Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

11400 കോടി അടിച്ചു മാറ്റിയ നീരവ് കേസാകും മുമ്പ് ഇന്ത്യ വിട്ടു; ബാങ്ക് പരാതി നൽകിയത് തട്ടിപ്പുകാരൻ സ്വിസ്റ്റസർലണ്ടിൽ സുഖവാസം തുടങ്ങിയ ശേഷം; അധികാരത്തോട് ചേർന്ന് നിന്ന് കോടികൾ അടിച്ചു മാറ്റിയ ഇന്ത്യ വിട്ട് സുഖിച്ച് ജീവിക്കുന്നവരുടെ എണ്ണം പെരുകുന്നു; മല്ല്യയും ലളിത് മോദിയും മുതൽ കോടികളുമായി നാടുവിട്ടവർ ഏറെ

11400 കോടി അടിച്ചു മാറ്റിയ നീരവ് കേസാകും മുമ്പ് ഇന്ത്യ വിട്ടു; ബാങ്ക് പരാതി നൽകിയത് തട്ടിപ്പുകാരൻ സ്വിസ്റ്റസർലണ്ടിൽ സുഖവാസം തുടങ്ങിയ ശേഷം; അധികാരത്തോട് ചേർന്ന് നിന്ന് കോടികൾ അടിച്ചു മാറ്റിയ ഇന്ത്യ വിട്ട് സുഖിച്ച് ജീവിക്കുന്നവരുടെ എണ്ണം പെരുകുന്നു; മല്ല്യയും ലളിത് മോദിയും മുതൽ കോടികളുമായി നാടുവിട്ടവർ ഏറെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) 11,400 കോടി രൂപയുടെ തിരിമറി നടത്തിയ വജ്രവ്യവസായി നീരവ് മോദിയും കുടുംബവും സ്വിറ്റ്‌സർലണ്ടിൽ സുഖവാസത്തിലാണ് ഇപ്പോൾ. കള്ളക്കളി പിടിക്കുമെന്ന് ഉറപ്പായപ്പോൾ ഈ കുടുംബം ജനുവരി ആദ്യവാരം ഇന്ത്യ വിട്ടു. പിഎൻബി സിബിഐയ്ക്കു പരാതി നൽകിയതാകട്ടെ, ജനുവരി അവസാനവും. ഇനി നീരവിനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങും. പക്ഷേ ഇത് എങ്ങും എത്തില്ല. വിജയ് മല്ല്യയ്ക്കും ലളിത് മോദിക്കും ലണ്ടനിൽ സുഖവാസമാണ്. ശതകോടികൾ വെട്ടിച്ച് മുങ്ങിയ ഈ കോടീശ്വരന്മാരുടെ പാതയിലൂടെയാണ് നീരവും മുങ്ങിയത്.

അതിനിടെ നീരവ് മോദി കുടുംബത്തിനെതിരെ സിബിഐ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. 2011 മുതൽ നടന്നുവന്ന ക്രമക്കേടു കണ്ടുപിടിക്കാൻ കഴിഞ്ഞത് ഈ ജനുവരിയിൽ മാത്രമാണെന്നു പിഎൻബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ സുനിൽ മേത്ത പറയുന്നു. നീരവ് മോദിക്കെതിരെ കർശനമായ നടപടിയെടുക്കുമെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി. എന്നാൽ നീരവിനെ രാജ്യംവിടാൻ അനുവദിച്ചതു നരേന്ദ്ര മോദി സർക്കാരാണെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി. ഇത് കേന്ദ്രസർക്കാരിനും തിരിച്ചടിയാണ്.

മുപ്പതോളം ബാങ്കുകൾ നീരവ് മോദിക്കു വായ്പ നൽകിയിട്ടുണ്ട് എന്നാണു സിബിഐ സംശയിക്കുന്നത്. ഇതെല്ലാം പിഎൻബി നൽകിയ ജാമ്യരേഖ (എൽഒയു) പ്രകാരമാണ്. എട്ട് എൽഒയു നൽകിയതായാണു സിബിഐയോടു പിഎൻബി അധികൃതർ പറഞ്ഞിട്ടുള്ളത്. എന്നാൽ 142 എൽഒയു നൽകിയതായി സിബിഐ കണ്ടെത്തി. ഇവ ഏതൊക്കെ ബാങ്കുകളാണ് ഉപയോഗിച്ചതെന്നു കണ്ടെത്താനായിട്ടില്ല. മറ്റു ബാങ്കുകളൊന്നും പരാതി നൽകിയിട്ടുമില്ല.

മല്ല്യ... മോദി.... തൽവാർ... നീരവ്

ഇന്ത്യയിലെ വിവിധ ബാങ്കുകളിൽനിന്ന് ഒൻപതിനായിരം കോടിയോളം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യംവിട്ടയാളാണ് വിവാദമദ്യവ്യവസായി വിജയ് മല്യ. മല്യയെ രാജ്യം വിടാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് 2016 മാർച്ചിൽ ചില ബാങ്കുകൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. ലണ്ടനിൽ കഴിയുന്ന മല്യയെ കഴിഞ്ഞവർഷം അറസ്റ്റുചെയ്തിരുന്നെങ്കിലും മണിക്കൂറുകൾക്കകം ജാമ്യത്തിൽ വിട്ടു. വഞ്ചനക്കുറ്റവും 9000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമാണ് മല്യയുടെ പേരിലുള്ളത്. യുപിഎ സർക്കാരിന്റെ കാലത്താണ് ഇത് നടന്നത്. ഇപ്പോൾ മോദി സർക്കാരിന്റെ കാലത്ത് നീരവും തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്നു.

ലളിത് മോദിയുടെ നാടവിടലും കേന്ദ്ര സർക്കാരിന് നാണക്കേടായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) കമ്മിഷണറായിരുന്ന ലളിത് മോദി 2010-ൽ കൊച്ചി ടീമിന്റെ ഉടമകളെ സംബന്ധിച്ച വിവരം പുറത്തുവിട്ടതാണ് വിവാദങ്ങൾക്കു തുടക്കമായത്. ഏപ്രിൽ 25-ന് മോദിയെ സാമ്പത്തികക്രമക്കേടുകളുടെപേരിൽ ഐ.പി.എൽ. കമ്മിഷണർ സ്ഥാനത്തുനിന്ന് ബി.സി.സിഐ സസ്പെൻഡ് ചെയ്തു. കുടുംബത്തിനുനേരേ ഭീഷണിയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി അദ്ദേഹം പിന്നീട് ഇംഗ്ലണ്ടിലേക്കു കടന്നു. 2011-ൽ മോദിയുടെ പാസ്പോർട്ട് റദ്ദാക്കി. ഐ.പി.എൽ. കമ്മിഷണറായിരിക്കെ വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചതിന് മോദിയുടെ പേരിൽ ഇന്റർപോളിന്റെ 'ബ്ലൂ കോർണർ' നോട്ടീസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേടിയെങ്കിലും ലണ്ടനിലെ കോടതിയിൽ മോദി അതിനെ ചോദ്യംചെയ്തു. അങ്ങനെ അവിടെ തുടരുന്നു.

ദീപക് തൽവാറും രക്ഷപ്പെട്ടവരിൽ മറ്റൊരു പ്രമുഖനാണ്. ലോകത്തിലെ വിവിധയിടങ്ങളിലായി വ്യക്തികളുടെയും കോർപറേറ്റ് ബാങ്ക് അക്കൗണ്ടുകളിലെയും ശതകോടിക്കണക്കിന് രൂപ കോർപറേറ്റ് കൺസൾട്ടന്റായ ദീപക് തൽവാറും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നിയന്ത്രിച്ചെന്നതാണ് കേസ്. ദീപക്കിന്റെ പേരിൽ ആദായനികുതി വകുപ്പ് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യു.പി.എ. സർക്കാരിന്റെ കാലത്ത് മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചില വിമാനക്കമ്പനികൾക്ക് അനർഹമായ സഹായം ലഭിച്ചിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പക്ഷേ, അതിനുമുൻപേ ദീപക് യു.എ.ഇ.യിലേക്ക് കടന്നു. അവിടെയിപ്പോൾ യാത്രാവിലക്ക് നേരിടുകയാണ്.

നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ 2016 ഏപ്രിലിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ വിവാദ ആയുധവ്യാപാരി സഞ്ജയ് ഭണ്ഡാരിയുടെ പക്കൽനിന്ന് പ്രതിരോധമന്ത്രാലയവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തി. ഡിഫൻസ് അക്വിസിഷൻ കൗൺസിലിന്റെ മുൻപാകെ സമർപ്പിച്ച പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളായിരുന്നു അത്. ഈവർഷമാദ്യം ഡൽഹി കോടതി അയാളെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചു. എന്നാൽ, അയാൾ നേപ്പാൾ വഴി രക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നീരവിന്റെ മുങ്ങൽ വാർത്ത. ഇന്ത്യയിൽ തട്ടിപ്പ് നടത്തിയാലും മറ്റൊരു രാജ്യത്ത് സുഖവാസത്തിന് സാധ്യതയുണ്ടെന്ന് നീരവും തെളിയിക്കുകയാണ്.

റെയ്ഡ് തുടർന്ന് സിബിഐ

സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) നീരവുമായി ബന്ധപ്പെട്ട 20 സ്ഥലങ്ങളിൽ പരിശോധന നടത്തി. ഇഡി നടത്തിയ പരിശോധനയിൽ 5100 കോടി രൂപയുടെ വജ്രവും സ്വർണവും പിടിച്ചെടുത്തു. നീരവ് കുടുംബത്തിന്റെയും സ്ഥാപനങ്ങളുടെയും ഏഴു മേൽവിലാസങ്ങൾ മാത്രമേ പിഎൻബി അധികൃതർ സിബിഐയ്ക്കു നൽകിയിരുന്നുള്ളൂ.

എന്നാൽ കുർളയിലെ മോദിയുടെ വീട്, പെദ്ദാർ റോഡ്, വാക്കകേശ്വർ, വർളി എന്നിവിടങ്ങളിലെ ബന്ധുക്കളുടെ വീട്, ദക്ഷിണ മുംബൈ കാലാഘോഡയിലെ ആഭരണശാല, ബാന്ദ്ര, ലോവർ പരേൽ, ഗുജറാത്തിലെ വജ്രവ്യവസായ കേന്ദ്രമായ സൂറത്തിലെ മൂന്നു കേന്ദ്രങ്ങൾ, ഡൽഹിയിലെ ചാണക്യപുരിയിലെയും ഡിഫൻസ് കോളനിലെയും മോദിയുടെ ഷോറൂമുകൾ എന്നിവയടക്കം 20 സ്ഥലങ്ങളിൽ പരിശോധന നടന്നു. കുർളയിലെ വസതി ഇഡി മുദ്ര വച്ചതായും റിപ്പോർട്ടുണ്ട്. പിഎൻബി മുൻ ചെയർമാൻ ഗോകുൽ നാഥ് ഷെട്ടിയുടെ ബോറിവെല്ലിയിലെ വീടും പരിശോധിച്ചു.

ജനുവരി ഒന്നിനു നീരവ് മോദി ഇന്ത്യവിട്ടെങ്കിലും സിബിഐയ്ക്കു പിഎൻബിയുടെ ആദ്യ പരാതി ലഭിക്കുന്നത് ജനുവരി 29ന്. പരാതിയുടെ വിവരം മുൻകൂട്ടി നീരവിനു ലഭിച്ചിരുന്നു എന്നാണ് സൂചന. കുടുംബത്തിൽ നീരവ് മോദിക്കു മാത്രമേ ഇന്ത്യൻ പൗരത്വമുള്ളൂ. നീരവിനു തൊട്ടുപിന്നാലെ സഹോദരൻ നിശാൽ ഇന്ത്യ വിട്ടു. നിശാൽ ബൽജിയം പൗരനാണ്. നീരവിന്റെ ഭാര്യ ആമിയും അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുൾ ചോക്‌സിയും യുഎസ് പൗരത്വമുള്ളവരാണ്. ഇരുവരും രാജ്യംവിട്ടതു ജനുവരി ആറിനും ഒരുമിച്ചു പോകാതെ വെവ്വേറെ ദിവസങ്ങളിൽ വ്യത്യസ്ത വിമാനങ്ങളിൽ നീരവും ബന്ധുക്കളും രാജ്യംവിട്ടതം തന്ത്രമായിരുന്നു.

നീരവ് മോദി ഇപ്പോൾ സ്വിറ്റ്‌സർലൻഡിലാണ് എന്നാണു വിവരം. മറ്റുള്ളവർ ബൽജിയത്തിലും. ദാവോസിൽ ഇത്തവണ ലോക സാമ്പത്തിക ഫോറം നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം വ്യവസായികളുടെ സംഘത്തിൽ നീരവ് മോദിയും ഉണ്ടായിരുന്നു. അന്നു പ്രധാനമന്ത്രിയോടൊപ്പം നീരവ് നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി മോദി വ്യവസായികളെ ഒപ്പം കൊണ്ടുപോയിരുന്നില്ലെന്നും ദാവോസിൽ നീരവുമായി സംഭാഷണമൊന്നും നടത്തിയില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP