Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ഞങ്ങൾ തമ്മിൽ ഒരുപാട് പ്രശ്‌നങ്ങളും പൊരുത്തക്കേടുകളും ഉണ്ട്; പത്ത വർഷമായുള്ള പ്രശ്‌നങ്ങൾ പൊതുജനങ്ങളോട് പറയാൻ എനിക്ക് താൽപര്യമില്ല; പരസ്പര ബഹുമാനവും വിശ്വാസവുമാണ് വിവാഹജീവിതത്തിന്റെ ഏറ്റവും വലിയ കരുത്ത്; അത് നഷ്ടമായിരിക്കുന്നു; ഇനി ഞാൻ ആലിയയല്ല.... എന്റെ യഥാർഥ പേരിലേക്ക് മടങ്ങിപ്പോകുന്നു; ഇനി ഞാൻ അഞ്ജലി കിഷോർ; വാട്‌സാപ്പിൽ നവാസുദ്ദീൻ സിദ്ദിഖിക്ക് വിവാഹ മോചന നോട്ടീസ്; ക്വാറന്റൈനിലുള്ള നടന്റെ കുടുംബ ജീവിത തകർച്ച കേട്ട് ഞെട്ടി ബോളിവുഡ്

ഞങ്ങൾ തമ്മിൽ ഒരുപാട് പ്രശ്‌നങ്ങളും പൊരുത്തക്കേടുകളും ഉണ്ട്; പത്ത വർഷമായുള്ള പ്രശ്‌നങ്ങൾ പൊതുജനങ്ങളോട് പറയാൻ എനിക്ക് താൽപര്യമില്ല; പരസ്പര ബഹുമാനവും വിശ്വാസവുമാണ് വിവാഹജീവിതത്തിന്റെ ഏറ്റവും വലിയ കരുത്ത്; അത് നഷ്ടമായിരിക്കുന്നു; ഇനി ഞാൻ ആലിയയല്ല.... എന്റെ യഥാർഥ പേരിലേക്ക് മടങ്ങിപ്പോകുന്നു; ഇനി ഞാൻ അഞ്ജലി കിഷോർ; വാട്‌സാപ്പിൽ നവാസുദ്ദീൻ സിദ്ദിഖിക്ക് വിവാഹ മോചന നോട്ടീസ്; ക്വാറന്റൈനിലുള്ള നടന്റെ കുടുംബ ജീവിത തകർച്ച കേട്ട് ഞെട്ടി ബോളിവുഡ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കൊറോണക്കാലത്ത് മുംബൈയിൽ ഇപ്പോഴത്തെ ചർച്ച പ്രശസ്ത ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിയുടെ കുടുംബ കാര്യം. 46 വയസ്സുകാരനായ താരത്തിന്റെ വിവാഹബന്ധം തകർന്നതാണ് പുതിയ വാർത്ത. 11 വർഷമായി ഒരുമിച്ചുണ്ടായിരുന്ന ഭാര്യ ആലിയ അദ്ദേഹത്തിന് വിവാഹ മോചന നോട്ടിസ് അയച്ചുകഴിഞ്ഞു. ആലിയ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു പതിറ്റാണ്ടായി വിവാഹ ബന്ധത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നും ലോക്ഡൗൺ സമയത്താണ് ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും ആലിയ പറയുന്നു. വാട്‌സാപ്പിലും ഇ മെയിലിലും നോട്ടീസ് അയച്ചതായി വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു. ജന്മനാടായ ഉത്തർപ്രദേശിലെ ബുധാനയിലാണ് താരമുള്ളത്. സംസ്ഥാന അതിർത്തികൾ കടന്ന് യാത്ര ചെയ്യാനുള്ള അനുമതി ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ബുധാനയിൽ എത്തിയത്. റെഡ് സോണിൽ നിന്ന് എത്തിയതിനാൽ രണ്ടാഴ്ചത്തെ നിർബന്ധിത ക്വാറന്റീനിലാണ. ഇതിനിടെയാണ് വിവാഹ മോചന നോട്ടീസ്.

ഞാൻ നോട്ടീസ് അയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല- ആലിയ പറയുന്നു. വിവാഹബന്ധം ആരംഭിച്ച കാലം മുതൽ ഞങ്ങൾ വിവിധ പ്രശ്‌നങ്ങളിലായിരുന്നു. അവ എന്തൊക്കെയെന്ന് ഇപ്പോൾ വെളിപ്പെടുത്താനാവില്ല. ഈ ലോക്ഡൗൺ കാലത്ത് വീണ്ടും ഞാൻ വിവാഹത്തെക്കുറിച്ചു ചിന്തിച്ചു. ഇതാണ് ബന്ധം അവസാനിപ്പിക്കാൻ അനുയോജ്യമായ സമയമെന്ന് തീർച്ചപ്പെടുത്തുകയായിരുന്നു. ഉത്തർ പ്രദേശിലേക്കു പോകുന്നതിനു മുൻപാണ് ഞാൻ അദ്ദേഹത്തിന് നോട്ടിസ് അയച്ചത്. മറുപടി അയയ്ക്കാത്തതിനാൽ ഇനി നിയമത്തിന്റെ വഴി തേടും- ആലിയ വിശദീകരിച്ചു.

കൊറോണ വൈറസിനെത്തുടർന്ന് സ്പീഡ് പോസ്റ്റ് സർവീസ് ഇല്ലാത്തതിനാലാണ് വാട്‌സാപ്പിലൂടെയും ഇ മെയിലിലൂടെയും നോട്ടീസ് അയച്ചത്. വിവാഹ മോചനം ആവശ്യപ്പെടുന്നതും ബാധ്യതകൾ വഹിക്കണമെന്ന് ആവശ്യപ്പെടുന്നതുമാണ് നോട്ടിസ്. 2009 ലാണ് ആലിയയും നവാസുദ്ദീൻ സിദ്ദിഖിയും വിവാഹിതരായത്. ദമ്പതികൾക്ക് രണ്ടു കുട്ടികളുണ്ട്. ഷോറ എന്ന പെൺകുട്ടിയും യാനി എന്ന മകനും. നവാസുദ്ദീൻ സിദ്ദിഖിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.

മുംബൈയിലെ വിട്ടിലായിരുന്ന സിദ്ദിഖിയുടെ ഇളയ സഹോദരി ഏതാനും മാസം മുൻപാണ് മരിച്ചത്. അതിനുശേഷം അമ്മയുടെ ആരോഗ്യവും മോശമായി. ഇതിനിടെയാണ് വിവാഹ മോചന നോട്ടീസ്. തന്റെ തീരുമാനം ഉറച്ചതാണെന്നും ഇനി മുതൽ താൻ ആലിയ സിദ്ദിഖി അല്ല മറിച്ച് അഞ്ജലി കിഷോർ സിങ് ആയിരിക്കുമെന്നും അവർ വ്യക്തമാക്കി. ''ഞങ്ങൾ തമ്മിൽ ഒരുപാട് പ്രശ്‌നങ്ങളും പൊരുത്തക്കേടുകളും ഉണ്ട്. കഴിഞ്ഞ പത്ത് വർഷമായി ഇങ്ങനെ തന്നെയാണ. അതൊന്നും പൊതുജനങ്ങളോട് പറയാൻ എനിക്ക് താൽപര്യമില്ല. പരസ്പര ബഹുമാനവും വിശ്വാസവുമാണ് വിവാഹജീവിതത്തിന്റെ ഏറ്റവും വലിയ കരുത്ത്. അത് നഷ്ടമായിരിക്കുന്നു. ഇനി ഞാൻ ആലിയയല്ല, എന്റെ യഥാർഥ പേരിലേക്ക് മടങ്ങിപ്പോകുന്നു.' അഞ്ജലി കിഷോർ പറഞ്ഞു.

'ഈ ലോക്ഡൗൺ കാലത്ത് വിവാഹബന്ധത്തെക്കുറിച്ച് ഒരുപാട് ആലോചിച്ചു. അങ്ങനെയാണ് ഇത് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. അദ്ദേഹം മുസാഫർപൂരിലേക്ക് പോകുന്നതിന് മുൻപ് തന്നെ ഞാൻ നോട്ടീസ് അയച്ചിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ല. അതിനാൽ നിയമത്തിന്റെ വഴി സ്വീകരിക്കാൻ ഞാൻ തീരുമാനിച്ചു.'ആലിയ പറഞ്ഞു. ആലിയയുടെ അഭിഭാഷകനായ അഭയ് സഹായും ഇക്കാര്യം സ്ഥിരീകരിച്ചു. 'നവാസുദ്ദീൻ സിദ്ദിഖിക്ക് ഞങ്ങൾ നിയമപരമായി നോട്ടീസ് അയച്ചിട്ടുണ്ട്. 2020 മെയ്‌ ഏഴിനാണ് ഞങ്ങളുടെ കക്ഷി ആലിയ സിദ്ദിഖി നോട്ടീസ് അയച്ചത്. കോവിഡ് സൃഷ്ടിച്ച പ്രത്യേക സാഹചര്യം മൂലം സ്പീഡ് പോസ്റ്റ് വഴി നോട്ടീസ് അയയ്ക്കാൻ സാധിച്ചില്ല. ഇ-മെയിൽ വഴിയും വാട്‌സാപ്പ് വഴിയുമാണ് നോട്ടീസ് അയച്ചത്. ഞങ്ങളുടെ കക്ഷിയും അദ്ദേഹത്തിന് നോട്ടീസ് വാട്‌സാപ്പ് വഴി നൽകിയിരുന്നു.'

'എന്നാൽ നവാസുദ്ദീൻ സിദ്ദിഖി ഇതുവരെ പ്രതികരിച്ചിട്ടില്ല. നോട്ടീസ് സംബന്ധിച്ച് അദ്ദേഹം മൗനം പാലിക്കുകയും അത് അവഗണിക്കുകയും ചെയ്യുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. വിവാഹ മോചനവും ജീവനാംശവും ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസിന്റെ ഉള്ളടക്കം, ആരോപണങ്ങൾ എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങളിലേയ്ക്ക് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ആരോപണങ്ങൾ വളരെ ഗുരുതരമാണെന്നും മിസ്റ്റർ സിദ്ദിഖിയേയും കുടുംബത്തേയും അത് ബാധിക്കുമെന്നും ഞാൻ പറയുന്നു.'അദ്ദേഹം വ്യക്തമാക്കി.

ചെറിയ റോളുകളിലൂടെ സിനിമയിൽ സജീവമായ സിദ്ദിഖി 2012ൽ ദേശീയ ചലച്ചിത്രപുരസ്‌കാരത്തിന്റെ ഭാഗമായി സ്‌പെഷൽ ജൂറി അവാർഡ് ലഭിക്കുകയുണ്ടായി. ഉത്തർപ്രദേശിലെ മുസാഫർ നഗർ ജില്ലയിലെ ബുധാർ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. പിതാവ് ഒരു കർഷകനായിരുന്നു. ഏഴു സഹോദരങ്ങളും രണ്ടു സഹോദരിമാരുമുണ്ട്. സയൻസ് ഗ്രാജുവേഷന് ശേഷം ഇദ്ദേഹം കെമിസ്റ്റ് ആയി കുറച്ചു കാലം ജോലി ചെയ്തിരുന്നു. നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷം ഇദേഹം മുംബയിലേക്ക് താമസം മാറി. ആദ്യം ചെറിയ റോളുകൾ മാത്രമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. പിന്നീട് അഭിനയ മികവിലൂടെ ബോളിവുഡിലെ താരമാകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP