Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണുനീർ കണത്തിന് സമാനമായതിനാൽ വിളിപ്പേര് 'ഇന്ത്യയുടെ കണ്ണുനീർ' എന്ന്; തമിഴരെ കൂട്ടക്കൊല ചെയ്ത 1983ലെ 'കറുത്ത ജൂലൈ'യെ ഓർമിപ്പിച്ച് വീണ്ടും സ്‌ഫോടനങ്ങൾ; പുലികളെ ഉന്മൂലനം ചെയ്ത നാട്ടിൽ വീണ്ടും ഭീകരവാദത്തിന്റെ വിത്തുകളെത്തി; പള്ളികളിലെ സ്‌ഫോടനം ലക്ഷ്യമിട്ടത് വർഗ്ഗീയത ആളിക്കത്തിക്കൽ; ഹോട്ടലുകളെ ആക്രമിച്ചത് ടൂറിസം തകരാനും; കൊളംബോയിലെ കൂട്ടകുരുതിയിൽ സംശയ നിഴലിലുള്ളത് ശ്രീലങ്ക തൗഹീദ് ജമാഅത്ത്; 'ബ്ലാക് ഈസ്റ്റർ' ആസൂത്രകരുടെ ലക്ഷ്യവും സിംഹള-തമിഴ് കലാപം തന്നെ

കണ്ണുനീർ കണത്തിന് സമാനമായതിനാൽ വിളിപ്പേര് 'ഇന്ത്യയുടെ കണ്ണുനീർ' എന്ന്; തമിഴരെ കൂട്ടക്കൊല ചെയ്ത 1983ലെ 'കറുത്ത ജൂലൈ'യെ ഓർമിപ്പിച്ച് വീണ്ടും സ്‌ഫോടനങ്ങൾ; പുലികളെ ഉന്മൂലനം ചെയ്ത നാട്ടിൽ വീണ്ടും ഭീകരവാദത്തിന്റെ വിത്തുകളെത്തി; പള്ളികളിലെ സ്‌ഫോടനം ലക്ഷ്യമിട്ടത് വർഗ്ഗീയത ആളിക്കത്തിക്കൽ; ഹോട്ടലുകളെ ആക്രമിച്ചത് ടൂറിസം തകരാനും; കൊളംബോയിലെ കൂട്ടകുരുതിയിൽ സംശയ നിഴലിലുള്ളത് ശ്രീലങ്ക തൗഹീദ് ജമാഅത്ത്; 'ബ്ലാക് ഈസ്റ്റർ' ആസൂത്രകരുടെ ലക്ഷ്യവും സിംഹള-തമിഴ് കലാപം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊളംബോ: ശ്രീലങ്ക ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യം. ഇന്ത്യയ്ക്കു തൊട്ടുതാഴെ കണ്ണീർക്കണങ്ങളുടെ ആകൃതിയിൽ കിടക്കുന്നതിനാൽ 'ഇന്ത്യയുടെ കണ്ണുനീർ' എന്ന അപരനാമത്തിൽ ശ്രീലങ്കയെ ലോകെ വളിക്കുന്നു. 1972-വരെ 'സിലോൺ' പിന്നീട് ശ്രീലങ്കയും. സിംഹള ഭൂരിപക്ഷവും തമിഴ് ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷം ഈ കൊച്ചു രാജ്യത്തെ കലാപഭൂമിയാക്കിയിട്ടുണ്ട്. വാണിജ്യകപ്പൽ പാതകളുടെ ഒരു കേന്ദ്രമായിരുന്നു ശ്രീലങ്ക അക്രമത്തിലേക്ക് നീങ്ങുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഏറെ ഭീഷണിയാണ്. ലോകവ്യാപാരരംഗത്തെ പ്രധാനപ്പെട്ട ഒരു തുറമുഖമാണ് കൊളംബോ. ഇവിടെ നിന്നും സൂയസ് കനാൽ വഴി ചരക്കുകൾ യുറോപ്പിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. അങ്ങനെ തന്ത്ര പ്രധാന സ്ഥലത്തെ കലാപങ്ങൾ ലോകത്തിനും തലവേദനായി. വേലുപിള്ള പ്രഭാകരനെ കൊന്ന് എൽടിടിഇ ഇല്ലായമ ചെയ്തതോടെ ശ്രീലങ്കയിൽ സമാധാനമെത്തിയെന്ന് ഏവരും കരുതി. ഇതിനെ തകർത്തെറിയുന്നതാണ് കറുത്ത ഈസ്റ്റർ ദിനത്തിലെ പള്ളികളിലെ ആക്രമങ്ങൾ.

ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ ഈസ്റ്റർ ദിനത്തിൽ മൂന്ന് ക്രിസ്ത്യൻ പള്ളികളിലടക്കം ആറിടങ്ങളിലാണ് സ്ഫോടനം നടന്നത്. 137 പേർ മരിച്ചതായും അഞ്ഞൂറോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പ്രദേശിക സമയം 8.45 ഓടെയാണ് സ്ഫോടനം നടന്നത്. ഈ സമയം പള്ളികളിലെല്ലാം ഈസ്റ്റർ ദിന പ്രാർത്ഥനകൾ നടക്കുകയായിരുന്നുവെന്ന് ശ്രീലങ്കൻ പൊലീസ് വക്താവ് റുവാൻ ഗുണശേഖര പറഞ്ഞു. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യൻ ചർച്ച്, ബാറ്റിക്കലോവ ചർച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നീ ഹോട്ടലുകളിലുമാണ് ഫോടനങ്ങളുണ്ടായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ഹോട്ടൽ സിന്നമൺ ഗ്രാൻഡ്. അങ്ങനെ സുരക്ഷ ഏറെയുള്ള സ്ഥലങ്ങളിലാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. ചാവേർ ബോംബുകളെ അവതരിപ്പിച്ചത് ശ്രീലങ്കയിലെ തമിഴ് പുലികളാണ്. പള്ളികളെ ആക്രമണത്തിലും ചാവേറുകൾ ഉണ്ടെന്നാണ് സൂചന.

നെഗോമ്പോയിലെ പള്ളിയുടെ മേൽക്കൂര തകർന്നു വീണതും നിലത്ത് ചോര തളം കെട്ടിക്കിടക്കുന്നതും വ്യക്തമായി കാണുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിദേശ ടൂറിസ്റ്റുകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മരണ സംഖ്യ 200 കടക്കുമെന്നാണ് ആശങ്ക. 500 ഓളം പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. കുറച്ചു കാലമായി മുസ്ലിം മത തീവ്രവാദം കൊളംബോയിൽ ശക്തമാണ്. ബുദ്ധ പ്രതിമകൾ തകർത്തതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ കൊളംബോയിൽ ഉണ്ടായിരുന്നു. ശ്രീലങ്ക തൗഹീദ് ജമാഅത്ത് എന്ന സംഘടനയിലേക്കാണ് അന്ന് സംശയങ്ങൾ നീണ്ടത്. മത സപർദ്ധ വളർത്തുന്ന ഇടപെടലുകളുടെ പേരിൽ അതിന്റെ സെക്രട്ടറി അബ്ദുൾ റസീഖിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഈ സംഘടനയിലേക്ക് സംശയ മുന നീളാനും കാരണമുണ്ട്. ആഴ്ചകൾക്ക് മുമ്പ് ഒരു വിദേശ രാജ്യത്തു നിന്ന് ശ്രീലങ്കയ്ക്ക് സ്‌ഫോടന മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

ശ്രീലങ്ക തൗഹീദ് ജമാഅത്ത് എന്ന സംഘടനയുടെ നേതൃത്വത്തിൽ കൊളംബോയിലെ പള്ളികളിലും ഇന്ത്യൻ എംബസിയിലും ബോംബ് സ്‌ഫോടനം നടക്കുമെന്നായിരുന്നു രഹസ്യാന്വേഷണ വിവരം. ഇത് ശരിവയ്ക്കും വിധത്തിലാണ് ഇപ്പോൾ ഈസ്റ്റർ ദിനത്തിലെ സ്‌ഫോടനങ്ങൾ നടക്കുന്നത്. സിംഹള ഭാഷ സംസാരിക്കുന്ന ക്രൈസ്തവരെയാണ് ഈ ആക്രമണം ലക്ഷ്യമിട്ടതെന്നും വ്യക്തമാണ്. അതുകൊണ്ട് തന്നെ ഈ സംഘടനയുടെ നേർക്കാകും അന്വേഷണം നീളുക. ഡെയ്‌ലി മെയിലാണ് തൗഹീദ് ജമാഅത്തുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരം പുറത്തു വിട്ടിരിക്കുന്നത്. തമിഴ് പുലികളുടെ ഭീതി മാറിയതോടെ വിനോദസഞ്ചാര കേന്ദ്രമായി ലങ്ക മാറിയിരുന്നു. ഈ സ്‌ഫോടനത്തോടെ വിദേശ ടൂറിസ്റ്റുകൾ ലങ്കയിൽ നിന്ന് അകലം പാലിക്കും. അങ്ങനെ ശ്രീലങ്കയുടെ സംമ്പദ് വ്യവസ്ഥയെ തകർക്കുകയെന്ന ലക്ഷ്യവും അക്രമികൾക്കുണ്ട്. ഇതിന് വേണ്ടിയാണ് പള്ളികൾക്കൊപ്പം ഹോട്ടലുകളും ബോംബ് സ്‌ഫോടനത്തിന് തെരഞ്ഞെടുത്തത്.

ഓർമ്മിപ്പിക്കുന്നത് കറുത്ത ജൂലൈ

എൺപതുകളിൽ അധികാരത്തിൽ ഇരുന്ന ജയവർധനെ സിംഹളീസ് വൺലി ആക്ട് എന്ന നിയമം കൊണ്ടുവരികയും തമിഴർ സർവ്വകലാശാലയിലും സർക്കാർ ഉദ്യോഗങ്ങളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തതോടെയാണ് ശ്രീലങ്കയിൽ വംശീയ കലാപത്തിന്റെ വിത്തുകൾ എത്തുന്നത്. ഇത് മുതലെടുത്ത് എൽടിടിഇ രൂപം കൊണ്ടു. വേലുപ്പിള്ള പ്രഭാകരന്റെ നേതൃത്വത്തിൽ തമിഴർ സ്വാതന്ത്ര്യത്തിനായി തെരുവിലെത്തി. വടക്കൻപ്രദേശങ്ങളിൽ തമിഴ് തീവ്രവാദി സംഘടനകളും പട്ടാളവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഇതിന്റെ ഫലമായി കൊളംബോയിൽ തെരുവിലിറങ്ങിയ തമിഴരെ, 1983 ജൂലൈയിൽ സിംഹളർ കൂട്ടക്കൊലചെയ്തു. മൂവായിരത്തിലധികം തമിഴർ മരണപ്പെട്ട ഈ സംഭവം ആണ് കറുത്ത ജൂലൈ അഥവാ ബ്ലാക്ക് ജൂലൈ എന്നറിയപ്പെടുന്നത്

കൂട്ടകൊല തടയാൻ സർക്കാർ ശ്രമിച്ചില്ല. തമിഴ് ജനത സർക്കാരിനെയും സിംഹളരെയും ശത്രുവായി കണ്ടു. വിദ്യാഭ്യാസമുള്ള ആയിരക്കണക്കിന് തമിഴ് യുവാക്കൾ തിവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് കടന്നു വരാനുള്ള പ്രധാന കാരണവും ഇതായിരുന്നു. തമിഴ്‌നാട്ടിൽ നിന്നും ശ്രീലങ്കൻ തമിഴർക്ക് സഹായവും ലഭിച്ചു. ഇന്ത്യക്ക് പരീശീലനവും ആയുധവും നൽകി. തമിഴ് മേഖലകളിൽ സിംഹള കോളനികൾ സ്ഥാപിക്കുകയായിരുന്നു ജയവർധനെ ചെയ്തിരുന്നത്. ഇവയെ തമിഴ് സംഘടനകൾ ആക്രമിച്ചു. കൊളംബോയിലെ തമിഴരെ ആക്രമിച്ചു കൊണ്ട് സർക്കാർ തിരിച്ചടിച്ചു. സ്ഥിതി ആഭ്യന്തര യുദ്ധത്തിലേക്ക് വളർന്നു. ഇന്ത്യ ശ്രീലങ്കയിലേക്ക് സൈന്യത്തെ അയച്ചു.

1989-ൽ രണസിംഗെ പ്രേമദാസ പ്രധാനമന്ത്രിയായി. വി പി സിങ് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നപ്പോളാണ് ഇന്ത്യൻ സൈന്യത്തെ തിരികെ വിളിച്ചത്. 1993-ൽ പ്രേമദാസയെ എൽ.ടി.ടി.ഇ വധിച്ചു. 1994 ലെ തിരഞ്ഞെടുപ്പിൽ സോളമൻ- സിരിമാവോ ദമ്പതിമാരുടെ മകളും, ശ്രീലങ്കാ ഫ്രീഡം പാർട്ടി നേതാവുമായ ചന്ദ്രിക കുമാരതുംഗ പ്രധാനമന്ത്രിയും തുടർന്ന് പ്രസിഡന്റുമായി. പിന്നീട് വേലുപ്പിള്ള പ്രഭാകരനുമായി ചർച്ചയ്ക്കുള്ള ശ്രമം തുടങ്ങി. എന്നാൽ അത് വിജയിച്ചില്ല. പിന്നീട് പ്രഭാകരനെ കൊന്ന് എൽടിടിഇയെ ശ്രീലങ്ക ഉന്മൂലനം ചെയ്തു. ഇതോടെ സമാധാനത്തിലേക്ക് ശ്രീലങ്ക പതിയെ മാറി. ഈ ശാന്തതയാണ് ഈസ്റ്റർ ദിനത്തിലെ സ്‌ഫോടനങ്ങൾ തകിടം മറിക്കുന്നത്. ഇപ്പോൾ ഭാഷാടിസ്ഥാനത്തിൽ അല്ല മറിച്ച് മതാടിസ്ഥാനത്തിലാണ് ആളുകളെ ലക്ഷ്യമിട്ട് സ്‌ഫോടനം എന്നതാണ് പ്രത്യേകത.

ജനാധിപത്യം ദുർബലമായപ്പോൾ വീണ്ടും ഭീകരത

അപ്രതീക്ഷിത നീക്കങ്ങളുടെ വിളനിലമാണ് ശ്രീലങ്കൻ രാഷ്ട്രീയം. വിക്രമസിംഗെയെ അധികാരത്തിൽനിന്ന് നീക്കാനായി സിരിസേനയും രാജപക്സെയും ചേർന്ന് നടത്തിയ നാടകങ്ങൾ ജനാധിപത്യത്തെ ദുർബ്ബലപ്പെടുത്തിയിരുന്നു. പാർലമെന്റിൽ ഭൂരിപക്ഷമുള്ള പ്രധാനമന്ത്രി വിക്രമസിംഗെയെ പുറത്താക്കുകയും രാജപക്സെയെ അവരോധിക്കുകയും ചെയ്ത കഴിഞ്ഞ ഒക്ടോബർ 26-ന് രാത്രിയിലെ അപ്രതീക്ഷിതനീക്കം ഏറെ ചർച്ചയായിരുന്നു. അധികാരത്തിലുള്ള പ്രധാനമന്ത്രി രാജി സമർപ്പിക്കുക, അദ്ദേഹത്തിന് പാർലമെന്ററിലുള്ള ഭൂരിപക്ഷം നഷ്ടമാകുക, അതുമല്ലെങ്കിൽ മരിക്കുക എന്നീ മൂന്ന് സാഹചര്യങ്ങളിലാണ് പുതിയ പ്രധാനമന്ത്രിയെ നിയമിക്കാൻ പ്രസിഡന്റിനാകുകയെന്ന് ശ്രീലങ്കൻ ഭരണഘടനയുടെ 19-ാം ഭേദഗതിയിൽ പറയുന്നു.

വിക്രമസിംഗെയ്ക്ക് സഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം നിഷേധിച്ച് നവംബർ 16-വരെ പാർലമെന്റ് മരവിപ്പിക്കാനെടുത്ത സിരിസേനയുടെ തീരുമാനം അതുകൊണ്ട് തന്നെ ഏറെ വിവാദങ്ങൾക്കും ഇട നൽകി. കഴിയുന്നത്ര എംപി.മാരെ രാജപക്സെയ്ക്ക് അനുകൂലമാക്കുകയെന്നത് മുന്നിൽക്കണ്ടായിരുന്നു് സിരിസേനയുടെ ഈ നീക്കം. എത്ര ദുർബലമാണ് ശ്രീലങ്കയിലെ ജനാധിപത്യമെന്ന് അവിടത്തെ സർക്കാർ മാധ്യമങ്ങളായ ലേക്ക് ഹൗസിന്റെയും രൂപ വാഹിനിയുടെയും റിപ്പോർട്ടുകൾ തെളിയിക്കുകയും ചെയ്തു. ഈ രാഷ്ട്രീയ നാടകങ്ങളാണ് ശ്രീലങ്കയിലെ ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തിയത്. ഇത് വർഗ്ഗീയവാദികൾക്ക് തീവ്രവാദത്തിന്റെ വിത്തെറിയാൻ വീണ്ടും അവസരമൊരുക്കി. പിന്നീട് റനിൽ വിക്രമസിംഗെ വീണ്ടും സ്ഥാനമേറ്റു. ഇതോടെ ദ്വീപുരാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമായി. വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയാക്കില്ലെന്ന് ആവർത്തിച്ച പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്ക് സ്വന്തം വാക്കുകൾ വിഴുങ്ങേണ്ടി വരികയും ചെയ്തു.

ചൈനാ പക്ഷപാതിയായ മഹിന്ദ രാജപക്ഷെയെ സിരിസേന പ്രധാനമന്ത്രിയായി വാഴിച്ചതിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ടായിരുന്നു. രാഷ്ട്രീയഅട്ടിമറിയിലൂടെ പ്രധാനമന്ത്രിയായ രാജപക്ഷെ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതിനെതുടർന്നു ശനിയാഴ്ച രാജി വച്ചതാണു വിക്രമസിംഗെയുടെ മടങ്ങിവരവിനു കളമൊരുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP