Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതുകരുത്ത്! ഫ്രാൻസിൽ നിന്നു നിർമ്മിച്ച അഞ്ച് റഫാൽ വിമാനങ്ങൾ ഇന്ത്യൻ മണ്ണുതൊട്ടു; ഹരിയാനയിലെ അംബാല വ്യോമത്താവളത്തിൽ പറന്നിറങ്ങിയ വിമാനങ്ങളെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു വ്യോമസേന; ഇന്ത്യൻ സൈനിക ചരിത്രത്തിലെ പുതിയ കാലഘട്ടമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്; ഒപ്പം ഇന്ത്യയുടെ അതിർത്തിയെ ലക്ഷ്യമിടുന്ന ആർക്കും ഇതൊരു മുന്നറിയിപ്പാകട്ടെയെന്നും സിംഗിന്റെ ട്വീറ്റ്; റഫേൽ പറന്നിറങ്ങുമ്പോൾ അഭിമാനമായി വിവേക് വിക്രം എന്ന മലയാളി പൈലറ്റും

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതുകരുത്ത്! ഫ്രാൻസിൽ നിന്നു നിർമ്മിച്ച അഞ്ച് റഫാൽ വിമാനങ്ങൾ ഇന്ത്യൻ മണ്ണുതൊട്ടു; ഹരിയാനയിലെ അംബാല വ്യോമത്താവളത്തിൽ പറന്നിറങ്ങിയ വിമാനങ്ങളെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു വ്യോമസേന; ഇന്ത്യൻ സൈനിക ചരിത്രത്തിലെ പുതിയ കാലഘട്ടമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്; ഒപ്പം ഇന്ത്യയുടെ അതിർത്തിയെ ലക്ഷ്യമിടുന്ന ആർക്കും ഇതൊരു മുന്നറിയിപ്പാകട്ടെയെന്നും സിംഗിന്റെ ട്വീറ്റ്; റഫേൽ പറന്നിറങ്ങുമ്പോൾ അഭിമാനമായി വിവേക് വിക്രം എന്ന മലയാളി പൈലറ്റും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് പുതുക്കരുത്തായി അഞ്ച് റഫേൽ വിമാനങ്ങൾ ഇന്ത്യയിലെത്തി. ഹരിയാണയിലെ അംബാല വ്യോമതാവളത്തിലിറങ്ങിയ വിമാനങ്ങളെ വാട്ടർ സല്യൂട്ട് നൽകിയാണ് വ്യോമസേന സ്വീകരിച്ചത്. വ്യോമസേനാ മേധാവി ആർ.കെ.എസ്. ബദൗരിയ റഫാൽ വിമാനങ്ങളെ സ്വീകരിക്കാനെത്തി. ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സംിഗും അഭിമാന മുഹൂർത്തത്തെ കുറിച്ചു ട്വീറ്റു ചെയ്തു. 'ആ പക്ഷികൾ' സുരക്ഷിതമായി ഈ യുദ്ധവിമാനങ്ങൾ അംബാലയിൽ ഇറങ്ങിയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രഖ്യാപിച്ചു. ഒപ്പം ഇന്ത്യയുടെ അതിർത്തിയെ ലക്ഷ്യമിടുന്ന ആർക്കും ഇതൊരു മുന്നറിയിപ്പാകട്ടെ എന്നും രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്യുന്നു.

ഉച്ചയ്ക്ക് 1.40ഓടെയാണ് ഇന്ത്യൻ സമുദ്രമേഖലയിലേയ്ക്ക് റഫാൽ വിമാനങ്ങൾ പ്രവേശിച്ചത്. ഇന്ത്യൻ ആകാശപരിധിയിലെത്തിയ വിമാനങ്ങൾ അറബിക്കടലിൽ വിന്യസിച്ചിരുന്ന നാവികസേനാ കപ്പൽ ഐഎൻഎസ് കൊൽക്കത്തയുമായി വിമാനങ്ങൾ ബന്ധം സ്ഥാപിച്ചു. ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതോടെ ഇന്ത്യയുടെ രണ്ട് സുഖോയ് യുദ്ധവിമാനങ്ങൾ റഫാൽ വിമാനങ്ങൾക്ക് ഇരുവശത്തുമായി അകമ്പടിയായി അമ്പാലയിലേയ്ക്ക് തിരിച്ചു.

രാജ്യത്തിന്റെ സൈനികചരിത്രത്തിലെ നിർണായകമായ നാഴികക്കല്ലാണ് റഫാൽ യുദ്ധവിമാനങ്ങളുടെ ഈ ലാൻഡിങ് എന്ന് രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. വ്യോമസേനയുടെ സൈനികശേഷിയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ റഫാലിനാകും. തീർത്തും പ്രൊഫഷണലായി ഈ വിമാനങ്ങൾ ഇന്ത്യയിലെത്തിച്ചതിന് വ്യോമസേനയെ അഭിനന്ദിച്ച രാജ്‌നാഥ് സിങ്. ''ഉദയം അജസ്രം'' എന്ന വ്യോമസേനയുടെ പ്രഖ്യാപിതലക്ഷ്യത്തിനൊപ്പം നീങ്ങാൻ ഈ വിമാനങ്ങൾക്കാകും. ഫ്രഞ്ച് സർക്കാരിനും ദസോ ഏവിയേഷനും റഫാൽ വിമാനങ്ങൾ കൃത്യമായി എത്തിച്ചതിന് രാജ്‌നാഥ് സിങ് നന്ദി രേഖപ്പെടുത്തുന്നു. കൃത്യസമയത്ത് വ്യോമസേനയ്ക്ക് ഈ വിമാനങ്ങൾ ലഭിക്കാനുള്ള കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃഢനിശ്ചയമാണെന്നും രാജ്‌നാഥ് സിങ് പറയുന്നു.

വിദഗ്ധനായ പൈലറ്റും കമാൻഡിങ് ഓഫീസറുമായ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർകിരത് സിങ് നയിക്കുന്ന സംഘമാണ് റഫാലിനെ ഇന്ത്യയിലെത്തിക്കുന്നതിന് നേതൃത്വം നൽകിയത്. ഇതിൽ വിങ്ങ് കമാൻഡർ വിവേക് വിക്രം എന്ന മലയാളി പൈലറ്റുമുണ്ട്. വെല്ലുവിളികളെ അതിജീവിച്ച് രാജ്യത്തിന്റെ ആകാശക്കോട്ടയ്ക്ക് കാവലാകാനാണ് റഫാൽ എത്തുന്നത്. ഐഎൻഎസ് കൊൽക്കത്ത എന്ന ഇന്ത്യയുടെ അത്യാധുനിക യുദ്ധക്കപ്പൽ നൽകിയ ജലസല്യൂട്ടിന് ശേഷമാണ് അംബാലയിൽ റഫാൽ പറന്നിറങ്ങിയത്. ഇതിന് ശേഷം ഔദ്യോഗികമായ പ്രൗഢഗംഭീരമായ ചടങ്ങിലൂടെ വിമാനങ്ങൾ ഇന്ത്യയുടെ സൈന്യത്തിന്റെ സ്വന്തമാകും.

റഫാൽ ജെറ്റുകളിലെ ആദ്യ വിമാനത്തിന് ആർബി-01 എന്ന നമ്പരാണ് വ്യോമസേന നൽകിയിരിക്കുന്നത്.വ്യോമസേന മേധാവി എയർ മാർഷൽ ആർ കെ എസ് ബദൗരിയയുടെ പേരിൽ നിന്നാണ് ആർ, ബി എന്നീ രണ്ടു അക്ഷരങ്ങൾ എടുത്തിരിക്കുന്നത്. റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് ധാരണയിലെത്തിയ സംഘത്തിന്റെ ചെയർമാനായിരുന്നു ബദൗരിയ. ഇത് കണക്കിലെടുത്താണ് ഈ നാമകരണം നൽകിയത്.

ദസോ ഏവിയേഷനിൽനിന്ന് ഇന്ത്യ വാങ്ങുന്ന 36 റഫാൽ വിമാനങ്ങളിൽ ആദ്യത്തെ അഞ്ചെണ്ണമാണ് അംബാലയിലെത്തിയത്. രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യത്തെ സുപ്രധാന യുദ്ധവിമാനമാണ് റഫാൽ. ഇന്ത്യ അവസാനമായി വാങ്ങിയ യുദ്ധവിമാനം സുഖോയ് 30എസ് വിമാനമാണ്. റഷ്യയിൽ നിന്നാണ് ഇവ വാങ്ങിയത്. ഇന്ത്യൻ വ്യോമസേനയുടെ 17-ാം നമ്പർ സ്‌ക്വാഡ്രനായ ഗോൾഡൻ ആരോസിനാണ് റഫാൽ വിമാനങ്ങളുടെ ചുമതല. ഗോൾഡൻ ആരോസിന്റെ കമാൻഡിങ് ഓഫീസറും ഫ്രഞ്ച് പൈലറ്റും ചേർന്നാണ് വിമാനം ഇന്ത്യയിലേയ്ക്ക് എത്തിക്കുന്നത്. ഇന്ധനം നിറയ്ക്കാൻ നിലത്തിറങ്ങേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കുന്നതിനായി ടാങ്കർ വിമാനങ്ങൾ റഫാലിന് അകമ്പടിയായി ഫ്രാൻസ് അയച്ചിരുന്നു. ഇന്ത്യയിലേയ്ക്കുള്ള യാത്രക്കിടെ ഫ്രാൻസിന്റെ ടാങ്കർ വിമാനങ്ങളിൽനിന്ന് ആകാശത്തുവെച്ച് ഇന്ധനം നിറച്ചിരുന്നു.

ടാങ്കർ വിമാനങ്ങളിലൊന്നിൽ 70 വെന്റിലേറ്ററുകളും ഒരുലക്ഷത്തോളം കോവിഡ് ടെസ്റ്റിങ് കിറ്റുകളും 10 പേരടങ്ങുന്ന ആരോഗ്യ വിദഗ്ധ സംഘവും ഫ്രാൻസ് ഇന്ത്യയിലേയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ത്യയുടെ കോവിഡിനെതിരായ പോരാട്ടത്തിൽ സഹായമായാണ് ഫ്രാൻസിന്റെ ഈ നടപടി. റഫാൽ യുദ്ധവിമാനങ്ങൾ എത്തുന്നത് പ്രമാണിച്ച് ഹരിയാണയിലെ അംബാല വ്യോമസേനാതാവള പരിസരത്ത് ജില്ലാ അധികാരികൾ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വ്യോമതാവളത്തോടുചേർന്ന് ധുൽകോട്ട്, ബൽദേവ് നഗർ, ഗർണാല, പഞ്ചഘോഡ എന്നീ ഗ്രാമങ്ങളിലാണ് നിരോധനാജ്ഞയുള്ളത്.

ഫ്രാൻസിൽ നിന്ന് പുറപ്പെട്ട റഫാൽ യുദ്ധവിമാനങ്ങൾ ഏതാണ്ട് 7000 കിമീ പിന്നിട്ട ശേഷമാണ് ഇന്ത്യയിലെത്തുന്നത്. ഇന്ധനം നിറയ്ക്കാനായി യുഎഇയിൽ ഇടയ്ക്ക് നിർത്തിയതൊഴിച്ചാൽ തുടർച്ചയായി പറന്ന് ഇന്ത്യയുടെ ആകാശം തൊട്ടു റഫാൽ. അതേസമയം, അംബാലയിൽ എത്തുന്ന വിമാനങ്ങളുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കരുതെന്ന് അംബാല പൊലീസ് നാട്ടുകാരെ അറിയിച്ചു. സുരക്ഷ ക്രമീകരണങ്ങൾ കണക്കിലെടുത്താണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.

ലഡാക്ക് അതിർത്തിയിലെ ചൈനീസ് പ്രകോപനം ഇനിയും അവസാനിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്ത്യ അതിർത്തിയിൽ ആയുധവിന്യാസം നടത്തുകയും ചെയ്യുന്നുണ്ട്. ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ സജ്ജമായിരിക്കാനുള്ള നിർദ്ദേശമാണ് വ്യോമ-കര-നാവിക സേനകൾക്ക് നൽകിയിരിക്കുന്നത്. വ്യോമക്കരുത്തിൽ ഇന്ത്യയെ മുന്നിലെത്തിക്കാൻ പോന്ന യുദ്ധവിമാനമാണ് റഫാൽ. ഇത് എത്തുന്നതോടെ വ്യോമസേനയുടെ ആക്രമണശേഷി വൻതോതിൽ വർധിക്കുമെന്ന് വിദഗ്ദ്ധർ വാർത്താ ഏജൻസിയോട് പറഞ്ഞു. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടെ സംഘർഷാവസ്ഥ നിലനിൽക്കുകയും വ്യോമസേന കടുത്ത ജാഗ്രത പാലിക്കുകയും ചെയ്യുന്നതിനിടെയാണ് അത്യന്താധുനിക യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് ലഭിക്കുന്നത്. എതിരാളികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകുന്നതാവും നീക്കം.

58,000 കോടിക്ക് 36 റഫാൽ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ 2016 സെപ്റ്റംബറിലാണ് ഇന്ത്യയും ഫ്രാൻസും ഏർപ്പെട്ടത്. യൂറോപ്യൻ മിസൈൽ നിർമ്മാതാക്കളായ എംബിഡിഎയുടെ മീറ്റിയോർ എയർ ടു എയർ മിസൈൽ, സ്‌കാൾപ് ക്രൂസ് മിസൈൽ എന്നിവ അടക്കമുള്ളവയുമായാണ് റഫാൽ യുദ്ധവിമാനങ്ങൾ എത്തുന്നത്. യു.കെ, ജർമനി, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, സ്വീഡൻ എന്നീ രാജ്യങ്ങൾ നേരിടുന്ന പൊതുവായ വെല്ലുവിളികൾ മുന്നിൽക്കണ്ട് രൂപകൽപ്പന ചെയ്ത മിസൈലാണ് മീറ്റിയോർ. ഇന്ത്യയ്ക്കുവേണ്ടി മാത്രം നടത്തിയ പരിഷ്‌കാരങ്ങളും റഫാൽ യുദ്ധവിമാനങ്ങളിൽ ഉണ്ടാവും. ഇസ്രയേൽ നിർമ്മിത ഹെൽമെറ്റ് മൗണ്ടഡ് ഡിസ്പ്ലേ, റഡാർ വാണിങ് റിസീവറുകൾ, ലോ ബാൻഡ് ജാമറുകൾ, പത്ത് മണിക്കൂർ ഫ്ളൈറ്റ് ഡേറ്റാ റെക്കോർഡിങ്, ഇൻഫ്രാറെഡ് സെർച്ച് ആൻഡ് ട്രാക്കിങ് സംവിധാനം തുടങ്ങിയവയാണ് ഇവ.

ഏഷ്യയിലെ വൻ പ്രതിരോധ ശക്തിയായി ഇന്ത്യ മുന്നേറുകയാണ്. ഇന്ത്യൻ പ്രതിരോധ മേഖലയിലെ കുതിപ്പ് അയൽ രാജ്യങ്ങൾക്ക് ഭീഷണിയാണെന്ന് പാക്ക്, ചൈന റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നതാണ്. പാക്കിസ്ഥാൻ നേരിടുന്നതു പോലെ ചൈനയ്ക്കും ഇന്ത്യയിൽ നിന്നു ഭീഷണിയുണ്ട്. ഇന്ത്യ വാങ്ങിയ, വാങ്ങുന്ന ആയുധങ്ങളും പോർവിമാനങ്ങളും വൻ ഭീഷണി തന്നെയാണെന്നാണ് ചൈനീസ് മാധ്യമങ്ങൾ നിരവധി തവണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റഫേൽ കൂടി എത്തുന്നതോടെ ഏഷ്യയിലെ ഏറ്റവും മികച്ച അത്യാധുനിക പോർവിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ജൂലൈയിൽ എത്തുന്ന റഫാൽ പോർവിമാനങ്ങൾ ചൈനയുടെയും പാക്കിസ്ഥാന്റെയും അതിർത്തിയിലെ തർക്ക പ്രദേശങ്ങളിൽ വിന്യസിച്ചേക്കും. ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്. ഇപ്പോൾ വ്യോമക്കരുത്തിലും മുന്നിൽ നിൽക്കുന്നത് ഏഷ്യയിൽ ഇന്ത്യയാണ്.

ഫ്രാൻസിനെയും വെല്ലുന്ന ടെക്‌നോളജി

ഫ്രാൻസിന്റെ കയ്യിൽ നിന്നാണ് ഇന്ത്യ റഫാൽ വിമാനം വാങ്ങുന്നതെങ്കിലും ടെക്‌നോളജിയുടെ കാര്യത്തിൽ ഈ വിമാനം മറ്റെല്ലാവരെയും കടത്തിവെട്ടും. ഇന്ത്യയുടെയും ഇസ്രയേലിന്റെയും പ്രതിരോധ സാങ്കേതിക സംവിധാനങ്ങളും ആയുധങ്ങളും ഘടിപ്പിച്ചതോടെ ലോകത്തെ ഏറ്റവും മികച്ച റഫാൽ പോർവിമാനം ഇന്ത്യയുടേതാകും. ഫ്രഞ്ച് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് റഫാലിന്റെ ഇന്ത്യൻ പതിപ്പ് നിർമ്മിച്ചത്. അസ്ട്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഇസ്രയേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റഫാൽ എത്തുന്നത്.

പലപ്പോഴും പോർവിമാനത്തിന്റെ മികവു മാത്രമല്ല പ്രധാന ഘടകം. സാങ്കേതികവിദ്യ കൈമാറാൻ വിൽക്കുന്ന രാജ്യത്തിനും കമ്പനിക്കുമുള്ള 'സന്മനസ്സ്', വിമാനത്തിന്റെ സർവീസ് കാലഘട്ടം തീരുന്നതു വരെ സ്പെയർ പാർട്‌സുകൾ നൽകാനുള്ള 'സന്മനസ്സ്', വിൽക്കുന്ന രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം, മൊത്തമുള്ള ചെലവ് ഇവയെല്ലാം പ്രധാന ഘടകങ്ങളാണ്. ഡാസാൾട്ട് നിർമ്മിച്ച നാൽപതിലധികം മിറാജ്-2000 വിമാനം ഇന്ത്യൻ വ്യോമസേനയുടെ സർവീസിൽ ഇന്നുണ്ട്. ഡാസാൾട്ടിന്റെ നിർമ്മാണമികവിന് ഒരു സർട്ടിഫിക്കറ്റാണ് മിറാജ് എന്നു പറയാം. സ്പെയർ പാർട്ടുകൾ നൽകുന്നതിലോ, എൻജിൻ സർവീസിങ് ഉൾപ്പെടെയുള്ള വിൽപനാനന്തര സേവനങ്ങളിലോ ഇന്നുവരെ മിറാജിന്റെ കാര്യത്തിൽ പ്രശ്നമുണ്ടായിട്ടില്ല.

റഫാൽ വിമാനം കൂടി എത്തുന്നതോടെ ഇന്ത്യയുടെ വ്യോമക്കരുത്ത് വർദ്ധിക്കും. എവിടെയും ഏതിനും ഉപയോഗിക്കാവുന്ന മിഗ്-21, മിഗ്-29 എയർ സുപ്പീരിയോറിറ്റി ഫൈറ്റർ, ശത്രു റഡാറുകളെ വെട്ടിച്ചു വളരെ ദൂരം താഴ്ന്നുപറന്നു ബോംബിടാൻ ശേഷിയുള്ള ജഗ്വാർ, ഇന്ത്യയിൽ നിന്നു പറന്നുപൊങ്ങിയാൽ ഏതു ഭാഗത്തുമെത്തി ബോംബിടാൻ കഴിവുള്ള ആധുനികോത്തരമായ സുഖോയ്-30 എംകെഐ എന്നിവയെല്ലാം കൈവശമുള്ളപ്പോൾ എന്തിന് ഇത്രയും വില നൽകി റഫാൽ വാങ്ങിയതെന്ന് ചോദ്യം വരാം. കൂടാതെ തേജസ് എന്ന പേരിൽ ഒരു അത്യാധുനിക പോർവിമാനം ഇന്ത്യ തന്നെ വികസിപ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞ ഓരോ വിമാനത്തിനും ഒരോ തരം റോളാണുള്ളത്. ശത്രുരാജ്യത്തേക്കു കുതിച്ചുകയറി ബോംബിടുന്നവയെ പണ്ടു ബോംബർ എന്നും ഇന്നു സ്ട്രൈക്ക് വിമാനമെന്നും വിളിക്കുന്നു. ശത്രുവിമാനങ്ങളുമായി ആകാശയുദ്ധത്തിൽ ഇടപെടുന്നവയെയാണു ഫൈറ്റർ വിമാനങ്ങൾ എന്നു വിളിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP