Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ജിയോയ്ക്ക് റെയ്ഞ്ചില്ലാതായപ്പോൾ ബിഎസ്എൻഎല്ലിന് പോർട്ട് റിക്വസ്റ്റ് കൊടുത്തു; നാല് തവണയും സമയം കഴിഞ്ഞെന്ന് പറഞ്ഞ് ഒഴിവാക്കിയപ്പോൾ മൂന്നാം ദിവസം പോർട്ട് ചെയ്തുകൊടുത്ത് ഐഡിയ; സംശയം തോന്നി ബിഎസ്എൻഎൽ ടു ജിയോ പോർട്ട് കൊടുത്തപ്പോൾ ഉടൻ സേവനം; കോടികളുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോഴും ബിഎസ്എൻഎൽ ശ്രമിക്കുന്നത് ജിയോ വളർത്താൻ; 54,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിലും

ജിയോയ്ക്ക് റെയ്ഞ്ചില്ലാതായപ്പോൾ ബിഎസ്എൻഎല്ലിന് പോർട്ട് റിക്വസ്റ്റ് കൊടുത്തു; നാല് തവണയും സമയം കഴിഞ്ഞെന്ന് പറഞ്ഞ് ഒഴിവാക്കിയപ്പോൾ മൂന്നാം ദിവസം പോർട്ട് ചെയ്തുകൊടുത്ത് ഐഡിയ; സംശയം തോന്നി ബിഎസ്എൻഎൽ ടു ജിയോ പോർട്ട് കൊടുത്തപ്പോൾ ഉടൻ സേവനം; കോടികളുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോഴും ബിഎസ്എൻഎൽ ശ്രമിക്കുന്നത് ജിയോ വളർത്താൻ; 54,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിലും

ആർ കനകൻ

തിരുവനന്തപുരം: കോടികളുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ് ബിഎസ്എൻഎൽ മൊബൈൽ നെറ്റ്‌വർക്ക്. എന്നിട്ടും റിലയൻസ് ജിയോയെ നന്നാക്കാനാണ് അവരുടെ ശ്രമം. അനുഭവസ്ഥനായ ഒരു മാധ്യമ പ്രവർത്തകന്റെ വാക്കുകളിലൂടെ: ഞാൻ റിലയൻസ് ജിയോയുടെ ഒരു കണക്ഷൻ എടുത്തിരുന്നു. റേഞ്ച് കുറവായതിനാൽ ഈ നമ്പർ ബിഎസ്എൻഎലിലേക്ക് പോർട്ട് ചെയ്യാൻ അപേക്ഷ കൊടുത്തു. ഒരു വട്ടമല്ല, നാലു വട്ടം. ഒറ്റത്തവണയും ശരിയായില്ല. എല്ലായ്‌പ്പോഴും ബിഎസ്എൻഎല്ലുകാർ പുതിയ സിം തരും. ഞാനത് വാങ്ങി വീട്ടിലേക്കും പോരും. അനുവദിച്ചിരിക്കുന്ന കാലപരിധിക്കുള്ളിൽ നമ്പർ പോർട്ട് ആകില്ല. അതും കഴിഞ്ഞ് 10 ദിവസമാകുമ്പോൾ ബിഎസ്എൻഎല്ലിൽ നിന്ന് വിളിയെത്തും. സാർ, ആ നമ്പർ ഒന്നു കൂടി പോർട്ട് ചെയ്യുമോ? നാലു തവണയും ഇതു തന്നെ ആവർത്തിച്ചപ്പോൾ ഞാൻ റിലയൻസ് കസ്റ്റമർ കെയറിൽ വിളിച്ചു. ഈ പറഞ്ഞ നാലു തവണയും അവർ നമ്പർ പോർട്ടിങിന് അനുമതി കൊടുത്തിട്ടുണ്ട്. കുറ്റം ബിഎസ്എൻഎല്ലിന്റേതാണ്. അവർ അത് പോർട്ടാക്കുന്നില്ല.

അനുവദിച്ച സമയപരിധി കഴിയുമ്പോൾ കസ്റ്റമറെ വിളിച്ച് വീണ്ടും പോർട്ട് ചെയ്യിക്കാൻ ശ്രമിക്കുക എന്നതാണ് ബിഎസ്എൻഎലിന്റെ തട്ടിപ്പ്. ഞാനൊടുക്കം ബിഎസ്എൻഎൽ ഒഴിവാക്കി ഐഡിയയ്ക്ക് പോർട്ടിങ് കൊടുത്തു. കൃത്യം മൂന്നാം ദിവസം എന്റെ ജിയോ നമ്പർ ഐഡിയയിലേക്ക് മാറ്റി. അതേ സമയം, മറ്റൊരു ബിഎസ്എൻഎൽ നമ്പർ പോർട്ട് ചെയ്ത് ജിയോയ്ക്കും നൽകി നോക്കി. അവർ അത് കൃത്യമായി പോർട്ട് ചെയ്യുകയും ചെയ്തു. രണ്ടിടത്തും നഷ്ടം ബിഎസ്എൻഎല്ലിന് തന്നെ.കോടികളുടെ ലാഭത്തിൽ നിന്നും വൻ നഷ്ടത്തിലേക്ക് ബിഎസ്എൻഎൽ ഇപ്പോൾ കൂപ്പുകുത്താൻ കാരണമായിരിക്കുന്നത് ജിയോയുമായുള്ള അവിശുദ്ധ ബന്ധം തന്നെ. എൻഡിഎ സർക്കാറിന്റെ നിർദ്ദേശാനുസരണം ജിയോയുമായി ഉണ്ടാക്കിയ കരാർ വ്യവസ്ഥ അനുസരിച്ച് ബിഎസ്എൻഎലിന്റെ പശ്ചാത്തല സൗകര്യങ്ങൾ റിലയൻസുമായി പങ്കു വയ്ക്കുകയാണ്. ഇത്തിൾക്കണ്ണിയായി പടർന്നു കയറിയ ജിയോ ഒടുവിൽ ബിഎസ്എൻഎല്ലിനെ വിഴുങ്ങിത്തുടങ്ങി.

കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബിഎസ്എൻഎൽ നഷ്ടത്തിലാണ്. ഈ നിലതുടർന്നാൽ ഒന്നര ലക്ഷത്തിൽ അധികം വരുന്ന ജീവനക്കാരുടെ ഭാവിയും ഇരുളിലാകും. രാജ്യമാകമാനം വ്യാപിച്ചു കിടക്കുന്ന ശൃംഖലയാണ് ബിഎസ്എൻഎല്ലിനുള്ളത്. 66,000 മൊബൈൽ ടവറുകളും അനുബന്ധ സംവിധാനവുമാണ് ഇതിൽ പ്രധാനം. ഈ സംവിധാനങ്ങളിൽ 80 ശതമാനത്തോളം ജിയോയുമായി ബി.എസ്.എൻ.എൽ പങ്കുവയ്ക്കുന്നു. ഇതിൽ നിന്നും വാടക ഇനത്തിൽ ലഭിക്കുന്ന തുക വൻ ലാഭമായി ബിഎസ്എൻഎൽ കരുതുമ്പോൾ ഇത് സ്ഥാപനത്തെ എത്രമാത്രം പ്രതികൂലമായി ബാധിക്കുന്നു എന്ന കാര്യം അധികൃതർ അറിയുന്നില്ല. പൊതുമേഖലാ സ്ഥാപനത്തിന്റെ ആസ്തി തട്ടിയെടുക്കുന്ന തരത്തിലുള്ള കരാറാണ് ജിയോ കമ്പനി ബിഎസ്എൻഎലുമായി ഉണ്ടാക്കിയിട്ടുള്ളത്. 2014 വരെ ലാഭത്തിലായിരുന്ന ബിഎസ്എൻഎൽ ജിയോയുമായി ഉണ്ടാക്കിയ കരാറിന് ശേഷം നഷ്ടത്തിലാകാൻ നിരവധി കാരണങ്ങളാണ് ജീവനക്കാർക്ക് ചൂണ്ടിക്കാട്ടാനുള്ളത്.

യഥാസമയം നവീകരണം നടത്താത്തതാണ് പ്രധാന കാരണം. തുടക്കത്തിൽ ജിയോയുടെ പ്ലാനുകളെ കടത്തി വെട്ടി ബിഎസ്എൻഎൽ അവതരിപ്പിച്ച പ്ലാനുകൾക്ക് വൻ ജനപിന്തുണയാണ് ലഭിച്ചിരുന്നത്. ഇത് ജിയോയെ ഏറെ വലച്ചു. ബിഎസ്എൻഎലിന്റെ മുന്നേറ്റം തടയാൻ അധികൃതർക്ക് മേൽ വൻ സമ്മർദ്ദമാണ് പിന്നീട് ജിയോ നടത്തിയതെന്നും അവർ ആരോപിക്കുന്നു. 4 ജി അനുവദിക്കാൻ വൈകുന്നതിന്റെയും 3 ജിയുടെ ശേഷി വർധിപ്പിക്കാൻ തയ്യാറാകാത്തതിന്റെയും പ്രധാന കാരണവും ഇതാണെന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി. സന്തോഷ് കുമാർ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള 3 ജി സ്പെക്ട്രം ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4 ജി കൊടുത്തുകൊണ്ടിരിക്കുന്നത്. 3 ജിക്ക് അഞ്ച് മെഗാ ഹെർട്സ് മാത്രമാണ് ശേഷി. ഇത് ഉപയോഗിച്ച് 4 ജി നൽകിയാൽ പൂർണ തോതിൽ ലഭിക്കുകയില്ല. കൂടാതെ 4 ജി ലഭിക്കുന്നിടത്ത് 3 ജി കിട്ടാറുമില്ല.

20 മെഗാ ഹെർട്സാണ് 4 ജി സ്പെക്ട്രം അനുവദിക്കുന്നതോടെ ലഭിക്കുന്നത്. ഈ സംവിധാനമാണ് ജിയോ അടക്കമുള്ള സ്വകാര്യ കമ്പനികളുടെ കുതിച്ചു കയറ്റത്തിന് വഴിയൊരുക്കിയിട്ടുള്ളതെന്ന് ബി.എസ്.എൻ.എൽ ജീവനക്കാർ തന്നെ വെളിപ്പെടുത്തുന്നു. അഹമ്മദാബാദിലെ ഇന്ത്യൻ ഇസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റിന്റെ പ്രാഥമിക പഠന റിപ്പോർട്ട് 3500 ജീവനക്കാരെ സ്വയം വിരമിക്കലിന് നിർബന്ധിതമാക്കണമെന്ന് ശിപാർശ ചെയ്യുന്നു. ഇവർക്ക് സർക്കാർ പണം നൽകുകയോ ബാങ്ക് വായ്പയ്ക്ക് അനുമതി നൽകുകയോ വേണമെന്ന് ബിഎസ്എൻഎൽ ആവശ്യപ്പെട്ടുകഴിഞ്ഞു. വിആർഎസിലൂടെ പ്രതിവർഷം 13,000 കോടി ചെലവ് കുറയ്ക്കാൻ കഴിയും.

ഇപ്പോൾ 54,000 ജീവനക്കാരാണ് നിർബന്ധിത പിരിച്ചുവിടൽ ഭീഷണി നേരിടുന്നത്. ജനറൽ മാനേജർ, ചീഫ് ജനറൽ മാനേജർ എന്നീ തസ്തികയിലുള്ളവർ സ്ഥാപനത്തിലെ ജീവനക്കാർ അല്ലെന്നുള്ളതാണ് വിചിത്രം. ഇവർ ഇപ്പോഴും ടെലകോം വകുപ്പിന്റെ രജിസ്ട്രേഷനിൽ ഉള്ളവരാണ്. നിലവിൽ 1.68 ലക്ഷം ജീവനക്കാരാണ് ബിഎസ്എൻഎലിൽ ഉള്ളത്. ഇതിൽ 1.2 ലക്ഷം ലക്ഷം ജീവനക്കാരും നോൺ എക്സിക്യുട്ടീവ് കേഡറിലുള്ളവരാണ്. ഇതിൽ ക്ലറിക്കൽ, ഫീൽഡ് സ്റ്റാഫ് ടെക്നീഷ്യന്മാർ തുടങ്ങിയവർ ഉൾപ്പെടുന്നു. കമ്പനി മുങ്ങിത്താഴുമെന്ന് വ്യക്തമായതോടെ ഇവരെല്ലാം ഒത്തൊരുമിച്ച് ബിഎസ്എൻഎലിനെ കരകയറ്റാനുള്ള ശ്രമമാണ് നടത്തിവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP