Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കരുണാകരൻ ഒപ്പമില്ലാതെ കണ്ണനെ തൊഴാനെത്തുന്ന ആദ്യ പ്രധാനമന്ത്രി; ഇന്ദിരയ്ക്കും രാജീവിനും നരസിംഹറാവുവിന് ശേഷമെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിച്ചത് പൂർണ്ണ കുംഭം നൽകി; നാലാമന്റെ ക്ഷേത്ര ദർശനം ചടങ്ങുകളെ ഒന്നും ബാധിക്കാത്ത തരത്തിൽ; പട്ടും കദളിക്കുലയും ഉരുളിയിൽ നെയ്യുമായി നെഞ്ചുരുകി കണ്ണനെ പ്രാർത്ഥിക്കുന്നത് ഇത് രണ്ടാം തവണയും; 2008ലെ വരവ് ജയലളിതയുടെ പ്രചോദനത്താലും; ഇന്ദ്രപ്രസ്ഥത്തിൽ രണ്ടാമൂഴം അധികാരം നേടി ഗുരുവായൂരിലെ പരമ ഭക്തനായി മോദി മാറുമ്പോൾ

കരുണാകരൻ ഒപ്പമില്ലാതെ കണ്ണനെ തൊഴാനെത്തുന്ന ആദ്യ പ്രധാനമന്ത്രി; ഇന്ദിരയ്ക്കും രാജീവിനും നരസിംഹറാവുവിന് ശേഷമെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിച്ചത് പൂർണ്ണ കുംഭം നൽകി; നാലാമന്റെ ക്ഷേത്ര ദർശനം ചടങ്ങുകളെ ഒന്നും ബാധിക്കാത്ത തരത്തിൽ; പട്ടും കദളിക്കുലയും ഉരുളിയിൽ നെയ്യുമായി നെഞ്ചുരുകി കണ്ണനെ പ്രാർത്ഥിക്കുന്നത് ഇത് രണ്ടാം തവണയും; 2008ലെ വരവ് ജയലളിതയുടെ പ്രചോദനത്താലും; ഇന്ദ്രപ്രസ്ഥത്തിൽ രണ്ടാമൂഴം അധികാരം നേടി ഗുരുവായൂരിലെ പരമ ഭക്തനായി മോദി മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ: ലീഡർ കെ കരുണാകരനൊപ്പമല്ലാതെ ഗുരുവായൂരപ്പനെ തൊഴാനെത്തിയ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഗുരുവായൂരിലേക്ക് പ്രശസ്തി എത്തിച്ചത് കേരള മുഖ്യമന്ത്രിയായിരുന്ന കരുണാകരനാണ്. എല്ലാം കണ്ണന് സമർപ്പിച്ചായിരുന്നു കരുണാകരന്റെ രാഷ്ട്രീയ പ്രവർത്തനം. എല്ലാ മാസവും ഒന്നാം തീയതി കണ്ണനെ തൊഴുന്ന മുഖ്യമന്ത്രി ഗുരുവായൂരപ്പന്റെ പ്രിയ ഭക്തനായി. ഈ  ഭക്തിയാണ് മൂന്ന് പ്രധാനമന്ത്രിമാരെ ഗുരുവായൂർ സന്നിധിയിൽ എത്തിച്ചത്. 1980-ൽ ഇന്ദിരാഗാന്ധിയും '87-ൽ രാജീവ്ഗാന്ധിയും '94-ൽ നരസിംഹറാവുവും കണ്ണനെ തൊഴാനെത്തി. അതുകൊണ്ട് തന്നെ ഗുരുവായൂരപ്പനെ തൊഴാനെത്തുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

ശനിയാഴ്ച രാവിലെ ക്ഷേത്രത്തിൽ പന്തീരടിപൂജ കഴിഞ്ഞ് പത്തുമണിക്ക് ശേഷം നരേന്ദ്ര മോദി കണ്ണനെ വണങ്ങി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ മോദി ഗുരുവായൂരിൽ എത്തിയിട്ടുണ്ട്. അന്ന് ചെയ്തത് പോലെ താമരയിൽ തുലാഭാരവും നടത്തി. പ്രധാനമന്ത്രിയെന്ന നിലയിൽ മോദി എത്തുമ്പോൾ പൂർണ്ണ കുംഭം നൽകിയാകും ക്ഷേത്രം സ്വീകരിച്ചത്. ക്ഷേത്രത്തിലെ ഒരു ചടങ്ങിന്റെയും സമയം തെറ്റിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനം. ക്ഷേത്രം കിഴക്കേഗോപുരത്തിൽ ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്, അഡ്‌മിനിസ്‌ട്രേറ്റർ എസ്.വി.ശിശിർ എന്നിവരുടെ നേതൃത്വത്തിൽ പൂർണകുംഭത്തോടെയാണു പ്രധാനമന്ത്രിയെ വരവേറ്റു. കൊടിമരത്തിനു സമീപത്തു കൂടി അകത്തു കടന്ന് അദ്ദേഹം ദർശനം നടത്തി.

ചടങ്ങുകൾ അതതുസമയങ്ങളിൽ നടക്കും. 11.15-ന് ഉച്ചപൂജ നിവേദ്യം പറയുന്നതിനുമുൻപ് ദർശനം കഴിഞ്ഞ് ക്ഷേത്രത്തിനുപുറത്ത് കടക്കും. ഓതിക്കൻ പഴയത്ത് അഷ്ടമൂർത്തി നമ്പൂതിരിയാണ് പന്തീരടിപൂജ നിർവഹിക്കുക. അദ്ദേഹവും മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻനമ്പൂതിരിയും ചേർന്ന് പൂജയ്ക്ക് ഗുരുവായൂരപ്പനെ അലങ്കരിക്കും. പൂജാസമയത്ത് മനസ്സിൽവരുന്ന രൂപത്തിലായിരിക്കും ഇവർ അലങ്കാരം നടത്തിയത്. ഈ രൂപത്തിലാണ് പ്രധാനമന്ത്രി ഗുരുവായൂരപ്പനെ ദർശിച്ചത്. ഭഗവാനെ അലങ്കരിക്കാൻ പ്രധാനമന്ത്രി മുഴുക്കാപ്പ് കളഭം ശീട്ടാക്കിയിരുന്നു. പട്ടും കദളിക്കുലയും ശ്രീലകത്ത് കത്തിക്കാൻ ഉരുളിയിൽ നറുനെയ്യും പ്രധാനമന്ത്രി സോപാനത്ത് സമർപ്പിച്ചു. പന്തീരടിപൂജ കഴിഞ്ഞതിനാൽ ഉച്ചപ്പൂജ നേദ്യത്തിനു നട അടയ്ക്കുന്നതുവരെ പ്രത്യേക പൂജകളോ അഭിഷേകങ്ങളോ ഉണ്ടാകില്ല. ഗണപതിയെ തൊഴുതു ശ്രീകോവിൽ വലംവച്ച് മോദി ക്ഷേത്രത്തിൽ കുറച്ചു സമയം ധ്യാനിക്കും. മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി നാക്കിലയിൽ ഗുരുവായൂരപ്പന്റെ പ്രസാദം നൽകും. വടക്കേനടയിലൂടെ പുറത്തിറങ്ങി ഭഗവതി ക്ഷേത്രത്തിലും ദർശനം നടത്തും.

980-ൽ ഇന്ദിരാഗാന്ധിയും '87-ൽ രാജീവ്ഗാന്ധിയും '94-ൽ നരസിംഹറാവുവും കണ്ണനെ തൊഴാനെത്തു്‌മ്പോൾ എല്ലാ സൗകര്യവുമൊരുക്കാൻ ഓടി നടന്നത് കരുണാകരനായിരുന്നു. രാജീവ് ഗാന്ധി നാരായണീയം 400-ാം വാർഷിക സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനും നരസിംഹറാവു ഗുരുവായൂർ റെയിൽപ്പാത ഉദ്ഘാടനത്തിനും എത്തിയപ്പോഴായിരുന്നു ക്ഷേത്രദർശനം നടത്തിയത്. മൂന്നുപേരുടെയും വരവിനുപിന്നിൽ ലീഡർ കെ. കരുണാകരന്റെ ശ്രമമുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയോടൊപ്പം എത്തിയ അന്നത്തെ റെയിൽവേമന്ത്രി കമലാപതി ത്രിപാഠിയാണ് ഗുരുവായൂരിലേക്ക് റെയിൽപ്പാതയെന്ന പ്രതീക്ഷ നൽകിയത്. ഇതെല്ലാം കരുണാകരന്റെ ഗുരുവായൂർ സ്‌നേഹം അറിഞ്ഞ് കൂടിയുള്ള വരവുകളായിരുന്നു.

വാജ്‌പേയി, വി.പി. സിങ്, ചന്ദ്രശേഖർ, ദേവഗൗഡ എന്നിവർ പ്രധാനമന്ത്രിയല്ലാതിരുന്ന സമയത്ത് ഗുരുവായൂരപ്പനെ തൊഴാനെത്തിയിട്ടുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കഴിഞ്ഞവർഷം ഗുരുവായൂരപ്പനെ വണങ്ങി്. 2016-ൽ അന്നത്തെ രാഷ്ട്രപതി പ്രണബ്മുഖർജിയും ദർശനം നടത്തി. ഉപരാഷ്ട്രപതിയായിരിക്കേ വെങ്കിട്ടരാമനും ഗുരുവായൂരിൽ ദർശനം നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ 7 എസ്‌പിമാരുടെയും 17 ഡിവൈഎസ്‌പിമാരുടെയും നേതൃത്വത്തിൽ 1500 പൊലീസുകാരാണ് ഗുരുവായൂരിലുള്ളത്. ഡിജിപി ലോക്‌നാഥ് ബഹ്‌റ, എഡിജിപി ഷെയ്ഖ് ദർബേഷ്, ഐജി ബൽറാംകുമാർ ഉപാധ്യായ, സിറ്റി പൊലീസ് കമ്മിഷണർ എസ്എച്ച് യതീഷ്ചന്ദ്ര എന്നിവർ സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിച്ചു.

അധികാരത്തിൽ തുടർച്ചയായി രണ്ടാം തവണ എത്തിയ ശേഷം പ്രധാനമന്ത്രി ആദ്യമായി എത്തുന്നത് കേരളത്തിലേക്കാണ്. ബിജെപിക്ക് ഒരംഗത്തെ പോലും നാൽകാത്ത കേരളത്തിൽ മോദി എത്തുന്നത് ഗുരുവായൂർ കണ്ണന് നന്ദി പറയാനാണ്. 2008 ജനുവരി 13ന് മോദി ക്ഷേത്രദർശനം നടത്തിയിരുന്നു. അന്ന് താമരപ്പൂ കൊണ്ട് തുലാഭാരവും പുലർച്ചെ അഞ്ചരയോടെ പത്രസമ്മേളനവും നടത്തിയാണു മടങ്ങിയത്. 2001ലാണ് മോദി അദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. ബിജെപിയിലെ ഗ്രൂപ്പിസത്തിന് പരിഹാരമായി കേശുഭായ് പട്ടേലിനെ മാറ്റിയാണ് മോദിയെ ബിജെപി ദേശീയ നേതൃത്വം മുഖ്യമന്ത്രിയാക്കിയത്. 2002ലെ തെരഞ്ഞെടുപ്പിൽ മോദി ജയിച്ചു കയറി. അതിന് ശേഷം 2007ൽ തെരഞ്ഞെടുപ്പ്. ഏറെ വെല്ലുവിളികളെ മോദി അന്ന് നേരിട്ടു. എന്നാൽ ഗുജാറത്തിലെ ജനവിധി മോദിക്ക് അനുകൂലമായിരുന്നു. ഗുജറാത്തിൽ ബിജെപി വൻ മുന്നേറ്റം നടത്തി. ഇതിന് ശേഷം മോദി ഓടിയെത്തിയത് ഗുരുവായൂർ ഉണ്ണിക്കണ്ണനെ തൊഴാനായാരിന്നു. അതിന് ശേഷം നേരെ പോയത് ജയലളിതയുടെ അടുത്തേക്കും.

2012ൽ അനായാസമായി ജയിച്ചു. പിന്നെ 2014ൽ എൻഡിഎ നയിച്ച് പ്രധാനമന്ത്രിയുമായി. ഇത്തവണ നടന്നത് വീറുറ്റ പോരാട്ടം. വിമർശകർ പോലും ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് വിധിയെഴുതി. എന്നാൽ 303 സീറ്റാണ് എൻഡിഎയ്ക്ക് കിട്ടിയത്. 2007 ഗുജറാത്തിൽ കിട്ടിയതിന് സമാനമായ ജയം. ഇപ്പോഴും ഓടിയെത്തുകയാണ് ഗുരുവായൂരിലേക്ക് മോദി. 2008 ജനുവരി 14നായിരുന്നു മോദി ആദ്യം ഗുരുവായൂരിലെത്തിയത്. എന്ന് കണ്ണന് കദളിപ്പഴവും തുലഭാരവും നടത്തി പോയത് തമിഴ്‌നാട്ടിലായിരുന്നു. അന്ന് തമിഴകം ഭരിച്ച ജയലളിതയെ കാണാൻ. ജയലളിതയും മോദിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ജയലളിതയിൽ നിന്നാണ് ഗുരുവായൂരപ്പന്റെ കടാക്ഷത്തിന്റെ ശക്തി മോദി തിരിച്ചറിഞ്ഞതെന്നും സൂചനയുണ്ട്.

ജയലളിതയ്ക്ക് വിശ്വാസമുണ്ടായിരുന്ന പിയപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു ഗുരുവായൂർ. 2004 ജൂലായ് ഏഴിനാണ് ജയലളിത അവസാനമായി ഗുരുവായൂരിൽ വന്നത്. ഗുരുവായൂരപ്പന് അണിയാൻ പച്ചപ്പട്ടും നിവേദിക്കാൻ കദളിപ്പഴവും ശ്രീലകത്ത് തെളിയിക്കാൻ നറുനെയ്യും സമർപ്പിച്ച് വണങ്ങിയനേരം നിയന്ത്രണംവിട്ട് വിതുമ്പുകയായിരുന്നു. കൂടെയുണ്ടായിരുന്ന ശശികലയാണ് സാന്ത്വനിപ്പിച്ചത്. അതിനും മൂന്നുവർഷം മുമ്പ് ആനയെ നടയിരുത്താനും ജയലളിത ഗുരുവായൂരിൽ എത്തിയിരുന്നു. 2001 ജൂലായ് രണ്ടിനാണ് ആനയെ നടയിരുത്താൻ ഗുരുവായൂരിലെത്തിയത്. മുന്മുഖ്യമന്ത്രി കരുണാനിധിയും കേന്ദ്രമന്ത്രിമാരും ജയിലിലായപ്പോഴുണ്ടായ രാഷ്ട്രീയക്കൊടുങ്കാറ്റിനിടെയായിരുന്നു ഗുരുവായൂർ ദർശനം.

സോപാനത്ത് 44 പവന്റെ സ്വർണക്കിരീടം സമർപ്പിച്ചും കൃഷ്ണ എന്ന കൊമ്പനെ നടയിരുത്തിയുമായിരുന്നു അന്ന് ദർശനം. പിന്നീടുള്ള രാഷ്ട്രീയ വളർച്ചയിൽ ഗുരുവായൂരപ്പന്റെ അനുഗ്രഹം താങ്ങും തണലുമായിരുന്നുവെന്ന് ജയലളിത കരുതിയിരുന്നു. ഇതിൽ നിന്നുള്ള പ്രചോദനമായിരുന്നു 2008ൽ മോദിയെ ഗുരുവായൂരിൽ എത്തിച്ചതെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP