Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പതിറ്റാണ്ടുകൾ നീണ്ട ലഹളയുടെ മുറിപ്പാടുകൾ മാച്ച് വികസനത്തിന്റെ കുതിപ്പിനിറങ്ങിയ ശ്രീലങ്കയുടെ ഹൃദയം തകർത്ത സ്‌ഫോടന പരമ്പര; നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും രാജീവ് ഗാന്ധിയും അടക്കം അനേകം നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുത്തി തമിഴ് ഭീകരത തുടച്ചു നീക്കിയ ശേഷം ഇപ്പോൾ തലപ്പൊക്കിയിരിക്കുന്നത് ഇസ്ലാമിന്റെ പേരിലുള്ള ഭീകരത; വിട്ടുകൊടുക്കരുത് ഈ സുന്ദര രാജ്യത്തെ ഇനിയും ഭീകരതയുടെ കൈകളിലേക്ക്

പതിറ്റാണ്ടുകൾ നീണ്ട ലഹളയുടെ മുറിപ്പാടുകൾ മാച്ച് വികസനത്തിന്റെ കുതിപ്പിനിറങ്ങിയ ശ്രീലങ്കയുടെ ഹൃദയം തകർത്ത സ്‌ഫോടന പരമ്പര; നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും രാജീവ് ഗാന്ധിയും അടക്കം അനേകം നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുത്തി തമിഴ് ഭീകരത തുടച്ചു നീക്കിയ ശേഷം ഇപ്പോൾ തലപ്പൊക്കിയിരിക്കുന്നത് ഇസ്ലാമിന്റെ പേരിലുള്ള ഭീകരത; വിട്ടുകൊടുക്കരുത് ഈ സുന്ദര രാജ്യത്തെ ഇനിയും ഭീകരതയുടെ കൈകളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊളംബോ: ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. ഇന്ത്യയുടെ കണ്ണുനീർ തുള്ളി പോലെ കണ്ണീർ കണമായി കേരളത്തിന് തൊട്ടു താഴെ ശ്രീലങ്ക. കേരളത്തിന് ദൈവം കനിഞ്ഞു നിൽകിയ പ്രകൃതി രമണീയത കണ്ണീർ കണത്തിലും ആവോളമാണ്ട്. എന്നാൽ വംശീയ ലഹളയുടെ അതിപ്രസരം ശ്രീലങ്കയുടെ സൗന്ദര്യത്തെ കണ്ണീരണിയിച്ചു. നാലുപാടും കടലിനാൽ ചുറ്റപ്പെട്ട ശ്രീലങ്കയെ കടൽ തിരമാലകൾ താണ്ഡവമാടിയ സുനാമിയും തകർത്തു. തമിഴ് പുലികളെ ഉന്മൂലനം ചെയ്തും സുനാമിയുടെ ഭീകരതയെ തുടച്ചു നീക്കിയും ശ്രീലങ്ക അതിശക്തമായി തിരിച്ചു വന്നു. വിനോദ സഞ്ചാരത്തിന്റെ സാധ്യതകളുമായി ആ സംമ്പദ് വ്യവസ്ഥ വീണ്ടും ശക്തമായി. വിദേശ ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമായി ലങ്ക. രാമായണത്തിന്റെ അവശേഷിപ്പുകളും ബുദ്ധ വിഹാരങ്ങളുടെ സൗന്ദര്യവും ആസ്വദിക്കാൻ വിദേശ സഞ്ചാരികൾ ഒഴുകിയെത്തി. ഈ സുന്ദര കാഴ്ചകളെ തകർക്കുന്നതാണ് ഇന്നലത്തെ കറുത്ത ഈസ്റ്റർ.

പതിറ്റാണ്ടുകൾ നീണ്ട ലഹളയുടെ മുറിപ്പാടുകൾ മാച്ച് വികസനത്തിന്റെ കുതിപ്പിനിറങ്ങിയ ശ്രീലങ്കയുടെ ഹൃദയം തകർത്ത സ്‌ഫോടന പരമ്പരയാണ് ഇന്നലെ നടന്നത്. നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും അടക്കം അനേകം നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുത്തി തമിഴ് ഭീകരത തുടച്ചു നീക്കിയ ശേഷം ഇപ്പോൾ തലപ്പൊക്കിയിരിക്കുന്നത് ഇസ്ലാമിന്റെ പേരിലുള്ള ഭീകരതയാണ്. തമിഴ് പുലികളുടെ പരാജയത്തോടെ സിംഹളർ ശക്തരാകുകയും വിഭാഗീയത കൂടുതൽ വളരുകയും ചെയ്തു. അത് രാജ്യത്തെ സംഘർഷങ്ങൾക്ക് വളക്കൂറുള്ള മണ്ണാക്കി. കഴിഞ്ഞവർഷം കാൻഡി ജില്ലയിൽ സിംഹളരും മുസ്‌ലിങ്ങളും തമ്മിൽ വർഗീയ സംഘർഷമുണ്ടായതോടെ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ആക്രമണങ്ങളിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.

മൂന്ന് പതിറ്റാണ്ടുനീണ്ട ആഭ്യന്തരയുദ്ധത്തിന് 2009-ൽ അവസാനമായതോടെ ശാന്തമായതാണ് ശ്രീലങ്ക. ഈ ശാന്തിയും സമാധാനവുമാണ് ഞായറാഴ്ചത്തെ സ്‌ഫോടനപരമ്പരയോടെ വീണ്ടും നഷ്ടമായത്. 2.2 കോടി ജനസംഖ്യയുള്ള ശ്രീലങ്കയിൽ 70 ശതമാനത്തിലേറെയും ബുദ്ധമതവിശ്വാസികളാണ്. ഹിന്ദുക്കളും മറ്റ് തദ്ദേശ വംശീയവിഭാഗങ്ങളും 12 ശതമാനവും മുസ്ലിങ്ങൾ പത്ത് ശതമാനത്തിൽ താഴെയും കത്തോലിക്കക്കാർ ആറുശതമാനവുമാണ്. വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിൽപ്പോലും ന്യൂനപക്ഷ വിഭാഗങ്ങളെ പ്രത്യേകിച്ച് മുസ്‌ലിങ്ങളെ സിംഹളബുദ്ധ വിഭാഗം ഭയക്കുന്നു. മുസ്‌ലിങ്ങളുടെ എണ്ണവും അവരുടെ സ്വാധീനവും രാജ്യത്ത് വർധിക്കുന്നുവെന്നാണ് ഇവരുടെ ആശങ്ക. ഈ ആശങ്കകൾ പല പ്രശ്‌നങ്ങൾക്കും വഴിവയ്ക്കുന്നു. സിംഹളരിൽനിന്ന് ന്യൂനപക്ഷമായ തമിഴ് വംശജർക്കേൽക്കേണ്ടി വന്ന അവഗണനയാണ് 1980-കളിലെ ആഭ്യന്തരയുദ്ധത്തിലേക്ക് വഴിവെച്ചത്. വേലുപ്പിള്ള പ്രഭാകരന്റെ നേതൃത്വത്തിലുള്ള എൽ.ടി.ടി.ഇ.യും (തമിഴ് പുലികൾ) ശ്രീലങ്കൻ സർക്കാർ സൈന്യവും തമ്മിൽ നടന്ന സംഘർഷങ്ങളിൽ 40,000-ത്തിലേറെ സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇടപെടലുകൾ നടത്തിയതിന്റെ പേരിലായിരുന്നു രാജീവ് ഗാന്ധിയുടെ ജീവൻ ചാവേറുകൾ എടുത്തത്. 2009 മേയിൽ വേലുപ്പിള്ള പ്രഭാകരനെ സൈന്യം വധിച്ചതോടെയാണ് യുദ്ധത്തിന് വിരാമമായത്.

അതിനിടെ സ്‌ഫോടനത്തെ തുടർന്ന് വർഗീയലഹള നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ശ്രീലങ്കയിൽ പത്തു ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അക്രമികൾ തീവച്ച കെട്ടിടത്തിനുള്ളിൽ നിന്ന് ഒരു മുസ്‌ലിം സമുദായക്കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം ഇന്നലെ കണ്ടെടുത്തതു സംഘർഷം വർധിപ്പിച്ചു. കാൻഡിയിലെ തെൽഡേനിയ, പല്ലേകെലെ മേഖലകളിൽ നിശാനിയമം പ്രഖ്യാപിച്ചു. ആയുധധാരികളായ പൊലീസ് കമാൻഡോകൾ പട്രോളിങ് നടത്തുന്നതിനിടയിലും അങ്ങിങ്ങ് അക്രമം നടക്കുന്നു. ശ്രീലങ്കയിൽ 2011 ഓഗസ്റ്റിനുശേഷം ആദ്യമായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. എൽടിടിഇ തീവ്രവാദകാലത്തു രാജ്യം മിക്കവാറും അടിയന്തരാവസ്ഥയിലായിരുന്നു. മൂന്നു മുസ്‌ലിംകളും ഒരു സിംഹള യുവാവും തമ്മിൽ കഴിഞ്ഞ മാസം 22ന് ഉണ്ടായ തർക്കത്തിൽ പരുക്കേറ്റ സിംഹള യുവാവ് ഈ മാസം മൂന്നിന് ആശുപത്രിയിൽ മരിച്ചതോടെയാണു വർഗീയലഹള ആരംഭിച്ചത്. കഴിഞ്ഞ നവംബറിൽ കലാപത്തിൽ ഇവിടെ ഒരാൾ കൊല്ലപ്പെട്ടെങ്കിലും സ്ഥിതിഗതികൾ വേഗം നിയന്ത്രിക്കാനായി. എന്നാൽ അതിന്റെ മുറിവുകളിൽ നിന്ന് ഇസ്ലാമിക തീവ്രവാദം ഉയർത്തെഴുന്നേറ്റു. അതാണ് കറുത്ത ഈസ്റ്ററായി മാറിയത്.

ഒരു രാജ്യത്തിന്റെയും വികസന പ്രതീക്ഷകളിന്മേൽ കരിനിഴൽ വീഴ്‌ത്തുന്ന ഇത്തരം ഭീകരാക്രമണങ്ങൾ ഉണ്ടാകരുത്. ഇന്ത്യൻ ഉപഭൂഖണ്ഡമേഖലയിൽ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ ഇന്ത്യ എല്ലാ മുൻകരുതലുമെടുക്കുമെന്നു ശ്രീലങ്കൻ സ്‌ഫോടന പരമ്പരയ്ക്കു പിന്നാലെ ഇന്ത്യ വ്യക്തമാക്കിക്കഴിഞ്ഞു. ശ്രീലങ്കയുടെ ടൂറിസം സാധ്യതകൾ തകർത്ത് രാജ്യത്തെ വികസന മുരടിപ്പിലേക്ക് തള്ളി വിടുകയെന്ന ലക്ഷ്യവും സ്‌ഫോടനങ്ങൾക്ക് പിന്നിലുണ്ട്. ശ്രീലങ്കയിലെ പള്ളികൾ ലക്ഷ്യമിട്ട് ചാവേറാക്രമണം നടക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ ലഭിച്ചിട്ടും ശ്രീലങ്കയിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ. വിദേശ ഇന്റലിജൻസ് ഏജൻസിയാണ് ശ്രീലങ്കയ്ക്കു റിപ്പോർട്ട് നൽകിയത്. എൻ.ടി.ജെ എന്നറിയപ്പെടുന്ന നാഷനൽ തൗഹീത്ത് ജമാഅത്തിന്റെ നേതൃത്വത്തിൽ ചാവേറാക്രമണം നടക്കുമെന്നായിരുന്നു ഏജൻസിയുടെ റിപ്പോർട്ട്.രാജ്യത്തെ പ്രമുഖ പള്ളികളിലും കൊളംബോയിലെ ഇന്ത്യൻ ഹൈകമ്മിഷണറുടെ ഓഫിസും ആക്രമിക്കപ്പെടും എന്നായിരുന്നു ഏജൻസിയുടെ റിപ്പോർട്ട്. വാർത്താ ഏജൻസിയായ എ.എഫ്.പിയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഏപ്രിൽ 11ന് ലങ്കയുടെ പൊലീസ് മേധാവി പുജത്ത് ജയസുന്ദര ഇതു സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് ഇന്റലിജൻസ് റിപ്പോർട്ട് കൈമാറുകയും,? ദേശീയ തലത്തിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

കൊച്ചിക്കാടെ, ആദ്യകാല മലയാളി കുടിയേറ്റകേന്ദ്രം

കർഫ്യു പ്രഖ്യാപിച്ചതിനാൽ ഇന്നലെ ഉച്ചയോടെ കടകളെല്ലാം അടച്ചു. നിരത്തിൽ വാഹനങ്ങൾ കുറവാണ്. കൊളംബോയുടെ അഭിമാനകേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. സ്‌ഫോടനം നടന്ന ഷാങ്ഗ്രില, സിനമൺ ഗ്രാൻഡ്, കിങ്‌സ്ബറി എന്നീ പ്രമുഖ ഹോട്ടലുകളുടെയെല്ലാം വിലാസം കൊളംബോ-1 എന്നതാണ്. അതായത് ഹാൾ റോഡിന്റെ തുടക്കം.

പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയായ ടെംപിൾ ട്രീസ് ഈ പാതയിലാണ്. സിനമൺ ഹോട്ടലിൽനിന്ന് വെറും 500 മീറ്റർ അകലെയാണ് ഇന്ത്യൻ ഹൈക്കമ്മിഷൻ. ശ്രീലങ്കയിൽ സമീപകാലത്തു ചൈന നടത്തിയ ഏറ്റവും വലിയ നിക്ഷേപമാണ് ഷാങ്ഗ്രില ഹോട്ടൽ. ഇതിനോടു ചേർന്നാണു ചൈനയുടെ 600 ഏക്കർ തുറമുഖനഗരം വരുന്നത്. സ്‌ഫോടനം നടന്ന രണ്ടു ദേവാലയങ്ങളും മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളും കൊളംബോ നഗരമധ്യത്തിലാണ്. സ്‌ഫോടനമുണ്ടായ മറ്റൊരു കേന്ദ്രമായ ബട്ടിക്കലോവ ഇവാഞ്ചലിക്കൽ ചർച്ച് ഇവിടെനിന്ന് 200 കിലോമീറ്റർ അകലെ കിഴക്കൻ തീരത്തും.

കൊച്ചി കലൂരിലെ സെന്റ് ആന്റണീസ് നൊവേന പള്ളി പോലെയാണ് ഇവിടുത്തുകാർക്ക് കൊച്ചിക്കാടെയിലെ സെന്റ് ആന്റണീസ് പള്ളി. സാധാരണ ദിവസങ്ങളിൽ പോലും സദാസമയവും തിരക്കാണ്. കേരളത്തിൽനിന്നു മലയാളികൾ ആദ്യം കുടിയേറിയ സ്ഥലങ്ങളിൽ ഒന്നായതുകൊണ്ടാണ് ഇതിനെ കൊച്ചിക്കാടെ എന്നു വിളിക്കുന്നത്. സമീപത്തെ ശിവ ക്ഷേത്രത്തിൽ തൊഴുതു നേരെ പള്ളിയിലേക്കു പോകുന്നത് ഇവിടത്തെ സാധാരണ കാഴ്ച. ഈ മേഖലയും ഭീകരർ ലക്ഷ്യമിടുമ്പോൾ അതിന് പിന്നിലെ ശക്തികളെ കണ്ടെത്താൻ ഇന്ത്യൻ ഇന്റലിജൻസും സജീവമായി രംഗത്തുണ്ട്.

മരണ സംഖ്യ ഇനിയും ഉയർന്നേക്കും

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയിൽ ഔദ്യോഗിക കണക്കു പ്രകാരം 207 പേരാണു മരിച്ചത്. പള്ളികളിലും ഹോട്ടലുകളിലും ഉൾപ്പെടെ എട്ടിടത്താണു സ്‌ഫോടനമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ പറഞ്ഞു. അഞ്ഞൂറോളം പേർക്കു പരുക്കേറ്റു. മരിച്ചവരിൽ 36 പേർ വിദേശികളാണ്. മരിച്ചവരിൽ ഒരു കാസർകോട് സ്വദേശിനിയുമുണ്ട്. കാസർകോട് മോഗ്രാൽപുത്തൂർ സ്വദേശിനി പി.എസ്.റസീന(58)യാണ് കൊളംബോ ഷംഗ്രീലാ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ഇന്ത്യക്കാരായ മറ്റു മൂന്നു പേരും കൊളംബോയിലെ സ്‌ഫോടനങ്ങളിലാണു മരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൊളംബോയിലെ നാഷനൽ ഹോസ്പിറ്റലിലാണ് ലക്ഷ്മി, നാരായൺ ചന്ദ്രശേഖർ, രമേശ് എന്നിവർ മരിച്ചത്. ഇവരുടെ കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു ഈസ്റ്റർ പ്രാർത്ഥനയ്ക്കിടെ രാവിലെ 8.45ന് ആണു സ്‌ഫോടനങ്ങൾ ഉണ്ടായതെന്നു പൊലീസ് വക്താവ് റുവാൻ ഗുണശേഖര പറഞ്ഞു. രണ്ടു പള്ളികളിൽ നിരവധി തവണ സ്‌ഫോടനം നടന്നതായി പൊലീസ് അറിയിച്ചു. കൊളംബോ, ബട്ടിക്കലോവ, നെഗോമ്പോ എന്നിവിടങ്ങളിലെ പള്ളികളിലും സിനമൺ ഗ്രാൻഡ്, ഷാംഗ്രിലാ, കിങ്‌സ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണു രാവിലെ സ്‌ഫോടനമുണ്ടായത്. കൊളംബോയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗോമ്പോയിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, ബട്ടിക്കലോവയിലെ സിയോൺ പള്ളി എന്നിവിടങ്ങളിലാണു സ്‌ഫോടനമുണ്ടായത്. മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനമുണ്ടായി.

കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചർച്ച്, നെഗമ്പോയിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, ബാട്ടിക്കലോവയിലെ സിയോൺ ചർച്ച് എന്നിവിടങ്ങളിലാണു സ്‌ഫോടനമുണ്ടായത്. കൊളംബോയിലെ റോമൻ കാത്തലിക് അതിരൂപതയുടെ കീഴിലുള്ള കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചർച്ച് ശ്രീലങ്കയുടെ ദേശീയ പൈതൃക കേന്ദ്രമാണ്. സെന്റ് ആന്റണിയുടെ തിരുശേഷിപ്പ് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. നെഗമ്പോ നഗരത്തിന്റെ പാലകപുണ്യവാളൻ ആയ സെന്റ് സെബാസ്റ്റ്യന്റെ പ്രതിമ അദ്ഭുതം പ്രവർത്തിക്കുന്നതായി നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

നിരവധി പേർക്കു സൗഖ്യം പ്രദാനം ചെയ്തതിലൂടെ ഖ്യാതി കേട്ടതാണു സിയോർ ചർച്ച്. സ്‌ഫോടനമുണ്ടായ മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളും കൊളംബോയുടെ ഹൃദയഭാഗത്തുള്ളതാണ്. അക്രമികളെ പിടികൂടാൻ പൊലീസ് തിരച്ചിൽ ശക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP