Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കരോൾ സംഘത്തിലെ ക്രിസമസ് അപ്പൂപ്പനെ അടക്കം മർദ്ദിച്ച് ഗൂണ്ടായിസം: കോട്ടയം പത്താമുട്ടം കൂമ്പാടി പള്ളിയിൽ ഡിവൈഎഫ്‌ഐ ആക്രമണം നടത്തിയെന്ന ആരോപണത്തിൽ വിശദീകരണം തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ; ചീഫ് സെക്രട്ടറിയും ഡിജിപിയും ഏഴുദിവസത്തിനകം റിപ്പോർട്ട് നൽകണം; പള്ളിയിൽ അഭയം തേടിയ കുടുംബത്തിന് സുരക്ഷ ഉറപ്പ് വരുത്തണമെന്നും കമ്മീഷൻ; ആരോപണങ്ങൾ നിഷേധിച്ച് ഡിവൈഎഫ്‌ഐയും സിപിഎമ്മും

കരോൾ സംഘത്തിലെ ക്രിസമസ് അപ്പൂപ്പനെ അടക്കം മർദ്ദിച്ച് ഗൂണ്ടായിസം: കോട്ടയം പത്താമുട്ടം കൂമ്പാടി പള്ളിയിൽ ഡിവൈഎഫ്‌ഐ ആക്രമണം നടത്തിയെന്ന ആരോപണത്തിൽ വിശദീകരണം തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ; ചീഫ് സെക്രട്ടറിയും ഡിജിപിയും ഏഴുദിവസത്തിനകം റിപ്പോർട്ട് നൽകണം; പള്ളിയിൽ അഭയം തേടിയ കുടുംബത്തിന് സുരക്ഷ ഉറപ്പ് വരുത്തണമെന്നും കമ്മീഷൻ; ആരോപണങ്ങൾ നിഷേധിച്ച് ഡിവൈഎഫ്‌ഐയും സിപിഎമ്മും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയത്ത് കരോൾ സംഘത്തിനെതിരെ ഡിവൈഎഫ്‌ഐ ആക്രമണം നടത്തിയെന്ന ആരോപണത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയും ഡിജിപിയും ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണം. കുടുംബത്തിന് സുരക്ഷ ഉറപ്പുവരുത്തണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

ഡിവൈഎഫ്ഐക്കാരെ പേടിച്ച് വിശ്വാസികൾ ഇപ്പോഴും പള്ളിക്കകത്ത് തന്നെയാണ് കഴിയുന്നത്. കഴിഞ്ഞ 23ന് പാത്താമുട്ടം കൂമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ കയറി കാരൾ സംഘത്തെ ആക്രമിച്ച സംഭവത്തിന് പിന്നിൽ പെൺകുട്ടികളെ ആക്രമിക്കാനുള്ള ശ്രമമെന്നും ആരോപണമുണ്ട്.. സംഭവത്തിൽ ഏഴു ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തു. വ്യാപകമായ ആക്രമണമാണ് സംഭവവുമായി ബന്ധപ്പെട്ടുണ്ടായത്.

പരിസരത്തെ നാലു വീടുകൾക്കു നേരെയും ആക്രമണമുണ്ടായി. സ്ത്രീകളടക്കമുള്ളവർക്കു പരുക്കേറ്റു. ബൈക്കുകളും ഓട്ടോറിക്ഷയും തകർത്തു. വാഴക്കൃഷി നശിപ്പിച്ചു. പള്ളിക്കു നേരെ കല്ലേറുമുണ്ടായി. ഞായറാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. കാരൾ സംഘവും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ റോഡിൽ വച്ചു തർക്കമുണ്ടായി. കുട്ടികളുൾപ്പെടെ 43 പേർ കാരൾസംഘത്തിലുണ്ടായിരുന്നു. മുട്ടുചിറ കോളനിക്കു സമീപത്തെ വീടുകളിൽ കയറിയപ്പോൾ ഡിവൈഎഫ്ഐ സംഘം ഇവർക്കൊപ്പം പാട്ടു പാടി. ഇതുമുതലാണ് പ്രശ്നങ്ങളുടെ തുടക്കം,

ഇതു ചോദ്യം ചെയ്തതോടെ സംഘത്തിലെ പെൺകുട്ടികളെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പള്ളി ഭാരവാഹികൾ പറയുന്നു. തുടർന്ന് അടി തുടങ്ങുകയായിരുന്നു. ഇതു ചോദ്യം ചെയ്തവരെ സംഘം മർദ്ദിച്ചു. ചിങ്ങവനം പൊലീസ് എത്തിയതോടെ ഡിവൈഎഫ്ഐ സംഘം പിൻവാങ്ങി. പൊലീസിന്റെ നിർദ്ദേശ പ്രകാരം കാരൾ സംഘം പള്ളിയിലേക്കു മടങ്ങി. പള്ളിയിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ 25 ഡിവൈഎഫ്ഐ പ്രവർത്തകർ വടിവാളും കല്ലുമായി എത്തി ആക്രമിച്ചെന്നാണ് ആരോപണം.

ചേലച്ചിറ തങ്കച്ചന്റെ മകൾ എമിയയ്ക്കു പരുക്കേറ്റു. മുഖത്ത് ആറ് തുന്നലുണ്ട്. എമിയയെ പൊലീസ് ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. അക്രമത്തിൽ ഡിവൈഎഫ്ഐ നേതൃത്വത്തിനോ പ്രവർത്തകർക്കോ ബന്ധമില്ലെന്ന് ബ്ലോക്ക് പ്രസിഡന്റ് പി.ഡി. ഡിലീഷ് പറഞ്ഞു. പള്ളിയിലെ കാരൾ സംഘവും മറ്റൊരു കാരൾ സംഘവുമായി ഉണ്ടായ തർക്കവും സംഘർഷവുമാണ് പ്രശ്നങ്ങൾക്കു കാരണമെന്നും ഡിലീഷ് പറഞ്ഞു.

എന്നാൽ അറസ്റ്റിലായവരെല്ലാം ഡിവൈഎഫ് ഐക്കാരാണ്. ഇത് സിപിഎം നേതൃത്വത്തേയും വെട്ടിലാക്കിയിട്ടുണ്ട്. എന്നാൽ, കരോൾ സംഘത്തെ ആക്രമിച്ചെന്ന ആരോപണം സിപിഎമ്മും, ഡിവൈഎഫ്‌ഐയും നിഷേധിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമടക്കമുള്ളവർ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് സിപിഎം പറയുന്നു. മ്മൻചാണ്ടിയുടെയും മുൻ ആഭ്യന്തരമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും തട്ടകത്തിലുണ്ടായെന്ന് പ്രചരിപ്പിക്കുന്ന സംഭവത്തിൽ ആദ്യം ഏറ്റുപിടിച്ചത് രമേശ് ചെന്നിത്തലയാണ്. ഡിവൈഎഫ്ഐ പാത്താമുട്ടത്ത് ആക്രമണം നടത്തിയെന്നും ഭീഷണി തുടരുന്നതായും അദ്ദേഹം ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

പാത്താമുട്ടത്ത് ഡിവൈഎഫ്ഐ വധഭീഷണിമുഴക്കുകയാണെന്നും കോൺഗ്രസ് സമരത്തിലേക്ക് വരികയാണെന്നുമായിരുന്നു പ്രദേശം സന്ദർശിച്ച ഉമ്മൻ ചാണ്ടിയുടെ പ്രഖ്യാപനം. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം എസ്‌പി ഓഫീസിലേക്ക് ജനുവരി നാലിന് 'ലോങ് മാർച്ച്' നടത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പത്താമുട്ടം കൂമ്പാടി സെന്റ്പോൾസ് പള്ളിയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം നടത്തി എന്ന് മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. കരോൾ സംഘവും നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാരും തമ്മിലുണ്ടായ തർക്കമാണ് ഡിവൈഎഫ്ഐ നേത്യത്തത്തിൽ നടന്ന സംഘർഷം എന്നനിലയിൽ പ്രചരിക്കപ്പെടുന്നത്.

യാതൊരുവിധ രാഷ്ട്രീയ നിറവുമില്ലാത്ത ഒരു പ്രശ്നം രാഷ്ട്രീയവൽക്കരിച്ച് നേട്ടം കൊയ്യാൻ ഒരു കൂട്ടർ നടത്തുന്ന ഹീനമായ ശ്രമമാണ് ഇതിനു പിന്നിലുള്ളത്. പാത്താമുട്ടത്ത് ആക്രമണത്തിന് ഇരയായ കരോൾ സംഘം പള്ളിയിൽ അഭയം തേടിയിട്ട് അഞ്ച് ദിവസമായെന്നും പുറത്തിറങ്ങിയാൽ ജീവനെടുക്കുമെന്ന ഭീഷണി ഇവർക്കുണ്ടെന്നുമാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കളുടെ ആരോപണം. എന്നാൽ ഇത്തരത്തിലൊരു ഭീതിജനകമായ ഒരു സാഹചര്യവും അവിടെയില്ല. രാഷ്ട്രീയ ദുഷ്ടലാക്കോടെ നാട്ടിൽ കാലാപത്തിന് ആഹ്വാനം ചെയ്യുന്നവരെ തിരിച്ചറിയണമെന്നും ഡിവൈഎഫ്ഐക്കെതിരായി ബോധപൂർവം അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് അത്തരക്കാർ പിന്മറണമെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP