Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ടൂർ പോകണമെങ്കിൽ പണം നൽകണം; പടി പിരിവ് വേറെയും; സ്വർണ്ണമണിഞ്ഞ് വരുന്ന പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പണയം വച്ച് പണമുണ്ടാക്കിയും അടിച്ചു പൊളിക്കുന്ന കുട്ടി സഖാക്കൾ; പരീക്ഷ എഴുതുക അപരന്മാരും; പ്രളയകാലത്തെ ഫണ്ട് പിരവ് തട്ടിപ്പ് ചോദ്യം ചെയ്ത ഏര്യാ സെക്രട്ടറിക്ക് കിട്ടിയത് ആട്ടും തല്ലും; പൊലീസിനെ ആക്രമിച്ചതോടെ നസീം 'കിരീടം വച്ച രാജാവുമായി': അഖിലിനെ കുത്താൻ കത്തി ഊരി നൽകിയത് യൂണിവേഴ്‌സിറ്റി കോളേജിലെ 'കൊടി സുനി'; നസീമും ശിവരിഞ്ജിത്തും പിടിയിലാകുമ്പോൾ

ടൂർ പോകണമെങ്കിൽ പണം നൽകണം; പടി പിരിവ് വേറെയും; സ്വർണ്ണമണിഞ്ഞ് വരുന്ന പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പണയം വച്ച് പണമുണ്ടാക്കിയും അടിച്ചു പൊളിക്കുന്ന കുട്ടി സഖാക്കൾ; പരീക്ഷ എഴുതുക അപരന്മാരും; പ്രളയകാലത്തെ ഫണ്ട് പിരവ് തട്ടിപ്പ് ചോദ്യം ചെയ്ത ഏര്യാ സെക്രട്ടറിക്ക് കിട്ടിയത് ആട്ടും തല്ലും; പൊലീസിനെ ആക്രമിച്ചതോടെ നസീം 'കിരീടം വച്ച രാജാവുമായി': അഖിലിനെ കുത്താൻ കത്തി ഊരി നൽകിയത് യൂണിവേഴ്‌സിറ്റി കോളേജിലെ 'കൊടി സുനി'; നസീമും ശിവരിഞ്ജിത്തും പിടിയിലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വിദ്യാർത്ഥി അഖിലിനെ കുത്തി വീഴ്‌ത്തിയ കേസിൽ പ്രതിയായ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി എ.എൻ.നസീം ഏരിയ പ്രസിഡന്റിനെ മർദിച്ച കേസിലും പ്രതി. കഴിഞ്ഞ വർഷം ക്യാംപസിനുള്ളിൽ എസ്എഫ്‌ഐ വഞ്ചിയൂർ ഏരിയ പ്രസിഡന്റായിരുന്ന അമ്പാടി ശ്യാം കുമാറിനെയും മറ്റൊരു എസ്എഫ്‌ഐ നേതാവ് അമലിനെ കല്ല് കൊണ്ട് ഇടിച്ച കേസിലും പ്രതിയാണ്. യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിൽ കണ്ണടച്ച് ഇരുട്ടാക്കി സിപിഎമ്മും പൊലീസും ഒളിച്ചുകളി തുടരുന്നതിന്റെ കാരണം പ്രതികളുടെ രാഷ്ട്രീയ സ്വാധീനമാണ്. എന്നാൽ സമ്മർദ്ദം അതിശക്തമായപ്പോൾ നസീമും ശിവരഞ്ജിത്തും പൊലീസിന് മുന്നിലെത്തി. എസ് എഫ് ഐ നേതൃത്വം തന്നെയാണ് ഇടപെടൽ നടത്തിയത്. സർക്കാരിന് തലവേദന ഉണ്ടാകുന്നതാണ് ഇതിന് കാരണം.

സ്ഥിരം ക്രിമിനലുകളാണ് പിടിയിലാകുന്നത്. പി എസ് സി പരീക്ഷയെ പോലും ഇവർ അട്ടിമറിച്ചെന്നും ആരോപണമുണ്ട്. കോളേജിൽ ഭീകരത നടപ്പാക്കുന്നതിൽ പ്രധാനി നസീമായിരുന്നു. എല്ലാത്തിനും കൂട്ട് ശിവരഞ്ജിത്തും. ഇതിന് എസ് എഫ് ഐയുടെ ഏര്യാസെക്രട്ടറി പോലും ഇരയാകേണ്ടി വന്നു. സംഘടനാ തലത്തിൽ യൂണിറ്റ് സെക്രട്ടറിക്കും പ്രസിഡന്റിനും ഏറെ മുകളിലാണ് ഏര്യാ സെക്രട്ടറിയുടെ സ്ഥാനം. എന്നാൽ തിരുവനന്തപുരം ജില്ലയിൽ ഈ സംഘടനാ മുൻതൂക്കമൊന്നും എസ് എഫ് ഐയിൽ വിലപോകാറില്ലായിരുന്നു. ആരാണോ യൂണിവേഴ്‌സിറ്റിയിലെ സാരഥി അവരായിരുന്നു താരങ്ങൾ. അങ്ങനെ നസീമും ശിവരഞ്ജിത്തും യൂണിവേഴ്‌സിറ്റിയിലെ കിരീടം വയ്ക്കാത്ത രാജാവായി. ഏര്യാ സെക്രട്ടറിയെ അടിച്ചതോടെ ഏവരും നസീമിനെ ഭയന്നു വിറച്ചു.

കോളജിനുള്ളിൽ കറങ്ങുന്ന കസേരയിൽ ഇരുന്ന കറങ്ങിയെന്ന കുറ്റത്തിനായിരുന്നു അമ്പാടിയെ മർദിച്ചത്. എന്നാൽ നസീമിന്റെ പണം തട്ടിപ്പ് പുറത്തു കൊണ്ടു വന്നതാണ് പ്രകോപനത്തിന് കാരണമായത്. നസീമിനു പൊലീസ് പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപെട്ടതിനെ തുടർന്ന് ഈ കേസ് പിൻവലിപ്പിക്കാൻ പാർട്ടി, ഡിവൈഎഫ്‌ഐ നേതാക്കൾ ഇവരെ നിരന്തരം ബന്ധപ്പെട്ടു സമ്മർദം ചെലുത്തുകയാണ്. ഇതിനിടെയാണ് അഖിലിനെ കുത്താൻ ശിവരഞ്ജിത്തിന് നസീം കത്തി ഊരി നൽകിയത്. എന്നാൽ കേസ് പിൻവലിക്കില്ലെന്ന് ഉറച്ച നിലപാടിലാണ് അടി കൊണ്ടവർ. ''എങ്കിൽ കേസ് പിൻവലിക്കേണ്ട, സത്യവാങ്മൂലം എഴുതി നൽകി പൊലീസ് സേനയിൽ കയറുന്നതു കാണിച്ചു തരാമെന്ന്' നസീം പറഞ്ഞതായി ഇവരുടെ സഹപ്രവർത്തകർ പറഞ്ഞു. ആ കേസിന്റെ പേരിൽ അമ്പാടി ഇപ്പോഴും ഭീഷണി നേരിടുന്നുമുണ്ട്.

ഈ ക്രൂരതകൾ ചർച്ചയാതോടെയാണ് നസീം ശിവരഞ്ജിത്തും കീഴടങ്ങിയേ മതിയാകൂവെന്ന നിലപാടിലേക്ക് സിപിഎം എത്തിയത്. ഇതിനെ തുടർന്നാണ് ഇവർ അറസ്റ്റിലാകുന്നത്.

കൊടി സുനിയായി വളർന്ന വിദ്യാർത്ഥി നേതാവ്

യൂണിവേഴ്‌സിറ്റി കോളേജിലെ 'കൊടി സുനി' ആയിരുന്നു നസീം. എന്തിനും ഏതിനു മുമ്പിൽ നിൽക്കുന്ന എസ് എഫ് ഐ നേതാവ്. ഗുണ്ടാ പരിവും നടത്തി. ചോദ്യമുയർത്തുന്നവരെ അടിച്ചമർത്തി. അങ്ങനെ കണ്ണൂരിലെ പാർട്ടി ഗ്രാമത്തിന് സമാനമായ വിദ്യാർത്ഥി രാഷ്ട്രീയം യൂണിവേഴ്‌സിറ്റി കോളേജിൽ നടപ്പാക്കി. മൂന്ന് പതിറ്റാണ്ടിലേറെയായി യൂണിവേഴ്‌സിറ്റി കോളേജിൽ എസ് എഫ് ഐ മാത്രമാണുള്ളത്. എസ് എഫ് ഐക്കാർക്ക് ഇവിടെ സസുഖം കഴിയാമായിരുന്നു. എന്നാൽ നസീം നേതൃത്വത്തിലെത്തിയപ്പോൾ പാർട്ടിക്കാർക്കും വിലക്ക് വന്നു. താൻ ആഗ്രഹിക്കാത്തതൊന്നും ആരും ചെയ്യരുതെന്ന അലിഖിത നിയമം നസീം നടപ്പാക്കി.

സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വം നസീമിനൊപ്പമായിരുന്നു. ഡിവൈഎഫ് ഐയും അകമഴിഞ്ഞ് പിന്തുണ നൽകി. നസീമിന്റെ ക്രൂരതകൾക്ക് നേതൃത്വം കൂട്ടു നിൽക്കാൻ തുടങ്ങിയതോടെ കോളേജിൽ ക്വട്ടേഷൻ നടപ്പാക്കുന്ന ഗുണ്ടാ നേതാവായി നസീം മാറി. ജില്ലാ നേതൃത്വം പോലും നസീമിനെ ഭയന്നു. ഇതുകൊണ്ടാണ് പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐയെ നിയന്ത്രിച്ചത്. പരീക്ഷകൾ കോപ്പിയടിച്ചും പുസ്തകം നോക്കി എഴുതിയാണ് നസീം മുമ്പോട്ട് പോയത്. പി എസ് സി പരീക്ഷാ ഹാളിൽ നസീം മൊബൈലുപയോഗിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയെന്ന ആരോപണവും ശക്തമാണ്.

അഖിലിനെ കുത്തിയ കേസിലെ മുഖ്യപ്രതിയും യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത് സിവിൽ പൊലീസ് ഓഫിസർ കെഎപി നാലാം ബറ്റാലിയൻ (കാസർകോട്) റാങ്ക് ലിസ്റ്റിൽ ഒന്നാമനാണ്. 13 ദിവസം മുൻപാണ് പട്ടിക പുറത്തുവന്നത്. നസീമിന് ഇതേ ലിസ്റ്റിൽ 28 ാം റാങ്ക്. നസീമും മറ്റൊരു പ്രതി അമറും ചേർന്ന് അഖിലിനെ പിടിച്ചുനിർത്തിയപ്പോൾ ശിവരഞ്ജിത് കുത്തിയെന്നാണ് എഫ്‌ഐആറിലുള്ളത്. സിവിൽ പൊലീസ് ഓഫിസർ എഴുത്തുപരീക്ഷയിൽ 78.33 മാർക്കും സ്പോർട്സ് വെയ്‌റ്റേജായി 13.58 മാർക്കും ചേർത്ത് ശിവരഞ്ജിത്തിന് 91.91 മാർക്ക് ലഭിച്ചു. രണ്ടാം റാങ്കുകാരന് 78 മാർക്ക് മാത്രം. നസീമിന് ലഭിച്ചത് 65.33 മാർക്ക്. ഒരുമാസത്തിനകം പിഎസ്‌സി നിയമന ശുപാർശ പ്രതീക്ഷിക്കാമെങ്കിലും കേസുള്ളതിനാൽ നിയമ തടസ്സമുണ്ടാകാം.

പ്രതികൾ പൊലീസ് നിയമനത്തിനുള്ള പി.എസ്.സി പരീക്ഷ എഴുതിയത് തിരുവനന്തപുരത്തെ കേന്ദ്രങ്ങളിൽ തന്നെ എന്നും തെളിഞ്ഞു. കാസർകോട് ജില്ലയിലേക്കുള്ള നിയമനത്തിന് തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രം അനുവദിച്ചത് അനധികൃതമായാണോ എന്ന് പി.എസ്.സി പരിശോധിക്കും. രണ്ടാം പ്രതി എ.എൻ. നസീം പരീക്ഷ എഴുതിയത് തൈക്കാട് വച്ചാണ്. യൂണിറ്റ് കമ്മിറ്റിയംഗം പ്രണവ് ആറ്റിങ്ങലിലും പരീക്ഷ എഴുതി. തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രം അനുവദിച്ചതിനെക്കുറിച്ച് പിഎസ്‌സി പരിശോധിക്കും.

പൊലീസിനെ ആക്രമിച്ച നസീം

അഖിലിനെ കുത്തിയ സംഘത്തിന് നേതൃത്വം നൽകിയ എസ്.എഫ്.ഐ. നേതാവ് നസീം പൊലീസുകാരെ ആക്രമിച്ച കേസിലും പ്രതിയായിരുന്നു. പാളയത്ത് സിഗ്നൽ ലംഘിച്ച് പാഞ്ഞ ബൈക്ക് തടഞ്ഞതിനാണ് ഇയാൾ പൊലീസുകാരെ പൊതുനിരത്തിൽ വളഞ്ഞിട്ട് തല്ലിയത്. അക്രമംനടന്നതിന് തൊട്ടുപിന്നാലെ കൺട്രോൾറൂമിൽനിന്ന് പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും നസീമിനെയും സംഘത്തെയും അറസ്റ്റുചെയ്യാതെ മടങ്ങി. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇയാളെ പ്രതിയാക്കി കേസെടുക്കാൻ പൊലീസ് തയ്യാറായത്. കേസിൽനിന്ന് ഒഴിവാക്കാനും വൻ സമ്മർദമുണ്ടായി. നസീം ഒളിവിലാണെന്നായിരുന്നു പൊലീസ് ഭാഷ്യം.

എന്നാൽ നസീം തലസ്ഥാനത്തുതന്നെ ഉണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലും എസ്.എഫ്.ഐ. ഓഫീസിലും ഇയാൾ എത്തിയിരുന്നു മന്ത്രി എ.കെ. ബാലൻ പങ്കെടുത്ത പൊതുചടങ്ങിലും പങ്കെടുത്തിരുന്നു. മാധ്യമങ്ങളിൽ വാർത്തവന്നതോടെയാണ് അറസ്റ്റുചെയ്യാൻ പൊലീസ് തയ്യാറായത്. കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷമാണ് നസീം വീണ്ടും യൂണിവേഴ്‌സിറ്റി കോളേജിൽ സജീവമായത്. നസീം യൂണിയൻ സെക്രട്ടറിയായി മാറി. ഇതിനൊപ്പമാണ് പൊലീസ് പരീക്ഷ എഴുതിയത്. ഇതോടെ കാക്കി കുപ്പായം സ്വപ്‌നം കാണാൻ തുടങ്ങി. ഇതിനിടെയാണ് അഖിലിനെ ആക്രമിച്ചത്.

നസീം പൊലീസ് സേനയിലേക്ക് പോസ്റ്റിങ്ങ് പ്രതീക്ഷിച്ചിരിക്കുന്നയാളാണ്. ഇയാൾക്ക് പിഎസ്‌സി റാങ്ക് ലിസ്റ്റിൽ 28ാം റാങ്കുണ്ട്. ഉദ്യോഗാർത്ഥിയുടെ ക്രിമിനൽ പശ്ചാത്തലം നോക്കാതെ റാങ്കു പട്ടികയിൽ സിപിഎം സ്വാധീനം ഉപയോഗിച്ച് തിരുകി കയറ്റുകയാണെന്ന് നേരത്തെ ഇയാൾക്കെതിരേ ആരോപണം ഉണ്ട്.

ഗുണ്ടാ പരിവും ആക്രമവും

യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കൾ പകരക്കാരെ നിയോഗിച്ചാണു പരീക്ഷ എഴുതുന്നതെന്നും പെൺകുട്ടികളുടെ സ്വർണമാല വാങ്ങി പണയം വച്ചു തട്ടിപ്പു നടത്തുന്നതു പതിവാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. എസ്എഫ്‌ഐ വഞ്ചിയൂർ മുൻ ഏരിയ സെക്രട്ടറി അമ്പാടി ശ്യാംപ്രകാശാണ് നസീമിനെതിരെ ഗുരുതര ആക്ഷേപങ്ങൾ ഉയർത്തുന്നത്. പ്രളയദുരിതാശ്വാസ ഫണ്ട് തിരിമറി നടത്തിയതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പരാതി നൽകിയത് അമ്പാടിയാണ്. ഇതിന് പ്രതികാരമാണ് തനിക്കെതിരെ ഉണ്ടായ ആക്രമമെന്ന് അമ്പാടി വിശദീകരിക്കുന്നു.

''എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഞാൻ ഈ വർഷമാണ് യൂണിവേഴ്‌സിറ്റി കോളജിൽ നിന്നു പിജി ഇംഗ്ലിഷ് പഠിച്ചിറങ്ങിയത്. പ്രളയദുരിതാശ്വാസ ഫണ്ടിൽ തിരിമറി നടത്തിയതിനെതിരെ കോടിയേരിക്കു പരാതി നൽകി. ഇക്കാര്യം അറിഞ്ഞതു മുതൽ യൂണിറ്റ് സെക്രട്ടറി നസീമിന്റെ ഭീഷണി ഉണ്ടായിരുന്നു. തിരിമറിയെക്കുറിച്ചു ജില്ലാ കമ്മിറ്റിയുടെ 8 യോഗങ്ങളിൽ ഇക്കാര്യം പലരും ഉന്നയിച്ചെങ്കിലും നേതാക്കൾ മറുപടി നൽകിയില്ല-അമ്പാടി പറയുന്നു.

കോളജിൽ ഒരു ഭാരവാഹി എന്നോടു കാര്യമില്ലാതെ കയർത്തു. പിന്നാലെ നസീമും സംഘവും എത്തി 20 മിനിറ്റ് മർദിച്ചു. മരക്കസേര കൊണ്ടു മുതുകിൽ അടിച്ചു. കസേര രണ്ടായി പിളർന്നു. സംഭവം അറിഞ്ഞു വഞ്ചിയൂരിൽ നിന്ന് എസ്എഫ്‌ഐ നേതാക്കൾ കോളജിനു പുറത്തുവന്നു. ഞാനും അവരുടെ അടുത്തെത്തി. ആക്രോശിച്ചുകൊണ്ടു പുറത്തുവന്ന നസീം എന്റെ സുഹൃത്ത് അമലിന്റെ മുഖത്തു കല്ലുകൊണ്ടിടിച്ചു. മുഖത്തിന്റെ ഒരു ഭാഗം തകർന്നുപോയി. എസ്എഫ്‌ഐ സെക്രട്ടറിയായിരുന്ന പ്രതിൻസാജ് കൃഷ്ണയോടു പരാതി പറഞ്ഞപ്പോൾ നസീമിനെയാണു ന്യായീകരിച്ചത്.''-അമ്പാടി പറയുന്നു. ആനാവൂർ നാഗപ്പൻ ഉൾപ്പെടെയുള്ള നേതാക്കളോടും എസ്.എഫ്.ഐ. സംസ്ഥാന നേതാക്കളോടും പരാതിപ്പെട്ടിരുന്നു. എന്നാൽ, പരാതിപ്പെടുന്നവരാണ് കുറ്റക്കാരെന്ന രീതിയാണ് പാർട്ടി സ്വീകരിച്ചതെന്നും അമ്പാടി പറയുന്നു.

അമ്പാടിയുടേയും അമലിന്റെയും പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, നസീം പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചതിനെത്തുടർന്ന് കേസ് പിൻവലിക്കാൻ ഭീഷണിയും സമ്മർദവുമുണ്ട്. യൂണിവേഴ്സിറ്റി കോളജിൽ എസ്.എഫ്.ഐ. യൂണിറ്റ് 'പടി' പിരിക്കാറുണ്ട്. കോളജിൽനിന്നു ടൂർ പോകണമെങ്കിൽ യൂണിറ്റിനു പിരിവ് നൽകണം. പെൺകുട്ടികളെ ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ വാങ്ങി പണയംവച്ച് പണമുണ്ടാക്കുന്ന നേതാക്കളുമുണ്ട്. വിദ്യാർത്ഥികൾ കോളജിൽ പ്രവേശനം നേടുമ്പോൾ തുടങ്ങുന്ന പിരിവാണിതെന്നും അമ്പാടി പറഞ്ഞു.

കോളജിൽ തനിക്കേറ്റ എസ്.എഫ്.ഐയുടെ ക്രൂരമർദനത്തിന്റെ കഥ പൂർവവിദ്യാർത്ഥി ജസീൽ മമ്പാട് ഫേസ്‌ബുക്കിലൂടെയാണു വെളിപ്പെടുത്തിയത്. മെയ്‌ 21-ന് തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പ് പുതിയ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വൈറലാകുകയാണ്. കോളജിനു പുറത്തു നിന്ന് നോട്ടീസ് കൊടുത്തതിനാണ് എസ്.എഫ്.ഐ. നേതാക്കൾ തല്ലിച്ചതച്ചത്. കൂടെയുണ്ടായിരുന്ന മയൂഫ്, സജീർ എന്നിവരെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന് മുന്നിൽവച്ച് പട്ടികകൊണ്ടും ഇഷ്ടികക്കഷ്ണങ്ങൾകൊണ്ടും തല്ലിപ്പരുവമാക്കി. അതിനു ശേഷം നാട്ടുകാർ നോക്കിനിൽക്കെ ഒരു പറ്റം കുട്ടിസഖാക്കൾ തൂക്കിയെടുത്തു കൊണ്ടുപോയി യൂണിറ്റ് റൂമെന്ന ഇടിമുറിയിലേക്കു തള്ളി ഇരുപത്തഞ്ചോളം പേർ ചേർന്ന് തല്ലിച്ചതച്ചു. പുറത്ത് പൊലീസ് എത്തിയതുകൊണ്ടു മാത്രമാണു ജീവനോടെ രക്ഷപ്പെട്ടതെന്നും ജസീൽ പറയുന്നു. ഈ ഇടിമുറിയെ കുറിച്ചാണ് അറിയില്ലെന്ന് പ്രിൻസിപ്പൽ വിശ്വംഭരൻ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP