Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

കടലൂരിലെ ഷൂട്ടിങ് സൈറ്റിൽ നിന്നും കസ്റ്റഡിയിൽ എടുത്ത വിജയിനെ പനയൂരുള്ള വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തി ആദായനികുതി വകുപ്പ്; പുലർച്ചെ വരെ നടന്ന ചോദ്യം ചെയ്യലും തെളിവെടുപ്പും കൂടി ആയതോടെ ഇളയദളപതിക്ക് സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രി; താരത്തെ പൊക്കിയതിൽ അരിശംപൂണ്ട് തമിഴ്‌നാട്ടിലെയും കേരളത്തിലെയും ആരാധകർ; ട്വിറ്ററിൽ ഹാഷ്ടാഗിൽ പ്രതിഷേധം ശക്തം; ആദായ നികുതി വകുപ്പ് പിടിമുറുക്കിയത് 180 കോടി രൂപ മുടക്കി നിർമ്മിച്ച 'ബിഗിൽ' 300 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾക്ക് പിന്നാലെ

കടലൂരിലെ ഷൂട്ടിങ് സൈറ്റിൽ നിന്നും കസ്റ്റഡിയിൽ എടുത്ത വിജയിനെ പനയൂരുള്ള വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തി ആദായനികുതി വകുപ്പ്; പുലർച്ചെ വരെ നടന്ന ചോദ്യം ചെയ്യലും തെളിവെടുപ്പും കൂടി ആയതോടെ ഇളയദളപതിക്ക് സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രി; താരത്തെ പൊക്കിയതിൽ അരിശംപൂണ്ട് തമിഴ്‌നാട്ടിലെയും കേരളത്തിലെയും ആരാധകർ; ട്വിറ്ററിൽ ഹാഷ്ടാഗിൽ പ്രതിഷേധം ശക്തം; ആദായ നികുതി വകുപ്പ് പിടിമുറുക്കിയത് 180 കോടി രൂപ മുടക്കി നിർമ്മിച്ച 'ബിഗിൽ' 300 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾക്ക് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഇളയ ദളപതി വിജയ്ിയെ ആദായനികുതി വകുപ്പ് ഇന്നലെ കസ്റ്റഡിയിൽ എടുത്തത് തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. ഇന്നലെ ഉച്ചയോടെ കടലൂരിലെ ഷൂട്ടിങ് സൈറ്റിൽ എത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ താരത്തെയും കൊണ്ടും ചെന്നൈയിലെ പനയൂരിലുള്ള വസതിയിൽ എത്തുകയായിരുന്നു. ഇവിടെ ഇന്ന് പുലർച്ചെയോളം ചോദ്യം ചെയ്തു. തെളിവെടുപ്പിന്റെ കൂടി ഭാഗമായി പേപ്പറുകൾ കൂടി പരിശോധിച്ചതോടെ താരത്തിന് ഇൻകംടാക്‌സ് കസ്റ്റഡിയിൽ ഉറക്കമില്ലാത്ത രാത്രിയാണ് സമ്മാനിച്ചത്. വിജയിയെ കസ്റ്റഡിയിൽ എടുത്തതിൽ കടുത്ത പ്രതിഷേധമാണ് വിജയ് ഫാൻസുകാരുടെ ഭാഗത്തു നിന്നും ഉണ്ടായത്. എന്നാൽ ആരാധകർ സംയമനം പാലിക്കണമെന്നു വിജയ് ഫാൻസ് അസോസിയേഷൻ വ്യക്തമാക്കി.

ആദായനികുതി വകുപ്പ് വിജയ്‌യെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണു നിർദ്ദേശവുമായി ഫാൻസ് ആസോസിയേഷൻ രംഗത്തുവന്നത്. ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലുമായി നിരവധി പേരാണു താരത്തിനു പിന്തുണയുമായി രംഗത്തുവന്നത്. #WeStandWithVijat, #Thalapathy തുടങ്ങിയ ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങാണ്. 'അദ്ദേഹത്തെപ്പറ്റി ചിന്തിച്ചു കൊണ്ടിരിക്കുന്നു. ഉറക്കമില്ലാത്ത രാത്രി. ഒരാൾക്കു വേണ്ടി ദശലക്ഷക്കണക്കിനു പേരുടെ വികാരങ്ങൾ' എന്ന കുറിപ്പാണു വിജയ് ഫാൻസിന്റെ ഔദ്യോഗിക പേജായ ടിവിഎഫിൽ പങ്കുവച്ചിട്ടുള്ളത്. താരത്തിനു പിന്തുണയുമായി നിലമ്പൂർ എംഎൽഎ പി.വി.അൻവറും പോസ്റ്റിട്ടു. മെർസൽ എന്ന ചിത്രം ദ്രാവിഡ മണ്ണിൽ ബിജെപിയുടെ വളർച്ചയ്ക്കു തടയിട്ടിട്ടുണ്ടെന്നാണ് ഈ നടപടികളിലൂടെ വ്യക്തമാകുന്നതെന്ന് അൻവർ പറഞ്ഞു. അൻവറിന്റെ പോസ്റ്റ് പരിഭാഷപ്പെടുത്തിയും സ്‌ക്രീൻഷോട്ട് പങ്കുവച്ചും, കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതാവ് വിജയ്യെ പിന്തുണച്ചെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ അവകാശപ്പെടുന്നുണ്ട്.

എസ്എഫ്‌ഐയും വിജയിയെ പിന്തുണച്ചു കൊണ്ടു പോസ്റ്റിട്ടിട്ടുണ്ട്. വിജയ്‌യെ കസ്റ്റഡിയിലെടുത്തത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന നടപടിയാണെന്ന് എസ്എഫ്‌ഐ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു വിജയ്‌ക്കെതിരെയുള്ള നടപടിയെ വിമർശിച്ചത്. ആദായ നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് വിജയിനെ ചോദ്യം ചെയ്യുന്നത്. ബിഗിൽ സിനിമയിൽ പ്രതിഫലം വാങ്ങിയതിന്റെ രേഖകൾ ആവശ്യപ്പെട്ടതായാണ് സൂചന. ചോദ്യം ചെയ്യൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

എജിഎസ് ഗ്രൂപ്പുമായി നടത്തിയ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. വിജയ് അഭിനയിക്കുന്ന പുതിയ ചിത്രമായ മാസ്റ്ററിന്റെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു ഇത്. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവച്ചു. വിജയ് നായകനായി പുറത്തുവന്ന ബിഗിൽ സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതും വീടുകളിലും മറ്റും പരിശോധന നടത്തുന്നതും എന്നാണു വിവരം. കൂടല്ലൂർ ജില്ലയിലെ നെയ്വേലി ലിഗ്‌നൈറ്റ് കോർപ്പറേഷന്റെ സ്ഥലത്ത് മാസ്റ്റർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരെത്തി നോട്ടിസ് നൽകിയത്. വിജയ്യുടെ ചെന്നൈയിലെ വസതികളിലും പരിശോധന നടന്നു. സാലിഗ്രാമത്തും നീലാങ്കരയിലുമുള്ള വീടുകളിലാണു തിരച്ചിൽ നടന്നത്.

ഷൂട്ടിങ് ലൊക്കേഷനിലെത്തി ചോദ്യം ചെയ്തശേഷം വിശദമായ ചോദ്യം ചെയ്യുന്നതിനു താരത്തോടു ചെന്നൈ ആദായനികുതി ഓഫിസിൽ നേരിട്ടു ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണു ഷൂട്ടിങ് അവസാനിപ്പിച്ചു നടൻ ചെന്നൈയിലേക്കു തിരിച്ചത്. തമിഴ്‌നാട്ടിൽ 38 സ്ഥലങ്ങളിൽ ആരംഭിച്ച തിരച്ചിൽ രാത്രിയിലും തുടരുകയാണ്. സിനിമാ നിർമ്മാണത്തിനു ഫണ്ട് നൽകുന്ന അൻപു ചെഴിയന്റെ മധുരയിലെ ഓഫിസിലും പരിശോധന നടന്നു. നികുതിവെട്ടിപ്പ് സൂചിപ്പിക്കുന്ന നിരവധി രേഖകൾ പല സ്ഥലങ്ങളിൽനിന്നായി പിടിച്ചെടുത്തതായാണു വിവരം.

ബിഗിൽ സിനിമയുടെ നിർമ്മാണ കമ്പനി ഓഫിസിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനു തൊട്ടുപിന്നാലെയാണ് താരത്തെ ചോദ്യം ചെയ്തത്. ചെന്നൈ സാലിഗ്രാമത്തിലും നീലാങ്കരയിലുമുള്ള വിജയുടെ വീടുകളിലും റെയ്ഡ് തുടരുകയാണ്. മധുരൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമാ നിർമ്മാതാവ് അൻപിന്റെ വീട്ടിലും ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്. എ.ജി.എസ് സിനിമാസുമായി ബന്ധപ്പെട്ട് 20 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡുകൾ നടത്തിയിരുന്നു. മുൻപ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന നോട്ടുനിരോധനത്തെയും ജി.എസ്.ടിയെയും മെർസൽ എന്ന സിനിമയിൽ വിജയിയുടെ കഥാപാത്രം വിമർശിച്ചത് വൻ വിവാദത്തിലേക്ക് നയിച്ചിരുന്നു.

'ബിഗിൽ' നിർമ്മിച്ച കമ്പനിയായ എ.ജി.എസ്. സിനിമാസിന്റെയും ചിത്രം നിർമ്മിക്കുന്നതിനായി വായ്പ നൽകിയ ധനകാര്യസ്ഥാപനത്തിന്റെയും ഓഫീസുകളിലും ഉടമകളുടെ വീടുകളിലും നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 25 കോടി രൂപ കണ്ടെടുത്തുവെന്നാണ് സൂചന. വിജയ്യുടെ ബാങ്ക് ഇടപാടുരേഖകളും 'ബിഗിലി'ന്റെ നിർമ്മാതാവുമായുണ്ടാക്കിയ കരാറും പരിശോധിച്ചു. 'ബിഗിൽ' നിർമ്മിക്കാൻ പണം നൽകിയ ധനകാര്യസ്ഥാപനത്തിന്റെ ഉടമ അൻപ് ചെഴിയന്റെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും നോട്ട് എണ്ണുന്ന യന്ത്രം അടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ജീവനക്കാരെ ആദായനികുതി ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി ചോദ്യംചെയ്തു.

180 കോടി രൂപ മുടക്കി നിർമ്മിച്ച 'ബിഗിൽ' 300 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ. ഇതിലെ സാമ്പത്തിക ഇടപാടുകൾസംബന്ധിച്ച സംശയങ്ങളാണ് നടപടിയിലേക്കു നയിച്ചത്. വിജയ് നായകനായ 'മെർസൽ' എന്ന ചലച്ചിത്രത്തിന്റെ നിർമ്മാതാവിന്റെ ഓഫീസിലും ആദായനികുതി വകുപ്പ് മുമ്പ് പരിശോധന നടത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനം, ഡിജിറ്റൽ ഇന്ത്യ പദ്ധതി എന്നിവയെ ഈ ചിത്രത്തിൽ വിമർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP