Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൊതുവിദ്യാഭ്യാസ സംരക്ഷണം എന്ന പേരിൽ കടലിൽ കായം കലക്കുന്ന പോലെ സർക്കാർ കോടികൾ ഒഴുക്കുമ്പോൾ കാണാതെ പോകുന്ന ചില നന്മകളുണ്ട്; ഒറ്റ രൂപ നാണയം കൊണ്ട് വിസ്മയം തീർക്കുന്ന വിദ്യാർത്ഥികൾ; സഹജീവികളോട് കരുണയും സമൂഹത്തോട് പ്രതിബന്ധതയുമുള്ള പുതു തലമുറയെ വാർത്തെടുക്കാൻ കണ്ണശ മിഷൻ സ്‌കൂൾ നടത്തുന്ന പ്രവർത്തനങ്ങൾ; പാമ്പ് പെറ്റ് കിടക്കുന്ന ക്ലാസ് മുറികൾ ഉള്ള നാട്ടിൽ പാവങ്ങളുടെ കണ്ണീരൊപ്പുന്ന ഒരു സ്‌കൂൾ

പൊതുവിദ്യാഭ്യാസ സംരക്ഷണം എന്ന പേരിൽ കടലിൽ കായം കലക്കുന്ന പോലെ സർക്കാർ കോടികൾ ഒഴുക്കുമ്പോൾ കാണാതെ പോകുന്ന ചില നന്മകളുണ്ട്; ഒറ്റ രൂപ നാണയം കൊണ്ട് വിസ്മയം തീർക്കുന്ന വിദ്യാർത്ഥികൾ; സഹജീവികളോട് കരുണയും സമൂഹത്തോട് പ്രതിബന്ധതയുമുള്ള പുതു തലമുറയെ വാർത്തെടുക്കാൻ കണ്ണശ മിഷൻ സ്‌കൂൾ നടത്തുന്ന പ്രവർത്തനങ്ങൾ; പാമ്പ് പെറ്റ് കിടക്കുന്ന ക്ലാസ് മുറികൾ ഉള്ള നാട്ടിൽ പാവങ്ങളുടെ കണ്ണീരൊപ്പുന്ന ഒരു സ്‌കൂൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി സർക്കാർ ഖജനാവിൽ നിന്നും മുടക്കുന്ന കോടികൾ സർക്കാർ സ്‌കൂളുകളിൽ കൂടി കയറിയിറങ്ങി ആരുടെയൊക്കെയോ പോക്കറ്റുകളിലേക്ക് പോകുന്നു എന്ന യാഥാർത്ഥ്യമാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളം മനസ്സിലാക്കുന്നത്. കോടികൾ ചെലവിട്ട് നിർമ്മിച്ചു എന്ന പറയുന്ന കെട്ടിടങ്ങളും രാജ്യത്തിന് മാതൃകയായി എന്നു പറയുന്ന ക്ലാസ് മുറികളുമെല്ലാം വെറും സോപ്പുകുമിളകളാണെന്ന് നാട് തിരിച്ചറിയുകയാണ്. പാമ്പുകൾ അടയിരിക്കുന്ന ക്ലാസ് മുറികളും കാടുപിടിച്ചു കിടക്കുന്ന വിദ്യാലായ മുറ്റവുമാണ് ഇന്ന് കേരളത്തിലെ സർക്കാർ സ്‌കൂളുകളുടെ മുഖമുദ്ര. പൊതു വിദ്യാഭ്യാസം എന്നത് സർക്കാർ സ്‌കൂളുകൾ മാത്രമാണെന്നും മറ്റ് സ്‌കൂളുകൾ കച്ചവട താല്പര്യങ്ങളാണ് മുന്നോട്ട് വെക്കുന്നത് എന്നുമുള്ള മലയാളിയുടെ ധാരണകളെ പെളിച്ചെഴുതുകയാണ് തിരുവനന്തപുരം ജില്ലയിലെ പേയാട് കണ്ണശ മിഷൻ സ്‌കൂൾ. സാമൂഹിക പ്രതിബന്ധതയുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഈ സ്‌കൂളിനെ വേറിട്ടതാക്കുന്നത്.

കണ്ണശ മിഷൻ സ്‌കൂളിൽ ഓരോ ക്ലാസ് മുറികളിലും ഓരോ നന്മപെട്ടികൾ വെച്ചിട്ടുണ്ട്. ഓരോ വിദ്യാർത്ഥിയും എല്ലാ ദിവസവും ഇതിൽ ഓരോ ഒറ്റ രൂപ നാണയങ്ങൾ നിക്ഷേപിക്കും. ഇത്തരത്തിൽ സമാഹരിക്കുന്ന തുക കൊണ്ട് സമീപത്തെ മൂന്ന് പഞ്ചായത്തുകളിലായി 41 നിരാലംബരും നിർധനരുമായ വ്യക്തികൾക്ക് പ്രതിമാസം 500 രൂപ വീതം ഈ കുട്ടികൾ പെൻഷൻ നൽകുന്നുണ്ട്. കൂടാതെ സമീപ പ്രദേശത്തെ രണ്ട് അനാഥലായങ്ങൾക്ക് എല്ലാ മാസവും ആയിരം രൂപ വീതം ഈ കുട്ടികൾ തങ്ങളുടെ നന്മ ഫണ്ടിൽ നിന്നും സംഭാവന നൽകുന്നുണ്ട്.

ജീവിത യാത്രയിൽ തനിച്ചായി പോയവരും ദാരിദ്ര്യത്തിന്റെ പിടിയിലമർന്നവരും രോഗികളുമായിട്ടുള്ള 41 അഗതികൾക്ക് പ്രതിമാസ പെൻഷൻ നൽകുന്നത് കണ്ണസയിലെ കുട്ടികൾ സമാഹരിക്കുന്ന ഈ ഒറ്റരൂപ നാണയം കൊണ്ടാണ്. പാവങ്ങളുടെ കണ്ണീരൊപ്പുന്ന നന്മയുടെ പൂമരങ്ങളെയാണ് കണ്ണശയിൽ നട്ടുനനച്ച് വളർത്തുന്നത്.

അടുത്ത മാസം കണ്ണശ മിഷൻ സ്‌കൂൾ തങ്ങളുടെ നന്മ പദ്ധതിയുടെ ആയിരം ദിനങ്ങൾ ആഘോഷിക്കുകയാണ്. മൂന്ന് വർഷം മുമ്പ് കണ്ണശയുടെ മാനേജരും സാമൂഹിക പ്രവർത്തകനുമായ ആനന്ദ് കണ്ണശയുടെ മനസ്സിൽ ഉദിച്ച ആശയം വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രദേശത്തെ ജനപ്രതിനിധികളും ഏറ്റെടുക്കുകയായിരുന്നു. മറ്റുള്ളവരുടെ സങ്കടം തന്റേതുകൂടിയെന്ന് കരുതുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുക എന്നതായിരുന്നു ആനന്ദിന്റെ ലക്ഷ്യം. നന്മയുടെ ആയിരം ദിവസങ്ങൾ പിന്നിടുമ്പോൾ അദ്ദേഹം അഭിമാനപൂർവം പറയുന്നു..

'ഈ നന്മമരം അശരണർക്ക് തണലായി ഒരുപാട് മനുഷ്യർക്ക് സാന്ത്വന സ്പർശമാകുന്നു. കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമാണ് ഇതിനോട് ഏറെ താല്പര്യം. ഒറ്റ രൂപ നാണയം പെട്ടിയിൽ ഇടണം എന്നായിരുന്നു വിദ്യാർത്ഥികൾക്ക് നൽകിയ നിർദ്ദേശം. ഇത് നിർബന്ധവുമല്ല എന്ന് പ്രത്യേകം പറഞ്ഞിരുന്നു. ഓരോ ക്ലാസിനും പ്രത്യേകം നന്മ കോർഡിനേറ്റർമാരെയും വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുത്തു. എന്നാൽ പിന്നീട് വിദ്യാർത്ഥികൾ കൊണ്ടുവന്നത് വെറും ഒറ്റ രൂപ നാണയം മാത്രമായിരുന്നില്ല. തങ്ങളുടെ ജന്മദിനത്തിൽ നന്മ പെട്ടിയിൽ നിക്ഷേപിക്കാൻ കുട്ടികൾ കൂടുതൽ പണവുമായെത്തി. ഇത് വീട്ടുകാർ അറിഞ്ഞാണോ കൊണ്ട് വരുന്നത് എന്ന് അദ്ധ്യാപകർ രക്ഷകർത്താക്കളെ വിളിച്ച് അന്വേഷിക്കും. അങ്ങനെ രക്ഷകർത്താക്കളും ഈ പദ്ധതിയോട് പൂർണമായും സഹകരിച്ചതോടെ പദ്ധതിയിൽ കൂടുതൽ ആളുകളെ ചേർക്കാൻ കഴിഞ്ഞു'.

ഒരുദിവസം ഒരു രൂപ കൊണ്ടൊരു നന്മ. അതായിരുന്നു ആനന്ദ് കുട്ടികളിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിച്ച പ്രതിമാസ അഗതി പെൻഷൻ പദ്ധതി. ഇതിനായി കണ്ണശയിലെ ഓരോ ക്ലാസ് മുറിയിലും നന്മപ്പെട്ടി സ്ഥാപിച്ചു. ഓരോ വിദ്യാർത്ഥിയും ദിവസേന ഒരു രൂപയുടെ ഒരു നാണയം ഇതിൽ നിക്ഷേപിക്കുവാൻ അഭ്യർത്ഥിച്ചു. നാണയ തുട്ടുകൾ നിക്ഷേപിക്കാൻ ആരെയും നിർബന്ധിച്ചില്ല. പക്ഷേ, കുട്ടികൾ നന്മ പെട്ടിയിൽ നാണയം നിക്ഷേപിക്കേണ്ടത് തങ്ങളുടെ കടമയായി കണ്ടു. അവർ മിഠായി വാങ്ങൽ അവസാനിപ്പിച്ചു. ആ നാണയത്തുട്ടുകൾ നന്മപ്പെട്ടിയിലെ കാരുണ്യമായി മാറി.

പ്രതിമാസം 500 രൂപ ക്രമത്തിലാണ് ഇപ്പോൾ പെൻഷൻ നൽകിവരുന്നത്. മൂന്നു വർഷം മുൻപ് കുട്ടികളുടെ സാന്നിധ്യത്തിൽ സ്‌കൂളിന്റെ സ്ഥാപകൻ എസ്. സുശീലൻനായരാണ് ആദ്യ പെൻഷൻ വിതരണം തുടങ്ങിവച്ചത്. അന്ന് 20 കുടുംബങ്ങൾക്കാണ് പെൻഷൻ നൽകിയിരുന്നത്. കുട്ടികൾ നന്മ പദ്ധതിയെ നെഞ്ചേറ്റിയതോടെ ഗുണഭോക്താക്കളുടെ എണ്ണവും വർധിപ്പിക്കുകയായിരുന്നെന്ന് ആനന്ദ് കണ്ണശ പറയുന്നു.

ജില്ലയിലെ പേയാട് കേന്ദ്രമാക്കി 1990-91 ലാണ് സ്‌കൂൾ തുടങ്ങിയത്. എൽകെജി മുതൽ 10-ാം തരം വരെ മികച്ച വിദ്യാഭ്യാസം നൽകുന്നതിനോടൊപ്പം തന്നെ കുട്ടികളെ മൂല്യബോധമുള്ള പൗരന്മാരായി വളർത്തിയെടുക്കുന്നതിനും സ്‌കൂൾ നിതാന്തജാഗ്രതയാണ് പുലർത്തുന്നത്. ഇതിഹാസ വൃക്ഷങ്ങൾ സ്‌കൂളിലെ മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്. ശിംശിപ, ഒലീവ്, ഇലഞ്ഞി, പ്ലാശ്, ചെമ്പകം, കടമ്പ്, വയംങ്കത എന്നീ അമൂല്യവൃക്ഷങ്ങളുടെ ഒരു ശേഖരം തന്നെ സ്‌കൂൾ അങ്കണത്തിലുണ്ട്. അഗസ്ത്യഹ്യദയം എന്ന പേരിൽ സ്‌കൂളിൽ ഔഷധതോട്ടം കുട്ടികൾ തന്നെ പരിപാലിക്കുന്നു.

സ്‌കൂൾ റേഡിയോ ആണ് കണ്ണശയുടെ മറ്റൊരു പ്രത്യേകത. വിദ്യാർത്ഥികൾ തന്നെ നടത്തിപ്പുകാരും അവതാരകരുമാകുന്ന കണ്ണശ റേഡിയോ എല്ലാ പ്രവർത്തി ദിവസങ്ങളിലും റേഡിയോ സ്‌കൂളിൽ സജീവമാണ്. 200 ദിവസം പിന്നിടുന്ന കണ്ണശയുടെ സ്‌കൂൾ റേഡിയോ ഇനി ചാനലായി മാറുകയാണ്.

ക്ലാസ് മുറികളിൽ ലൈബ്രറി

കണ്ണശ മിഷൻ ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ ലൈബ്രറി സ്ഥാപിച്ച് വിദ്യാർത്ഥി ദിനത്തിൽ ശ്രദ്ധേയരായി. ഒന്നു മുതൽ പത്താം ക്ലാസുവരെയുള്ള 44 ക്ലാസ് മുറികൾ ലൈബ്രറിയായി. കഥകൾ,കവിതകൾ,നോവലുകൾ തുടങ്ങി ചരിത്ര ഗ്രന്ഥങ്ങൾ വരെ ക്ലാസ് ലൈബ്രറികളിലുണ്ട്.അയ്യായിരത്തിലധികം പുസ്തക ശേഖരം നേരത്തെതന്നെ സ്‌കൂൾ പൊതു ലൈബ്രറിക്കുണ്ട്. കാട്ടാക്കട എംഎൽഎ ഐ.ബി.സതീഷാണ് ക്ലാസ് റൂം ലൈബ്രറികൾ ഉദ്ഘാടനം ചെയ്തത്.

പൊതുവിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ പല പുതിയ പദ്ധതികൾക്കും തയ്യാറെടുക്കുകയാണ് കണ്ണശ. വിദ്യാർത്ഥികൾക്ക് സൗജന്യ ചികിത്സാ പദ്ധതിയും രക്ഷകർത്താക്കൾക്ക് ഇൻഷുറൻസ് പരിരക്ഷയും ഒരുക്കുക എന്നതാണ് പുതിയ സ്വപ്‌നം. തങ്ങളുടെ വിദ്യാലയ മുറ്റത്തെത്തുന്ന ഒരു വിദ്യാർത്ഥിയും സാമ്പത്തിക പരാധീനതകളുടെ പേരിൽ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വരരുത് എന്ന ലക്ഷ്യമാണ് കണ്ണശ പങ്കുവെക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP