Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ സംഗീതത്തിന് അതിമനോഹരമായ ഒരു ശബ്ദമാണ് നഷ്ടമാകുന്നതെന്ന് രാഷ്ട്രപതി; എസ് പി ബാലസുബ്രഹ്മണ്യമില്ലാത്ത കലാലോകം ശൂന്യമെന്ന് പ്രധാനമന്ത്രി; പകരം വെക്കാൻ ആളില്ലാത്ത സംഗീത വ്യക്തിത്വമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; എഴുതലമുറകൾക്കപ്പുറവും അദ്ദേഹത്തിന്റെ യശസ്സ് നിലനിൽക്കുക തന്നെ ചെയ്യുമെന്ന് കമൽഹാസൻ; ഒരു കാലഘട്ടം അവസാനിച്ചിരിക്കുന്നു എന്ന് ചിത്ര; എസ് പി ബാലസുബ്രഹ്മണ്യത്തന്റെ വേർപാടിൽ അനുശോചനം അറിയിച്ച് പ്രമുഖർ

ഇന്ത്യൻ സംഗീതത്തിന് അതിമനോഹരമായ ഒരു ശബ്ദമാണ് നഷ്ടമാകുന്നതെന്ന് രാഷ്ട്രപതി; എസ് പി ബാലസുബ്രഹ്മണ്യമില്ലാത്ത കലാലോകം ശൂന്യമെന്ന് പ്രധാനമന്ത്രി; പകരം വെക്കാൻ ആളില്ലാത്ത സംഗീത വ്യക്തിത്വമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; എഴുതലമുറകൾക്കപ്പുറവും അദ്ദേഹത്തിന്റെ യശസ്സ് നിലനിൽക്കുക തന്നെ ചെയ്യുമെന്ന് കമൽഹാസൻ; ഒരു കാലഘട്ടം അവസാനിച്ചിരിക്കുന്നു എന്ന് ചിത്ര; എസ് പി ബാലസുബ്രഹ്മണ്യത്തന്റെ വേർപാടിൽ അനുശോചനം അറിയിച്ച് പ്രമുഖർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി കലാ - രാഷ്ട്രീയ രം​ഗത്തെ പ്രമുഖർ. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെ നിരവധി നേതാക്കൾ അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി പിണറായി വിജയൻ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരും അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം പങ്കിട്ടു.

ഇന്ത്യൻ സംഗീതത്തിന് ഏറ്റവും വലിയ നഷ്ടമാണ് എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരിച്ചു. സംഗീത ഇതിഹാസം എസ്‌പി ബാലസുബ്രഹ്മണ്യം കടന്നുപോകുമ്പോൾ ഇന്ത്യൻ സംഗീതത്തിന് അതിമനോഹരമായ ഒരു ശബ്ദമാണ് നഷ്ടമാകുന്നത്. അദ്ദേഹത്തിന്റെ എണ്ണമറ്റ ആരാധകർ 'പാടുന്ന നിലാവ്' അല്ലെങ്കിൽ 'പാടുന്ന ചന്ദ്രൻ' എന്ന് വിളിക്കുന്ന അദ്ദേഹത്തിന് പത്മഭൂഷണും നിരവധി ദേശീയ അവാർഡുകളും ലഭിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും അനുശോചനം- രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.

സംഗീത ഇതിഹാസം എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തിൽ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡു അനുശോചനം രേഖപ്പെടുത്തി. നിരവധി ദശാബ്ദങ്ങളായി തനിക്ക് പരിചയമുള്ള എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗവാർത്ത അറിഞ്ഞ താൻ ഞെട്ടി പോയതായി അദ്ദേഹം കുറിച്ചു. എസ് പി ബി യുടെ വിയോഗം സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടം ആണെന്ന് പറഞ്ഞ ഉപരാഷ്ട്രപതി വ്യക്തിപരമായി താൻ ഏറെ ദുഃഖിതൻ ആണെന്നും പറഞ്ഞു. തന്റെ സ്വദേശമായ നെല്ലൂരിൽ നിന്നുള്ള എസ് പി ബാലസുബ്രഹ്മണ്യത്തെ ആരാധകർ ബാലു എന്നാണ് സ്നേഹത്തോടെ വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഭാവാർദ്രമായ മെലഡി താൻ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നതായും ഉപരാഷ്ട്രപതി കുറിച്ചു. മാതൃഭാഷയോടുള്ള അകമഴിഞ്ഞ സ്നേഹവും യുവ സംഗീത പ്രതിഭകളുടെ ഒരു തലമുറയെ തന്നെ വാർത്തെടുക്കുന്നതിൽ അദ്ദേഹം പ്രകടിപ്പിച്ച അസാധാരണ കഴിവും തന്നെ ഏറെ ആകർഷിച്ചതായും ഉപരാഷ്ട്രപതി തന്റെ അനുശോചനസന്ദേശത്തിൽ പറഞ്ഞു

എസ് പി ബാലസുബ്രഹ്മണ്യമില്ലാത്ത കലാലോകം ശൂന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സ്വരമാധുര്യവും സംഗീതവും പതിറ്റാണ്ടുകൾ പ്രേക്ഷകരെ ആഹ്ളാദിപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ നിർഭാഗ്യകരമായ വിയോഗത്തിലൂടെ നമ്മുടെ സാംസ്‌കാരിക ലോകം ദരിദ്രമാകുന്നു. ഇന്ത്യയിലുടനീളം സ്വന്തം വീട്ടിലെ ഒരാളെന്ന പോലെ സുപരിചിതനായിരുന്നു എസ്‌പിബി. അദ്ദേഹത്തിന്റെ സ്വരമാധുരിയും സംഗീതവും പതിറ്റാണ്ടുകളോളം ജനങ്ങളെ വിസ്മയിപ്പിച്ചു. ദുഃഖപൂർണമായ ഈ നിമിഷങ്ങളിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും കുറിച്ചാണ്. ഓം ശാന്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വേർപാട് ഇന്ത്യൻ സംഗീത ലോകത്തെ നികത്താനാകാത്ത വിടവെന്ന്‌ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. സമാനതകളില്ലാത്ത സംഗീതവും,മധുരശബ്ദവും എസ്‌പി ബാലസുബ്രഹ്മണ്യത്തെ എന്നന്നെന്നും ഓർമ്മയിൽ നിലനിർത്തുമെന്ന് അമിത് ഷാ പറഞ്ഞു.

തെന്നിന്ത്യൻ ചലച്ചിത്ര ആസ്വാദകരെ സംഗീത ആസ്വാദനത്തിന്റെ  മായികമായ പുതുതലങ്ങളിലേക്കുയർത്തിയ ഗായകനാണ് എസ്‌പി. ബാലസുബ്രഹ്മണ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശങ്കരാഭരണത്തിലെ 'ശങ്കരാ.... നാദശരീരാ പരാ' എന്നു തുടങ്ങുന്ന ഗാനം ആസ്വദിക്കാത്തവരുണ്ടാവില്ല. അതുവരെ കേൾക്കാത്ത ഭാവഗംഭീരമായ ആ ശബ്ദമാണ് ആസ്വാദക മനസ്സുകളിൽ എസ്‌പി.ബി.യെ ആദ്യമായി അടയാളപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ചു. ഓരോ ഗാനത്തിനും തന്റേതായ കയ്യൊപ്പ് ചാർത്തിയ പ്രതിഭയായിരുന്നു അദ്ദേഹം.

മലയാളിയെ സംബന്ധിച്ചിടത്തോളം ഇതര ഭാഷക്കാരനോ ഇതര സംസ്ഥാനക്കാരനോ അല്ല ബാലസുബ്രഹ്മണ്യം. നമുക്കിടയിലെ ഒരാളാണ്. അദ്ദേഹത്തിന്റെ സ്മരണ അനുപമമായ ആ ശബ്ദമാധുര്യത്തിലൂടെയും ആലാപന ഗാംഭീര്യത്തിലൂടെയും എക്കാലവും നിലനിൽക്കും. ഇന്ത്യൻ സംഗീതത്തിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം കൊണ്ടുണ്ടാകുന്നത്. പകരം വെക്കാൻ ആളില്ലാത്ത സംഗീത വ്യക്തിത്വമാണത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. കുടുംബാംഗങ്ങളുടെയും ആസ്വാദക സമൂഹത്തിന്റെയാകെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ശബ്ദസന്ദേശത്തിലൂടെയായിരുന്നു കമൽഹാസന്റെ പ്രതികരണം. ഒരു മിനിറ്റോളം വരുന്ന വിഡിയോയിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും മിന്നിമറിയുന്നുണ്ട്. വളരെ കുറച്ചു കലാകാരന്മാർക്ക് മാത്രമേ അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ അവരുടെ കഴിവ് അംഗീകരിക്കപ്പെടുകയൊള്ളു. എസ്‌പി ബാലസുബ്രഹ്മണ്യം അത്തരത്തിൽ ഒരാളാണ്. ജേഷ്ഠതുല്യനായി ഞാൻ കരുതുന്ന എസ് പി ബി അവർകളുടെ ശബ്ദത്തിന്റെ നിഴലിൽ കാലങ്ങളായി ജീവിക്കാൻ സാധിച്ചത് തന്നെ വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. വിവിധ ഭാഷകളിലെ നാല ജനറേഷൻ നായകന്മാരുടെ ശബ്ദമാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എഴുതലമുറകൾക്കപ്പുറവും അദ്ദേഹത്തിന്റെ യശസ്സ് നിലനിൽക്കുക തന്നെ ചെയ്യും- ഇടറുന്ന ശബ്ദത്തിൽ കമൽഹാസൻ പറഞ്ഞു.

"ഒരു കാലഘട്ടം അവസാനിച്ചിരിക്കുന്നു. സംഗീതം ഇനി പഴയതുപോലെ ആകില്ല. ലോകവും ഇനി പഴയതുപോലെ ആകില്ല. മികച്ച ഗായികയായി മാറുന്നതിന് അദ്ദേഹം നൽകിയ നിർദ്ദേശങ്ങൾക്ക് നന്ദി പറയാൻ വാക്കുകൾ മതിയാകില്ല. അങ്ങയുടെ മഹനീയ സാന്നിധ്യമില്ലാത്ത ഒരു വേദിയെക്കുറിച്ച് ചിന്തിക്കാൻ പോലും ആകുന്നില്ല. സാവിത്രി അമ്മയ്ക്കും ചരണും പല്ലവിക്കും പ്രാർത്ഥനകൾ. പ്രണാമം ." ചിത്ര കുറിച്ചു.

നാല് ദശാബ്ദക്കാലം തന്റെ സ്വര മാധുരി കൊണ്ട് ഭാഷയുടെയും  പ്രദേശത്തിന്റെയും അതിർവരമ്പുകളെ   ഇല്ലാതാക്കിയ അതുല്യനായ ഗായകനായിരുന്നു  എസ് പി ബാലസുബ്രമണ്യം. പതിനാല് ഇന്ത്യൻ  ഭാഷകളിലായി അദ്ദേഹം ആലപിച്ച നാൽപ്പതിനായിരത്തിലധികം ഗാനങ്ങൾ     ആ  പ്രതിഭയുടെ നിത്യ  സ്മാരകങ്ങളായി എന്നെന്നും നിലനിൽക്കും.  അദ്ദേഹത്തിന്റെ നിര്യാണത്തോടെ ഇന്ത്യൻ  സിനിമാസംഗീതത്തിലെ ഒരു യുഗമാണ് അസ്തമിച്ചിരിക്കുന്നത്.  ഇനി എത്രയോ  നൂറ്റാണ്ടുകൾക്ക് ശേഷമായിരിക്കും  ഇതു പോലെ ഒരു മാസ്മരികത ശബ്ദത്തിന്റെ ഉടമയെ    നമുക്ക് ലഭിക്കുകയെന്നും  രമേശ് ചെന്നിത്തല  അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP