Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിമാനങ്ങൾക്കു അടിതെറ്റുന്നതു നെടുമ്പാശേരിയിൽ തുടർക്കഥ; പലപ്പോഴും ദുരന്തം വഴി മാറുന്നത് ഭാഗ്യത്തിന്റെ ചിറകിലേറി; വിമാനങ്ങൾ അടിക്കടി തെന്നി നീങ്ങുമ്പോഴും എല്ലാം ഭദ്രമെന്നു പറഞ്ഞ് അധികൃതർ; മഴയും കാറ്റും വിമാനത്താവളത്തെ വട്ടമിട്ടു പറക്കുമ്പോൾ ഡയറക്ടർ ജനറലിന്റെ മുന്നറിയിപ്പിന് പുല്ലുവില; സുരക്ഷയിൽ ഇന്ത്യൻ എയർപോർട്ടുകൾ കൂടുതൽ പിന്നിലേക്ക്

വിമാനങ്ങൾക്കു അടിതെറ്റുന്നതു നെടുമ്പാശേരിയിൽ തുടർക്കഥ; പലപ്പോഴും ദുരന്തം വഴി മാറുന്നത് ഭാഗ്യത്തിന്റെ ചിറകിലേറി; വിമാനങ്ങൾ അടിക്കടി തെന്നി നീങ്ങുമ്പോഴും എല്ലാം ഭദ്രമെന്നു പറഞ്ഞ് അധികൃതർ; മഴയും കാറ്റും വിമാനത്താവളത്തെ വട്ടമിട്ടു പറക്കുമ്പോൾ ഡയറക്ടർ ജനറലിന്റെ മുന്നറിയിപ്പിന് പുല്ലുവില; സുരക്ഷയിൽ ഇന്ത്യൻ എയർപോർട്ടുകൾ കൂടുതൽ പിന്നിലേക്ക്

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: തൊണ്ണൂറുകളിൽ ആർക്കും വേണ്ടാതെ കിടന്ന പാടശേഖരണമാണ് അങ്കമാലിക്കടുത്ത നെടുമ്പാശേരി. ഒരു മഴ പെയ്താൽ വെള്ളക്കെട്ടാകുന്ന പ്രദേശം. ഇവിടെ ഒരു അന്തരാഷ്ട്ര വിമാനത്താവളം എന്ന ആശയം അന്നത്തെ മുഖ്യമന്ത്രി കരുണാകരൻ ഉയർത്തിയപ്പോൾ റിയൽ എസ്റ്റേറ്റ് കച്ചവടത്തിന് ആണെന്ന് പറഞ്ഞു കണ്ണ് ചുളിച്ചവരാണ് സാദാ മലയാളികൾ. അക്കാലത്തു നടന്ന മുഴുവൻ ഭൂ ഇടപാടുകളിലും കരുണാകരന്റെ മകൻ മുരളീധരന്റെ പേരും കൂട്ടിച്ചേർക്കപ്പെട്ടു. അതൊക്കെ പഴയ കഥ. ഒടുവിൽ 19 വർഷം മുൻപ് നെടുമ്പാശേരിയെന്ന വിമാനത്താവളം യാതാർഥ്യമായി.

നിർമ്മാണ വൈദ്യഗ്ധ്യം മൂലം ആയിരിക്കാം വെള്ളക്കെട്ടൊന്നും കാര്യമായി വിമാനത്താവളത്തെ ബാധിച്ചില്ല. ലോകത്തിനു മുന്നിൽ ഇപ്പോൾ കേരളത്തിന്റെ അഭിമാനമായി മാറുകയാണ് നെടുമ്പാശേരി വിമാനത്താവളം. പാരമ്പര്യ ഊർജ്ജ ഉപയോഗം വഴി പ്രവർത്തിക്കുന്ന എയർപോർട്ട് എന്ന നിലയിൽ ഐക്യ രാഷ്ട്ര സംഘടനയുടെ വഴി ബഹുമതി നേടിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ ഇടുക്കി അണക്കെട്ടു തുറന്നു വിട്ടപ്പോൾ ലോകമെങ്ങും ഉള്ള പ്രവാസി മലയാളികൾ വിമാനത്താവളത്തിന്റെ പ്രവർത്തനം മുടങ്ങുമെന്നു ഭയപ്പെട്ടു. ബ്രിട്ടനിൽ നിന്നടക്കം നാട്ടിൽ എത്താനിരുന്ന മൃതദേഹ സംസ്‌ക്കാരം ഒടുവിൽ പ്രവാസ മണ്ണിൽ ആകുകയും ചെയ്തു. ഭയപ്പെട്ടത് പോലെ റൺവേയിൽ വിമാനങ്ങൾക്കു പറന്നുയരാൻ കഴിയാത്ത വിധം വെള്ളം കയറിയതുമില്ല. ഒരൊറ്റ ദിവസം മുൻകരുതൽ എന്ന നിലയിൽ ഏതാനും മണിക്കൂർ മാത്രമാണ് വിമാനത്താവള പ്രവർത്തനം നിർത്തി വച്ചത്.

എന്നാൽ മറ്റു വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നെടുമ്പാശേരിയിൽ വിമാനങ്ങൾ അടിക്കടി റൺവേയിൽ നിന്ന് തെന്നിമാറുന്നതിൽ കാലാവസ്ഥയുടെ റോളും റിസ്‌ക് എടുക്കുന്നതിൽ എയർപോർട്ട് മാനേജ്‌മെന്റിന്റെ താൽപ്പര്യവും ആശങ്കയ്ക്ക് വഴിമാറുകയാണ്. ലോകത്തു വിമാനത്താവള സുരക്ഷയിൽ ഇന്ത്യൻ എയർപോർട്ടുകൾ പിന്നിലാണെന്ന റിപ്പോർട്ടും തുടർന്ന് കാലാവസ്ഥയെ പ്രത്യേകം കരുതലോടെ കാണണമെന്ന ഡിജിസിഎ തലവന്റെ പ്രത്യേക മുൻകരുതൽ റിപ്പോർട്ടും നിലനിൽക്കെയാണ് നെടുമ്പാശേരിയിൽ വിമാനങ്ങളുടെ തെന്നിമാറൽ എന്നത് പ്രത്യേക ശ്രദ്ധ ആകർഷിക്കുകയാണ്.

ഇന്നലെ പുലർച്ചെ നിറയെ യാത്രക്കാരുമായി എത്തിയ കുവൈറ്റ് എയർവേയ്‌സിന്റെ കെ യു 357 വിമാനം റൺവേയിൽ നിന്ന് തെന്നി നീങ്ങിയതോടെ വിമാനങ്ങൾക്കു നെടുമ്പാശേരിയിൽ അടിതെറ്റുന്നത് ഭയാശങ്ക വളർത്തുകയാണ്. വിമാനത്തിന്റെ ചിറകു തട്ടി റൺവേയിലെ അഞ്ചു ലൈറ്റുകൾ നശിച്ചു. പുലർച്ചെ നാലരയോടെയാണ് സംഭവം. അരമണിക്കൂർ വൈകിയാണ് വിമാനം ലാൻഡ് ചെയ്തത്. തുടർന്ന് പിന്നാലെയെത്തിയ ദുബായ് ഇൻഡിഗോ വിമാനം കോയമ്പത്തൂരിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു. കുവൈറ്റ് വിമാനം ലാൻഡ് ചെയ്യുമ്പോൾ ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. വിമാനം റൺവേയുടെ മധ്യഭാഗത്തു നിന്നും തെന്നിമാറിയാണ് നിലയുറപ്പിച്ചത്. വിമാനം നിയന്ത്രണം നഷ്ടമാകും മുൻപേ വരുതിയിലാക്കാൻ പൈലറ്റിന് സാധിച്ചതിനാൽ വലിയൊരു അപകടം തലനാരിഴക്ക് ഒഴിവായി.

ഒരു മാസത്തിനിടെ രണ്ടു വട്ടമാണ് ഇത് സംഭവിച്ചിരിക്കുന്നത്. ജൂലൈ 13 നു അപകടത്തിൽ പെട്ടത് ഖത്തർ എയർവേയ്‌സ് വിമാനമാണ്. അന്നും വിമാനം നിലത്തോട്ട ശേഷം റൺവേയിലൂടെ നീങ്ങുമ്പോൾ ശക്തമായ മഴയിൽ നിലതെറ്റുക ആയിരുന്നു. അന്നത്തെ സംഭവത്തിൽ ഒരു ലീഡ് ലൈറ്റിന് കേടുപാട് പറ്റിയിരുന്നു. ഇത്തരം ചെറിയ അപകടങ്ങളിൽ റൺവേയുടെ റോൾ ഇനിയും പരിശോധിക്കപ്പെട്ടിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. കാറ്റും മഴയുമാണ് വില്ലൻ റോൾ എടുക്കുന്നതെങ്കിൽ കൺട്രോൾ റൂം വിമാനം ലാൻഡ് ചെയ്യാൻ അനുമതി നൽകുന്നതും അന്താരാഷ്ട്ര ചട്ടങ്ങൾക്ക് എതിരാണ്. ഈ വർഷം തന്നെ മെയ് 27 നു 248 യാത്രക്കാരുമായി എത്തിയ ശ്രീലങ്കൻ വിമാനവും കൊച്ചിയിൽ അപകടത്തിൽ പെട്ടിരുന്നു. ലാൻഡിങ്ങിന്റെ ശക്തമായ കാറ്റിലാണ് വിമാനത്തിന് നിലതെറ്റിയത്. ശക്തമായ കാറ്റു വിമാനത്തെ റൺവേയിൽ ഒരു മീറ്ററോളം ദൂരത്തേക്ക് തള്ളി മാറ്റിയിരുന്നു. അന്നത്തെ സംഭവത്തിൽ റൺവേ 50 മിനിറ്റ് അടച്ചിരുന്നു. മുംബയിൽ നിന്ന് എത്തേണ്ടിയിരുന്ന ജെറ്റ് എയർവേയ്‌സ് വിമാനം വഴി തിരിച്ചു വിടുകയൂം ചെയ്തു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 102 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം റൺവേയിൽ തെന്നി ഓടയിൽ പതിച്ച സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അബുദാബിയിൽ നിന്നും പുലർച്ചെ രണ്ടരക്ക് എത്തിയ വിമാനത്തിൽ നിന്നും യാത്രക്കാരെ കോവണി ഉപയോഗിച്ചാണ് തുടർന്ന് അടിയന്തിരമായി നിലത്തിറക്കിയത്. വിമാനം 90 മീറ്ററോളമാണ് തെന്നി നീങ്ങി ഒടുവിൽ കാനയിൽ നിലയുറപ്പിച്ചത്. സംഭവത്തിൽ ഡിജിസിഎ അന്വേഷണവും നടത്തിയിരുന്നു. കഴിഞ്ഞ ഏതാനും മാസത്തെ കണക്കെടുത്താൽ ഇത്തരം സംഭവങ്ങൾ അടിക്കടി റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്നും വക്തമാകും. അന്തരീക്ഷത്തിലെ ഈർപ്പം റൺവേയിൽ തങ്ങുന്നതാണോ ഇതിനു കാരണം എന്നതടക്കം ഉള്ള കാര്യങ്ങൾ പരിശോധിക്കപ്പെട്ടില്ലെങ്കിൽ ഒരു ദുരന്തത്തിന് വേണ്ടി കാത്തിരിക്കുന്ന അവസ്ഥയാണ് എയർപോർട്ടിൽ നിന്നും ലഭിക്കുന്നത്.

അതിനിടെ കാലാവസ്ഥ വില്ലനാകുന്ന സാഹചര്യത്തിന് അടിയന്തര പ്രാധാന്യം നല്കണമെന്ന ഡിജിസിഎ ഡയറക്ടർ ജനറലിന്റെ സമീപകാല ഉത്തരവ് മുന്നിലിരിക്കെയാണ് സിയാൽ അധികൃതർ കാറ്റിനെയും മഴയെയും വെല്ലുവിളിക്കാൻ ശ്രമിക്കുന്നതെന്നു ഭയക്കേണ്ടിയിരിക്കുന്നു. കാറ്റും മഴയും ശക്തമായ ദിവസങ്ങളിൽ നെടുമ്പാശേരിയിൽ ആടിയുലഞ്ഞു എത്തി ലാൻഡ് ചെയ്യുന്ന വിമാനങ്ങൾ സംഭ്രമജനകമായ കാഴ്ചയാണ്. ഇക്കഴിഞ്ഞ ഒക്ടോബർ പത്തിനാണ് ഇത് സംബന്ധിച്ച് പ്രത്യേക സുരക്ഷ മുൻകരുതൽ എടുക്കണമെന്ന് ഡിജിസിഎ വിമാനത്താവളങ്ങൾക്കു മുന്നറിയിപ്പ് നൽകിയത്. കാലാവസ്ഥയിൽ ഓരോ സമയത്തും ഉണ്ടാകുന്ന മാറ്റങ്ങൾ പ്രത്യേക നിരീക്ഷണം വേണമെന്ന് ഡിജിസിഎ പറഞ്ഞിട്ടും കേരളം ഒട്ടാകെ മഴക്കെടുതിയിൽ ഭീക്ഷണി നേരിടുമ്പോളാണ് സിയാൽ അധികൃതർ ലാഘവത്തോടെ വിമാനത്താവള പ്രവർത്തനം കൈകാര്യം ചെയ്യുന്നതെന്ന് വിമാനങ്ങളുടെ തെന്നിമാറൽ തെളിയിക്കുന്നു.

ശക്തമായ മഴയിലും മൂടൽ മഞ്ഞിലും റൺവേയിലെ ടാർമാർക് സംവിധാനവും മറ്റും പൈലറ്റിന് കൃത്യമായി കാണാൻ സാധിക്കാതെ വരുന്നതും ഇത്തരം തെന്നിമാറലുകൾക്കു കാരണമാണ്. ഇക്കാര്യം ഡിജിസിഎ മുന്നറിയിപ്പു നൽകുന്നുണ്ട്. കൂടാതെ മൺസൂൺ സമയത്തു റൺവേയിലെ ദിശ സൂചിപ്പിക്കുന്ന പെയിന്റിങ്ങും മറ്റും റീ മാർക്ക് ചെയ്തിരിക്കണമെന്നും സിവിൽ ഏവിയേഷൻ മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. റൺവേയിലെ ജലസാന്നിധ്യം പൈലറ്റിനെ കൃത്യമായി ധരിപ്പിക്കണം എന്നതാണ് അന്താരാഷ്ട്ര ചട്ടം. വിമാനത്താവളത്തിലെ അഴുക്കു ചാലുകൾ ചണ്ടിയടിഞ്ഞു ജല നിർഗമനം തടസപ്പെടുത്താൻ സാധ്യത ഉള്ളതിനാൽ ഇക്കാര്യം കൃത്യമായി വിലയിരുത്തണം എന്നതും മുന്നറിയിപ്പിലെ കാതലാണ്. സമീപകാലത്തു എയർപോർട്ടിൽ ഉണ്ടായ വെള്ളക്കെട്ട് പരിഗണിക്കുമ്പോൾ ഇത്തരം കാര്യങ്ങളിൽ അധികൃതർ വേണ്ടത്ര ശ്രദ്ധ നൽകുന്നുണ്ടോ എന്നതും സംശയാസ്പദമാണ്, വിമാനങ്ങൾ അടിക്കടി നില തെറ്റുന്ന റിപോർട്ടുകൾ എത്തുന്ന സാഹചര്യത്തിൽ.

മൺസൂൺ സമയത്തു കാറ്റിന്റെ ശക്തി അധികരിക്കും എന്നതിനാൽ കൂടുതൽ തയ്യാറെടുപ്പുകളുമായി വേണം വിമാനങ്ങൾ ലാൻഡിങ്ങിന് തയാറാകാൻ എന്നും ഡിജിസിഎ വ്യക്തമാക്കുന്നു. തെന്നൽ തടയാൻ ഇരു ഭാഗത്തും ഉള്ള ചക്രങ്ങൾക്കിടയിൽ ആറു വീതം എങ്കിലും ചോക്കുകൾ ഉണ്ടായിരിക്കണം എന്നതാണ് പ്രധാന നിർദ്ദേശം. വെള്ളക്കെട്ടുള്ള വിമാനത്താവളങ്ങളിൽ ഇന്ധനം നിറയ്കുമ്പോൾ ജലാംശം കടക്കാൻ ഉള്ള സാധ്യതയും കൃത്യമായി പരിശോധിക്കപ്പെടണം എന്നും ഡിജിസിഎ മുന്നറിയിപ്പിൽ ഉണ്ട്. ഇന്ത്യയിൽ വിമാനത്താവളങ്ങൾ സുരക്ഷയുടെ കാര്യത്തിൽ ആശങ്ക സൃഷ്ടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നു കഴിഞ്ഞ മാസമാണ് ദി ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ഡിജിസിഎക്കു മുന്നറിയിപ്പ് നൽകിയത്. യൂണിവേഴ്‌സസൽ സേഫ്റ്റി ഓഡിറ്റിൽ ഇതോടെ ഇന്ത്യയുടെ റാങ്കിങ് താഴേക്ക് ഇറങ്ങുകയും ചെയ്തു. ഈ റിപ്പോർട്ടിൽ പാക്കിസ്ഥാനും നേപ്പാളിനും താഴെയാണ് ഇന്ത്യയുടെ സ്ഥാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP