Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കർണാടകത്തിലും തമിഴ്‌നാട്ടിലും കണ്ട 'അപായ സൂചന' കേരളവും കണ്ണുതുറന്ന് കാണണം; 2030ൽ രാജ്യത്തെ 40 ശതമാനം ജനതയ്ക്കും കുടിവെള്ളം കിട്ടാതാകുമെന്ന് നീതി ആയോഗിന്റെ റിപ്പോർട്ട്; വെറും ഒരു വർഷത്തിനുള്ളൽ ഭൂഗർഭ ജലത്തിന്റെ ക്ഷാമം നേരിടാൻ പോകുന്നത് 21 പ്രധാന നഗരങ്ങൾ; രണ്ടു വർഷം മൺസൂൺ മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതും ഭീതി വിതയ്ക്കുന്നു; ഇതിനോടകം വരൾച്ചയുടെ പിടിയിലായത് 12 ശതമാനം ജനത

കർണാടകത്തിലും തമിഴ്‌നാട്ടിലും കണ്ട 'അപായ സൂചന' കേരളവും കണ്ണുതുറന്ന് കാണണം; 2030ൽ രാജ്യത്തെ 40 ശതമാനം ജനതയ്ക്കും കുടിവെള്ളം കിട്ടാതാകുമെന്ന് നീതി ആയോഗിന്റെ റിപ്പോർട്ട്; വെറും ഒരു വർഷത്തിനുള്ളൽ ഭൂഗർഭ ജലത്തിന്റെ ക്ഷാമം നേരിടാൻ പോകുന്നത് 21 പ്രധാന നഗരങ്ങൾ; രണ്ടു വർഷം മൺസൂൺ മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതും ഭീതി വിതയ്ക്കുന്നു;  ഇതിനോടകം വരൾച്ചയുടെ പിടിയിലായത് 12 ശതമാനം ജനത

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: മൺസൂൺ കാലമെത്തിയിട്ടും മഴയുടെ അളവ് ഗണ്യമായി കുറയുന്നത് നാമേവരും തിരിച്ചറിഞ്ഞ് തുടങ്ങുന്ന വേളയിലാണ് നീതി ആയോഗിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ടും ഇപ്പോൾ പുറത്ത് വരുന്നത്. രാജ്യം കണ്ട് ഏറ്റവും കഠിനമായ ജലക്ഷാമം നേരിടുന്ന വേളയിലാണ് റിപ്പോർട്ടും വരാനിരിക്കുന്ന ജലക്ഷാമത്തെ പറ്റി ഓർമ്മിപ്പിക്കുന്നത്. 2030 ആകുമ്പോഴേയ്ക്കും രാജ്യത്തെ 40 ശതമാനം ആളുകൾക്കും ശുദ്ധമായ വെള്ളം കിട്ടാതാകുമെന്ന് നീതി ആയോഗിന്റെ 2018ലെ റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല വരുന്ന ഒരു വർഷത്തിനകം രാജ്യത്തെ 21 പ്രമുഖ നഗരങ്ങളിലും ഭൂഗർഭ ജലം എന്നത് കിട്ടാക്കനിയാകുമെന്നും ഇപ്പോൾ തന്നെ രാജ്യത്തെ 12 ശതമാനം ജനതയും കൊടും വരൾച്ചയുടെ പിടിയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

മാത്രമല്ല രാജ്യത്തെ മുഖ്യ നഗരങ്ങളായ ബെംഗലൂരു, ചെന്നൈ, ഹൈദരാബാദ്, ഡൽഹി എന്നീ നഗരങ്ങൾ ഇപ്പോൾ തന്നെ വരൾച്ചയുടെ പിടിയിലാണയിക്കഴിഞ്ഞു. ഇക്കഴിഞ്ഞ വേനലിൽ ജലദൗർലഭ്യം മൂലമുള്ള പ്രശ്നങ്ങളും ചൂട് വർധിച്ചതും മൂലം ഏകദേശം 137 പേർ രാജ്യത്താകമാനം മരിച്ചുവെന്ന കണക്കും നമ്മേ ഭയപ്പെടുത്തുന്നതാണ്. മാത്രമല്ല ഭൂഗർഭ ജലം ക്രമാതീതമായി കുറയുന്നതും രാജ്യത്തെ 40 ശതമാനം ജലസേചനത്തേയും സാരമായി ബാധിച്ചിരിക്കുകയാണ്. രാജ്യത്തെ മൂന്നിൽ രണ്ട് ജലസംഭരണികളിലും ജലത്തിന്റെ അളവ് ശരാശരിയിലും താഴെയാണെന്ന് കേന്ദ്ര ജല കമ്മീഷൻ അടുത്തിടെ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു.

യുഎൻ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് പ്രകാരം ഇപ്പോൾ സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പ്രശ്നങ്ങളെ അതി ജീവിക്കാൻ സമ്പന്നർക്ക് മാത്രമേ സാധിക്കുന്നുള്ളൂവെന്നും സാധുക്കളായ ആളുകളെ ഇത് സാരമായി തന്നെ ബാധിക്കുന്നുണ്ട് എന്നതും ആശങ്കയ്ക്ക് കാരണമാവുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ചെന്നൈയിൽ വെള്ളം നൽകുന്ന നാലു റിസർവെയറുകളിൽ ജലം ഭീതിജനകാമാം വിധം കുറഞ്ഞുവെന്ന റിപ്പോർട്ടും ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകൾ സർക്കാർ വകയുള്ള കുടിവെള്ള ടാങ്കറുകളെ ആശ്രയിക്കുകയാണ്.

മാത്രമല്ല ഇത് രാജ്യത്തെ സർക്കാർ സ്‌കൂളുകളേയും ആശുപത്രികളേയും ഗുരുതരമായി ബാധിച്ചിട്ടുമുണ്ട്. ശുദ്ധമല്ലാത്ത ജലത്തിൽ പാത്രം കഴുകാനും മറ്റും മാത്രമേ ഇപ്പോൾ ഇവർക്ക് നിവൃത്തിയുള്ളൂ.കുടിവെള്ളത്തിന്റെ ഗുണം അനുസരിച്ച് 122 രാജ്യങ്ങളിൽ 120 മതാണ് ഇന്ത്യയുടെ സ്ഥാനം. ലോകത്തിലെ ശുദ്ധജലത്തിന്റെ നാല് ശതമാനം ആണ് ഇന്ത്യയിൽ ഉള്ളത്, എന്നാൽ ലോകത്തിലെ 18 ശതമാനം ആളുകളും വസിക്കുന്നത് ഇന്ത്യയിലാണ്. വരാൻ പോകുന്ന ക്ഷാമം അങ്ങനെയെങ്കിൽ 100 മില്യൺ ആളുകളെയെങ്കിലും ബാധിക്കും. ഇപ്പോൾ തന്നെ വെള്ളത്തിന്റെ ദൗർലഭ്യം കാരണം പല സ്ഥലങ്ങളിലും സ്‌കൂളുകളും, ഹോട്ടലുകളും, സ്ഥാപനങ്ങളും അടച്ചിടുന്ന അവസ്ഥ നമ്മൾ കർണാടകത്തിലും തമിഴ്‌നാട്ടിലും കണ്ടു.

600 മില്യൺ ആളുകളാണ് ഇന്ത്യയിൽ കുടിവെള്ളം കിട്ടാൻ കഷ്ടപ്പെടുന്നത്. വെള്ളം ശേഖരിക്കുന്ന വഴികളും, മഴ വെള്ള സംഭരണികളും, പുഴകളും എല്ലാം നമ്മുടെ രക്ഷക്കെത്തുന്നവരായിരുന്നു പണ്ട്, എന്നാൽ ഇപ്പോൾ കാര്യങ്ങൾ നാശത്തിന്റെ വക്കിലാണ്. അനധികൃതമായും അനിയന്ത്രിതമായും കുഴൽ കിണറുകൾ കുഴിച്ച് ഭൂഗർഭ ജലം ഊറ്റിയെടുതാണ് ഭൂഗർഭജല ലഭ്യത കുറയുന്നതിന് പ്രധാന കാരണങ്ങളിലൊന്ന്. വ്യവസായ മാലിന്യങ്ങൾ, കീടനാശിനി അടങ്ങിയ കൃഷിയിടങ്ങളിലെ വെള്ളം എന്നിവ കുടി വെള്ള സ്രോതസുകളിലേക്ക് ഒഴുക്കി കളയുക വഴി ശുദ്ധജല ലഭ്യത കുറയുന്നതിന് കാരണമായി.

പാടങ്ങൾ നികത്തിയും, കുന്നുകളും മഴകളും ഇടിച്ചുനിരത്തിയും, മരങ്ങൾ വെട്ടി നശിപ്പിച്ചും, പുഴകൾ കയ്യേറിയും സമൂഹം'വികസിക്കുമ്പോൾ' ഇല്ലാതാകുന്നത് കുടിവെള്ള സ്രോതസ്സുകളാണ്. ഊറ്റിയെടുക്കുന്ന വെള്ളം തിരിച്ച് നിറയുന്നുണ്ടോ എന്ന് ആരും അന്വേഷിക്കുന്നില്ല. വികസനത്തിന്റെ പേര് പറഞ്ഞു പണിയുന്നത് തടയണകളും കോൺക്രീറ്റ് സമുച്ചയങ്ങളും മാത്രമാണ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഭൂഗർഭജലം ഊറ്റുന്നത് നമ്മളാണ്. കൃഷി രീതികൾ മാറ്റിപിടിച്ചു വെള്ളത്തിന്റെ ഉപയോഗം കുറക്കാൻ നോക്കുമ്പോൾ നമ്മൾ വെള്ളം പക്ഷെ ധാരാളമായി വേണ്ട വിളകൾ കൃഷി ചെയുന്നു. കുടിക്കാനുള്ള വെള്ളം വൻ വിലകൊടുത്ത് വാങ്ങിക്കുന്നു.

കഴിഞ്ഞ രണ്ട് വർഷമായി വളരെ കുറഞ്ഞ അളവിലാണ് ഇന്ത്യക്ക് മഴ ലഭിക്കുന്നത്. പലയിടത്തും മഴക്കായുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ. കോംപോസിറ്റ് വാട്ടർ മാനേജ്മെന്റ് ഇൻഡക്സ് അനുസരിച്ച് ഇന്ത്യക്ക് കൊടുക്കാവുന്നതിലും രണ്ടിരട്ടി വെള്ളം ആണ് ജനങളുടെ ആവശ്യത്തിനായി ലഭ്യമാകേണ്ടത്. ഇത് ഇന്ത്യയുടെ ജിഡിപിയിൽ ആറ് ശതമാനം കുറവും ഉണ്ടാക്കിയേക്കാം എന്നും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കേന്ദ്ര സർക്കാർ തുടങ്ങിയ 'ജൽശക്തി' പദ്ധതി അനുസരിച്ച് 2024 ആകുമ്പോഴേക്കും എല്ലാവർക്കും പൈപ്പ് വഴി കുടിവെള്ളം ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പക്ഷെ വെള്ളം എവിടെ നിന്ന് വരും? വരൾച്ചാ സമയത്ത് വാഹനങ്ങൾ കുടിവെള്ളം ഉപയോഗിച്ച് കഴുകുന്ന നാടാണ്.

ഉടനെ വേണ്ട നടപടികൾ എടുക്കണം എന്നാണ് നീതി ആയോഗ് ഓർമപ്പെടുത്തുന്നത് കാരണം വെള്ളം ഇല്ലെങ്കിൽ പുറകെ അത് ഭക്ഷ്യ സുരക്ഷയേയും ബാധിക്കും. എല്ലാ സംസ്ഥാനങ്ങളും വാട്ടർ മാനേജ്മെന്റ് സംവിധാനങ്ങൾ നടപ്പിലാക്കണമെന്ന് നിർദ്ദേശമുണ്ട്. എന്നാൽ 2015-16 കാലയളവിൽ 24 സംസ്ഥാനങ്ങളിൽ 14 ഉം ഇതിനായി 50 ശതമാനത്തിൽ താഴെയുള്ള നടപടികൾ മാത്രമേ സ്വീകരിച്ചിട്ടുള്ളൂവെന്നാണ് നീതി ആയോഗിന്റെ സ്‌കോർഷീറ്റ് വ്യക്തമാക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP