Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വിലാപ യാത്ര വരുന്ന വഴി ഒരാൾ വീട് ചൂണ്ടിക്കാട്ടിക്കൊടുത്തു; പാഞ്ഞുവന്ന് വീടിന്റെ ജനാലകളും വാതിലും തകർത്തു; പുതിയ മാരുതി കാറും സ്‌കൂട്ടറും സൈക്കിളും നശിപ്പിച്ചു; വലിയ പാറക്കഷ്ണം വാഹനത്തിനുമേലും; നാഗംകുളങ്ങരയിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ ചേർത്തലയിൽ വീട് തല്ലിത്തകർത്തത് എസ്ഡിപിഐ പ്രവർത്തകന്റേതെന്ന് തെറ്റിദ്ധരിച്ച്

വിലാപ യാത്ര വരുന്ന വഴി ഒരാൾ വീട് ചൂണ്ടിക്കാട്ടിക്കൊടുത്തു; പാഞ്ഞുവന്ന് വീടിന്റെ ജനാലകളും വാതിലും തകർത്തു; പുതിയ മാരുതി കാറും സ്‌കൂട്ടറും സൈക്കിളും നശിപ്പിച്ചു; വലിയ പാറക്കഷ്ണം വാഹനത്തിനുമേലും;  നാഗംകുളങ്ങരയിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ ചേർത്തലയിൽ വീട് തല്ലിത്തകർത്തത് എസ്ഡിപിഐ പ്രവർത്തകന്റേതെന്ന് തെറ്റിദ്ധരിച്ച്

ആർ പീയൂഷ്

ആലപ്പുഴ: ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്ന് ചേർത്തലയിൽ വീട് അടിച്ചു തകർത്തു. വയലാർ നാഗംകുളങ്ങര കടപ്പള്ളി റഫീക്കിന്റെ വീടാണ് മരണപ്പെട്ട നന്ദു കൃഷ്ണന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കൊപ്പം എത്തിയ ചിലർ തല്ലിത്തകർത്തത്. വാഹനങ്ങൾ ഉൾപ്പെടെയുള്ളവയും തല്ലിതകർത്തു. എസ്.ഡി.പി.ഐ പ്രവർത്തകനാണ് എന്നാരോപിച്ചായിരുന്നു ആക്രമണം. എന്നാൽ ഇയാൾക്ക് എസി.ഡി.പിഐയുമായി യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് വൈകിട്ടാണ് സംഭവം. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും നന്ദു കൃഷ്ണന്റെ മൃതദേഹം നാഗംകുളങ്ങരയിലെ വീട്ടിലേക്ക് കൊണ്ടു വരികയായിരുന്നു. കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്റെ വീടിന് സമീപത്തുള്ള വീടാണ് തല്ലിത്തകർത്തത്. വൻ പൊലീസ് സന്നാഹം വിലാപയാത്രക്കൊപ്പം ഉണ്ടായിരുന്നെങ്കിലും ഇവിടെ പൊലീസ് സാന്നിധ്യം കുറവായിരുന്നു. വീടിന്റെ ജനാലകൾ അടിച്ചു തകർക്കുകയും വാതിൽ ചവിട്ടി പൊളിക്കുകയും ചെയ്തു. വീടിന് മുന്നിൽ ഉണ്ടായിരുന്ന പുതിയ മാരുതി കാറും സ്‌കൂട്ടറും സൈക്കിളും നശിപ്പിച്ചു. കാർ പൂർണ്ണമായും തല്ലിത്തകർക്കുകയും വലിയ പാറക്കഷ്ണം വാഹനത്തിനുമേൽ കൊണ്ടിടുകയും ചെയ്തു.

അക്രമം നടക്കുമ്പോൾ റഫീക്കും ഭാര്യയും മൂന്ന് കുട്ടികളും വീട്ടിലുണ്ടായിരുന്നു. അക്രമം അറിഞ്ഞ് വളരെ വേഗം തന്നെ പൊലീസ് സംഘം എത്തിയതിനാൽ വീടിനുള്ളിൽ ഉണ്ടായിരുന്നവർക്ക് അപകടമൊന്നും സംഭവിച്ചില്ല. ഈ സമയം അക്രമം നടത്തുന്ന ദൃശ്യം പകർത്തിയ ഫോട്ടോ ഗ്രാഫറെ സംഘം മർദ്ദിക്കുകയും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തു. പുറത്ത് നിന്നും എത്തിയവരാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ബിജെപി പ്രവർത്തകർക്ക് പങ്കില്ലെന്ന് പാർട്ടി നേതൃത്വം പറയുന്നു. എന്നാൽ ഒരാൾ വീട് ചൂണ്ടിക്കാട്ടി കൊടുത്തതിനെ തുടർന്നാണ് ഒരു കൂട്ടം ആളുകൾ വീട്ടിലേക്ക് ഇരച്ചു കയറി വന്ന് അക്രമം നടത്തിയതെന്ന് റഫീക്ക് പൊലീസിനോട് പറഞ്ഞു.

വയലാറിലെ നാഗംകുളങ്ങര കവലയിൽ കഴിഞ്ഞ രാത്രി ഏഴ് മണിക്ക് ശേഷമാണ് സംഘർഷമുണ്ടായത്. ഉച്ചക്ക് എസ്.ഡി.പി.ഐയുടെ വാഹന ജാഥയിലെ പ്രസംഗത്തെ ചൊല്ലി ആർഎസ്എസ് പ്രവർത്തകരുമായി വാക്കുതർക്കം ഉണ്ടായി. ഇതിൽ പ്രതിഷേധിച്ച് ഇരുവിഭാഗവും സന്ധ്യക്ക് പ്രകടനം നടത്തിയിരുന്നു. പ്രകടനം കഴിഞ്ഞ് പിരിഞ്ഞ് പോയവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആർഎസ്എസ് നാഗംകുളങ്ങര ശാഖയിലെ ഘടനായക് ആയ തട്ടാം പറമ്പിൽ നന്ദു കൃഷ്ണയാണ് കൊല്ലപ്പെട്ടത്. നന്ദുവിന്റെ തലയ്ക്ക് പിന്നിലേറ്റ വെട്ടാണ് മരണ കാരണം. സംഘർഷത്തിൽ മൂന്ന് എസ്.ഡി.പിഐ പ്രവർത്തകർക്കും മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും വെട്ടേറ്റിട്ടുണ്ട്. ഇതിൽ ആർഎസ്എസ് പ്രവർത്തകനായ നന്ദു.കെ.എസ് ന്റെ അറ്റുപോയ കൈ തുന്നിച്ചേർത്തു.

കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് എസ്.ഡി.പി.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവർ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തവരാണെന്ന് പൊലീസ് പറഞ്ഞു. കണ്ടാൽ അറിയാവുന്ന 16 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആർ. പ്രതികൾ ഗൂഢാലോചന നടത്തി. നിർത്തിയിട്ട കാറിൽ ആയുധങ്ങൾ സജ്ജമാക്കി. ഒന്നാം പ്രതി ഹർഷാദും രണ്ടാം പ്രതി അഷ്‌കറും ആയുധങ്ങൾ കൊലയാളി സംഘത്തിന് കൈമാറിയെന്നും പൊലീസ് പറഞ്ഞു. കൊലപാതകം, ഗൂഢാലോചന അടക്കം 12 വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

സ്ഥലത്ത് സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. ദക്ഷിണമേഖലാ ഐജിക്കാണ് ക്രമസമാധാന ചുമതല. ചേർത്തലയിൽ അക്രമ സാധ്യത കണക്കിലെടുത്താണ് സുരക്ഷ വർദ്ധിപ്പിച്ചിരിക്കുന്നത്.

 ചേർത്തല, ആലപ്പുഴ താലൂക്കുകളിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP