Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്വന്റി-ട്വന്റിയെ ആദ്യം എതിരേറ്റത് സമോവ! പിന്നാലെ കിരിബാത്തിയും ടോംഗയും; ഡിസംബറിലെ കൊടുംതണുപ്പിനെ വകഞ്ഞുമാറ്റി ഡൽഹിയും; ആടിപ്പാടിയും കരിമരുന്നുപ്രയോഗിച്ചും സന്തോഷത്താൽ പുണർന്നും മനുഷ്യർ ലോകമെമ്പാടും; ആഘോഷങ്ങളിൽ പിന്നിലാവാതിരിക്കാൻ കൊച്ചിയും കോവളവും വർക്കലയും മറ്റുദേശങ്ങളും; പുതുപ്രതീക്ഷകൾ ഫേസ്‌ബുക്കിലും വാട്സാപ്പിലും അറിയിച്ച് ആശംസകളുടെ തിരതള്ളൽ; എങ്ങും ആമോദത്തോടെ 2020 നെ വരവേറ്റ് മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

വനന്തപുരം: ആദ്യം എതിരേറ്റത് മൂന്നു രാജ്യങ്ങൾ സമോവ, കിരിബാത്തി, ടോംഗ. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3.25 ആയപ്പോഴേക്കും ദക്ഷിണ പസിഫിക്കിൽ 2020ന്റെ പൊൻപുലരി തെളിഞ്ഞിരുന്നു. ഇതോടെ ലോകം പുതുദശാബ്ദത്തിന്റെ ആഘോഷങ്ങളും ആരംഭിച്ചു. സമോവയുടെ തലസ്ഥാനമായ ഏപിയയിലും സമീപപ്രദേശങ്ങളിലും കരിമരുന്നു പ്രയോഗങ്ങളോടെയാണു ജനം സന്തോഷം പ്രകടിപ്പിച്ചത്.വലിയ ആഘോഷ പരിപരിപാടികളോടെയും വെടിക്കെട്ടോടെയും ന്യൂസിലൻഡും പുതുവർഷത്തെ വരവേറ്റു. ഓക്ലൻഡ് നഗരഹൃദയത്തിലെ സ്‌കൈ ടവറിലും കരിമരുന്ന് കലാപ്രകടനം നടന്നു. പിന്നീട് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലായിരുന്നു പുതുവർഷപ്പിറവി. ജപ്പാൻ, ചൈന, ഇന്ത്യ എന്നിങ്ങനെ എല്ലാ രാജ്യങ്ങളും പുതുവർഷത്തിലേക്കു കണ്ണു തുറക്കും. കേരളത്തിൽ ഉൾപ്പെടെ എല്ലായിടത്തും വലിയ ആഘോഷങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

 #WATCH Australia: Sydney rings in the New Year; celebrations at Sydney Harbour. pic.twitter.com/2TeXZjQyT6

കേരളത്തിൽ പുതുവത്സരം ആഘോഷിക്കാൻ ഇനി മണിക്കൂറുകൾ ബാക്കി നിൽക്കെ ആഘോഷപരിപാടികൾ തുടങ്ങി കഴിഞ്ഞു. പ്രധാനമായും ന്യൂയർ ആഘോഷങ്ങൾ നടക്കുന്നത് കോവളം, ശംഖ്മുഖം ബീച്ച്, വർക്കല ക്ലിഫ് ഫോർട്ട് കൊച്ചി, കോഴിക്കോട് കടപ്പുറം എന്നിവടങ്ങളിലാണ് നടക്കുന്നത്. കനത്ത സുരക്ഷാ മാനദണ്ഡത്തിലാണ് കേരളത്തിലെ പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷം മുറുകുമ്പോഴും കനത്ത സുരക്ഷയിലാവും കോവളം ബീച്ച്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഘോഷ യാത്രയും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ജില്ലയിൽ ഏറ്റവുമധികംപേർ എത്തുന്ന സ്ഥലമാണ് കോവളം. മൂന്നു സർക്കിൾ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ 300 പേർ അടങ്ങുന്ന പൊലീസ് സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്. വൈകിട്ട് മുതൽ ഇവർ പരിശോധനയും കർശനമാക്കിയിട്ടുണ്ട്. 20 സി.സി ടിവി കാമറകൾ തീരത്തു സ്ഥാപിച്ചു കഴിഞ്ഞു. ഹവാ ബീച്ചിലുള്ള കൺട്രോൾ റൂം വഴി ആഘോഷ പരിപാടികൾ മുഴുവൻ നിരീക്ഷിക്കും. മുൻ കാലങ്ങളിലുള്ളതുപോലെ പട്രോളിംഗിന് കുതിര പൊലീസും തീരത്തുണ്ട്.

ലൈഫ് ഗാർഡുമാരുടെ സേവനവും തീരത്ത് ഉറപ്പുവരുത്തും.തിരുവല്ലം ജംഗ്ഷൻ മുതൽ കോവളം വരെ രാവിലെ മുതൽ കർശന വാഹന പരിശോധന നടക്കും. വലിയ വാഹനങ്ങൾ കോവളം ജംഗ്ഷനിൽ ബൈപ്പാസിൽ പാർക്ക് ചെയ്യണം. ഹവ്വ ബീച്ചിലേക്കുള്ള റോഡ് രാവിലെ മുതൽ വൺവേ ആയിരിക്കും. ആഘോഷ പരിപാടി കഴിഞ്ഞു വാഹനങ്ങളിൽ പോകുന്നവർ ആഴകുളം റോഡ് ഉപയോഗിക്കണം.ഇത്തവണ ലൈറ്റ് അണച്ച് കൊണ്ടുള്ള ആഘോഷം വേണ്ടെന്നു ഹോട്ടലുകാർക്കും മറ്റും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇരുട്ടിന്റെ മറവിൽ വിനോദ സഞ്ചാരികളെ ശല്യപ്പെടുത്തുന്ന തരത്തിൽ മുൻകാലങ്ങളിൽ ഉയർന്ന പരാതികൾ പരിഗണിച്ചാണ് ഇത്തരമൊരു നിർദ്ദേശം. ആഘോഷങ്ങൾ കഴിഞ്ഞ ഉടൻ തീരം വിടണമെന്നാണ് പൊലീസ് പറയുന്നത്.

അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ 250 പേർ സുരക്ഷയ്ക്കായി ശംഖുംമുഖത്ത് ഉണ്ടാകും. മഫ്ടി പൊലീസുകാരും നിരീക്ഷിക്കും. മുൻ വർഷങ്ങളിലേതു പോലെ തന്നെ ഇത്തവണയും 12 മണിക്കുശേഷം സന്ദർശകരെ മുഴുവൻ തീരത്തു നിന്ന് ഒഴിപ്പിക്കും. വേളി, വെട്ടുകാട് എന്നിവിടങ്ങളിൽ പെട്രോളിങ് ഉണ്ടാകുംസ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെ കരുതി കൂടുതൽ വനിതാ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ആഘോഷ പരിപാടികളോടനുബന്ധിച്ച് ബീച്ചിൽ കലാപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. രാത്രി സമയത്ത് കടലിൽ ഇറങ്ങുന്നതിന് കർശന നിയന്ത്രണമുണ്ട്. ഇത് നിരീക്ഷിക്കാനായി ലൈഫ് ഗാർഡുമാരുടെ സഹായം കൂടി തേടും. കൂടുതൽ സി.സി.ടി. വി കാമറകൾ താത്കാലികമായി സ്ഥാപിച്ചു.

വർക്കല ക്ലിഫിലും കനത്ത സുരക്ഷ

ജില്ലയിൽ കോവളം കഴിഞ്ഞാൽ ഏറ്റവുമധികം സഞ്ചാരികൾ പുതുവത്സരം ആഘോഷിക്കാൻ എത്തുന്ന ഇടമാണ് വർക്കല ക്ലിഫ് ബീച്ച്. കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 150 പൊലീസുകാരെയാണ് ബീച്ചിൽ വിന്യസിപ്പിക്കുക. സായുധ പൊലീസുകാർ ഉൾപ്പെടെ സംഘത്തിലുണ്ടാകും. ശല്യക്കാരെ പിടികൂടാൻ മഫ്ടി വേഷത്തിൽ വനിത, പുരുഷ പൊലീസുകാരും ഉണ്ടാകും. പ്രശ്‌നമുണ്ടാക്കിയാൽ അപ്പോൾ തന്നെ ഇത്തരക്കാരെ മഫ്ടി പൊലീസ് പൊക്കും.മദ്യപിച്ച് ബീച്ചിലെത്തുന്നത് തടയാൻ പത്ത് കേന്ദ്രങ്ങളിൽ കർശന വാഹന പരിശോധന ഉണ്ടാകും. മദ്യപിച്ചിട്ടില്ലെന്നു പരിശോധനയിൽ ബോദ്ധ്യപ്പെട്ടാൽ മാത്രമേ ബീച്ചിലേക്ക് പ്രവേശിക്കാനാകൂ. പിടിക്കപ്പെട്ടാൽ പുതുവർഷം സ്റ്റേഷനിൽ ആഘോഷിക്കേണ്ടതായി വരും എന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. പന്ത്രണ്ട് മണിക്കുശേഷം എല്ലാവരും ബീച്ചിൽ നിന്ന് പോകണം. ഹോട്ടലുകളിൽ പരിശോധന തുടങ്ങിയിട്ടുണ്ട്. മോശം ഭക്ഷണം നൽകരുതെന്ന് ഹോട്ടലുകൾക്കും റെസ്റ്ററന്റുകൾക്കും പൊലീസ് അറിയിപ്പ് നൽകിയിട്ടുണ്ട്.

പുതുവത്സരത്തെ വരവേൽക്കാൻ കൊച്ചി

തെരുവുകളെയും നക്ഷത്രവിളക്കുകളെയും അലങ്കാരദീപങ്ങളെയും സാക്ഷിനിർത്തി, പപ്പാഞ്ഞിയെ അഗ്‌നിക്കിരയാക്കാൻ ഇനി മണിക്കൂറുകൾ മാത്രം. പുതുവത്സരത്തെ വരവേൽക്കാൻ കൊച്ചിയിൽ ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. രാത്രി 12ന് ശേഷം ഒരു വിധത്തിലുള്ള പരിപാടിയും അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. കൊച്ചി തുറമുഖത്ത് വിരുന്നെത്തിയ കപ്പലുകളിൽനിന്ന് പുതുവർഷപ്പിറവി അറിയിച്ചുള്ള സൈറണുകൾ മുഴങ്ങുന്നതോടെ ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ സജ്ജമാക്കിയ പപ്പാഞ്ഞിക്ക് തീ പടരും. പോയവർഷത്തിന്റെ പ്രതീകമായി ഓരോ പാതയോരത്തും ഒരുക്കിനിർത്തിയ പപ്പാഞ്ഞികൾ കത്തിയമർത്തുന്നതാണ് രീതി.കൊച്ചിയുടെ മാത്രം സവിശേഷതയായ ന്യൂ ഇയർ പപ്പ കഴിഞ്ഞദിവസം രാവിലെമുതൽ തന്നെ പാതയോരങ്ങളിൽ സ്ഥാനംപിടിച്ചിരുന്നു. .ദേവാലയങ്ങളിലും പ്രത്യേക പ്രാർത്ഥനകളും നടക്കും.

മലയാളികൾക്ക് മുഖ്യമന്ത്രിയുടെ പുതുവത്സര ചലഞ്ച്

ലോകമെങ്ങുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമാധാനത്തിന്റെയും പുരോഗതിയുടെയും പുതുവർഷം ആശംസിച്ചു. പ്രതിസന്ധികളെ കേരള ജനത ഒറ്റക്കെട്ടായി നേരിട്ട വർഷമാണ് കടന്നു പോയത്.ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ ഭരണഘടനാ മൂല്യങ്ങൾക്കും മതനിരപേക്ഷതയ്ക്കും ആപത്കരമായ വെല്ലുവിളി ഉയരുന്ന സാഹചര്യത്തിൽ എല്ലാവിധ വേർതിരിവുകൾക്കും അതീതമായി ജനങ്ങൾ ഒന്നിച്ചു നീങ്ങേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ലോകമെമ്പാടുമുള്ള കേരളീയർക്ക് സന്തോഷവും ഐശ്വര്യവും നിറഞ്ഞ പുതുവർഷം ആശംസിച്ചു. സൃഷ്ടിപരമായ ആശയവിനിമയത്തിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തിയും രാജ്യത്തിന്റെ ഐക്യവും ഒരുമയും ഉയർത്തിക്കൊണ്ടും വരുംവർഷം പുരോഗതിയും വികസനവും ഉറപ്പാക്കാൻ നമുക്ക് ഒരുമിച്ചു പ്രയത്നിക്കാം - ഗവർണർ ആശംസയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP