Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

ഒടുവിൽ അവൻ അറിഞ്ഞു, അച്ഛനും അമ്മയും കുഞ്ഞനുജനും തനിക്കൊപ്പമില്ല എന്ന സത്യം; ആദ്യത്തെ ഞെട്ടലിൽ വിങ്ങി കരഞ്ഞും പുത്തൻ സൈക്കിൾ കണ്ടപ്പോൾ ചിരിച്ചു കളിച്ചും മാധവ്; നേപ്പാളിലെ റിസോർട്ടിൽ വിഷവാതകം ശ്വസിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് സംസ്‌ക്കരിക്കും; അപ്രതീക്ഷിതമായി രണ്ട് കുടുംബങ്ങളെ മരണം കവർന്നതിന്റെ ഞെട്ടൽ മാറാതെ മൊകാവൂരും ചെങ്കോട്ടുകോണവും

ഒടുവിൽ അവൻ അറിഞ്ഞു, അച്ഛനും അമ്മയും കുഞ്ഞനുജനും തനിക്കൊപ്പമില്ല എന്ന സത്യം; ആദ്യത്തെ ഞെട്ടലിൽ വിങ്ങി കരഞ്ഞും പുത്തൻ സൈക്കിൾ കണ്ടപ്പോൾ ചിരിച്ചു കളിച്ചും മാധവ്; നേപ്പാളിലെ റിസോർട്ടിൽ വിഷവാതകം ശ്വസിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് സംസ്‌ക്കരിക്കും; അപ്രതീക്ഷിതമായി രണ്ട് കുടുംബങ്ങളെ മരണം കവർന്നതിന്റെ ഞെട്ടൽ മാറാതെ മൊകാവൂരും ചെങ്കോട്ടുകോണവും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്/തിരുവനന്തപുരം: : ഒടുവിൽ അവൻ ആ സത്യം തിരിച്ചറിഞ്ഞു. ഇനി ഒരിക്കലും തന്റെ അച്ഛനും അമ്മയെയും അനുജനെയും തനിക്ക് കാണാനാവില്ല എന്ന്. വിഷവാതകം ശ്വസിച്ച് മയക്കത്തിലായ അച്ഛനും അമ്മയും അനുജനും മരിച്ചു പോയി എന്ന്. കുന്നമംഗലത്തെ കുടുംബ വീട്ടിൽ ഇന്നലെ എത്തിയ കുഞ്ഞിനെ ബന്ധുക്കളും സ്‌കൂൾ അദ്ധ്യാപകരും ചേർന്ന് സാവധാനം കാര്യങ്ങൾ പറഞ്ഞ് ധരിപ്പിക്കുക ആയിരുന്നു. ആദ്യത്തെ ഞെട്ടലിൽ മാധവ് എന്ന രണ്ടാം ക്ലാസ്സുകാരൻ വിങ്ങി പൊട്ടി കരഞ്ഞു. സങ്കടം തെല്ല് ഒന്നടങ്ങിയപ്പോൾ പുത്തൻ സൈക്കിൾ കണ്ട് ആ കുരുന്ന് സന്തോഷത്തോടെ തനിക്കു കിട്ടിയ പുതിയ സമ്മാനത്തിന്റെ പിറകെ ആയി. വീട്ടിൽ കൂടിയ ബന്ധുക്കളേയും കൂട്ടുകാരെയും എല്ലാം സൈക്കിൾ കാണിക്കുന്നതിന്റെ തിരക്കിലായി പിന്നീട് അവൻ.

തന്നെ പഠിപ്പിക്കുന്ന ടീച്ചറെ വീട്ടിൽ കണ്ടപ്പോൾ ''നേപ്പാൾ എനിക്കൊട്ടും ഇഷ്ടമായില്ല മിസേ, അവിടെ വല്ലാത്ത തണുപ്പായിരുന്നു...'' എന്നാണ് മാധവ് പറഞ്ഞത്. കേട്ടുനിന്നവരുടെയെല്ലാം കണ്ണുകൾ നനഞ്ഞു. അപ്പോഴും അവന് അറിയില്ലായിരുന്നു ഈ ലോകത്ത് താൻ അനാഥനായി പോയി എന്ന സത്യം. എല്ലാമറിഞ്ഞിട്ടും ആ കുഞ്ഞിനോട് ഒന്നും പറയാനാവാതെ ഉള്ളുവിങ്ങിയിരിക്കുകയായിരുന്നു മൊകവൂരിലെ ശ്രീ പത്മം വീട്ടിൽ എല്ലാവരും.

Stories you may Like

വീടിനുപുറത്ത് കളിക്കുമ്പോൾ പെട്ടെന്നാണ് സിൽവർ ഹിൽസ് സ്‌കൂളിലെ രണ്ടാംക്ലാസിലെ തന്റെ പ്രിയപ്പെട്ട അദ്ധ്യാപിക സിമി എസ്. നായരെ അവൻ കണ്ടത്. ടീച്ചറെ കണ്ടതും ഓടിച്ചെന്ന് വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. പ്രിൻസിപ്പൽ ഫാ. ബിജുവും അദ്ധ്യാപികയായ അനുപമാ സുനിലും സ്‌കൂൾ കൗൺസലർ രഹനയും സിമിക്കൊപ്പമുണ്ടായിരുന്നു. ആദ്യത്തെ ഞെട്ടൽ കഴിഞ്ഞപ്പോൾ മാധവ് വിങ്ങിപ്പൊട്ടി കരഞ്ഞു. സങ്കടമൊന്നടങ്ങിയപ്പോൾ, അവനുവേണ്ടി വാങ്ങിയ പുത്തൻ സൈക്കിൾ കാട്ടിക്കൊടുത്തു. പിന്നെ, അത് എല്ലാവർക്കും കാട്ടിക്കൊടുക്കുന്ന തിരക്കിലായി ആ കുരുന്ന്.

ഡൽഹിയൊക്കെ നന്നായി ഇഷ്ടമായെന്നും നേപ്പാളിൽ ഭയങ്കര തണുപ്പായിരുന്നെന്നും മാധവ് അദ്ധ്യാപികയോട് വിശദീകരിച്ചു. അവിടെനിന്ന് ഗ്യാസ് ഉള്ളിൽ ചെന്നതുകൊണ്ട് അച്ഛനും അമ്മയ്ക്കും അനുജനും മയക്കം വന്നെന്നും അവൻ പറഞ്ഞു. ആ മയക്കത്തിൽനിന്ന് അവരുണരില്ലെന്ന യാഥാർഥ്യം പതുക്കെപ്പതുക്കെ അവനെ ബോധ്യപ്പെടുത്തുകയായിരുന്നു പിന്നെ.

രാവിലെ മുതൽ കണ്ണേട്ടനും അച്ചൂട്ടിക്കുമൊപ്പം കളിയിലായിരുന്നു മാധവ്. അച്ഛൻ രഞ്ജിത് പണിയുന്ന വീടും പരിസരവും വൃത്തിയാക്കുന്നതും കസേരകളിടുന്നതും കണ്ടപ്പോൾ, എന്തിനാണതെന്ന് അവൻ ചോദിച്ചിരുന്നു. വരുന്നവരിൽ പലരും തന്റെ ചിത്രമെടുക്കുന്നതെന്തിനെന്നും അവൻ അന്വേഷിച്ചു. അമ്മ ഇന്ദുലക്ഷ്മിയുടെ പിതാവ് പീതാംബരനും ബന്ധുക്കളും നാട്ടുകാരുമൊക്കെ വിങ്ങലടക്കി ആ കുരുന്നിന്റെ ശ്രദ്ധ മാറ്റാനായി പലതും പറഞ്ഞുകൊണ്ടിരുന്നു.

അതേസമയം നേപ്പാളിൽ മരണമടഞ്ഞ മലയാളികളുടെ എല്ലാം മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹം ഇന്നലെ തന്നെ തിരുവനന്തുപരത്ത് എത്തി. മാധവിന്റെ അച്ഛൻ രഞ്ജിത്തിന്റെയും അമ്മ ഇന്ദുലക്ഷ്മിയുടെയും സഹോദരൻ വൈഷ്ണവിന്റെയും മൃതദേഹം ഇന്ന് നാട്ടിലെത്തും. തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീൺ കൃഷ്ണൻനായർ, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങൾ ഡൽഹിവഴി വ്യാഴാഴ്ച രാത്രിയോടെ തിരുവനന്തപുരത്തെത്തിച്ചു.

കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്കുമാർ, ഭാര്യ ഇന്ദുലക്ഷ്മി, മകൻ വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച വൈകീട്ട് ആറുമണിക്കുശേഷമാണ് എയർഇന്ത്യ വിമാനത്തിൽ ഡൽഹിയിലെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.20-ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കും. മൊകവൂരിൽ ഇവർ പണിത പുതിയ വീട്ടിലേക്കാണ് ആദ്യം കൊണ്ടുപോവുക. അവിടെ പൊതുദർശനത്തിനുശേഷം കുന്ദമംഗലത്തെ തറവാട്ടുവീട്ടിലേക്ക് കൊണ്ടുവരും.

തറവാടുവീടിന്റെ തെക്കുഭാഗത്തുള്ള പറമ്പിലാണ് ചിതയൊരുക്കുന്നത്. രഞ്ജിത്തിന്റെയും ഇന്ദുലക്ഷ്മിയുടെയും മധ്യത്തിൽ വൈഷ്ണവിനെ കിടത്തി ചിതയൊരുക്കാനാണ് ബന്ധുക്കളുടെ തീരുമാനം. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ മൊകവൂരിലെയും കുന്ദമംഗലത്തെയും വീടുകൾ സന്ദർശിച്ചു.

പ്രവീൺകുമാർ കെ.നായർ, ഭാര്യ ശരണ്യാശശി, മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവരുടെ ശവസംസ്‌കാരം വെള്ളിയാഴ്ച ചേങ്കോട്ടുകോണത്തെ വീട്ടുവളപ്പിൽ നടക്കും. ബുധനാഴ്ച ഉച്ചയ്ക്ക് കാഠ്മണ്ഡുവിലെ ത്രിഭൂവൻ സർവകലാശാല ആശുപത്രിയിൽ പരിശോധനയ്ക്കു ശേഷം വ്യാഴാഴ്ച ഉച്ചയോടെ ഡൽഹിയിലെത്തിച്ച മൃതദേഹങ്ങൾ രാത്രി 12 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു.

മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റാൻ അഞ്ച് ആംബുലൻസുകൾ വിമാനത്താവളത്തിനു മുന്നിൽ തയ്യാറാക്കി നിർത്തിയിരുന്നു. മുന്നിലെ ആംബുലൻസിൽ പ്രവീൺകുമാറിന്റെ ശരീരമാണ് കയറ്റിയത്. പിന്നിലെ മൂന്ന് ആംബുലൻസുകളിൽ മക്കളുടെയും ഏറ്റവും പിന്നിലെ ആംബുലൻസിൽ ശരണ്യയുടെയും മൃതദേഹങ്ങൾ കയറ്റി. പ്രവീണിന്റെ സഹോദരീഭർത്താവ് രാജേഷാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. എം.വിൻസെന്റ് എംഎ‍ൽഎ., കളക്ടർ കെ.ഗോപാലകൃഷ്ണൻ, മേയർ കെ.ശ്രീകുമാർ, തഹസിൽദാർ ജി.കെ.സുരേഷ് കുമാർ, നോർക്ക റൂട്സ് പി.ആർ.ഒ. ഡോ. വേണുഗോപാൽ എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രി കടകംപള്ളി സുരേന്ദ്രനും വേണ്ടി മൃതദേഹങ്ങളിൽ പുഷ്പചക്രം സമർപ്പിച്ചു. പ്രോട്ടോക്കോൾ ഓഫീസർ സി.വി സിയാൻ റേ മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്കു മാറ്റുന്നതിനു നേതൃത്വം നൽകി. ജില്ലാ ഭരണകൂടവും നോർക്ക റൂട്ട്സുമാണ് ഇതിനുള്ള ക്രമീകരണങ്ങൾ ചെയ്തത്.

മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെ ചേങ്കോട്ടുകോണത്ത് സ്വാമിയാർമഠം അയ്യൻകോയിക്കൽ െലയ്നിലെ രോഹിണിഭവനിലെത്തിക്കും. ഒമ്പതുമണിക്കാണ് ശവസംസ്‌കാരച്ചടങ്ങുകൾ.

മന്ത്രി കെ.കെ.ശൈലജ, ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവരുൾപ്പെടെ നിരവധിപ്പേർ വ്യാഴാഴ്ച വീട്ടിലെത്തിയിരുന്നു. പ്രവീണിന്റെ സുഹൃത്ത് കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാർ, ഭാര്യ ഇന്ദുലക്ഷ്മി, മകൻ വൈഷ്ണവ് എന്നിവരും തിങ്കളാഴ്ച രാത്രി നേപ്പാളിലെ ഡാമനിലുള്ള എവറസ്റ്റ് പനോരമ റിസോർട്ടിലുണ്ടായ ദുരന്തത്തിൽ മരിച്ചു. മുറിയിലെ ഹീറ്ററിൽനിന്ന് ചോർന്ന കാർബൺ മോണോക്‌സൈഡ് വാതകമാണ് ദുരന്തകാരണമായത്.

കേരളസർക്കാരിനു കീഴിലെ നോർക്കയുടെ ചെലവിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്. ഇതിനിടെ, ഹോട്ടൽ അനധികൃതരുടെ അനാസ്ഥയാണെന്നു ചൂണ്ടിക്കാട്ടി ഇന്ത്യൻ എംബസിക്കു പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ദുരന്തത്തിൽ നേപ്പാൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങൾ ഇഴഞ്ഞുനീങ്ങുകയാണെന്ന സംശയവും ഉയർന്നിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP