Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊട്ടിക്കലാശത്തിന് പിന്നാലെ ആരംഭിച്ച സംഘർഷങ്ങൾ വ്യാപിക്കുന്നു; പാലക്കാട് സിപിഎം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വെട്ട്; മൂന്ന് കോൺഗ്രസ് പ്രവർത്തകർക്കും സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും വെട്ടേറ്റു; തലയ്ക്ക് വെട്ടേറ്റ കോൺഗ്രസ് നേതാവ് ശിവരാജൻ ഗുരുതരാവസ്ഥയിൽ; രമ്യ ഹരിദാസിന് പിന്നാലെ സുരേന്ദ്രനും അൻവറിനും മുരളീധരനും നേരെയൂം അക്രമം; തന്നെ തടഞ്ഞത് സിപിഎം ഗുണ്ടായിസമെന്ന് എ.കെ ആന്റണി; തെരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കിനിൽക്കെ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി പൊലീസ്

കൊട്ടിക്കലാശത്തിന് പിന്നാലെ ആരംഭിച്ച സംഘർഷങ്ങൾ വ്യാപിക്കുന്നു; പാലക്കാട് സിപിഎം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വെട്ട്; മൂന്ന് കോൺഗ്രസ് പ്രവർത്തകർക്കും സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും വെട്ടേറ്റു; തലയ്ക്ക് വെട്ടേറ്റ കോൺഗ്രസ് നേതാവ് ശിവരാജൻ ഗുരുതരാവസ്ഥയിൽ; രമ്യ ഹരിദാസിന് പിന്നാലെ സുരേന്ദ്രനും അൻവറിനും മുരളീധരനും നേരെയൂം അക്രമം; തന്നെ തടഞ്ഞത് സിപിഎം ഗുണ്ടായിസമെന്ന് എ.കെ ആന്റണി; തെരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കിനിൽക്കെ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ച് കൊട്ടിക്കലാശത്തിന് പിന്നാലെ പാലക്കാട് ജില്ലയിൽ സിപിഎം-കോൺഗ്രസ് തമ്മിൽ വ്യാപക അക്രമം. കയ്യാങ്കളിക്ക് പിന്നാലെ പോര് ആയുധം കൊണ്ടായപ്പോൾ ഇരു വിഭാഗം പ്രവർത്തകർക്കും വെട്ടേറ്റു.പാലക്കാട് മുതലമടയിൽ കോൺഗ്രസ് പ്രവർത്തകർക്കു നേരെ സിപിഎം നടത്തിയ അക്രമത്തിൽ തലയ്ക്ക് വെട്ടേറ്റ ശിവരാജന് ഗുരുതര പരിക്ക്. കിട്ടുച്ചാമി, വിജയ്, സുരേഷ് എന്നിവർക്കും പരിക്കേറ്റു. ഗോവിന്ദാപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി ജയ്ലാവ്ദീന് വെട്ടേറ്റു. ഗുരുതര പരിക്കേറ്റ കോൺഗ്രസ് നേതാവ് ശിവരാജനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.

തിരുവനന്തപുരത്ത് രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. ആറ്റിങ്ങൽ മംഗലപുരത്തെ വേങ്ങോട് ആണ് സംഭവം നടന്നത്. വീട്ടിൽ കയറിയാണ് കോൺഗ്രസ് പ്രവർത്തകനെ അക്രമികൾ വെട്ടിയത്. കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ സിപിഎം കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിലാണ് ഒരു കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റത്.മംഗലപുരം പഞ്ചായത്തംഗം അജയ രാജ്, സിയാദ് എന്നിവർക്കാണ് വെട്ടേറ്റത്. അജയ രാജിന്റെ വീട്ടിൽ കയറിയാണ് അക്രമികൾ വെട്ടിയത്. അജയ രാജിനെ ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസുകാരുടെ അടിയേറ്റ് പരിക്കേറ്റ ഒരു സിപിഎം പ്രവർത്തകനും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരെ ആറ്റിങ്ങലിലെ യു ഡി എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് സന്ദർശിച്ചു.

വലിയ ആവേശത്തോടെയാണ് എല്ലാ മണ്ഡലങ്ങളിലും പ്രവർത്തകരും സ്ഥാനാർത്ഥികളും നേതാക്കളുമെല്ലാം കൊട്ടിക്കലാശത്തിന് അണി നിരന്നത്. തിരുവനന്തപുരത്ത് മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. തിരുവനന്തപുരം വേങ്ങോട് ആണ് സംഭവം നടന്നത്. വീട്ടിൽ കയറിയാണ് കോൺഗ്രസ് പ്രവർത്തകരെ അക്രമികൾ വെട്ടിയത്.കൊട്ടിക്കലാശത്തിനിടെ ആലത്തൂരിൽ സംഘർഷം. രമ്യാ ഹരിദാസിന്റെ വാഹനത്തിന് നേരെ കല്ലെറിഞ്ഞെന്ന് പരാതി. രമ്യാ ഹരിദാസിനെയും അനിൽ അക്കരെ എംഎൽഎയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ പൊലീസുകാർക്കും പരിക്കേറ്റു. ആലത്തൂരിൽ കൊട്ടികലാശത്തിനിടെ യു ഡി എഫ് എൽ ഡി എഫ് പ്രവർത്തകർ തമ്മിൽ രൂക്ഷമായ സംഘർഷം ഉണ്ടായിരുന്നു. ഇതിനിടെയാണ് കല്ലേറ് ഉണ്ടായത് .

സംഘർഷം മുന്നിൽ കണ്ട് കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത് എങ്കിലും പല മണ്ഡലങ്ങളിലും കാര്യങ്ങൾ കൈവിട്ടുപോയി. വടകര വില്യാപ്പള്ളിയിൽ ഇരുവിഭാഗം പ്രവർത്തകർ ഏറ്റുമുട്ടിയതോടെ സ്ഥിതി നിയന്ത്രണാതീതമായി. ചേരി തിരിഞ്ഞ് കല്ലെറിഞ്ഞ പ്രവർത്തകരെ തുരത്താൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു . സ്ഥിതി നിയന്ത്രിക്കാൻ കൂടുതൽ കേന്ദ്ര സേനയെ എത്തിച്ചു. സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 23 ന് വൈകീട്ട് ആറ് മുതൽ 24 ന് രാത്രി 10 വരെ വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മൽ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ക്രിമിനൽ നടപടി ചട്ടം 144 പ്രകാരം ജില്ലാ കലക്ടർ സാംബശിവ റാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു. പരസ്യപ്രചാരണം അവസാനിക്കുന്നത് വോട്ടെടുപ്പ് കഴിയുന്നത് വരെ ജില്ലയിൽ പൊതുപരിപാടികളോ റാലികളോ സംഘടിപ്പിക്കുന്നത് വിലക്കി ജില്ലാ കലക്ടർ ഉത്തരവായി.

വടകരയിൽ നിരോധനാജ്ഞ

സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 23 ന് വൈകീട്ട് ആറ് മുതൽ 24 ന് രാത്രി 10 വരെ വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മൽ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ക്രിമിനൽ നടപടി ചട്ടം 144 പ്രകാരം ജില്ലാ കലക്ടർ സാംബശിവ റാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങൾ സംഘം ചേരുകയോ കൂട്ടംകൂടുകയോ ചെയ്യാൻ പാടില്ല. വടകര വില്ല്യാപ്പള്ളിയിൽ യു.ഡി.എഫ് പ്രകടനത്തിന് നേരെയുണ്ടായ അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കെ.മുരളീധരന്റെ പ്രചരണ വാഹനവ്യൂഹം സിപിഎം പ്രവർത്തകർ ആക്രമിച്ചു. പേരാമ്പ്ര വാല്ല്യക്കോട് വച്ചായിരുന്നു ആക്രമണം..

സിപിഎം ഗുണ്ടായിസമെന്ന് ആന്റണി

എ.കെ. ആന്റണി നടത്തിയ റോഡ്ഷോയിലേയ്ക്ക് ഇരച്ചുകയറാൻ സിപിഎം ശ്രമം. എ.കെ ആന്റണിക്ക് നേരെ കയ്യേറ്റ ശ്രമവും ഉണ്ടായി.നേതാക്കളുടെ അവസ്ഥ ഇതാണെങ്കിൽ സമാധാനപരമായ തെരഞ്ഞെടുപ്പ് എങ്ങനെ നടത്തുമെന്ന് ചോദിച്ച എ.കെ.ആന്റണി ഇത്തരം സംഭവം സംസ്ഥാനത്തെന്നല്ല തന്റെ ജീവിതത്തിൽ തന്നെ ആദ്യമായാണ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി. മോദി സർക്കാരും പിണറായി സർക്കാരും അക്രമത്തിന്റെ കാര്യത്തിൽ ഒരേതൂവൽ പക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചുവേളിയിൽ പൂഴിക്കടകൻ

കൊച്ചുവേളിയിൽ എൽഡിഎഫ് റാലിയിലേക്ക് ഇരച്ചുകയറാൻ ഡഉഎ പ്രവർത്തകരുടെ ശ്രമത്തെ തുടർന്ന് സംഘർഷം'' നൂറു കണക്കിന് എൽഡിഎഫ് പ്രവർത്തകർ പങ്കെടുത്ത തെരഞ്ഞെടുപ്പ് കൊട്ടിക്കലാശ റാലിയിലേക്കാണ് എതിരെ വന്ന റോഡ് ഷോയിലുള്ള ഒരു സംഘം യുഡിഎഫ് കാർ ഇരച്ചുകയറിയത്. സ്ത്രീകളടക്കമുള്ളവരോട് ഇവർ മോശമായി പെരുമാറി എൽഡിഎഫ് റാലിയിലേക്ക് മണൽ വാരി യുഡിഎഫ് പ്രവർത്തകർ എറിഞ്ഞതോടെ സംഘർഷമായി. ഇതിനെ തുടർന്ന് ഏകെ ആന്റണിയടക്കമുള്ളവർക്ക് മടങ്ങേണ്ടി വന്നു. യുഡിഎഫ് ബാധപൂർവ്വം സംഘർഷം സൃഷ്ടിക്കൂകയായിരുന്നെന്ന് എൽഡിഎഫ് ആരോപിച്ചു.

കരുനാഗപ്പള്ളിയിൽ അമ്പലം കേന്ദ്രീകരിച്ച് ബിജെപി ആക്രമണം

കരുനാഗപ്പള്ളിയി കൊട്ടിക്കലശത്തിനിടയിലേക്ക് ബിജെപി ആക്രമണം. എൽ.ഡി.എഫ് യുഡിഎഫ് പ്രവർത്തകർക്ക് നേരേയാണ് ബിജെപി ആക്രമണം. ബിജെപി പ്രവർത്തകർ തൊട്ടടുത്തുള്ള പടനായർകുളങ്ങര ക്ഷേത്രത്തിൽ തമ്പടിച്ചിരിക്കുന്നു

സുരേന്ദ്രന് നേരെയും ആക്രമണം

പത്തനംതിട്ടയുടെ എൻ ഡി എ സ്ഥാനാർത്ഥി കെ സു രേന്ദ്രനെ കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ തടഞ്ഞ് വച്ചു. മുതിർന്ന എൽഡിഎഫ് നേതാക്കൾ എത്തിയാണ് സുരേന്ദ്രന്റെ വാഹനം കടത്തി വിട്ടത്. ആറ്റിങ്ങലിൽ ബിജെപി സിപിഎം കോൺഗ്രസ് പ്രവർത്തകർ നേർക്ക് നേർക്ക് നേർ നിന്ന് മുദ്രാവാക്യം വിളിക്കുന്ന സാഹചര്യം സംഘർഷത്തിന്റെ വക്കോളം എത്തിയെങ്കിലും പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

കൊല്ലം കരുനാഗപ്പള്ളിയിലും ഇരു വിഭാഗം പ്രവർത്തകർ തമ്മിൽ സംഘർഷമായി. പൊലീസ് ലാത്തി വീശി. സംഘർഷത്തിൽ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. നിരവധി വാഹനങ്ങളും തകർത്തു. മലപ്പുറത്ത് ഉന്തിനും തള്ളിനും ഇടയിൽ പൊലീസുകാരന് പരിക്കേറ്റു. ആലപ്പുഴയിലെ അമ്പലപ്പുഴയിൽ സിപിഎം ബിജെപി സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

കുമ്മനത്തിനും അൻവറിനും മുരളീധരനും നേരെ ആക്രമണം

തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ പ്രചാരണ വാഹനത്തിനു നേരെ ചെരുപ്പേറു ഉണ്ടായി. എൽഡിഎഫ് പ്രവർത്തകരാണ് ഇതിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു. പൊന്നാനിയിൽ എൽഡഎഫ് സ്ഥാനാർത്ഥി പി.വി.അൻവറിന്റെ പ്രചാരണ വാഹനം യുഡിഎഫ് പ്രവർത്തകർ തടഞ്ഞു. ഇതിനിടെ ഉണ്ടായ സംഘർഷത്തിൽ എഎസ്ഐയ്ക്കു പരിക്കേറ്റു. മട്ടന്നൂരിലും എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഇവിടെ പൊലീസ് നാല് തവണയാണ് ഗ്രനേഡ് പ്രയോഗിച്ചത്.

കാസർഗോഡ് ഉദുമയിൽ എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഇവിടെയും പൊലീസ് ഒന്നിലേറെ തവണ ഗ്രനേഡ് പ്രയോഗിച്ചു. കൊച്ചിയിൽ പാലാരിവട്ടത്ത് എൽഡിഎഫ്- എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. തിരുവല്ലയിലും സിപിഎം- ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. പ്രവർത്തകർ പരസ്പരം കല്ലെറിഞ്ഞു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.

വടകര വില്യാപള്ളിയിലും എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. മലപ്പുറത്തും മണ്ണാർകാട്ടും പ്രവർത്തകർ പൊലീസുമായി ഏറ്റമുട്ടി. മലപ്പുറത്ത് എൽഡിഎഫ് പ്രവർത്തകരും മണ്ണാർകാട്ട് യുഡിഎഫ് പ്രവർത്തകരുമാണ് പൊലീസിനെതിരെ തിരിഞ്ഞത്. കെ.മുരളീധരന്റെ പ്രചരണ വാഹനവ്യൂഹം സിപിഎം പ്രവർത്തകർ ആക്രമിച്ചു. പേരാമ്പ്ര വാല്ല്യക്കോട് വച്ചായിരുന്നു ആക്രമണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP