Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആഡംബര ബസുകാരുടെ 'ചട്ടമ്പിപ്പീസുകളി' ഇനി വേണ്ടേ വേണ്ട....ആവശ്യങ്ങൾക്കായി നമ്മുടെ ആനവണ്ടിയില്ലേ; 'കല്ലട ഗുണ്ട'കൾക്കടക്കം ഓർമ്മപ്പെടുത്തലായി വിവാഹത്തിന് കെഎസ്ആർടിസി 'കൊമ്പനെ' അണിയിച്ചോരുക്കി തത്തമംഗലത്തെ നവദമ്പതികൾ; നിരക്കിൽ മാറ്റങ്ങളുമായി ഓർഡിനറി വണ്ടികൾ കല്യാണ ഓട്ടത്തിനും റെഡിയാണേ; പാവപ്പെട്ടവരുടെ ആവശ്യങ്ങൾക്ക് ആനവണ്ടി കിട്ടുമെന്നോർമ്മിപ്പിച്ച് ബൈജുവിന്റെയും സുസ്മിതയുടേയും 'ഹാപ്പി ജേർണി'

ആഡംബര ബസുകാരുടെ 'ചട്ടമ്പിപ്പീസുകളി' ഇനി വേണ്ടേ വേണ്ട....ആവശ്യങ്ങൾക്കായി നമ്മുടെ ആനവണ്ടിയില്ലേ; 'കല്ലട ഗുണ്ട'കൾക്കടക്കം ഓർമ്മപ്പെടുത്തലായി വിവാഹത്തിന് കെഎസ്ആർടിസി 'കൊമ്പനെ' അണിയിച്ചോരുക്കി തത്തമംഗലത്തെ നവദമ്പതികൾ; നിരക്കിൽ മാറ്റങ്ങളുമായി ഓർഡിനറി വണ്ടികൾ കല്യാണ ഓട്ടത്തിനും റെഡിയാണേ; പാവപ്പെട്ടവരുടെ ആവശ്യങ്ങൾക്ക് ആനവണ്ടി കിട്ടുമെന്നോർമ്മിപ്പിച്ച് ബൈജുവിന്റെയും സുസ്മിതയുടേയും 'ഹാപ്പി ജേർണി'

മറുനാടൻ ഡെസ്‌ക്‌

തത്തമംഗലം: വൻ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിന് പുറമേ യാത്രക്കാരുടെ മേൽ ചട്ടമ്പിപ്പീസുകളിയുമായി ഇറങ്ങിയ ചില ആഡംബര ട്രാവൽ ഏജൻസികളുടെ പത്തി താഴ്ന്ന ദിനങ്ങളാണ് കടന്നു പോയത്. കല്ലട ട്രാവത്സിൽ യാത്രക്കാരെ ബസ് ജീവനക്കാർ മർദ്ദിച്ചതിന് പിന്നാലെ പുറത്ത് വന്നത് ഇത്തരത്തിൽ യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങളുടെ പിന്നാമ്പുറ കഥയാണ്. എന്നാൽ അവർക്കുള്ള മറുപടിയെന്നവണ്ണമായിരുന്നു കഴിഞ്ഞ ദിവസം തത്തം പള്ളിയിൽ നടന്ന വിവാഹയാത്ര. പൊതുജനത്തിനെ സ്വകാര്യ ബസുകളിൽ വച്ച് ഉപദ്രവിക്കുന്നതിനെതിരെയുള്ള മറുപടിയായി മാറുകയാണ് തത്തമംഗലം മാങ്ങോട്ടിലെ ബി.ബൈജുവും മുതലമട പള്ളത്തെ സുസ്മിതയുടേയും വിവാഹം.

കല്യാണത്തിന് ആഡംബര ബസുകൾ ബുക്ക് ചെയ്ത് 'ഗ്ലാമർ' കാണിക്കാനൊന്നും ഈ ദമ്പതികൾ നിന്നില്ല. നേരെ കെഎസ്ആർടിസിയെ സമീപിച്ചു. നല്ല ഒന്നാന്തരം നെട്ടിപ്പട്ടം കെട്ടി 'ആനവണ്ടി കൊമ്പനെ' വിവാഹ യാത്രയ്ക്കിറക്കി. പാവപ്പെട്ടവരുടെ വിവാഹ ആവശ്യങ്ങൾക്കും മറ്റും സർക്കാർ അനുമതിയോടെ കേരളത്തിലെ ട്രാൻസ്‌പോർട്ട് ബസ്സുകൾ കിട്ടുമെന്നത് സമൂഹത്തിനു മനസ്സിലാക്കാനും കൂടിയാണ് ഇത്തരത്തിൽ പ്രതികരിച്ചതിന് വരൻ ബി.ബൈജു പറഞ്ഞു. മുതലമട പോത്തംപാടം കമ്മ്യൂണിറ്റി ഹാളിൽ വെച്ചതായിരുന്നു വിവാഹം.

മുൻപ് കേരളത്തിൽ കൊട്ടാരക്കരയിലെ ബൈജു എന്ന് തന്നെ പേരുള്ള ട്രാൻസ്പോർട്ട് ജീവനക്കാരനാണ് ഇത്തരത്തിൽ ആനവണ്ടി കല്യാണത്തിന് ഉപയോഗിച്ചത്. സമൂഹ മാധ്യമത്തിൽനിന്നും ആ വിഡിയോ കണ്ടതിനാൽ ആണ് ഇത്തരത്തിൽ പ്രതികരിക്കാനും അതേപോലെ കല്യാണത്തിന് വണ്ടി എടുത്തത്. 300 കിലോമീറ്റർ വരെ രണ്ടു വശത്തെക്കുമായി സഞ്ചരിക്കാൻ 12000 രൂപ മാത്രമാണ് ചെലവ്. ഒരു ഷെഡ്യൂളിന് വരുന്ന ചെലവിനെ ആസ്പദമാക്കി വാടകയിൽ മാറ്റങ്ങൾവരുത്തി ഓർഡിനറി വണ്ടികൾ അനുവദിക്കും. സർക്കാർ സ്‌കൂളിലെ കുട്ടികളുടെ പഠന യാത്രകൾക്ക് യാതൊരു തടസ്സവുമില്ലാതെ അനുവദിക്കാൻ കഴിയുമെങ്കിലും അത് ഇതുവരെയായി എല്ലായിടത്തും നടപ്പിലായിട്ടില്ല.

എറണാകുളം കേന്ദ്രമായി പ്രവർത്തിക്കിട്ടുന്ന ഗാർമെന്റ്‌സ് കമ്പനിയിൽ മാർക്കറ്റിങ്ങ് വിഭാഗത്തിലെ ജീവനക്കാരനാണ് വരൻ ബൈജു. നവവധു മുണ്ടൂർ ഐ.ആർ.റ്റി.സി.യിൽ ഗവേഷണവിഭാഗം അസ്സിസ്റ്റന്റ്റായി പ്രവർത്തിക്കുന്നു. വളരെ ലളിതമായ നടപടികളിലൂടെ ഓർഡിനറി വണ്ടികൾ സാധാരണക്കാർക്ക് ലഭിക്കാൻ ഒരു തടസ്സവുമില്ലെന്നു ബോധ്യപ്പെടുത്താൻ ഇത്തരത്തിലെ പൊതുജനങ്ങളുടെ സഹകരണം കൊണ്ട് കഴിയുമെന്ന് കെ.എസ്.ആർ.റ്റി.സി ചിറ്റൂർ ഡിപ്പോയിലെ വിജയൻ അറിയിച്ചു. ഇതുപോലുള്ള വ്യത്യസ്ത പൊതുജന പങ്കാളിത്ത ഇടപെടൽ ഉറപ്പാക്കാൻ കഴിഞ്ഞാൽ കെ.എസ്.ആർ.റ്റി.സിയെ ലാഭത്തിലേക്ക് കൊണ്ടുവരാൻ കഴിയും.

വിശദവിവരങ്ങൾക്ക് : 08089812176, 9446943683

ആനവണ്ടി വിളിക്കണോ?  ഇക്കാര്യങ്ങളും അറിയാം

കെഎസ്ആർടിസി ബസ്സുകൾ വാടകയ്ക്ക് എടുക്കണമെന്ന് തോന്നിയാൽ ആദ്യം ചെയ്യേണ്ടത് നമുക്ക് തൊട്ടടുത്തുള്ള കെഎസ്ആർടിസി ഡിപ്പോയിൽ ബന്ധപ്പെടുക എന്നതാണ്. ശബരിമല സീസൺ പോലുള്ള തിരക്കേറിയ സമയങ്ങളിൽ ചിലപ്പോൾ ബസ്സുകളുടെ കുറവ് മൂലം വാടകയ്ക്ക് ലഭിക്കുവാൻ സാധ്യത കുറവാണ്. കെഎസ്ആർടിസി ബസ്സുകളുടെ (എഫ്പി) വാടക നിരക്കുകൾ : 5 മണിക്കൂർ സമയത്തേക്കോ 100 കിലോമീറ്ററിന് ഉള്ളിലോ ആണ് നിങ്ങളുടെ യാത്രയെങ്കിൽ 8000 രൂപയാണ് ചാർജ്ജ്. 6 മണിക്കൂർ സമയത്തേക്കോ 150 കിലോമീറ്ററിനുള്ളിലോ ആണെങ്കിൽ 10000 രൂപയും, 8 മണിക്കൂർ സമയത്തേക്കോ 200 കിലോമീറ്ററിനുള്ളിലോ ആണെങ്കിൽ 12000 രൂപയും, 8 മണിക്കൂറിനു മുകളിലോ 200 കിലോമീറ്ററിനു മുകളിലോ ആണെങ്കിൽ 15000 രൂപയുമാണ് ചാർജ്ജ് വരിക.

ഇനി സാധാരണ കെഎസ്ആർടിസി ബസുകൾ കൂടാതെ കിടിലൻ എസി ലോഫ്‌ളോർ വോൾവോ ബസ്സുകൾ വാടകയ്ക്ക് എടുക്കണമെന്നുണ്ടോ? എങ്കിൽ അതിനും നമുക്ക് അവസരമുണ്ട്. ലോഫ്ളോർ ബസ്സുകളുടെ വാടക നിരക്ക് സാധാരണ ബസ്സുകളേക്കാൾ കൂടുതലായിരിക്കും. അത് ഇങ്ങനെ : 4 മണിക്കൂർ സമയത്തേക്കോ 100 കിലോമീറ്ററിനുള്ളിലോ ആണെങ്കിൽ 10000 രൂപയും, 6 മണിക്കൂർ സമയത്തേക്കോ 150 കിലോമീറ്ററിനുള്ളിലോ ആണെങ്കിൽ 15000 രൂപയും, 8 മണിക്കൂർ സമയത്തേക്കോ 200 കിലോമീറ്ററിനുള്ളിലോ ആണെങ്കിൽ 18000 രൂപയും, 200 കിലോമീറ്ററിന് മുകളിലാണെങ്കിൽ മിനിമം 21000 രൂപയുമാണ് ലോഫ്ളോർ ബസുകളുടെ വാടക നിരക്ക്.

സാധാരണ ബസ്സുകളായാലും ലോഫ്ളോർ ബസുകളായാലും ഈ ചാർജ്ജുകൾക്കൊപ്പം ഒരു നിശ്ചിത ശതമാനം സർവ്വീസ് ടാക്‌സ് കൂടി കൊടുക്കേണ്ടി വരും. 200 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് ഓരോ കിലോമീറ്ററിനും കെഎസ്ആർടിസി ചാർജ്ജുകൾ ഈടാക്കും. ഇത് സാധാരണ ഓർഡിനറി ബസ്സുകൾക്ക് 40 രൂപയും, ഫാസ്റ്റ് പാസഞ്ചർ ബസ്സുകൾക്ക് 70 രൂപയും ലോഫ്ളോർ ബസുകൾക്ക് 100 രൂപയുമാണ്. അതുപോലെ തന്നെ, വണ്ടി വരുന്ന ഡിപ്പോയിൽ നിന്നും വന്നു ആളെ കയറ്റി യാത്രയ്ക്കു ശേഷം തിരികെ അതേ ഡിപ്പോയിൽ എത്തുന്ന ദൂരമാണ് യാത്രാദൂരമായി കണക്കിലാക്കുന്നത്.

സാധാരണയായി കൂടുതലാളുകളും വാടകയ്ക്ക് എടുക്കുന്നതിനായി തിരഞ്ഞെടുക്കുന്നത് അ/ഇ ലോഫ്‌ളോർ ബസുകളാണ്. യാത്രകൾക്ക് സാധാരണ ടൂറിസ്റ്റ് ബസുകൾ എടുക്കുന്നതിനേക്കാൾ വാടകച്ചെലവ് അൽപ്പം കൂടുമെങ്കിലും ഒരു വ്യത്യസ്തത ആഗ്രഹിക്കുന്നവർക്കും എല്ലാവരുടെയും ശ്രദ്ധ നേടുന്നതിനും ഒക്കെ ഇത്തരത്തിൽ കെഎസ്ആർടിസി ബസുകൾ തിരഞ്ഞെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള കെഎസ്ആർടിസി ഡിപ്പോയിൽ ബന്ധപ്പെടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP