Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെട്ടിമുടിയിലെ മണ്ണിടിച്ചിൽ കവളപ്പാറയിൽ ഉണ്ടായതിന് സമാനമെങ്കിലും സാഹചര്യം വ്യത്യസ്തമെന്ന് എൻഡിആർഎഫ് മേധാവി; മണ്ണിനടിയിൽ പെട്ട മുഴുവൻ ആളുകളെയും പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും രേഖാ നമ്പ്യാർ; പുഴയുടെ തീരത്തും പരിശോധന നടത്തുമെന്നും വിശദീകരണം

പെട്ടിമുടിയിലെ മണ്ണിടിച്ചിൽ കവളപ്പാറയിൽ ഉണ്ടായതിന് സമാനമെങ്കിലും  സാഹചര്യം വ്യത്യസ്തമെന്ന് എൻഡിആർഎഫ് മേധാവി; മണ്ണിനടിയിൽ പെട്ട മുഴുവൻ ആളുകളെയും പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും രേഖാ നമ്പ്യാർ; പുഴയുടെ തീരത്തും പരിശോധന നടത്തുമെന്നും വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

മൂന്നാർ: പെട്ടിമുടിയിൽ മണ്ണിനടിയിൽ അകപ്പെട്ട മുഴുവൻ ആളുകളുടെയും ശരീരം പുറത്തെടുക്കാൻ ആകുമെന്നാണ് പ്രതീക്ഷയെന്ന് എൻഡിആർഎഫ് മേധാവി രേഖാ നമ്പ്യാർ. മണ്ണിടിച്ചിൽ കവളപ്പാറയിൽ ഉണ്ടായതിന് സമാനമാണ്. എന്നാൽ, കവളപ്പാറയേക്കാൾ വ്യത്യസ്ത സാഹചര്യമാണ് പെട്ടിമുടിയിലെന്നും അവർ ചൂണ്ടിക്കാട്ടി. കവളപ്പാറയിൽ മണ്ണിടിച്ചിൽ വിശാലമായ പ്രദേശത്തായിരുന്നു. എന്നാൽ, ഇവിടെ ദുരന്തം നടന്നത് ചെറിയ ഒരുപ്രദേശത്താണെന്നും അവർ ചൂണ്ടിക്കാട്ടി.

തിരച്ചിലിന് 55 സംഘമാണുള്ളതെന്നും കോവിഡ് നിലനിൽക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും അവർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവരുടെ സുരക്ഷയും പ്രധാനമാണെന്നും അവർ കൂട്ടിച്ചേർത്തു. മണ്ണിടിച്ചിൽ കവളപ്പാറയിലേത് പോലെ വ്യാപിച്ചിട്ടില്ലെങ്കിലും പ്രദേശത്ത് എത്തിച്ചേരുക പ്രയാസമണെന്ന് അവർ കൂട്ടിച്ചേർത്തു. മണ്ണിടിച്ചിലിൽ 83 പേർ കുടുങ്ങിയതായാണ് സംശയിക്കുന്നത്. ഇന്നലെ വൈകുന്നേരം രണ്ട് ടീം എത്തിയിരുന്നതായും ഇന്ന് രാവിലെ തന്നെ തിരച്ചിൽ പുനരാരംഭിച്ചതായും രേഖ നമ്പ്യാർ പറഞ്ഞു.

നാല് ലൈനുകളിലാണ് വീടുകളുണ്ടായിരുന്നത്. ഒരു ലൈൻ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കി മൂന്ന് ലൈനുകൾ പരിശോധിക്കുന്നു. അടുത്ത് പുഴയുള്ളതിനാൽ മൃതദേഹങ്ങൾ അവിടെ പുതഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. പുഴയുടെ തീരത്തും പരിശോധന നടത്തുമെന്നും അവർ പറഞ്ഞു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. രാവിലെ തന്നെ തിരച്ചിൽ പുനരാരംഭിച്ചിരുന്നു.

നേരത്തെ പരിശോധന നടന്ന സ്ഥലത്തുനിന്ന് ഇടത് വശംമാറിയുള്ള പരിശോധനയാണ് എൻഡിആർഎഫ് നടത്തുന്നത്. എൻഡിആർഎഫ് മേധാവി രേഖ നമ്പ്യാർ അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് തിരിച്ചിൽ പുരോഗമിക്കുന്നത്. തെളിഞ്ഞ കാലാവസ്ഥയുള്ളത് രക്ഷാപ്രവർത്തനങ്ങൾക്ക് സഹായകമായി. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വെള്ളിയാഴ്ച അർധരാത്രിയോടു കൂടി തിരച്ചിൽ നിർത്തിവെച്ചത്. പ്രദേശത്ത് കനത്ത മഴയും മൂടൽ മഞ്ഞും അനുഭവപ്പെട്ടിരുന്നു. കാഴ്ച തടസ്സപ്പെട്ടതോടെയാണ് തിരച്ചിൽ നിർത്തി വെക്കാൻ തീരുമാനിച്ചത്.

ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്കും കോലഞ്ചേരി മെഡിക്കൻ കോളജിലേക്കും മാറ്റി. പെട്ടിമുടിക്ക് താഴെ ആറ് കുത്തിയൊഴുകുന്നുണ്ട്. വീടിന്റെ അവശിഷ്ടങ്ങൾ അടക്കം ആറിലേക്ക് പതിച്ചിട്ടുണ്ട്. മാങ്കുളം ഭാഗത്ത് വീടിന്റെ അവശിഷ്ടങ്ങളും വീട്ടുപകരണങ്ങളും വെള്ളത്തിൽ ഒഴുകിപ്പോകുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുമെന്ന് ദേവികുളം സബ് കളക്ടർ പ്രേംകൃഷ്ണൻ പറഞ്ഞു.

രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ തിരച്ചിൽ നടത്തുന്നതിനായി വിദഗ്ദധ പരിശീലനം ലഭിച്ച 27 അംഗങ്ങളടങ്ങിയ ഫയർ & റസ്‌ക്യൂ സ്പെഷ്യൽ ടീമിനെ കൂടി തിരുവനന്തപുരത്തു നിന്നും അയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി എംഎം മണിയും വ്യക്തമാക്കി. താനിപ്പോൾ പെട്ടിമുടി സന്ദർശിക്കുമെന്നും റവന്യൂമന്ത്രിയും വൈകാതെ സ്ഥലം സന്ദർശിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പെട്ടിമുടിയിലെയും കരിപ്പൂരിലെയും സംഭവങ്ങൾ അതീവ വേദനയുണ്ടാക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പെട്ടിമുടിയിൽ അന്തരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ എല്ലാ സഹായവും നൽകുമെന്നും മന്ത്രി അറിയിച്ചു. കമ്പനിയുടെ നിയമപരമായ തൊഴിലാളികളാണ് മരിച്ച എല്ലാവരും. അതിനാൽ തന്നെ കമ്പനിക്ക് ഉത്തരവാദിത്വം സ്വഭാവികമായും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും കാര്യങ്ങൾ സങ്കീർണമാണെന്നും പ്രദേശത്ത് മഴ ഇപ്പോഴും തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡാമുകളിലെല്ലാം വെള്ളം നിറയുന്നുണ്ട്. അതിനാൽ ചെറിയ ഡാമുകളെല്ലാം തുറന്നുവിട്ടിരിക്കുകയാണ്. ഇടുക്കി ഡാം തുറന്നുവിടേണ്ട ഘട്ടമെത്തിയാൻ തുറന്നുവിടാൻ മുന്നേ തീരുമാനിച്ചിരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. അപകടത്തിൽനിന്ന് രക്ഷപ്പെടുത്തിയ 11 പേരിൽ ഒരാളൊഴികെയുള്ളവർ അപകടനില തരണം ചെയ്തു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തുടരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP