Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിദേശ വനിതയുടെ മൃതദേഹം സ്വദേശമായ ലിത്വേനിയയിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങളെല്ലാം സംസ്ഥാന സർക്കാർ ഏറ്റെടുക്കും; ലിഗയുടെ കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപ നൽകാനും തീരുമാനം; ഭാര്യയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണെന്ന് ഉറപ്പിച്ച് ഭർത്താവും സഹോദരിയും: മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകുമെന്നും ലിഗയുടെ കുടുംബം

വിദേശ വനിതയുടെ മൃതദേഹം സ്വദേശമായ ലിത്വേനിയയിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങളെല്ലാം സംസ്ഥാന സർക്കാർ ഏറ്റെടുക്കും; ലിഗയുടെ കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപ നൽകാനും തീരുമാനം; ഭാര്യയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണെന്ന് ഉറപ്പിച്ച് ഭർത്താവും സഹോദരിയും: മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകുമെന്നും ലിഗയുടെ കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവളം തീരത്തുനിന്ന് ഒരു മാസം മുമ്പ് കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്ത ലിഗയുടെ മൃതദേഹം സ്വദേശമായ ലിത്വേനിയയിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങളെല്ലാം സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ലിഗയുടെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ചു ലക്ഷം രൂപയും നൽകാൻ തീരുമാനമായി. അടുത്ത ദിവസം തന്നെ ലിഗയുടെ സഹോദരി ഇലീസിനു തുക കൈമാറുമെന്നു സംസ്ഥാന ടൂറിസം ഡയറക്ടർ പി.ബാലകിരൺ അറിയിച്ചു. ലിഗയുടെ സഹോദരിയ ഇലീസിനെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നാട്ടിലേക്കു മൃതദേഹം കൊണ്ടു പോകുന്നതിനുള്ള നിയമ തടസങ്ങൾ മാറ്റാൻ സർക്കാരും ടൂറിസം വകുപ്പും മുൻകൈ എടുക്കും. മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള ചെലവ്, ലിഗയുടെ ബന്ധുക്കളുടെ യാത്ര ചെലവ്, കേരളത്തിലെ താമസ ചെലവ് തുടങ്ങിയവ സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും ബാലകിരൺ അറിയിച്ചു. അതേസമയം ലിഗയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണെന്നാണ് സഹോദരി ഇലീസും ലിഗയുടെ ഭർത്താവ് ആൻഡ്രൂ ജോനാഥനും ആരോപിക്കുന്നത്. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകുമെന്നും ഇലീസ് പറഞ്ഞു.

അതേസമയം ലിഗയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. രണ്ടു ദിവസത്തിനകം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. അതിനു ശേഷം മാത്രമേ കൊലപാതകമാണോ ആത്മഹത്യയാണോ എന്നതിൽ ഉൾപ്പെടെ വ്യക്തത വരുത്താൻ സാധിക്കൂ എന്നും പൊലീസ് പറയുന്നു. എന്നാൽ ലിഗയുടെ സഹോദരി എലീസയും ഭർത്താവ് ആൻഡ്രൂ ജോനാഥനും പൊലീസിനെതിരേ രൂക്ഷമായ ഭാഷയിലാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പൊലീസിന്റെ അനാസ്ഥയാണ് തന്റെ സഹോദരിയുടെ ജീവനെടുത്തതെന്നും പറ്റുന്നത് പോലെ എല്ലാവരോട് കേണപേക്ഷിച്ചിട്ടും മാനുഷിക പരിഗണന പോലും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നുമായിരുന്നു അവരുടെ വാക്കുകൾ.

കാണാതായി ആദ്യ 24 മണിക്കൂറാണ് പ്രധാനമെന്ന് പോലും അറിയാത്ത പൊലീസുകാരാണോ ഇവിടെ ഉള്ളതെന്നും മനുഷ്യന്റെ ഫീലിങ്സ് ഇവർക്ക് മനസ്സിലാകില്ലെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് എലീസ പറഞ്ഞു. ലിഗയെ കാണാതായ വിവരം ഓരോ പൊലീസ് സ്റ്റേഷനിലും ക്യാമറയ്ക്ക് മുന്നിലും കരഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ പറഞ്ഞത്. എന്നാൽ തന്നെ പരിഹസിക്കുകയായിരുന്നു പൊലീസുകാർ എന്നും അവർ ആരോപിച്ചിരുന്നു. എന്നാൽ ഇതെല്ലാം പുറത്തുവന്നിട്ടും സംഭവത്തെക്കുറിച്ചന്വേഷിക്കാനോ പൊലീസുകാർക്കെതിരേ നടപടിയെടുക്കാനോ ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായിട്ടില്ല. ഒരു വാക്കുപോലും ഇതുസംബന്ധിച്ച് അദ്ദേഹം മിണ്ടിയിട്ടുമില്ല.

വിഷാദരോഗത്തിനുള്ള ചികിത്സക്കുവേണ്ടി സഹോദരി എലീസിനൊപ്പം ഫെബ്രുവരി 21 നാണ് ലിഗ സ്‌ക്രോമാൻ എന്ന ലിത്വേനിയൻ യുവതി കേരളത്തിലെത്തിയത്. തിരുവനന്തപുരം പോത്തൻകോടുള്ള ധർമ്മ എന്ന ആയുർവേദ കേന്ദ്രത്തിൽ വിഷാദരോഗത്തിനുള്ള ചികിത്സയായിരുന്നു ലക്ഷ്യം. ഇതിനിടെ മാർച്ച് 14 ന് സഹോദരിയോടു പറയാതെ ലിഗ കോവളത്തേക്ക് പുറപ്പെട്ടു. ഇവിടെ വച്ചാണ് ലിഗയെ കാണാതാവുന്നത്. തുടർന്ന് എലീസയും ആൻഡ്രൂ ജോനാഥനും പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ല.

ഒടുവിൽ ഇരുവരും സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ കേരളത്തിലുടനീളം പോസ്റ്ററൊട്ടിച്ചും ഫോട്ടോ കാണിച്ചും അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായി കാസർഗോട് എത്തിയപ്പോഴാണ് തിരുവല്ലം വാഴോമുട്ടത്തുനിന്ന് മൃതശരീരം കണ്ടെത്തിയത്. ഉടൻ ഇരുവരും ഇവിടെയെത്തുകയും മൃതദേഹം ലിഗയുടേതാണെന്ന ഉറപ്പിക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് കരമന-കിള്ളിയാറിന്റെ തീരത്തോടടുത്ത ഭാഗത്ത് ചൂണ്ടയിടാൻ എത്തിയ യുവാക്കളാണ് ശിരസ്സറ്റ ഒരു മൃതദേഹത്തെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചത്. തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടൽക്കാട്ടിനുള്ളിലാണു ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്നു നടന്ന ഫൊറിൻസിക് പരിശോധനയിൽ അതു ലിഗയുടേതാണെന്നു വ്യക്തമാവുകയായിരുന്നു.

ലിഗയുടെ മരണത്തിൽ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും, ടൂറിസം സെക്രട്ടറി റാണി ജോർജിന്റെയും അനുശോചനവും ബാലകിരൺ ഇലീസിനെ അറിയിച്ചു. ഡപ്യൂട്ടി ഡയറക്ടർ വി എസ്.അനിൽ, അസി. പ്ലാനിങ് ഓഫിസർ ജി.ജയകുമാരൻ നായർ എന്നിവരും ഡയറക്ടറോടൊപ്പം ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP