Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശസ്ത്രക്രിയ വേണമെന്നാവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല; കുഞ്ഞ് മരിച്ചതായി അറിയിച്ച് ബന്ധുക്കളുടെ അനുവാദമില്ലാതെ ഗർഭപാത്രം നീക്കിയെന്നും ആരോപണം; പാലക്കാട് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ബന്ധുക്കൾ; സംഭവത്തിൽ മന്ത്രിക്കും പൊലീസിനും പരാതി

ശസ്ത്രക്രിയ വേണമെന്നാവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല; കുഞ്ഞ് മരിച്ചതായി അറിയിച്ച് ബന്ധുക്കളുടെ അനുവാദമില്ലാതെ ഗർഭപാത്രം നീക്കിയെന്നും ആരോപണം; പാലക്കാട് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ബന്ധുക്കൾ; സംഭവത്തിൽ മന്ത്രിക്കും പൊലീസിനും പരാതി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ മന്ത്രിക്കും പൊലീസിനും പരാതി നൽകി കുടുംബം. ചികിത്സാപ്പിഴവുകൊണ്ടാണെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. ആശുപത്രിക്കെതിരെ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കും പൊലീസിനും പരാതി നൽകിയിരുന്നു. ഈ പരാതി ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറിയതായി മന്ത്രി അറിയിച്ചു. കേസെടുത്തിട്ടുണ്ടെന്ന് പാലക്കാട് സൗത്ത് പൊലീസ് ഇൻസ്പെക്ടർ വി. ഹേമലത പറഞ്ഞു.

ചിറ്റൂർ-തത്തമംഗലം ചെമ്പകശ്ശേരിയിലുള്ള എം. രഞ്ജിത്തിന്റെ ഭാര്യ ഐശ്വരയും ആൺ കുഞ്ഞുമാണ് പാലക്കാട് പടിഞ്ഞാറേക്കരയ്ക്ക് സമീപമുള്ള തങ്കം ആശുപത്രിയിൽ മരിച്ചത്. കുഞ്ഞ് ഞായറാഴ്ചയാണ് മരിച്ചത്.തിങ്കളാഴ്ച ഐശ്വര്യയും മരിച്ചു.പ്രസവശേഷം ഗുരുതരാവസ്ഥയിലായ ഐശ്വര്യ തീവ്രപരിചരണവിഭാഗത്തിലായിരുന്നു.ഐശ്വര്യയുടെ മരണത്തിന് പിന്നാലെ ബന്ധുക്കൾ ആശുപത്രിയിൽ തടിച്ചുകൂടി.

ജൂൺ 29-നാണ് ഐശ്വര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് പ്രസവമുറിയിലേക്ക് കൊണ്ടുപോകുന്നത്.പ്രസവം വൈകിയതിനാൽ ശസ്ത്രക്രിയ വേണമെന്ന് ബന്ധുക്കളാവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ലെന്നും പുലർച്ചെ രണ്ടരയോടെ കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. സമ്മതമില്ലാതെ ഗർഭപാത്രം നീക്കിയെന്നും ഇവർ ആരോപിച്ചു.

ഐശ്വര്യയെ ഒമ്പത് മാസം ചികിത്സിച്ച ഡോക്ടറല്ല പ്രസവ സമയത്ത് ഉണ്ടായിരുന്നത്.തങ്ങൾ ആവശ്യപ്പെട്ടിട്ടും സിസേറിയൻ നടത്താൻ ഡോക്ടർമാർ തയ്യാറായില്ല തുടങ്ങിയ ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്.ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ കേസെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.

സംസ്‌കരിച്ചിരുന്നെങ്കിലും, പരാതിയുയർന്ന സാഹചര്യത്തിൽ പൊലീസിടപെട്ട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു.അതേസമയം, ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും സാധ്യമായ ചികിത്സയെല്ലാം നൽകിയെന്നും ആശുപത്രി ഭരണവിഭാഗം സീനിയർ മാനേജർ പറഞ്ഞു. അമിതരക്തസ്രാവമാണ് അമ്മയുടെ ആരോഗ്യനില വഷളാക്കിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP