Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛൻ എഞ്ചിനീയർ; സഹോദരൻ സർജനും; ബി ടെക് പഠനത്തിനിടെ കാടുകയറിയത് ഭീകരതയിലേക്ക്; തോക്കെടുത്തത് കലാപത്തിന്റെ ലക്ഷ്യം 'ഇസ്ലാമിക കാശ്മീർ' എന്ന് ഉച്ചത്തിൽ പ്രഖ്യാപിച്ച്; മതേതര രാഷ്ട്രത്തിന് വാദിച്ച ഹിസ്ബുളുകാരുടെ തലയറുക്കാനൊരുങ്ങിയ വിഘടനവാദി; ഹിസ്ബുൾ വിട്ട് അൽഖ്വയിദയിലും ഐസിസിലും എത്തിയത് പോരാട്ടം അതിരൂക്ഷമാക്കാൻ; ഗോരക്ഷകർക്കെതിരെ വിശുദ്ധ യുദ്ധം പ്രഖ്യാപിച്ചും വില്ലനായി; സേന തീർത്തത് ബുർഹാൻ വാനിയുടെ പിൻഗാമിയെ; കാശ്മീരിൽ വീണ്ടും തെരുവുയുദ്ധം

അച്ഛൻ എഞ്ചിനീയർ; സഹോദരൻ സർജനും; ബി ടെക് പഠനത്തിനിടെ കാടുകയറിയത് ഭീകരതയിലേക്ക്; തോക്കെടുത്തത് കലാപത്തിന്റെ ലക്ഷ്യം 'ഇസ്ലാമിക കാശ്മീർ' എന്ന് ഉച്ചത്തിൽ പ്രഖ്യാപിച്ച്; മതേതര രാഷ്ട്രത്തിന് വാദിച്ച ഹിസ്ബുളുകാരുടെ തലയറുക്കാനൊരുങ്ങിയ വിഘടനവാദി; ഹിസ്ബുൾ വിട്ട് അൽഖ്വയിദയിലും ഐസിസിലും എത്തിയത് പോരാട്ടം അതിരൂക്ഷമാക്കാൻ; ഗോരക്ഷകർക്കെതിരെ വിശുദ്ധ യുദ്ധം പ്രഖ്യാപിച്ചും വില്ലനായി; സേന തീർത്തത് ബുർഹാൻ വാനിയുടെ പിൻഗാമിയെ; കാശ്മീരിൽ വീണ്ടും തെരുവുയുദ്ധം

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: അൽ ഖായിദ ബന്ധമുള്ള ഭീകരസംഘടനയായ അൻസാർ ഗസ്വത്തുൾ ഹിന്ദിന്റെ തലവൻ സാകിർ മൂസയെ (25) കൊന്നത് കാശ്മീരിലെ തീവ്രവാവദ വേട്ടയിലെ സുപ്രധാന ഏടെന്ന് സൈന്യം. പുൽവാമ ജില്ലയിലെ ത്രാലിലുള്ള ദാദ്‌സരയിൽ വ്യാഴാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പ്രതിരോധമന്ത്രാലയ വക്താവ് രാജേഷ് കാലിയ അറിയിച്ചു. കൊല്ലപ്പെട്ടത് മൂസയാണെന്നു വെള്ളിയാഴ്ച രാവിലെയാണ് തിരിച്ചറിഞ്ഞത്. ആറുവർഷത്തിനിടെ ഒട്ടേറെ കൊലപാതകങ്ങളും ഭീകരപ്രവർത്തനങ്ങളും നടത്തിയ മൂസയെ വധിക്കാനായത് സുരക്ഷാസേനകളുടെ വിജയമാണെന്ന് പൊലീസ് വക്താവും കൂട്ടിച്ചേർത്തു. 2013 മുതൽ ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പങ്കാളിയാണ് മൂസ. ആദ്യം ഹിസ്ബുൾ മുജാഹിദീനിലായിരുന്നു. പിന്നീട് അൻസാർ ഗസ്വത്തുൾ ഹിന്ദിൽ ചേർന്നു. സൂരക്ഷാസേനാ കേന്ദ്രങ്ങൾക്കും ജനവാസമേഖലകൾക്കും നേരെ ആക്രമണം നടത്തിയ േകസിൽ പ്രതിയാണ് മൂസ. ഹുറിയത്ത് കോൺഫ്രൻസ് കശ്മീരിൽ മതേതര സംസ്ഥാനത്തിനു ശ്രമിക്കുന്നുവെന്നാരോപിച്ച് നേതാക്കളെ വധിക്കുമെന്ന് 2017-ൽ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. മെയ്‌ ആദ്യം ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക കോടതി മൂസ കുറ്റവാളയാണെന്നു വിധിച്ചിരുന്നു.

മൂസയുടെ മരണത്തോടെ കാശ്മീരികൾ വീണ്ടും തെരുവിൽ ഇറങ്ങി. ഇയാളുടെ സംസ്‌കാരത്തിന് നിരവധി പേരാണ് തടിച്ചു കൂടിയത്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും ഉയർത്തി. ബുർഹാൻ വാനിയെ കൊലപ്പെടുത്തിയപ്പോൾ ഉണ്ടായിരുന്നതിന് സമാനമായ സഹാചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയെ 2016ൽ കൊലപ്പെടുത്തിയതിനെ തുടർന്ന് പിൻഗാമിയായി മൂസയെ ആയിരുന്ന തിരഞ്ഞെടുത്തിരുന്നത്. പിന്നീട് സംഘടനയിൽ നിന്ന് ഇദ്ദേഹം പിൻവാങ്ങി. തുടർന്ന് അൻസാർ ഗസ്വത്തിൽ ചേരുകയായിരുന്നു. സാകിർ റാഷിദ് ഭട്ട് എന്നാണ് ഇദ്ദേഹത്തിന്റെ യഥാർഥ പേര്. എൻജിനീയറിങ് വിദ്യാർത്ഥിയായ ഇദ്ദേഹം പഠനത്തിനിടെ 2013ൽ ആണ് തീവ്രവാദ സംഘടനയിൽ ചേർന്നത്. ത്രാലിലെ നൂർപോരിയിലാണ് ജനനം. ഏറ്റുമുട്ടൽ നടന്നിടത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പും കണ്ടെടുത്തു. ദാദ്‌സരയിലെ ഭീകരരുടെ താവളം വളഞ്ഞ് സേന തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഭീകരർ സൈന്യത്തിനുനേരെ ഗ്രനേഡെറിഞ്ഞു. വ്യാഴാഴ്ച രാത്രിതന്നെ മൂസയ്ക്ക് അനുകൂലമായി ഷോപിയാൻ, പുൽവാമ, അവന്തിപോര, ശ്രീനഗറിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ പ്രകടനങ്ങൾ നടന്നു. പ്രക്ഷോഭസാധ്യത കണക്കിലെടുത്ത് പൊലീസ് ഇവിടങ്ങളിൽ നിശാനിയമം പ്രഖ്യാപിച്ചു. പുൽവാമ, ശ്രീനഗർ, അനന്ത്‌നാഗ്, ബഡ്ഗാം എന്നിവിടങ്ങളിൽ നിയന്ത്രണങ്ങളേർപ്പെടുത്തി. വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ടു. കശ്മീരിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.

മൂസയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തത് ആയിരങ്ങളാണ്. ഇയാൾക്കൊപ്പം മറ്റൊരു ഭീകരൻ കൂടി കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സാക്കീറിന്റെ മരണത്തെ തുടർന്ന് ത്രാലിൽ വലിയ പ്രതിഷേധമാണ് ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ പ്രതിഷേധക്കാർ പലസ്ഥലങ്ങളിലും പൊലീസുമായി ഏറ്റുമുട്ടി. ജമ്മു-ശ്രീനഗർ ദേശീയപാത പ്രതിഷേധക്കാർ ഉപരോധിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസിന് കണ്ണീർ വാതകവും പെല്ലറ്റ് തോക്കുകളും ഉപയോഗിക്കേണ്ടിവന്നു. ഇതേ തുടർന്നാണ് പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിക്കേണ്ടി വന്നത്. വാനിയുടെ സംസ്‌കാര ചടങ്ങിന് ശേഷവും സമാനമായ പ്രതിഷേധം ഉയർന്നിരുന്നു.

ലഷ്‌കർ-ഇ-തൊയ്ബ മുതൽ ജെയ്ഷ്-ഇ-മുഹമ്മദ് ഉൾപ്പടെ ഹിസ്ബുൾ മുജാഹിദീൻ വരെയുള്ള ഭീകര സംഘടനകളെക്കൊണ്ട് തിങ്ങിനിറഞ്ഞ പ്രദേശമാണ് കാശ്മീർ താഴ്‌വര. അവിടെ അൽഖ്വയിദയും ചുവടുറപ്പിച്ചിരിക്കുകയാണ്. ഐസിസ് കാശ്മീരിലെ പ്രധാനികളായ അബു ദുജാനയും ആരിഫ് ലെലഹരിയും നേരത്തെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ലഷ്‌ക്കർ-ഇ-തൊയ്ബയിൽനിന്നും 1988ൽ ഒസാമ ബിൻ ലാദൻ സ്ഥാപിച്ച അൽ ഖ്വയിദയിലേക്ക് കൂറ് മാറിയവരാണ് ഇരുവരും. ലഷ്‌ക്കർ-ഇ-തൊയ്ബയുടെ കമാൻഡർ ആയിരുന്ന അബു ദുജാന അൽ ഖ്വയിദയുടെ കശ്മീരിലെ ഘടകമായ, സാകിർ മൂസാ നയിച്ച അൻസാർ ഗസ്വത്തുൾ ഹിന്ദ് എന്ന സംഘടനയിൽ ചേരുകയാണുണ്ടായതെന്ന് ദുജാനയും സഹപ്രവർത്തകനായിരുന്ന ലെലഹരിയും, ലെലഹരിയുടെ സഹോദരന്റെ ഫോണിലേക്കു നടത്തിയ സംഭാഷണങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് സാകിർ മൂസയുടെ അൽ ഖ്വയിദ ബന്ധം വ്യക്തമായത്. പിന്നീട് ഐസിസിനൊപ്പവും മാറി.

അൽ ഖ്വയിദയുടെ ആദ്യ രക്ത സാക്ഷികളായി അബു ദുജാനയും ആരിഫ് ലെലഹരിയും പുകഴ്‌ത്തിക്കൊണ്ടുള്ള സാകിർ മൂസയുടെ വിഡിയോ സന്ദേശം പുറത്തുവന്നിരുന്നു.. ഈ ജിഹാദി സംഘടനയുടെ ടെലിഗ്രാം, വാട്ട്സാപ്പ് അനുയായി ഗ്രൂപ്പുകളിൽ ആ വിഡിയോ സന്ദേശം പ്രചരിച്ചിരുന്നു. ഇരുവരും മരണത്തിനു കീഴടങ്ങുന്നതിനു മുമ്പ് പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളുന്ന 3.16 മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ സന്ദേശവും പുറത്തു വിട്ടു. അന്ത്യശ്വാസം വലിച്ചുവിടുന്നതിനിടയിൽ ലെലഹരി കുടുംബത്തോടും അനുയായികളോടുമായി നടത്തിയ അഭ്യർത്ഥന തന്റെ ശരീരത്തിൽ പാക്കിസ്ഥാനി പതാക പുതപ്പിക്കരുതെന്നായിരുന്നു. പല തവണ അതാവർത്തിച്ചു. ശവസംസ്‌കാരവേളയിൽ അൽ ഖൈദയുടെ തൗഹീദ് പതാക മാത്രമേ പുതപ്പിക്കാവൂ എന്നും തനിക്കുവേണ്ടിയും പ്രസ്ഥാനത്തിന്റെ വിജയത്തിനുവേണ്ടിയും പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ചു. സാകിർ മൂസയുടെ അൽഖായിദയ്ക്ക് ഒപ്പമാണ് തങ്ങൾ ഇരുവരുമെന്ന് അവർ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് സകീർ മൂസ അൽഖയിദയുമായി അടുത്തത് സുരക്ഷാ സേന ഉറപ്പിച്ചത്.

കശ്മിർ വിഘടനവാദി നേതാക്കൾക്കെതിരേയുള്ള പ്രസ്താവനയെ പിന്തുണക്കാൻ സംഘടനാ നേതൃത്വം വിസമ്മതിച്ചതിനെ തുടർന്നാണ് ഹിസ്ബുൽ മുജാഹിദീൻ കമാൻഡറായിരിക്കെ സകീർ മൂസ സംഘടന വിട്ടത്. കശ്മിർ വിഷയം രാഷ്ട്രീയപരമാണെന്ന് നിലപാട് സ്വീകരിച്ച വിഘടനവാദി നേതാക്കളുടെ കഴുത്തറുക്കണമെന്ന് സകീർ മൂസ പ്രസ്താവിച്ചിരുന്നു. ഇതിനെതിരേ ഹിസ്ബ് നേതാക്കൾ തന്നെ രംഗത്തെത്തി. തുടർന്നാണ് മൂസ രാജി പ്രഖ്യാപിച്ചത്. സംഘടനയുമായി സഹകരിക്കില്ലെന്ന് മൂസ വ്യക്തമാക്കി. തന്റെ ഓഡിയോ സന്ദേശവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നിരിക്കുകയാണ്. എന്നാൽ താൻ ഈ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് മൂസ പറഞ്ഞിരുന്നു. ബുർഹാൻ വാനി കൊല്ലപ്പെട്ട ശേഷമാണ് ഹിസ്ബുൽ മുജാഹിദീന്റെ കശ്മിർ കമാൻഡർ പദവി മൂസ ഏറ്റെടുത്തത്. കശ്മിർ വിഷയം ഇസ്ലാമികമല്ലെന്നും രാഷ്ട്രീയമാണെന്നും ഹുറിയത് നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ശ്രീനഗറിലെ ലാൽ ചൗക്കിൽ വച്ച് ഹുറിയത് നേതാക്കളുടെ തലയറുക്കണമെന്ന് മൂസ ആഹ്വാനം ചെയ്തത്. പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, മൂസയുടെ പ്രസ്താവനയെ പിന്തുണക്കുന്നില്ലെന്ന് ഹിസ്ബ് നേതാക്കൾ നിലപാട് വ്യക്തമാക്കുകയായിരുന്നു. ഇതാണ് മൂസയെ പ്രകോപിപ്പിച്ചതും അൽഖ്വയിദയുമായി അടുപ്പിച്ചതും.

തീവ്രവാദികളുടെ കമാൻഡർ എന്ന നിലയിൽ സൈനിക വേഷം ധരിച്ച തോക്കുധാരികളായ 11 പേർക്കൊപ്പം നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് കശ്മീരിലെ തീവ്രവാദ പ്രസ്ഥാനത്തിന് പുതിയ നിർവചനം നൽകുന്നതായിരുന്നു. അന്ന് ആദ്യമായി കശ്മീരിലെ തീവ്രവാദികൾ മുഖംമൂടികൾ നീക്കി സുരക്ഷാസേനയെ പരസ്യമായി വെല്ലുവിളിക്കുകയായിരുന്നു ആ നപടിയിലൂടെ. രണ്ടു വർഷങ്ങൾ പിന്നിടുമ്പോൾ വാനി ഉൾപ്പടെ മിക്ക തീവ്രവാദികളും വിവിധ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു. അവശേഷിക്കുന്ന മൂന്നു പേരിൽ സാക്കിർ മൂസായുണ്ടായിരുന്നു. വാനിക്കുശേഷം ഏറ്റവും ഭയമുളവാക്കിയ തീവ്രവാദിയായി അയാൾ മാറി. വാനി വളരെ മിതവാദിയായിരുന്നു. അവസാന വിഡിയോ സന്ദേശത്തിലും ടൂറിസ്റ്റുകളെയും അമർനാഥ് തീർത്ഥാടകരെയും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നതിനായിരുന്നു വാനി ആഹ്വാനം ചെയ്തിരുന്നത്. എന്നാൽ മൂസ കൂടുതൽ തീവ്രവാദിയായിരുന്നു.

1989ൽ തുടങ്ങിയതും ആയിരക്കണക്കിന് സിവിലിയന്മാരുടെയും സുരക്ഷാ സൈനികരുടെയും ജീവനുകൾ ബലിയർപ്പിച്ചതുമായ കലാപത്തിന്റെ ലക്ഷ്യം 'ഇസ്ലാമിക കാശ്മീർ' രാഷ്ട്രം രൂപീകരിക്കുക എന്നതാണെന്ന് മൂസാ പറഞ്ഞിരുന്നു. ഇന്ത്യയിൽനിന്നും വേറിട്ടുപോകുകയാണ് ലക്ഷ്യമെന്ന് പറയുന്ന വിഘടനവാദികളുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായിരുന്നു ഇത്. സ്വാതന്ത്ര്യം നേടുന്നത് ഇസ്ലാമിക ഭരണം സ്ഥാപിക്കുന്നതിനാണെന്നും ഒരു മതനിരപേക്ഷ രാഷ്ട്രത്തിനായാണ് പോരാട്ടമെങ്കിൽ അതിനായി രക്തം ചിന്താൻ താനില്ലെന്നും ആ സന്ദേശത്തിൽ മൂസാ പറഞ്ഞിരുന്നു. ഹുറിയത് കോൺഫറൻസിന്റെ നേതാക്കളെ 'കാപട്യക്കാർ, ദൈവനിന്ദകർ, തിന്മയുടെ അനുയായികൾ' എന്നിങ്ങനെ അധിക്ഷേപിച്ച മുസ കാശ്മീരിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുന്നതിന് തടസ്സങ്ങൾ സൃഷ്ടിക്കുന്ന ഹുറിയത് നേതാക്കളുടെ തലവെട്ടുമെന്നായിരുന്നു നേരത്തെ ഭീഷണി മുഴക്കിയത്. അവരുടെ തലകൾ ശ്രീനഗറിലെ ലാൽ ചൗക്കിൽ കെട്ടിത്തൂക്കിയിടുമെന്നാണ് ഭീഷണി. തീവ്രവാദിയായ സയ്ദ് അലി ഷാ ഗീലാനിയും മിതവാദികളായ മിർവൈസ് ഉമർ ഫാറൂഖ്, യാസിൻ മാലിക് എന്നിവരുൾപ്പടെയുള്ള ഹുറിയത് നേതാക്കൾ ഇസ്ലാമിക തീവ്രവാദ സംഘടനകളെ അപലപിക്കുകയും ഐസിസ്, അൽഖായിദ തുടങ്ങിയ സംഘടനകൾക്ക് കാശ്മീരിൽ ഒരു പങ്കുമില്ലെന്നും പറയുകയും ചെയ്തിരുന്നു.

ഭിന്നിപ്പിനുശേഷം മൂസാ കാശ്മീർ രാഷ്ട്രീയത്തിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നില്ല. അയാൾ അൽഖായിദയെ പ്രശംസിച്ചതിനുപുറമെ ഗോരക്ഷകർ എന്ന് അഭിമാനിക്കുന്നവർക്കെതിരെ വിശുദ്ധയുദ്ധം നടത്താൻ ഇന്ത്യക്കാരെ ആഹ്വാനവും ചെയ്തു. ഗോരക്ഷാ പ്രസ്ഥാനത്തിനെതിരെ ഒരു കാശ്മീരി തീവ്രവാദി നടത്തിയ ആദ്യത്തെ പരസ്യ പ്രസ്താവനയായിരുന്നു 4 മിനിറ്റ് ദൈർഘ്യമുള്ള ആ ഓഡിയോ സന്ദേശം. വാനിയുടെ വധത്തിനു ശേഷമാണ് 1994 ജൂലൈയിൽ ജനിച്ച സാക്കിർ റഷീദ് മൂസാ കമാണ്ടറായി നിയമിതനായത്. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിൽനിന്നുമാണ് സാക്കിർ വരുന്നത്. അയാളുടെ പിതാവ് എഞ്ചിനീയറ്റും സഹോദരൻ സർജനുമാണ്. ചണ്ഡീഗഡിൽ ബി ടെക് വിദ്യാർത്ഥിയായിരുന്ന മൂസാ അവധിക്കാലത്ത് സുഹൃത്തുക്കൾക്കൊപ്പം നാട്ടിൽ വരുമായിരുന്നു. ഒരിക്കൽ വന്നിട്ട് തിരികെ പോയില്ല. ഏതാനും ദിവസങ്ങൾക്കു ശേഷം അയാൾ വാനിയോടൊപ്പം ചേരുകയും വനത്തിലേക്ക് പോകുകയും ചെയ്തു. കൊടുംഭീകരന്മാരുടെ വിഭാഗത്തിലാണ് മൂസായെ പൊലീസ് ഉൾപ്പെടുത്തിയിരുന്നു.

ആദ്യകാലത്ത് തീവ്രവാദികൾക്കിടയിൽ മൂസയ്ക്ക് അത്ര പിന്തുണയൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ അടുത്ത കാലത്ത് ചില ശവസംസ്‌കാര വേളകളിൽ മൂസയെ പിന്തുണച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങൾ മുഴങ്ങിയിരുന്നു. കഴിഞ്ഞ റംസാൻ മാസത്തിൽ അക്രമാസക്തരായ ഒരു ജനക്കൂട്ടം ഒരു പൊലീസ് ഓഫിസറെ തല്ലിക്കൊല്ലുമ്പോൾ മൂസയ്ക്ക് അനുകൂലമായ മുദ്രാവാക്യങ്ങൾ മുഴക്കുന്ന വിഡിയോ ദൃശ്യങ്ങളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP