Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

നല്ല നിലയിൽ പ്രവർത്തിച്ച നാസിലിന്റെ കമ്പനിയെ തകർത്തത് തുഷാറിന്റെ കമ്പനി; പണം കിട്ടാതിരുന്നിട്ടും സബ് കോൺട്രാക്ട് വർക്കുകൾ കടം വാങ്ങി തീർത്തപ്പോൾ ചെക്ക് കൊടുത്ത് പറ്റിച്ച് തുഷാർ; എല്ലാം തകർന്ന് പിടിച്ചു നിൽക്കാൻ പണം ചോദിച്ച് വിളിച്ചപ്പോൾ ഫോൺ പോലും എടുത്തില്ല; യൂസഫലിയും പിണറായി വിജയനും മുരളീധരനും ചേർന്ന് രക്ഷിച്ചെടുത്ത തുഷാർ വെള്ളാപ്പള്ളി തച്ചുടച്ചത് നാസിൽ അബ്ദുല്ലയെന്ന ചെറുപ്പക്കാരന്റെ ജീവിതം: ഈ തൃശൂരുകാരൻ അഴിക്കുള്ളിൽ കിടന്നത് രണ്ട് കൊല്ലം

നല്ല നിലയിൽ പ്രവർത്തിച്ച നാസിലിന്റെ കമ്പനിയെ തകർത്തത് തുഷാറിന്റെ കമ്പനി; പണം കിട്ടാതിരുന്നിട്ടും സബ് കോൺട്രാക്ട് വർക്കുകൾ കടം വാങ്ങി തീർത്തപ്പോൾ ചെക്ക് കൊടുത്ത് പറ്റിച്ച് തുഷാർ; എല്ലാം തകർന്ന് പിടിച്ചു നിൽക്കാൻ പണം ചോദിച്ച് വിളിച്ചപ്പോൾ ഫോൺ പോലും എടുത്തില്ല; യൂസഫലിയും പിണറായി വിജയനും മുരളീധരനും ചേർന്ന് രക്ഷിച്ചെടുത്ത തുഷാർ വെള്ളാപ്പള്ളി തച്ചുടച്ചത് നാസിൽ അബ്ദുല്ലയെന്ന ചെറുപ്പക്കാരന്റെ ജീവിതം: ഈ തൃശൂരുകാരൻ അഴിക്കുള്ളിൽ കിടന്നത് രണ്ട് കൊല്ലം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: മലയാളിയുടെ തകർക്കാൻ പറ്റാത്ത വിശ്വാസമായിരുന്നു അറ്റ്‌ലസ് രാമചന്ദ്രൻ. ആരേയും പറ്റിച്ചതിന് അല്ല അറ്റ്‌ലസ് രാമചന്ദ്രൻ ജയിലിൽ കിടന്നത്. ചിലരു ചതിയിൽ ബിസിനസ് തകർന്നപ്പോൾ അകത്തായത് മൂന്ന് കൊല്ലം. അറസ്റ്റിന്റെ തുടക്കത്തിൽ അറ്റ്‌ലസിനെ രക്ഷിക്കാൻ ആരുമുണ്ടായില്ല. എന്നാൽ തുഷാർ വെള്ളാപ്പള്ളി ചെക്ക് കേസിൽ പെട്ടപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രംഗത്ത് എത്തി. ചരട് വലികളുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും. ഇരുവരും ആവശ്യപ്പെട്ടത് അനുസരിച്ച് സഹായിക്കാൻ യൂസഫലിയും. ഇതോടെ തുഷാർ ജയിൽ മോചിതനായി. എന്നാൽ തുഷാർ തകർത്ത യുവാവിന്റെ കഥ അറ്റ്‌ലസ് രാമചന്ദ്രന് അനുഭവിക്കേണ്ടി വന്നതിനും അപ്പുറത്തായിരുന്നു.

ബിടെക് നേടി ഗൾഫിൽ സംരംഭകനായ നാസിൽ നെയ്തു കൂട്ടിയത് പ്രതീക്ഷയായിരുന്നു. എല്ലാം തകർന്ന് കൊടുങ്ങല്ലൂരുകാരൻ നാസിൽ കടക്കാരനായി ജയിലിൽ കിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. മാനസിക സംഘർഷം സഹിക്കാനാവാതെ പിതാവ് കിടപ്പിലുമായി. നാസിലിന്റെ ജീവിതം തകർത്തത് തുഷാറിന്റെ കമ്പനിയുമായുള്ള ഇടപാടായിരുന്നു. ഇതിലൂടെ വന്ന കുടിശിഖ തീർത്തത് ഏറെ പാടു പെട്ടും. അന്ന് കേസ് നൽകാൻ സഹായം ചെയ്തത് മലപ്പുറം സ്വദേശിയായ വ്യവസായിയും. അല്ലാതെ ആരും ഈ പാവം യുവ ബിസിനസുകാരനെ രക്ഷിക്കാനെത്തിയില്ല. ബിടെക്കിൽ ഉന്നത വിജയം നേടിയാണ് നാസിൽ ഗൾഫിലേക്ക് പറന്നത്. യുഎഇയിൽ അൽമൊയ് കമ്പനിയിൽ ജോലി നോക്കിയ ശേഷം സ്വന്തമായി ആരംഭിച്ച കമ്പനിയായിരുന്നു നാസിലിന്റേത്. ഇതിനെയാണ് തുഷാർ വെള്ളാപ്പള്ളിയുടെ ബോയിങ് കൺസ്ട്രക്ഷൻസ് കമ്പനിയുടെ സബ് കോൺട്രാക്റ്റ് തകർന്നത്. വിഷയത്തിൽ ക്രിമിനൽ കേസാണ് കൊടുത്തിരിക്കുന്നത്. ഇനി സിവിൽ കേസും നാസിൽ നൽകും.

കൊടുങ്ങല്ലൂർ പുതിയകാവ് നമ്പിപുള്ളിലത്ത് അബ്ദുള്ളയുടെ മകനാണ് നാസിൽ അബ്ദുല്ല. തൃശൂർ മതിലകത്താണ് ഇപ്പോൾ താമസം. നാസിൽ സ്വന്തമായി തുടങ്ങിയ കമ്പനി അഞ്ചോ ആറോ മാസങ്ങൾകൊണ്ട് തന്നെ നല്ല നിലയിൽ എത്തിയിരുന്നു. അതിനിടെയിലാണ് തുഷാറിന്റെ കമ്പനിയുടെ സബ് കോൺട്രാക്റ്റ് ലഭിക്കുന്നത്. കൈയിൽ നിന്നും പണം മുടക്കിയും കടംവാങ്ങിയുമായിരുന്നു നാസിൽ പണി ചെയ്തത്. എന്നാൽ തുഷാർ പണം നൽകിയില്ല. ഇതടെ പ്രതിസന്ധി കൂടി. സാധനങ്ങൾ വാങ്ങിയ സ്ഥാപനങ്ങൾ നാസിലിനെതിരെ കേസ് നൽകി. കടം വാങ്ങിയും മറ്റും കുറെയൊക്കെ കൊടുത്തു. എന്നാൽ കോടികളുടെ നഷ്ടം നികത്താനായില്ല. ഇതോടെ നാസിൽ കടക്കെണിയിലായി ജയിലിലുമായി. ഇത് തുഷാറിനും അറിയാമായിരുന്നുവെന്നാണ് സൂചന. മെക്കാനിക്കൽ, ഇലക്ട്രിക്കൽ , പ്ലംബിങ് ജോലികളായിരുന്നു തുഷാറിന്റെ കമ്പനിക്ക് വേണ്ടി നാസിലിന്റെ സ്ഥാപനം തീർത്തുകൊടുത്തത്. എന്നാൽ പണത്തിനു പകരം ചെക്കായിരുന്നു നൽകിയത്. ഇതിൽ കാശില്ലാത്തതായിരുന്നു പ്രശ്‌നത്തിന് കാരണം.

ഇതോടെ തുഷാറിനെ നാസിൽ ബനധപ്പെട്ടു. പലപ്പോഴും പണം നൽകാമെന്ന് പറഞ്ഞു. എന്നാൽ ഒന്നും കൊടുത്തില്ല. ഇതിനിടെ നാസിൽ അറസ്റ്റിലായി. കോടതി 7 കൊല്ലം ജയിൽ ശിക്ഷ വിധിച്ചു. അന്നും തുഷാർ തിരിഞ്ഞു നോക്കിയില്ല. ബന്ധുക്കളും സുഹൃത്തുക്കളും കാര്യങ്ങൾ വേണ്ടപ്പെട്ടവരെ എല്ലാം അറിയിച്ചു. ഇതിനിടെ നാസിലിനെതിരെ പരാതി നൽകിയ സ്‌പോൺസർ മരിച്ചു. ഇത് ആശ്വാസമായി. അദ്ദേഹത്തിന്റെ മക്കൾ നാസിലിന്റെ അപേക്ഷ പരിഗണിച്ച് മാപ്പ് നൽകാൻ തയ്യാറായി. അങ്ങനെയാണ് നാസിൽ ജയിൽ മോചിതനായത്. രണ്ട് കൊല്ലത്തിന് ശേഷം പുറത്തിറങ്ങിയെങ്കിലും നാസിൽ വലിയ പ്രതിസന്ധിയിലായി. നാട്ടിലും വീട്ടിലും വരാനാകാത്ത അവസ്ഥ. അച്ഛൻ കിടപ്പിലുമായി. ഇതോടെ ഗൾഫിൽ എന്തു ജോലിയും നാസിൽ ചെയ്തു.

ഇതിനിടെയാണ് മലപ്പുറം തിരുനാവായ സ്വദേശിയായ ഗൾഫ് വ്യവസായി നാസിലിന് പിന്തുണയുമായി എത്തുന്നത്. കള്ളക്കളികളിൽ പ്രതികാരത്തിന്റെ വിത്ത് നാസിലിന്റെ മനസ്സിലും ഇതോടെ വീണു. തുഷാറിനെതിരെ നിയമ പോരാട്ടത്തിനു നാസിലിനു പിന്തുണ അറിയിച്ചു. കേസ് നൽകാൻ സഹായം നൽകുകയും ചെയ്തത്. യുഎഇയിലുള്ള തുഷാറിന്റെ സ്ഥലം വാങ്ങാൻ എന്ന പേരിലായിരുന്നു തുഷാറിന്റെ ഇവിടെയ്ക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ഇതിന് വേണ്ടി വ്യക്തമായ തന്ത്രങ്ങളും ഒരുക്കി. നാസിൽ വിളിച്ചാൽ തുഷാർ ഫോൺ എടുക്കില്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ട് സ്ത്രീ ശബ്ദത്തിൽ ഫോൺ എത്തി. അത് വിശ്വസിച്ച് തുഷാർ ദുബായിലുമെത്തി. എന്നാൽ തുഷാറിന് വേണ്ടി അതിവേഗ ഇടപെടലുകൾ പിണറായി നടത്തി. അതുകൊണ്ട് തന്നെ തുഷാർ പുറത്തെത്തുകയും ചെയ്തു. എന്നാലും ചെക്ക് കേസിൽ നാസിലിന് പണം നൽകിയാലേ നാടു വിടാൻ കഴിയൂവെന്നാണ് വിലയിരുത്തൽ.

ഒരു വർഷത്തോളം ജയിൽവാസമനുഭവിച്ച ശേഷമാണ് തനിക്ക് നഷ്ടമായ പണം തിരിച്ചുപിടിക്കാൻ നാസിൽ നിയമയുദ്ധം തുടങ്ങിയത്. വണ്ടിച്ചെക്ക് നൽകി തുഷാർ നടത്തിയ ചതിയാണ് തന്നെ ജയിലിലാക്കിയതെന്ന് ഈ യുവ എഞ്ചിനീയർ മാധ്യമങ്ങളിൽ വന്ന് പറയുന്നു. ഒരുവർഷത്തോളം അയാളോ അയാളുടെ കുടുംബാംഗങ്ങളോ അനുഭവിച്ച അതികഠിനമായ വേദനയെ ഒരു നോക്കുകൊണ്ടുപോലും ആശ്വസിപ്പിക്കാൻ തയാറാകാത്ത കേരള മുഖ്യമന്ത്രിയാണ്, വഞ്ചിക്കപ്പെട്ട ഒരു മലയാളി പൗരന്റെ നിയമപോരാട്ടത്തെ തുരങ്കം വക്കാൻ കേന്ദ്ര സർക്കാറിന് കത്തയച്ചത്. അതും അതീവ തിടുക്കത്തിൽ, പ്രതിയെ അറസ്റ്റ് ചെയ്ത രാവിനൊപ്പം ുലർന്ന പകലിൽ തന്നെ-ഇതാണ് ഈ വിഷയത്തിൽ സോഷ്യൽ മീഡിയ ഉയർത്തുന്ന വികാരം. നാസിലിനെ അറിയാവുന്നവർക്കെല്ലാം ഈ ചെറുപ്പക്കാരന് നഷ്ടമായതിനെ കുറിച്ചും നന്നായി അറിയാം. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തും നാസിൽ തുഷാറിനെ വിളിച്ചിരുന്നു. അന്നും അനുകൂലമായ പ്രതികരണമുണ്ടായില്ല. ഇതോടെയാണ് കേസിലേക്ക് കാര്യങ്ങളെത്തിയത്.

തന്നെ ദൂബായിലേക്ക് വസ്തു ഇടപാടിനെന്ന വ്യാജേന ഒരു വനിതയെ ഉപയോഗിച്ചു വിളിച്ചുവരുത്തുകയായിരുന്നെന്ന് തുഷാർ വെള്ളാപ്പള്ളിയും പറയുന്നു. ഇവർ പറഞ്ഞതനുസരിച്ച് 20നു ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോൾ അറസ്റ്റ് ചെയ്ത് അജ്മാൻ പൊലീസിനു കൈമാറി. ചർച്ചകൾക്കു സന്നദ്ധനാണെന്നും നിരപരാധിത്വം തെളിയിക്കാൻ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും തുഷാർ വ്യക്തമാക്കി. പരാതി നൽകിയ നാസിൽ അബ്ദുല്ല പ്രതികരിച്ചില്ല. നാസിൽ അബ്ദുല്ലയുടെ തൃശൂർ മതിലകം പുതിയകാവിലെ വീട്ടിൽ പൊലീസ് വിവരശേഖരണത്തിനെത്തി. നാസിലിന്റെ ഉമ്മയും ഉപ്പയും ബന്ധുക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. നാസിലിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു പൊലീസ് മടങ്ങി. ചെക്ക് കേസ് നടപടികൾ കൂടുതൽ കർശനമായതിനാലാണ് നാസിൽ അജ്മാനിൽ കേസ് നൽകിയതെന്നാണു സൂചന. ദുബായിൽ ചെക്ക് കേസ് നടപടികൾ ഈയിടെ ലളിതമാക്കിയിരുന്നു. ചെക്ക് കേസുകളിൽ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയാണ് യുഎഇയിലെ രീതി. എന്നാൽ, ഇന്ത്യയിൽ കോടതിയാണ് അറസ്റ്റിന് നിർദ്ദേശം നൽകേണ്ടത്.

തുഷാർ വെള്ളാപ്പള്ളിക്ക് പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ ഇടപെടൽ ജാമ്യ നടപടി വേഗത്തിലാക്കി. 10 ലക്ഷം ദിർഹമാണു (ഏകദേശം 1.9 കോടി രൂപ) ജാമ്യത്തുക. എന്നാൽ പാസ്‌പോർട്ട് പിടിച്ചു വച്ചിരിക്കുന്നതിനാൽ തുഷാറിനു യുഎഇ വിടാനാകില്ല. തുഷാർ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിൽ 12 വർഷം മുൻപു ദുബായിൽ പ്രവർത്തിച്ച ബോയിങ് കൺസ്ട്രക്ഷൻ കമ്പനിയുടെ ഉപ കരാറുകാരനാണ് നാസിൽ അബ്ദുല്ല. കരാർ ജോലി ചെയ്ത വകയിൽ 90 ലക്ഷം ദിർഹം (ഏകദേശം 17.1 കോടി രൂപ) കിട്ടാനുണ്ടെന്നാണ് പരാതി. പത്തുലക്ഷം ദിർഹവും(രണ്ട് കോടിയോളം രൂപ) പാസ്‌പോർട്ടും കോടതിയിൽ കെട്ടിവച്ചാണ് ജാമ്യം നേടിയത്. ഞായറാഴ്ച കേസിന്റെ തുടർനടപടികൾ ആരംഭിക്കും. അതുവരെ തുഷാറിന് യു.എ.ഇ.യിൽനിന്ന് പോകാനാവില്ല. ഞായറാഴ്ച തുഷാർ നേരിട്ട് കോടതിയിൽ ഹാജരാകണം. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷവും വെള്ളി, ശനി ദിവസങ്ങളിലും കോടതി അവധിയായതിനാൽ രാവിലെതന്നെ തുഷാറിനെ പുറത്തിറക്കാൻ വലിയ ശ്രമങ്ങളാണ് നടന്നത്. പരാതി നൽകിയകാര്യം അറിയാതെയാണ് ചൊവ്വാഴ്ച തുഷാർ യു.എ.ഇ.യിലെത്തിയത്. ഹോട്ടലിൽ സംസാരിച്ചിരിക്കുന്നതിനിടയിൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

തുഷാറിനെ ചിലർ മനഃപൂർവം കുടുക്കിയതാണെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും പിതാവ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തുഷാറിന് നിയമപരമായ എല്ലാ സഹായവും നൽകണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തെഴുതിയിരുന്നു. പത്തൊമ്പത് കോടി രൂപയുടെ വണ്ടിച്ചെക്ക് കേസിൽ അജ്മാൻ പൊലീസ് അറസ്റ്റു ചെയ്ത തുഷാർ വെള്ളാപ്പള്ളിക്ക് ഇന്ന് ഉച്ചയ്ക്കുശേഷമാണ് ജാമ്യം ലഭിച്ചത്. മുഖ്യമന്ത്രിയും എം.എ യൂസഫലിയും ജാമ്യത്തിനായി ഇടപെട്ടുവെന്നും അതിൽ നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP