Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓണം ഉഷാറാക്കാൻ സർക്കാർ നൽകിയ അരി ബാക്കി വന്നപ്പോൾ മറിച്ചുവിൽക്കാൻ നോക്കി; നെടുങ്ങപ്ര വനിതാ സഹകരണ സംഘം കേസിൽ കുടുങ്ങിയത് മറ്റൊരു സഹകരണ സംഘത്തിന് അരി വിൽക്കാൻ വകുപ്പില്ലെന്ന് അറിയാതെ; കേസായത് അരിച്ചാക്കുമായി പോയ ഓട്ടോ നാട്ടുകാർ തടഞ്ഞപ്പോൾ; നിയമം അറിയാത്തത് എക്‌സ്‌ക്യൂസല്ലെന്ന് പൊലീസും

ഓണം ഉഷാറാക്കാൻ സർക്കാർ നൽകിയ അരി ബാക്കി വന്നപ്പോൾ മറിച്ചുവിൽക്കാൻ നോക്കി; നെടുങ്ങപ്ര വനിതാ സഹകരണ സംഘം കേസിൽ കുടുങ്ങിയത് മറ്റൊരു സഹകരണ സംഘത്തിന് അരി വിൽക്കാൻ വകുപ്പില്ലെന്ന് അറിയാതെ; കേസായത് അരിച്ചാക്കുമായി പോയ ഓട്ടോ നാട്ടുകാർ തടഞ്ഞപ്പോൾ;  നിയമം അറിയാത്തത് എക്‌സ്‌ക്യൂസല്ലെന്ന് പൊലീസും

എം മനോജ് കുമാർ

കുറുപ്പുംപടി: ഓണത്തിനു നൽകിയ അരി അരി മറിച്ച് വിൽക്കാൻ ശ്രമിച്ചതിന്റെ പേരിൽ നെടുങ്ങപ്ര വനിതാ സഹകരണ സംഘത്തിനെതിരെ പൊലീസ് കേസ്. അരി കടത്തിയതിന് ഓട്ടോ ഡ്രൈവർക്ക് എതിരെ എടുത്ത കേസ് ആണ് വനിതാ സഹകരണ സംഘത്തിനു നേരെ തിരിഞ്ഞത്. അഞ്ചു ചാക്ക് അരി പൊലീസ് പിടികൂടുകയും ചെയ്തു. ഓണത്തിനു സർക്കാർ നൽകിയ അരി മറിച്ച് വിൽക്കാൻ ശ്രമിച്ചതിനാണ് ഇവർക്കെതിരെ കേസ് എടുത്തത്. അരി കടത്തിയ ഓട്ടോ നാട്ടുകാർ തടഞ്ഞു വെയ്ക്കുകയും ഡ്രൈവറെ പൊലീസിനു കൈമാറുകയുമായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അരി ചാക്കുകൾ മറ്റൊരു സഹകരണ സംഘത്തിനു കൈമാറാൻ നെടുങ്ങപ്ര വനിതാ സഹകരണ സംഘം ഏൽപ്പിക്കുകയായിരുന്നു എന്ന് ഓട്ടോ ഡ്രൈവർ മൊഴി നൽകിയത്.

അരി കൊണ്ടുവരാൻ ഓട്ടോയ്ക്ക് അനുമതി ഇല്ലാത്തതിനാലും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ സർവീസ് നടത്തിയതിന്റെ പേരിലും ഓട്ടോ പൊലീസ് പിടികൂടുകയും ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു. കഴിഞ്ഞ മാസം 23നു നടത്തിയ അരി കടത്തിന് എതിരെയാണ് ഇസി ആക്റ്റ് പ്രകാരം പൊലീസ് ഇവർക്ക് എതിരെ കേസ് എടുത്തത്. സഹകരണ സംഘം ഭാരവാഹികൾക്ക് എതിരേയാണ് അന്വേഷണമെങ്കിലും ആരെയും പ്രതി ചേർത്തിട്ടില്ലാ എന്നാണ് കറുപ്പുംപടി പൊലീസ് മറുനാടനോട് പ്രതികരിച്ചത്.

നിയമവശം അറിയാത്തതാണ് വനിതാ സഹകരണ സംഘത്തിനു വിനയായത് എന്നാണ് ലഭിക്കുന്ന വിവരം. അരി മറിച്ച് വിൽക്കാൻ തങ്ങൾക്ക് അനുമതിയില്ലാ എന്ന നിയമവശം ഇവർ ഓർത്തില്ല. തങ്ങൾക്ക് ഒരു സഹകരണസംഘത്തിൽ നിന്നും അരി സ്വീകരിക്കാൻ അനുമതിയില്ലാ എന്ന് ഇവർ നൽകിയ അരി സ്വീകരിക്കാൻ ശ്രമിച്ച സഹകരണ സംഘത്തിനും അറിയാമായിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. ഓണത്തിനു കൺസ്യൂമർഫെഡ് വഴി സർക്കാർ നൽകിയ അരിയാണ് ഇവർ മറിച്ച് വിൽക്കാൻ ശ്രമിച്ചത്. സബ്‌സിഡിയുള്ള അരിയാണ് ഇവരുടെ കയ്യിലുള്ളത്. ഈ അരി ബാക്കി വന്നാൽ മറിച്ച് വിൽക്കാൻ സഹകരണ സംഘങ്ങൾക്ക് അനുമതിയില്ല. ഇത് മറിച്ച് വിൽക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് കേസ് ആവുകയും ചെയ്തു.

മറ്റു സഹകരണ സംഘങ്ങൾക്ക് അരി നൽകാൻ നെടുങ്ങപ്ര വനിതാ സഹകരണ സംഘത്തിനു അനുമതിയില്ലാത്തതിനാലാണ് അരി കടത്തിന് ഇവർക്ക് എതിരെ കേസ് എടുത്തത്. അരി കടത്തിയ ഓട്ടോ ഡ്രൈവറെ നാട്ടുകാർ തടഞ്ഞു വയ്ക്കുകയും കുറുപ്പുംപടി പൊലീസിനു കൈമാറുകയുമായിരുന്നു. അരി നെടുങ്ങപ്ര വനിതാ സഹകരണ സംഘത്തിന്റെത് എന്ന് ഓട്ടോ ഡ്രൈവർ മൊഴി നൽകിയതിനെ തുടർന്നാണ് നെടുങ്ങപ്ര വനിതാ സഹകരണ സംഘത്തിന്നെതിരെ കേസ് എടുത്തത്. അഞ്ച് ചാക്ക് അരി ഓട്ടോ ഡ്രൈവർക്ക് ഏൽപ്പിച്ച നെടുങ്ങപ്ര സഹകരണ സംഘത്തിനും മറ്റു ഭാരവാഹികൾക്കും എതിരെയാണ് പൊലീസ് കേസ് എടുത്തത്. ഓണച്ചന്ത കഴിഞ്ഞപ്പോൾ അരി ബാലൻസ് വന്നു. എങ്കിൽ ഇത് വേറെ സഹകരണ സംഘത്തിനു കൈമാറാം എന്ന് സംഘം തീരുമാനിച്ചു. അതോടെ കോട്ടപ്പടിയുള്ള സഹകരണ സംഘത്തിനു കൈമാറാൻ ഇവർ തീരുമാനിച്ചു. ഇതാണ് ഓട്ടോ തടഞ്ഞു വയ്ക്കലിലേക്കും പൊലീസ് കേസിലെക്കും നയിച്ചത്. വിൽക്കാനും മേടിക്കാനും അധികാരമില്ലാത്തവർ ഇടപാട് നടത്തിയപ്പോൾ പൊലീസ് കേസ് ഇവർക്ക് എതിരെ വരുകയും ചെയ്തു.

രണ്ടു സഹകരണ സംഘങ്ങൾ നിയമവിരുദ്ധമായ ഇടപാട് നടത്തിയപ്പോൾ കുടുക്കിലായത് അരി കൊണ്ടുപോയ ഓട്ടോ ഡ്രൈവർ ആണ്. ഓട്ടോയുടെ ആർസിബുക്ക് ഉടമ കൂടിയായ ഡ്രൈവറുടെ കയ്യിലുണ്ടായിരുന്നില്ല. ഫിറ്റ്‌നസും ഉണ്ടായിരുന്നില്ല. ഫിറ്റ്‌നസിനു നൽകേണ്ട വണ്ടി അതില്ലാതെ തന്നെ ഓടിക്കുകയായിരുന്നു. യാത്രക്കാരെ കൊണ്ടുപോകാനുള്ള ഓട്ടോയിൽ അരി കടത്തിയതിനു ഓട്ടോ ഡ്രൈവർക്ക് നേരെ ആദ്യം പൊലീസ് എഫ്‌ഐആർ ഇട്ടു. വണ്ടി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഓട്ടോ പൊലീസ് വിട്ടു നൽകിയുമില്ല. ഇതോടെ സിസി അടയ്ക്കാനുള്ള ഓട്ടോ ഡ്രൈവർ കുടുങ്ങി. ഈ ഓട്ടോ ഓടിച്ചാണ് ഓട്ടോ ഡ്രൈവർ കുടുംബം പുലർത്തുന്നത്. അതുകൊണ്ട് തന്നെ ഓട്ടോ ഡ്രൈവർ ഇപ്പോൾ വനിതാ സഹകരണ സംഘത്തിനു പിറകെയാണ്. തന്റെ ഓട്ടോ എങ്ങിനെയെങ്കിലും വിട്ടു നല്കാൻ സഹായിക്കണം എന്നാണ് ഓട്ടോ ഡ്രൈവറുടെ ആവശ്യം. ഈ കാര്യത്തിൽ സഹകരണ സംഘത്തിന്റെ തീരുമാനവും വന്നിട്ടില്ല. ഓട്ടോ എങ്ങിനെയെങ്കിലും ഇറക്കി നൽകണം എന്നാണ് ഓട്ടോ ഡ്രൈവറുടെ ആവശ്യം.

കുറുപ്പുംപടിയിലെ രാഷ്ട്രീയവും ഈ വനിതാസഹകരണ സംഘത്തിനു വിനയായി എന്നാണ് സൂചനകൾ. യുഡിഎഫ് വനിതകൾ ആണ് നെടുങ്ങപ്ര വനിതാ സഹകരണസംഘം ഭരിക്കുന്നത്. അതുകൊണ്ട് തന്നെ രാഷ്ട്രീയ എതിർപ്പുകളും ഈ സഹകരണ സംഘത്തിനു നേർക്കുണ്ട്. സിപിഎമ്മുകാരെപ്പോലെ എല്ലാ കാര്യങ്ങളും അറിഞ്ഞുള്ള ഭരണം ഈ സഹകരണ സംഘത്തിൽ നടക്കുന്നുമില്ല. ഇത് തന്നെയാണ് അരി വിൽപ്പനയിലും കലാശിച്ചത്. വളരെ ചെറിയ സഹകരണ സംഘത്തിനു ബാക്കി വന്ന അരി സൂക്ഷിക്കാനുള്ള സംവിധാനവുമില്ല. മഴ പേടിച്ച് അരി കേടാകും എന്ന ചിന്തയിലാണ് അരി മറിച്ച് നൽകാൻ ഇവർ തീരുമാനിച്ചത് എന്നാണ് ലഭിക്കുന്ന സൂചന. എന്തായാലും വനിതാ സഹകരണ സംഘത്തിന്റെ അരി മറിച്ച് വിൽക്കലിനെതിരെ കുറുപ്പുംപടി പൊലീസ് അന്വേഷണം വ്യാപിക്കുകയാണ്. പ്രതികളെ എന്തായാലും പൊലീസ് തീരുമാനിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പ്രതികൾ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഒടുവിൽ മാത്രമാണ് പ്രതികളെ തീരുമാനിക്കുകയെന്ന് പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP