Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ താരത്തെ എട്ടു മണിക്കൂർ കാണാതായിട്ടും മാച്ച് റഫറിയെ അറിയിച്ചില്ല; കളി തുടരുമ്പോൾ ഡ്രസിങ് റൂം വിട്ടു പോയതും മറച്ചു വച്ചു; എല്ലാം നടന്നത് സെക്രട്ടറി മുംബൈയിലുള്ളപ്പോൾ; ആദ്യം ശ്രമിച്ചത് വിവാദം പുറത്തറിയാതിരിക്കാൻ തന്നെ; സഞ്ജു സാംസണിന്റെ അച്ചടക്കലംഘനത്തിൽ കെസിഎയും കുടുങ്ങും

ഇന്ത്യൻ താരത്തെ എട്ടു മണിക്കൂർ കാണാതായിട്ടും മാച്ച് റഫറിയെ അറിയിച്ചില്ല; കളി തുടരുമ്പോൾ ഡ്രസിങ് റൂം വിട്ടു പോയതും മറച്ചു വച്ചു; എല്ലാം നടന്നത് സെക്രട്ടറി മുംബൈയിലുള്ളപ്പോൾ; ആദ്യം ശ്രമിച്ചത് വിവാദം പുറത്തറിയാതിരിക്കാൻ തന്നെ; സഞ്ജു സാംസണിന്റെ അച്ചടക്കലംഘനത്തിൽ കെസിഎയും കുടുങ്ങും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുംബൈയിലെ മത്സരത്തിനിടെ ബാറ്റ് തല്ലിയൊടിച്ച സഞ്ജു വി സാംസൺ ടീം മാനേജ്‌മെന്റിനെ മുൾമുനയിൽ നിർത്തിയത് എട്ട് മണിക്കൂറോളം. എന്നിട്ടും സഞ്ജുവിനെ പിന്തുണയ്ക്കാനായിരുന്നു കെസിഎയുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് സഞ്ജുവിന്റെ അച്ചടക്ക വിഷയം ബിസിസിഐയുടെ ശ്രദ്ധയിലേക്ക് കെസിഎ കൊണ്ടു വരാതിരുന്നതും. എന്നാൽ സഞ്ജുവിന്റെ അച്ഛന്റെ പ്രകോപനത്തിലൂടെ കാര്യങ്ങൾ മാറി മറിഞ്ഞു. കെസിഎ സഞ്ജുവിനെതിരെ നടപടിയെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ സ്ഞ്ജുവിനെതിരെ നടപടിയെടുത്താൽ കെസിഎ ഭാരവാഹികളും കുടുങ്ങും. പ്രത്യേകിച്ച് ടിം മാനേജ്മന്റ്. ബിസിസിഐയുടെ മാർഗ്ഗ നിർദ്ദേശമൊന്നും സഞ്ജു വിഷയത്തിൽ പാലിക്കാത്തതാണ് ഇതിന് കാരണം. അതിനിടെ ഈ വിഷയം സുപ്രീംകോടതി നിയോഗിച്ച ലോധാ സമിതിക്ക് മുന്നിലെത്തിക്കാനും കരുനീക്കം സജീവമാണ്.

ഗോവയ്ക്ക് എതിരായ മത്സരത്തിൽ റൺസൊന്നും എടുക്കാതെ പുറത്തായ സഞ്ജു ഡ്രെസിങ് റൂമിലാണ് ബാറ്റ് തല്ലിയൊടിച്ചത്. അതിന് ശേഷം ആരോടും പറയാതെ അവിടെ നിന്നും ഇറങ്ങി പോയി. സഞ്ജുവിനെ പറ്റി ടീം മാനേജ്‌മെന്റിന് ഒരു വിവരവും ഇല്ലായിരുന്നു. ഇതു മൂലം പരിഭ്രാന്തി കൂടിയതോടെ ടീം മാനേജ്‌മെന്റിന്റെ പ്രതിനിധി ഹോട്ടൽ റൂമിലെത്തി. അവിടേയും സഞ്ജു ഉണ്ടായിരുന്നല്ല. കളിക്കാനുള്ള വേഷം മുറിയിൽ ഊരിവച്ചതും കണ്ടെത്തി. ഇതോടെ ആശങ്ക ഏറി. രാത്രി എട്ട് മണിക്കാണ് സഞ്ജു ഹോട്ടലിൽ മടങ്ങിയെത്തിയത്. മണിക്കൂറുകൾ ടീം മാനേജ്‌മെന്റിനെ മുൾമുനയിൽ നിർത്തിയെങ്കിലും താരത്തെ സംരക്ഷിക്കാനായിരുന്നു കെസിഎയുടെ തീരുമാനം. ഇതു കൊണ്ടാണ് അടുത്ത രഞ്ജി മത്സരത്തിലും സഞ്ജു കളിച്ചത്. എന്നാൽ ഈ മത്സരത്തിലും പരാജയപ്പെട്ടതോടെ സഞ്ജുവിനെ ടീമിൽ നിന്ന് മാറ്റി നിർത്തി. ഇതോടെ പ്രകോപിതാനാ സഞ്ജുവിന്റെ അച്ഛൻ കെസിഎ പ്രസിഡന്റ് ടിസി മാത്യുവിനെ ഫോണിൽ തെറി പറഞ്ഞു. ഇതോടെ മുംബൈയിൽ അച്ചടക്ക ലംഘനത്തെ ഗൗരവത്തോടെ കാണാൻ കെസിഎ തീരുമാനിക്കുകയായിരുന്നു.

ഇവിടെ കെസിഎയും നിരവധി പിഴവുകൾ വരുത്തി. രഞ്ജി ട്രോഫി മത്സരങ്ങൾക്ക് കടുത്ത മാനദണ്ഡങ്ങളാണ് ബിസിസിഐ ഏർപ്പെടുത്തിയിട്ടുള്ളത്. മത്സരം തുടങ്ങുന്നത് മുതൽ അവസാനിക്കും വരെ പതിനഞ്ച് കളിക്കാരും ഡ്രസിങ് റൂമിൽ ഉണ്ടാകണമെന്നതാണ് നിയമം. ഡ്രസിങ് റൂമിൽ സിസിടിവി ക്യാമറയും ഉണ്ട്. ഈ സ്ഥലത്ത് ബാറ്റ് അടിച്ച് പൊട്ടിക്കുന്നത് ഉൾപ്പെടെയുള്ളത് കടുത്ത അച്ചടക്ക ലംഘനമാണ്. ഇതിന് പുറമേയാണ് സഞ്ജു ഡ്രസിങ് റൂം വിട്ടു പോയത്. ബിസിസിഐുടെ അഴിമതി വിരുദ്ധ സമിതിയും രഞ്ജി ട്രോഫി വേദികളിലുണ്ട്. ഇവരുടെ പൂർണ്ണ നിരീക്ഷണത്തിലാണ് കളക്കാർ. കളി നടക്കുമ്പോൾ അസ്വാഭാവിക സന്ദർഭത്തിൽ പോലും കളിക്കാർക്ക് ഡ്രസിങ് റൂം വിടണമെങ്കിൽ ഇവരുടെ അനുമതി വേണം. എന്നാൽ സഞ്ജുവിന്റെ ഡ്രസിങ് റൂമിൽ നിന്നുള്ള മടക്കം ബിസിസിഐയിൽ ആരും അറിഞ്ഞിട്ടുമില്ല.

ഡ്രസിങ് റൂമിൽ നിന്ന് പോയ സഞ്ജു ബീച്ചിൽ പോയെന്നാണ് കെസിഐ ആരോപിക്കുന്നത്. എന്നാൽ ഇത് സഞ്ജുവിന്റെ അച്ഛൻ പരസ്യമായി നിഷേധിക്കുന്നു. അപ്പോഴും സഞ്ജുവിന്റെ അച്ഛൻ പറയുന്നത് താരത്തെ പ്രതിസന്ധിയിലാക്കുന്നതാണ്. അതായത് സഞ്ജു ഡ്രസിങ് റൂം വിട്ടു പോയെന്നും എന്നാൽ വാങ്കഡെ സ്‌റ്റേഡിയത്തിന് തൊട്ടടുത്തുള്ള ഹോട്ടലിലേക്കാണെന്നും സഞ്ജുവിന്റെ അച്ഛൻ തന്നെ സമ്മതിക്കുന്നു. അതായത് ഗ്രൗണ്ടിൽ നിന്നും കളി നടക്കുമ്പോൾ തന്നെ സഞ്ജു മടങ്ങി. ബിസിസിഐയുടെ അറിവോടെയല്ലാതെ സഞ്ജു പോയത് ഗരുതരമായ കുറ്റമാണ്. ഇതിനൊപ്പം ഡ്രസിങ് റൂമിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ അവിടെ നടന്നതും ബിസിസിഐയ്ക്ക് അറിയാനാകും. എന്നാൽ ഈ വിഷയം ബിസിസിഐയുടെ ശ്രദ്ധയിൽ ആരും ഇതുവരെ കൊണ്ടു വന്നിട്ടില്ല. അതു സംഭവിച്ചിരുന്നുവെങ്കിൽ ഗോവയ്‌ക്കെതിരായ മത്സര വേദിയൽ വച്ചുതന്നെ താരത്തിന് ബിസിസിഐയുടെ വിലക്ക് എത്തുമായിരുന്നു.

എന്തുകൊണ്ട് സഞ്ജുവിന്റെ അച്ചടക്കം ലംഘനം ബിസിസിഐയെ കെസിഎ അറിയിച്ചില്ലെന്നതാണ് വിവാദത്തിന് പുതുമാനം നൽകുന്നത്. ഈ വിഷയം നടക്കുമ്പോൾ കെസിഎ സെക്രട്ടറി അനന്തനാരായണനും മുംബൈയിലുണ്ട്. താരങ്ങളുടെ അച്ചടക്ക ലംഘനം കളിക്കിടെ നടന്നാൽ അത് മാച്ച് റഫറിയെ അറിയിക്കണമെന്നാണ് ചട്ടം. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി മാച്ച് റഫറി തീരുമാനം എടുക്കും. എന്നാൽ സഞ്ജുവിന്റെ ഭാവി കണക്കിലെടുത്ത് ഇക്കാര്യം റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് കെസിഎ തീരുമാനിച്ചതായാണ് സൂചന. ആറു മണിക്കൂറിലധികം താരത്തെ കാണാതിരുന്നതും ചർച്ചയാക്കാത്തത് അതുകൊണ്ടാണ്. എന്നാൽ സഞ്ജുവിന്റെ അച്ഛൻ ടിസി മാത്യുവിനെ അസഭ്യം പറഞ്ഞത് എല്ലാ തീരുമാനത്തേയും മാറ്റി മറിച്ചു. ശക്തമായ നടപടിയെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. പക്ഷേ ഈ വിഷയം ഇനി ബിസിസിയുടെ ശ്രദ്ധയിലെത്തുന്നത് കെസിഎയേയും പ്രതിക്കൂട്ടിലാക്കും. ബിസിസിഐയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ച ജസ്റ്റീസ് ലോധാ സമിതിയെ സമീപിക്കാനാണ് നീക്കം.

ഗോവയ്ക്ക് എതിരായ മത്സരത്തിൽ റൺസെടുക്കാതെ ഡ്രസിങ് റൂമിലെത്തിയ സഞ്ജുവന്റെ പ്രകടനം ടീം മാനേജ്‌മെന്റിനെ ഞെട്ടിച്ചിരുന്നു. ബാറ്റ് തല്ലിയൊടിച്ചതും ഹോട്ടലിലേക്ക് മടങ്ങിയതും ഏറെ ഞെട്ടലോടെയാണ് ഡ്രസിങ് റൂമിലുണ്ടായിരുന്നവർ ഉൾക്കൊണ്ടത്. ഇതു സംബന്ധിച്ച കളിക്കാരിൽ ചിലർ സഞ്ജുവിനോട് കാര്യങ്ങൾ തിരക്കിയിരുന്നു. ഗ്രൗണ്ടിന് തൊട്ടടുത്താണ് താമസിച്ചിരുന്ന ഹോട്ടൽ. കളിക്കളത്തിൽ നിന്ന് ഹോട്ടലിൽ പോയി ഡ്രസ് മാറി അതിന് തൊട്ടടുത്തുള്ള ബീച്ചിൽ പോയിരുന്നുവെന്നാണ് സഞ്ജു ഇവരോട് പറഞ്ഞത്. അതിനിടെ കെസിഎ നിയോഗിച്ച അച്ചടക്ക സമിതി കളിക്കാരിൽ നിന്നും തെളിവെടുക്കുമെന്നാണ് സൂചന. ടീം തിരിച്ചെത്തിയാൽ ഉടൻ നടപടി തുടങ്ങും. ആദ്യ സംഭവമായതിനാൽ സഞ്ജുവിനെ ശാസിക്കാനാണ് സാധ്യത. പരസ്യമായി ഖേദപ്രകടനത്തിന് ആവശ്യപ്പെടുകയും ചെയ്യും. അല്ലാത്ത പക്ഷം ഏകദിനത്തിനായുള്ള ടീമിൽ സഞ്ജുവിനെ കേരളം ഉൾപ്പെടുത്തില്ല.

ഈ രഞ്ജി സീസണിൽ മികച്ച തുടക്കമാണ് സഞ്ജുവിന് ലഭിച്ചത്. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടി. എന്നാൽ തുടർന്നിങ്ങോട്ട് തീർത്തും മുഖം മങ്ങിയതായിരുന്നു പ്രകടനം. 7 മത്സരത്തിൽ നിന്ന് 11 ഇന്നിങ്‌സുകളിലായി 334 റൺസ് മാത്രമാണ് നേടിയത്. അതിൽ ആദ്യ കളിയിൽ നേടിയ 154 റൺസുമുണ്ട്. അതായത് അവസാന ആറു മത്സരത്തിൽ തീർത്തും നിരാശപ്പെടുത്തി. ഇതോടെയാണ് സഞ്ജുവിന് വിശ്രമം അനുവദിക്കാൻ കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ ധാരണയുണ്ടായത്. ത്രിപുരയ്‌ക്കെതിരായ മത്സരത്തിൽ നിന്നും ഒഴിവാക്കി. ഇതോടെയാണ് സഞ്ജുവിന്റെ അച്ഛന്ട ടിസി മാത്യുവിനെ തെറിവിളിച്ചത്. ഇതോടെയാണ് കെസിഎ താരത്തിന് എതിരാകുന്നത്. ഇതിലെ പ്രശ്‌നങ്ങളുയർത്തി കെസിഎയിൽ ഒന്നും ചട്ടപ്രകാരം നടക്കുന്നില്ലെന്ന് ലോധാ സമിതിയെ അറിയിക്കാനാണ് കരുനീക്കം നടക്കുന്നത്. അതിനിടെ സഞ്ജുവിന്റെ ക്രിക്കറ്റ് കരിയറിന് വലിയ വെല്ലുവിളിയാണ് ഈ സംഭവമെന്നാണ് വിലയിരുത്തൽ.

വലംകൈയൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ സഞ്ജു ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. ഈ പ്രകടന മികവിലൂടെ ഐപിഎല്ലിൽ എത്തി. ശ്രീശാന്തിന്റെ പിന്തുണയോടെയാണ് ടീമിലെത്തിയത്. പിന്നീട് രാജസ്ഥാൻ റോൽസിന്റെ കോച്ചായ രാഹുൽ ദ്രാവിഡിന്റെ പ്രിയ താരവുമായി. ഐ.പി.എല്ലിൽ അർദ്ധസെഞ്ച്വറിനേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണദ്ദേഹം. കേരളത്തിന് വേണ്ടി രഞ്ജി മത്സരത്തിൽ ഡബിൾ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതിയും നേടി. പിതാവ് ഡൽഹിയിൽ പൊലീസ് കോൺസ്റ്റബിൾ ആയിരുന്നതിനാൽ ക്രിക്കറ്റിന്റെ ആദ്യപാഠങ്ങൾ ഡൽഹിയിൽ നിന്നായിരുന്നു സഞ്ജു പഠിച്ചത്. ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റിനോടുള്ള സഞ്ജുവിന്റെ അഭിനിവേശത്തെ പ്രോത്സാഹിപിച്ചതും പരിപൂർണ പിന്തുണ നല്കിയതും അച്ഛൻ തന്നെ ആയിരുന്നു.പിന്നീട് തിരുവനന്തപുരത്ത് ജൂനിയർ തലങ്ങളിൽ സഞ്ജു തന്റെ മികവു കാട്ടി.

അങ്ങനെ സഞ്ജുവിനെ കേരള അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കപെട്ടു. പിന്നീട് കൂച്ച് ബീഹാർ ട്രോഫിയിലെ ഉജ്ജ്വല പ്രകടനം 2012ഇലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറന്നു കൊടുത്തു. ഐ.പി.എൽ ആയിരുന്നു സഞ്ജുവിന്റെ കരിയർ മാറിമറിച്ച മറൊരു ഘടകം.രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ച ഒട്ടു മിക്ക മത്സരങ്ങളിലും തന്റെതായ സംഭാവന നൽകി. ഇതോടെ ഇന്ത്യൻ ടീമിലുമെത്തി. ഏകദിന ടീമിലെത്തിയ സഞ്ജുവിന് പക്ഷേ ഔദ്യോഗികമായി കളിക്കാനായില്ല. എന്നാൽ 2015ൽ ടി20യിൽ ഇന്ത്യൻ കുപ്പായമിടാൻ കഴിഞ്ഞു. 2015ൽ സിംബാബ് വെയ്‌ക്കെതിരെ ഹരാരയിലായിരുന്നു മത്സരം. ഈ രഞ്ജി സീസണിൽ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്താനായിരുന്നു സഞ്ജു ലക്ഷ്യമിട്ടത്. ഇതാണ് മോശം ഫോമും വിവാദങ്ങളും തകർക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP