Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202123Thursday

രണ്ട് വർഷം മുമ്പ് കണ്ണൂരിലെ വീട്ടിൽ നിന്നും ഇറങ്ങിയത് 'താജ്മഹൽ' എന്ന സ്വന്തം തിരക്കഥയുമായി; സിനിമയ്ക്കായി നിർമ്മാതാവിനെയും സംവിധായകനെയും കണ്ടെത്തിയ ശേഷം തിരക്കഥ രജിസ്റ്റർ ചെയ്യാനായി പോയ നൗഷാദിനെ കാണാതായിട്ട് രണ്ടര വർഷം: സഹോദരനെ തേടി റെയിൽ വേ സ്‌റ്റേഷനുകൾ കയറി ഇറങ്ങി അന്വേഷണം നടത്തി മൂന്ന് സഹോദരിമാർ

രണ്ട് വർഷം മുമ്പ് കണ്ണൂരിലെ വീട്ടിൽ നിന്നും ഇറങ്ങിയത് 'താജ്മഹൽ' എന്ന സ്വന്തം തിരക്കഥയുമായി; സിനിമയ്ക്കായി നിർമ്മാതാവിനെയും സംവിധായകനെയും കണ്ടെത്തിയ ശേഷം തിരക്കഥ രജിസ്റ്റർ ചെയ്യാനായി പോയ നൗഷാദിനെ കാണാതായിട്ട് രണ്ടര വർഷം: സഹോദരനെ തേടി റെയിൽ വേ സ്‌റ്റേഷനുകൾ കയറി ഇറങ്ങി അന്വേഷണം നടത്തി മൂന്ന് സഹോദരിമാർ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: സ്വന്തം തിരക്കഥ സിനിമയാക്കാനായി രണ്ട് വർഷം മുമ്പ് കണ്ണൂരിലെ വീട്ടിൽ നിന്നും പോയ സഹോദരനെ തേടി മൂന്ന് സഹോദരിമാർ. കൈയിൽ പ്ലക്കാർഡുമായി റെയിൽ വേ സ്‌റ്റേഷനുകൾ തോറുമാണ് ഈ സഹോദരിമാർ ഇപ്പോൾ നൗഷാദ് എന്ന പൊന്നാങ്ങളയ്ക്ക് വേണ്ടി അന്വേഷണം നടത്തുന്നത്. റെയിൽവേ സറ്റേഷനിൽ കാണുന്നവരേയും നിർത്തിയിട്ട ട്രെയിനുകളിലുള്ളവരെയും ഫോട്ടോ കാണിച്ചാണ് ഈ സഹോദരിമാരിപ്പോൾ നൗഷാദിനായി അന്വേഷണം നടത്തുന്നത്.

2017 ജൂലായിൽ കണ്ണൂരിലെ വീട്ടിൽനിന്ന് എറണാകുളത്തേക്ക് തിരക്കഥയുമായി പുറപ്പെട്ട ആങ്ങള അബ്ദുൾ നൗഷാദിനെയാണ് ഇവർ തേടുന്നത്. നന്നായി കഥ എഴുതുമായിരുന്ന നൗഷാദ് 'താജ്മഹൽ' എന്ന തന്റെ തിരക്കഥ സിനിമയാക്കുന്നതിന് വേണ്ടി സംവിധായകനെയും നിർമ്മാതാവിനെയും അന്വേഷിച്ചാണ് വീടുവിട്ടിറങ്ങിയത്. പിന്നീട് ഇതുവരെ നൗഷാദിനെ ആരും കണ്ടിട്ടില്ല. അന്നു മുതൽ ഉള്ളു നീറി കഴിയുകയാണ് നൗഷാദിന്റെ സഹോദരിമാർ. നൗഷാദിനെ കണ്ടെത്താനായി ഇവർ മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ സ്വന്തം നിലയ്ക്ക് റെയിൽ വേ സ്റ്റേഷനുകൾ കയറി ഇറങ്ങി അന്വേഷണം നടത്തുകയാണ് മൂന്ന് സഹോദരിമാർ.

രണ്ടുവർഷമായി പൊന്നാങ്ങളയെത്തേടി ഫൗസിയയും സുനിതയും ഷെമിയും പോകാത്ത സ്ഥലങ്ങളില്ല. പരാതി കൊടുക്കാത്ത ഇടങ്ങളില്ല. എന്നാൽ നൗഷാദ് എവിടെ പോയി എന്നതിന് ഇതുവരെ ഒരു തുമ്പും കിട്ടിയിട്ടില്ല. നൗഷാദ് ഇവർക്ക് ആങ്ങളമാത്രമല്ല, നന്നേ ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട് അഞ്ചു സഹോദരങ്ങൾ മാത്രമായ കുടുംബത്തിന് ബാപ്പയും ഉമ്മയുമെല്ലാം മൂത്ത സഹോദരനായ നൗഷാദായിരുന്നു. മൂന്നു സഹോദരിമാരെയും വിവാഹം കഴിച്ചയച്ചതും നൗഷാദാണ്. കണ്ണൂർ നാറാത്ത് ഹർഷ വില്ലയിൽ പരേതനായ മുഹമ്മദാലിയുടെ 5 മക്കളിൽ മൂത്തയാളാണ് നൗഷാദ് (43). ഒരുപാടു വായിക്കുകയും എഴുതുകയും ചെയ്യുന്ന നൗഷാദിന്റെ ലക്ഷ്യം തിരക്കഥാകൃത്താകുക എന്നതായിരുന്നു.

ആങ്ങളയെ കണ്ടെത്തുംവരെ വിശ്രമമില്ലാതെ അലയുകയാണിവർ. മംഗളൂരു മുതൽ കേരളത്തിലുടനീളവും അന്വേഷിച്ച് കന്യാകുമാരിവരെ തേടി. തമിഴ്‌നാട്ടിലെ മധുരയിലും ഏർവാടിയിലുമൊക്കെ പോയി അന്വേഷിച്ചു. ഇപ്പോഴും സഹോദരനായുള്ള അന്വേഷണത്തിലാണ് ഈ മൂന്ന് സഹോദരിമാർ. മൂന്ന് റെയിൽവേ സ്റ്റേഷനുകളിലായാണ് ഓരോ ദിവസത്തെയും അന്വേഷണം. വെള്ളിയാഴ്ച ഷെമി തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലായിരിന്നു. സുനിത കാസർകോട്ടും ഫൗസിയ ആലുവയിലും. ശനിയാഴ്ച ഇത് അടുത്ത സ്റ്റേഷനിലേക്കു മാറും. തങ്ങളുടെ സഹോദരനെ കണ്ടെത്തും വരെ വിശ്രമമില്ല എന്നാണ് മൂവരും പറയുന്നത്.

എഴുത്തുകാരനായ നൗഷാദ് താജ്മഹൽ എ്‌ന സ്വന്തം തിരക്കഥയുമായാണ് കണ്ണൂർ നാറാത്തെ വീട്ടിൽനിന്നു പോയത്. സിനിമയ്ക്കായി നിർമ്മാതാവിനെയും സംവിധായകനെയും കണ്ടെത്തിയ ശേഷം തിരക്കഥ രജിസ്റ്റർ ചെയ്യാനാണു പോയത്. പിന്നീട് തിരികെ വന്നില്ല. എവിടേക്കാണ് പോയതെന്ന് ആർക്കും ഒരു വിവരവും ഇല്ല. റെയിൽവേ സ്റ്റേഷനുകൾ തോറും കാണ്മാനില്ല എന്ന നോട്ടീസ് ഇവർ പതിക്കുന്നുണ്ട്. അതോടൊപ്പം പ്രാർത്ഥിക്കുന്നുമുണ്ട്; ഇവരും നൗഷാദിനെ അറിയുന്നവരും.

പത്തിൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കഥാരചനയിൽ ഒന്നാമനായിരുന്നു. പ്രീഡിഗ്രിക്കാലത്ത് ഒെേട്ടറ നാടകങ്ങളെഴുതി അവതരിപ്പിച്ചു. പിന്നീടാണ് തിരക്കഥയിലേക്കു കടന്നത്. എഴുതിയ തിരക്കഥകൾ പലരെയും കാണിച്ചു. പിന്നീട് ഇക്കഥ മറ്റുപലരുടെയും പേരിൽ സിനിമയായതോടെയാണ് താജ്മഹൽ രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്. അന്ന് പ്രായം 40.

മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കുമടക്കം പരാതി നൽകിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലും പ്രശ്‌നം അവതരിപ്പിച്ചു. അതുകണ്ട് അവസാന വിളി വന്നത് ഡിസംബർ 14-ന്. തിരുവനന്തപുരത്തേക്കു പോകുന്ന മാവേലി എക്സ്‌പ്രസ് തീവണ്ടിയിൽ നൗഷാദിനെപ്പോലൊരാൾ കിടക്കുന്നുവെന്നാണ് വിളിച്ചറിയിച്ചത്. ഫോട്ടോയുമിട്ടു. കായംകുളത്ത് തീവണ്ടി എത്തിയപ്പോൾ പരശോധിച്ചെങ്കിലും കണ്ടെത്താനായില്ല.

സിനിമയിൽ അവസരം തേടി പോയാൽ എട്ടൊൻപതു മാസം കഴിഞ്ഞാണു വീട്ടിൽ മടങ്ങിയെത്താറ്. അതിനാൽ 2017 ഓഗസ്റ്റിൽ കൊച്ചിയിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ നൗഷാദ് തിരിച്ചെത്താൻ വൈകിയിട്ടും വീട്ടുകാർ അന്വേഷിച്ചില്ല. കുറച്ചു ദിവസം കഴിഞ്ഞു നൗഷാദിന്റെ ഡയറിയും മൊബൈൽ ഫോണും പാലക്കാട് റെയിൽവേ സ്റ്റേഷനു സമീപം കണ്ടതായി നൗഷാദിന്റെ സുഹൃത്തിനെ ഒരാൾ ഫോണിൽ അറിയിച്ചു. നൗഷാദിന്റെ തന്നെ മൊബൈലിൽ നിന്നാണ് വിളിച്ചത്. സുഹൃത്ത് ഇതു വീട്ടുകാരോടു പറഞ്ഞതു 2 മാസം മുൻപ്. ഇപ്പോൾ ആ ഫോൺ സ്വിച്ച്ഓഫാണ്. ഇതിനിടെ ഡിസംബർ 13നു മംഗലാപുരംതിരുവനന്തപുരം മാവേലി എക്സ്‌പ്രസിലെ ശുചിമുറിക്കു സമീപം നൗഷാദിനോടു സാമ്യമുള്ള ഒരാൾ അവശനിലയിൽ കിടക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

അതു പോസ്റ്റ് ചെയ്തയാളെ കണ്ടെത്തി വീട്ടുകാർ നൗഷാദിന്റെ പഴയ ചിത്രങ്ങൾ കാണിച്ചപ്പോൾ ട്രെയിനിൽ കണ്ടതു നൗഷാദ് തന്നെയാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തുടർന്നു മുഖ്യമന്ത്രിയെ നേരിൽ കണ്ടു പരാതി നൽകി. കായംകുളത്തും ഷൊർണൂരിലും ഇതിനിടെ നൗഷാദിനെ കണ്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഉമ്മയും ബാപ്പയും ചെറുപ്പത്തിലേ മരിച്ചു. സഹോദരിമാരിൽ ഒരാൾ ഭിന്നശേഷിക്കാരിയാണ്. സ്വന്തം ജോലിയും ബിസിനസുമൊക്കെ ഉപേക്ഷിച്ചാണ് സഹോദരിമാർ നൗഷാദിനെ തേടി ഇറങ്ങിയിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ മയ്യിൽ പൊലീസിലാണ് കാണാതായതിനു കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP