ്രീതിയുടെ മാതാപിതാക്കൾ. ജോലിക്കായോ, ബ്രിട്ടനിലുള്ള ബന്ധുക്കളെ കാണാനോ വീസയ്ക്കു ശ്രമിക്കുന്ന ഇന്ത്യക്കാരുൾപ്പെടെയുള്ളവർ യൂറോപ്യൻ യൂണിയന്റെ കർശന ചട്ടങ്ങൾ മൂലം ദുരിതം അനുഭവിക്കുന്ന കാര്യം ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്ന പ്രീതി ഏറെക്കാലമായി ഉന്നയിക്കുന്നുണ്ട്.

തെരേസ മേ മന്ത്രിസഭയിൽ തൊഴിൽമന്ത്രിയായിരുന്ന ആലോക് ശർമ(51)യെ രാജ്യാന്തര വികസന വകുപ്പിലേക്കാണു ബോറിസ് പറിച്ചുനട്ടിരിക്കുന്നത്. ആഗ്രയിൽ ജനിച്ച്, 5ാം വയസ്സിൽ മാതാപിതാക്കൾക്കൊപ്പം ബ്രിട്ടനിലേക്കു കുടിയേറിയതാണ് ആലോക്. ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയുടെ മകൾ അക്ഷതയുടെ ഭർത്താവാണു ഋഷി സുനക് (39). നേരത്തേ, തെരേസ മേയുടെ മന്ത്രിസഭയിൽ ഭവന മന്ത്രാലയം സഹമന്ത്രിയായിരുന്ന ഋഷിക്കും ബ്രെക്‌സിറ്റ് അനുകൂല നിലപാടാണ്.

തുർക്കിയും ബ്രിട്ടനും തമ്മിലുള്ള ആധുനിക ബന്ധത്തിന്റെ പ്രതിരൂപമാവുകയാണു ബോറിസ് ജോൺസൻ. മധ്യതുർക്കിയിലെ കാങ്കിരി പ്രവിശ്യ 'തറവാട്'; ഓട്ടമൻ സാമ്രാജ്യത്തിന്റെ അവസാനത്തെ ആഭ്യന്തര മന്ത്രി അലി കമാൽ ബേ മുതുമുത്തച്ഛൻ. അക്കാലത്തു കുവൈത്തും ഖത്തറും ജോഹോറും പോലെ ബ്രിട്ടനുമായി തുർക്കിക്കും സംരക്ഷിതരാജ്യമെന്ന ബന്ധം വേണമെന്ന നിലപാടായിരുന്നു പത്രപ്രവർത്തനത്തിൽ നിന്നു രാജ്യഭരണത്തിലേക്കു ചുവടുമാറ്റിയ അലി കമാലിന്. 1922 ൽ, തുർക്കി രാഷ്ട്രം സ്ഥാപിക്കാനായുള്ള അത്താതുർക്കിന്റെ പോരാട്ടത്തിനിടെ അദ്ദേഹത്തിന്റെ അനുയായി ജനറൽ നൂറുദ്ദീൻ, അലി കമാലിനെ വധിച്ചു.

അലി കമാലിന്റെ ആദ്യഭാര്യ വിനിഫ്രെഡ് ജോൺസൻ പ്രസവത്തെ തുടർന്ന് ബ്രിട്ടനിൽ വച്ചു മരിച്ചു. അവരുടെ മകൻ ഉസ്മാൻ വിൽഫ്രഡ് കമാൽ പിന്നീടു പേരുമാറ്റി വിൽഫ്രഡ് ജോൺസനായി. അദ്ദേഹത്തിന്റെ മകൻ സ്റ്റാൻലി ജോൺസനാണ് ബോറിസിന്റെ പിതാവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP