Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എന്റെ അവസരങ്ങൾ തട്ടിയെടുത്തത് നെടുമുടി വേണു'; വർഷങ്ങൾക്ക് ശേഷം തിലകന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നെടുമുടി വേണു; അത്രയേറെ അടുപ്പമുണ്ടായിട്ടും തിലകൻ ചേട്ടൻ ഇങ്ങനെ പറഞ്ഞത് ഒരുപാട് വേദനിപ്പിച്ചു; സത്യത്തിൽ നടന്നത് എന്താണെന്ന് ലോഹിതദാസ് പറഞ്ഞു; വിവാദങ്ങളോട് നെടുമുടി വേണു പ്രതികരിക്കുന്നു

'എന്റെ അവസരങ്ങൾ തട്ടിയെടുത്തത് നെടുമുടി വേണു'; വർഷങ്ങൾക്ക് ശേഷം തിലകന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നെടുമുടി വേണു; അത്രയേറെ അടുപ്പമുണ്ടായിട്ടും തിലകൻ ചേട്ടൻ ഇങ്ങനെ പറഞ്ഞത് ഒരുപാട് വേദനിപ്പിച്ചു; സത്യത്തിൽ നടന്നത് എന്താണെന്ന് ലോഹിതദാസ് പറഞ്ഞു; വിവാദങ്ങളോട് നെടുമുടി വേണു പ്രതികരിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രമാണ് ഹിസ് ഹൈനസ് അബ്ദുള്ള. 1990ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാലിനും നെടുമുടി വേണുവിനും എക്കാലകത്തും ഓർമയിൽ വെക്കാവുന്ന വേഷങ്ങളാണ് ലഭിച്ചതും. ഈ ചിത്രം തന്നെയാണ് നെടുമുടി വേണുവിനെതിരെ തിരിയാൻ അന്തരിച്ച നടൻ തിലകന് പ്രേരണയായതും. നെടുമുടി വേണു ഈ വേഷം തട്ടിയെടുക്കുകയായിരുന്നുവെന്ന് തിലകൻ പല മാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം ഈ വിവാദങ്ങളോട് പ്രതികരിക്കുകയാണ് നെടുമുടി വേണു.

മലയാള സിനിമയിലെ ഒറ്റയാനെന്ന വിശേഷണമാകും തിലകന് ചേരുക. അഡ്ജസ്റ്റുമെന്റുകളോട് സന്ധി ചെയ്യാത്ത നടൻ. അത് ജീവിതത്തിലായാലും സ്വന്തം ജോലിയിലായാലും. ഒരുകാലത്ത് തിലകനുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിലൊന്നാണ് നെടുമുടി വേണുവുമായുള്ള പ്രശ്നം. വേണു തന്റെ റോൾ തട്ടിയെടുത്തുവെന്ന് തിലകൻ ആരോപിച്ചു. ഹിസ് ഹൈനസ് അബ്ദുള്ളയിലെ വേഷമാണ് വേണു സ്വന്തമാക്കിയതെന്ന് തിലകൻ അന്ന് പറഞ്ഞത്.

തിലകന്റെ വാക്കുകൾ ഇങ്ങനെ- നെടുമുടിവേണു മാത്രമല്ല അദ്ദേഹത്തിന്റെ കൂടെ മറ്റുപലരുമുണ്ട്. ഞാനാരുടെയും പേര് എടുത്ത് പറഞ്ഞിട്ടില്ല. നെടുമുടി വേണുവിന്റെ പേര് മാത്രമേ പറഞ്ഞിട്ടുള്ളൂ. അത് പറയാനൊരു കാരണമുണ്ട്. 1990 ലാണെന്നാണ് എന്റെ ഓർമ. എന്നെപ്പോലൊരു സീനിയർ ആർട്ടിസ്റ്റിന് ഹിസ് ഹൈനസ് അബ്ദുള്ളയിൽ എഴുതിവന്നപ്പോൾ വേഷമില്ലെന്ന് പറഞ്ഞത് ഞാൻ വിശ്വസിക്കണോ. ഒരിക്കലും വിശ്വസിക്കില്ല. ആ റോൾ എന്നിൽ നിന്ന് തട്ടിയെടുത്തതാണ്. എന്നോട് പറഞ്ഞ തമ്പുരാൻ നെടുമുടിവേണു എടുത്ത തമ്പുരാൻ തന്നെയാണ്.

തിലകന്റെ ഈ ആരോപണങ്ങൾക്ക് അടുത്തിടെ ഒരു ചാനലിനു നല്കിയ അഭിമുഖത്തിൽ നെടുമുടി വേണു നല്കിയ പ്രതികരണം ഇങ്ങനെ- വേദന തോന്നിയത് അദ്ദേഹം അങ്ങനെ പറഞ്ഞതു കൊണ്ടല്ല. ഞങ്ങൾ ഒന്നിച്ച് ഉറങ്ങുകയും ഉണ്ണുകയും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഞാനൊരു സിനിമ സംവിധാനം ചെയ്തപ്പോൾ അതിൽ കേന്ദ്ര കഥാപാത്രം ചെയ്തത് തിലകൻ ചേട്ടനാണ്. ഗോപി ചേട്ടന് വേണ്ടിയാണ് ആദ്യം ആലോചിചത്. പിന്നീട് അദ്ദേഹത്തിന് വയ്യാതായതോടെ തിലകൻ ചേട്ടൻ അഭിനയിക്കുകയായിരുന്നു. ഇങ്ങനെയൊക്കെ ഉണ്ടായിട്ടും ഒരു സുപ്രഭാതത്തിൽ ഇരുന്ന് ഇങ്ങനെ പറയുക എന്നു പറഞ്ഞാൽ അതെന്റെ ജീവിതത്തെ ഒരുപാട് വേദനിപ്പിച്ചു.

അദ്ദേഹത്തെപ്പറ്റി എന്നോട് പലരും പലകാര്യങ്ങളും പറയുമായിരുന്നു. തിലകൻ ചേട്ടനോട് തന്നെ എന്നെക്കുറിച്ചും പല തെറ്റായകാര്യങ്ങളും പറയാറുണ്ടായിരുന്നു. ആ മാനസികാവസ്ഥയിൽ അദ്ദേഹം പെട്ടന്ന് പ്രതികരിക്കും. അത്ര സാധുവായിരുന്നു തിലകൻ ചേട്ടൻ. അങ്ങനെ ആരെങ്കിലുമൊക്കെ പറഞ്ഞു കൊടുത്ത് തെറ്റിദ്ധാരണ വന്നതാകാം. അങ്ങനെയാണ് ഞാൻ സ്വയം സമാധാനിച്ചത്.- നെടുമുടി വേണു പറഞ്ഞു നിർത്തുന്നു.

വർഷങ്ങൾക്കു മുമ്പ് ഒരു ഇന്റർവ്യൂവിൽ ഹിസ് ഹൈനസ് അബ്ദുള്ളയിലെ വിവാദത്തെപ്പറ്റി നെടുമുടി പറഞ്ഞ വിശദീകരണം ഇങ്ങനെ- ഞാൻ ലോഹിതദാസിനോട് ചോദിച്ചു തിലകൻ ചേട്ടൻ ഇങ്ങനൊരഭിപ്രായം പറയുന്നുണ്ടല്ലോ അദ്ദേഹത്തെ ആദ്യം വിളിച്ച് ഇങ്ങനൊരു റോളു കൊടുത്തില്ല. ആ റോളാണിപ്പോൾ എനിക്കു തന്നതെന്ന് പറയുന്നുണ്ടല്ലോ. ലോഹിതദാസ് എന്നോട് പറഞ്ഞു. ചേട്ടാ ഈ ഉദയവർമ്മ തമ്പുരാൻ എന്നു പറയുന്നതാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ആ കഥാപാത്രം ചേട്ടനെ തന്നെയാണ് ഞാനുദ്ദേശിച്ചത്. ബാക്കി കുറെ തമ്പുരാക്കന്മാരുണ്ട്. ഇദ്ദേഹത്തിന്റെ അനന്തരവന്മാരായിട്ടുള്ള കഥാപാത്രങ്ങൾ. എം.എസ്. തൃപ്പൂണിത്തുറയും, നമ്മുടെ കരമന ജനാർദ്ദനൻ നായരും, എം.ജി. സോമനും ഒക്കെ അഭിനയിച്ച കഥാപാത്രങ്ങൾ. അതിലൊരു തമ്പുരാനെയാണ് തിലകൻ ചേട്ടന് ഞാനുദ്ദേശിച്ചത്. പക്ഷേ, തിലകൻ ചേട്ടനൊരുപാട് തിരക്കുള്ളതുകൊണ്ടും ഈ കഥാപാത്രം ചെറുതാണെങ്കിലും കൂടുതൽ ദിവസം നിൽക്കേണ്ടിവരുമെന്നത്‌കൊണ്ടും തിലകൻ ചേട്ടനെ ഒഴിവാക്കിയതെന്നാണ് ലോഹിതദാസ് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP