Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതോടെ ലോകം ഭയക്കുന്ന ഐസിസിനെ നയിക്കാൻ എത്തുന്നത് 'പ്രൊഫസർ'; സദ്ദാം ഹുസൈൻ കാലത്തെ സൈനിക ഉദ്യോഗസ്ഥൻ അബ്ദുല്ല ഖർദേഷ് ഐഎസിന്റെ പുതിയ തലവൻ; ബാഗ്ദാദി അവസാന കാലങ്ങളിൽ ആസൂത്രണം ചെയ്ത ആക്രമണങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ച് വിശ്വസ്തനായി; മതകാര്യ വിഭാഗത്തിന്റെയും ചുമതല വഹിച്ചു; സദ്ദാം അനുയായി ആയി ഇറാഖി സേനയുടെ മിലിട്ടറി ഓപ്പറേഷനുകളുടെ സൂത്രധാരൻ കൂടിയായ ഖർദേഷ് ഐസിസിന്റെ അമരത്ത് എത്തുമ്പോൾ ലോകം ഭയക്കണം

അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതോടെ ലോകം ഭയക്കുന്ന ഐസിസിനെ നയിക്കാൻ എത്തുന്നത് 'പ്രൊഫസർ'; സദ്ദാം ഹുസൈൻ കാലത്തെ സൈനിക ഉദ്യോഗസ്ഥൻ അബ്ദുല്ല ഖർദേഷ് ഐഎസിന്റെ പുതിയ തലവൻ; ബാഗ്ദാദി അവസാന കാലങ്ങളിൽ ആസൂത്രണം ചെയ്ത ആക്രമണങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ച് വിശ്വസ്തനായി; മതകാര്യ വിഭാഗത്തിന്റെയും ചുമതല വഹിച്ചു; സദ്ദാം അനുയായി ആയി ഇറാഖി സേനയുടെ മിലിട്ടറി ഓപ്പറേഷനുകളുടെ സൂത്രധാരൻ കൂടിയായ ഖർദേഷ് ഐസിസിന്റെ അമരത്ത് എത്തുമ്പോൾ ലോകം ഭയക്കണം

മറുനാടൻ ഡെസ്‌ക്‌

ബാഗ്ദാദ്: അബൂബക്കർ അൽ ബാഗ്ദാദി അമേരിക്കൻ സൈനിക ഓപ്പറേഷനിൽ കൊല്ലപ്പെട്ടു എന്ന വാർത്ത പുറത്തുവരുമ്പോൾ ലോകം കൂടുതൽ സുരക്ഷിതമായി എന്നു കരുതുന്നവർ ഏറെയാണ്. അമേരിക്ക അവകാശപ്പെടുന്നതും ഇക്കാര്യമാണ്. എന്നാൽ, ഈ ആശ്വാസത്തിന് അധികം വകയില്ലെന്നാണ് പുറത്തുവരുന്ന സൂചന. അബൂബക്കർ അൽ ബാഗ്ദാദി അസുഖത്തെ തുടർന്ന് തന്ത്രങ്ങൾ മെനയുന്നതിലും മറ്റും പിന്നോക്കം പോയ ഘട്ടത്തിൽ ഐസിസിനെ നയിച്ചിരുന്നത് ബുദ്ധികേന്ദ്രമാണ് പിൻഗാമിയായി ചുമതല ഏൽക്കുന്നത്.

ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന അമേരിക്കയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ ഭീകര സംഘടനയായ ഐസിസിന്റെ തലപ്പത്തേക്ക് പുതിയ ആൾ എത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലോക മാധ്യമങ്ങൾ പുതിയ ഐസിസ് മേധാവിയെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. ലോക് മാധ്യമങ്ങൾ മണി ഹെയിസ്റ്റ് സീരിയൽ കഥാപാത്രമായ 'പ്രൊഫസർ' എന്ന വിളിപ്പേരിട്ടാണ് പുതിയ ഐസിസ് മേധാവിയെ അഭിസംബോധന ചെയ്യുന്നത്. ഇറാഖ് സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന അബ്ദുള്ള ഖർദേഷിനെയാണ് അബൂബക്കർ അൽ ബാഗ്ദാദിയുടെ പിൻഗാമിയായി ഐസിസ് തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സദ്ദാം ഹുസൈന്റെ ഭരണ കാലയളവിലാണ് ഇയാൾ ഇറാഖി സേനയിൽ സേവനമനുഷ്ഠിച്ചിരുന്നത്. ചില റിപ്പോർട്ടുകളിൽ ഇദ്ദേഹം ഹജ്ജ് അബ്ദുള്ള അൽ അഫാറി എന്നും അറിയപ്പെടുന്നുണ്ട്. ഐസിസിന്റെ മതകാര്യ വിഭാഗത്തിന്റെ ചുമതല അബൂബക്കർ അൽ ബാഗ്ദാദി കഴിഞ്ഞ ഓഗസ്റ്റിൽ ഖർദേഷിന് നൽകിയിരുന്നതായും സൂചനയുണ്ട്. ചുമതല അദ്ദേഹം എറ്റെടുത്തതായി ഭീകര സംഘടനയുമായി ബന്ധം പുലർത്തുന്ന വാർത്താ ഏജൻസിയായ അമാക്കിലും പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാൽ പീന്നീട് ഇതുവരേയുള്ള മാസങ്ങളിൽ ഖർദേഷിന്റെ പേര് എവിടേയും പരാമർശിച്ച് കണ്ടിട്ടില്ല.

ബാഗ്ദാദി അവസാന കാലങ്ങളിൽ ആസൂത്രണം ചെയ്ത ആക്രമണങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചത് ഖർദേഷായിരുന്നു. ബാഗ്ദാദി ഒരിക്കലും ദൈനംദിന കാര്യങ്ങളിൽ ഇടപെടാറില്ലായിരുന്നു. ഉത്തരവിടൽ മാത്രമായിരുന്നു ബാഗ്ദാദിയുടെ ചുമതല. ചാവേറാക്രമണങ്ങൾ അടക്കം ഐസിസിന്റെ ആക്രമണങ്ങളുടെ ചുമതല ഖർദേഷിനായിരുന്നു. ഖർദേഷുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലോകത്തിന് അറിയില്ല. എന്നാൽ സദ്ദാമിന്റെ കാലത്തെ മിലിട്ടറി ഓപ്പറേഷന്റെ ചുമതല അടക്കം വഹിച്ചിരുന്ന വ്യക്തിയായിരുന്നു ഖർദേഷ് എന്നതിനാൽ ലോകം കൂടുതൽ ഐസിസിന ഭയക്കണമെന്ന അഭിപ്രായം പറയുന്നവരും കൂടുതലുണ്ട്.

അൽ ഖായിദയുമായി ബന്ധപ്പെട്ടും അബ്ദുള്ള ഖർദേഷിന്റെ പേര് പറയുന്നത്. 2003ൽ അമേരിക്കൻ സേന ബാഗ്ദാദിയുമായി ബന്ധമുണ്ടെന്ന കാരണത്താൽ ഖർദേഷിനെ ഇറാഖിൽ ജയിലിൽ അടച്ചിരുന്നു. ഐസിസിന്റെ പോളിസി മേക്കർ കൂടി ആയതിനാലാണ് പ്രൊഫസർ എന്ന് ഇാൾ അറിയപ്പെടുന്നത്. ക്രൂരതയുടെ പ്രതീകമാണെങ്കിലും ഐസിസ് തീവ്രവാദികൾക്കിടയില ജനകീയ മുഖമാണ് ഖർദേഷ്. ഇറാഖിലെ സുന്നി ഭൂരിപക്ഷ നഗരമായ ടൽ അഫറിലാണ് ഖർദേഷ് ജനിച്ചത്. പിന്നീട് ഇറാഖി സൈന്യത്തിൽ ജോലി നോക്കി. അമേരിക്കൻ അധിനിവേശ കാലത്താണ് അൽഖായിദ തീവ്രവാദി സംഘടനയുമായി അനുഭാവം പുലർത്തിയത്. ബുക്കയിലെ സെൽ കാമ്പിൽ വച്ചാണ് ഇയാൽ ബാഗ്ദാദിയുായി അടപ്പം പുലർത്തുന്നത്. അൽഖായിദയുടെ ശൂറ കൗൺസിൽ ജഡ്ജിയായും പ്രവർത്തിച്ചു.

അൽഖായിദയിൽ നിന്നും വിഘടിച്ച് ബാഗ്ദാദി ഐസിസിന് രൂപം കൊടുത്തപ്പോൾ ഒപ്പം നിൽക്കുകയായിരുന്നു ഖർദേഷ്. ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തതിന്റെ പേരിൽ 'ദ ഡിസ്‌ട്രോയർ' എന്നും അറിയപ്പെട്ടിരുന്നു. ഐസിസിന്റെ ഖിലാഫത്ത് പ്രഖ്യാപനത്തിൽ അടക്കം തന്ത്രങ്ങൾ മെനഞ്ഞത് അബ്ദുള്ള ഖർദേഷാണെന്നാണ് സൂചന. അതേസമയം അബു ബക്കർ അൽ ബാഗ്ദാദിയുടെ വിടവാങ്ങൽ സംഘടനയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം ഖർദേഷ് പ്രവർത്തനം തുടങ്ങും മുമ്പ് തന്നെ ഐസിസിനെ തീർകകാനുള്ള ആലോചനയും അമേരിക്കയ്ക്കുണ്ട്.

ഇബ്രാഹിം ഔദ് ഇബ്രാഹിം അൽ ബാദരിയെന്ന ലോകത്തെ വിറപ്പിച്ച അബുബക്കർ അൽ ബാഗ്ദാദി 1971ൽ ഇറാഖിലെ സമാരയിലെ ഒരു ദരിദ്ര സുന്നി കുുടംബത്തിലാണ് ജനിച്ചത്. കുട്ടി ആയിരുന്നപ്പോൾ തന്നെ ഖുറാൻ സൂക്തങ്ങളിൽ ഏറെ ആകൃഷ്ടനായിരുന്ന ബാഗ്ദാദി മത നിയമങ്ങൾ എല്ലാം നിഷ്‌കർഷയോടെ ആചരിച്ചു പോരികയും ചെയ്തു. വിശ്വാസി എന്ന ഇരട്ടപ്പേരിലാണ് കുടുംബത്തിൽ ഇദ്ദേഹം അറിയപ്പെട്ടത്. മതകാര്യങ്ങളിൽ പലപ്പോഴും ബന്ധുക്കൾക്ക് ബാഗ്ദാദിയുടെ നിലവാരത്തിലേക്ക് ഉയരാനായില്ല. പഠന രംഗത്തും ബാഗ്ദാദി തന്റെ മതതാൽപ്പര്യങ്ങൾ ശക്തമായി പിന്തുടർന്നു. 1996ൽ ബാഗ്ദാദ് സർവകലാശാലയിൽ നിന്ന് അദ്ദേഹം ഇസ്ലാമിക് പഠനത്തിൽ ബിരുദം നേടി. 1999ൽ ബിരുദാനന്തര ബിരുദം നേടിയതും ഇതേ വിഷയത്തിൽ തന്നെയായിരുന്നു. പിന്നീട് ഇറാഖിലെ സദ്ദാം സർവകലാശാലയിൽ നിന്ന് 2007ൽ ഖുറാൻ പഠനത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി.

2004വരെ ബാഗ്ദാദിന്റെ സമീപ നഗരമായ തോബ്ചിയിലാണ് രണ്ട് ഭാര്യമാരും ആറ് മക്കളുമായി ബാഗ്ദാദി കഴിഞ്ഞത്. അടുത്തുള്ള ഒരു പള്ളിയിൽ വച്ച് സമീപത്തെ കുട്ടികളെ അദ്ദേഹം ഖുറാൻ പഠിപ്പിച്ചു. ഇവിടുത്തെ ഫുട്‌ബോൾ ക്ലബ്ബിലെ താരവുമായിരുന്നു അദ്ദേഹം.പഠന കാലത്ത് മുസ്ലിം ബ്രദർഹുഡിൽ അംഗമാകാൻ അദ്ദേഹത്തിന്റെ അമ്മാവൻ നിർബന്ധിച്ചിരുന്നു. ഇതോടെ ബാഗ്ദാദി അതിയാഥാസ്ഥിതിക തീവ്ര ഇസ്ലാമിക പ്രസ്ഥാനങ്ങളുമായി അടുത്തു. ഇതോടെ അദ്ദേഹം സലഫി ജിഹാദിസത്തെയും പുൽകി. 2003ലെ അമേരിക്കൻ അധിനിവേശ കാലത്താണ് ഇദ്ദേഹം ജയ്ഷ് അഹ്ൽ അൽ സുന്നഹ് വാ അൽ ജമ എന്ന നുഴഞ്ഞു കയറ്റ സംഘടന രൂപീകരിക്കുന്നത്.

2004ഫെബ്രുവരിയിൽ അമേരിക്കൻ സൈന്യം ഇയാളെ ഫലൂജയിൽ നിന്ന് അറസ്റ്റ് ചെയ്ത് ക്യാമ്പ് ബുക്കയിലെ തടവ് കേന്ദ്രത്തിലേക്ക് അയച്ചു. പത്ത് മാസത്തോളം അദ്ദേഹം ഇവിടെ തടവിൽ കഴിഞ്ഞു. തടവിൽ കഴിഞ്ഞ കാലത്ത് ബാഗ്ദാദി കൂടുതൽ ദൈവകാര്യങ്ങളിലേക്ക് മുഴുകി. പ്രാർത്ഥനയ്ക്കും തടവുകാർക്ക് മതക്ലാസുകൾ നൽകുന്നതിനും നേതൃത്വം നൽകി. ഒപ്പമുണ്ടായിരുന്ന സദ്ദാം അനുകൂലികളും ജിഹാദികളുമായി അദ്ദേഹം സഖ്യമുണ്ടാക്കുകയും ജയിൽ മോചിതനായ ശേഷവും അവരുമായി സൗഹൃദം തുടരുകയും ചെയ്തു.

ജയിൽ മോചിതനായ ശേഷം അദ്ദേഹം ഇറാഖിലെ അൽ ഖ്വയ്ദയുടെ വക്താവായ ജോർദാനിയൻ അബു മുസബ് അൽ സർഖാവിയുമായി ബന്ധപ്പെട്ടു. മത പാണ്ഡിത്യത്തിൽ മതിപ്പു തോന്നിയ അദ്ദേഹം ബാഗ്ദാദിയെ ദമാസ്‌കസിലേക്ക് അയച്ചു. ഇവിടെ മതപ്രചരണം നടത്തുകയായിരുന്നു ഉദ്ദേശ്യം. സർഖാവി 2006ജൂണിൽ അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. തുടർന്ന് ഈജിപ്റ്റുകാരനായ അബു അയൂബ് അൽ മസ്രി നേതൃത്വത്തിലെത്തി. ആ ഒക്ടോബറിലാണ് മസ്രി അൽഖ്വയ്ദ പിരിച്ച് വിടുകയും ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കുകയും ചെയ്തത്. ഇത് അൽഖ്വയ്ദയുമായി രഹസ്യ ബാന്ധവം തുടർന്നു.

മതപാണ്ഡിത്യവും ഇറാഖികളും നേതൃത്വും തമ്മിലുള്ള ആശയവിനിയമത്തിനുള്ള ഇടനിലക്കാരനെന്ന പരിവേഷവും മൂലം സംഘടനയിൽ ഇയാൾ പടിപടിയായി ഉയർന്നു. ഷരിയ സമിതിയുടെ മേൽനോട്ടക്കാരനായും ഇസ്ലാമിക് സ്റ്റേറ്റിന്റെ അധ്യക്ഷൻ അബു ഒമർ അൽ ബാഗ്ദാദിയുടെ ഉപദേശകസമിതിയായ പതിനൊന്നംഗ ഷൂറ കൗൺസിലംഗമായും മാറി. പിന്നീട് ഇദ്ദേഹത്തെ ഐഎസിന്റെ ഇറാഖിലെ കമാൻഡറുമാരുമായുള്ള കോർഡിനേഷൻ കമ്മിറ്റിയിലേക്കും നിയമിച്ചു. 2010 ഏപ്രിലിൽ ഐഎസ് മേധാവിയുടെ മരണത്തെ തുടർന്ന് ഷൂര കൗൺസിൽ ബാഗ്ദാദിയെ പുതിയ തലവനായി തെരഞ്ഞെടുത്തു. അമേരിക്കൻ പ്രത്യേക സേന തകർത്ത സംഘടനയെ അദ്ദേഹം പുനർനിർമ്മിച്ചു. 2011ൽ സിറിയയിൽ പ്രശ്‌നങ്ങൾ ഉടലെടുത്തതോടെ അവിടെയും ഐഎസിന്റെ ശാഖ രൂപീകരിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. ഇതാണ് പിന്നീട് അൽ നുസ്‌റ ഫ്രണ്ട് എന്ന പേരിൽ അറിയപ്പെട്ടത്.

എന്നാൽ പിന്നീട് ഇതിന്റെ തലവൻ അബു മുഹമ്മദ് അൽ ജുലാനിയുമായി അദ്ദേഹം അകന്നു. സിറിയയിലെ പ്രസിഡന്റ് ബാഷർ അൽ അസദുമായി പോരാടുന്ന സുന്നി വിമതരുമായി സഹകരിക്കണമെന്ന ആവശ്യത്തെ തുടർന്നായിരുന്നു ഇത്. അസദിന് ശേഷം സ്വന്തം ഭരണകൂടം സ്ഥാപിക്കണമെന്നായിരുന്നു ബാഗ്ദാദിയുടെ മോഹം. 2013ൽ അൽ നുസ്‌റ ഐഎസിന്റെ ഭാഗമാണെന്ന് അസദ് പ്രഖ്യാപിച്ചു. അൽനുസ്‌റയെ സ്വതന്ത്രമാക്കണമെന്ന അൽഖ്വയ്ദ നേതാവ് അയ്മൻ അൽ സവാഹിരിയുടെ ആവശ്യം ബാഗ്ദാദി തള്ളി. 2014 ഫെബ്രുവരിയിൽ അൽഖ്വയ്ദയിൽ നിന്ന് ഐഎസിനെ സവാഹിരി പുറത്താക്കി. അൽനുസ്‌റയുമായും ഇതിന് പ്രാമുഖ്യമുണ്ടായിരുന്ന കിഴക്കൻ സിറിയയുമായും പോരാടിയാണ് ബാഗ്ദാദി ഇതിനോട് പ്രതികരിച്ചത്. ഇവിടെ ബാഗ്ദാദി കഠിനമായ മത നിയമങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

ലോകം ഭയക്കുന്ന ഭീകര സംഘടനയായി ഐസിസിനെ വളർത്തിയത് ബാഗ്ദാദി ആയിരുന്നു. അതേ സംഘടനയെ സൈനിക നീക്കത്തിലൂടെ തകർക്കുന്ന കാഴ്‌ച്ചക്ക് സാക്ഷ്യം വഹിച്ചാണ് ബാഗ്ദാദി ഒടുവിൽ കൊല്ലപ്പെടുന്നത്. ബാഗ്ദാദി ഒഴിഞ്ഞ സ്ഥാനത്തേക്ക് ഇറാഖി സേനയുടെ മിലിട്ടറി ഓപ്പറേഷനുകളുടെ സൂത്രധാരൻ കൂടിയായ ഖർദേഷ് ഐസിസിന്റെ അമരത്ത് എത്തുമ്പോൾ ലോകം ഭയക്കുക തന്ന വേണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP