Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

ആറു സെന്റ് കോളനിയിലെ സിമന്റ് തേക്കാത്ത കൂരയിലെ മങ്ങിയ വെളിച്ചത്തിൽ ഇരുന്ന് അവൾ നിരന്തരം കവിതകൾ കുറിച്ചു; മലയാളം മനസ്സിലാകാത്ത പ്രിൻസിപ്പൾ കാമുകനുള്ള കത്തുകളായി തെറ്റിധരിച്ചു; അദ്ധ്യാപികയുടെ ശകാരത്തിൽ മനംനൊന്ത് മരണം വരിച്ചത് മലയാളത്തിന്റെ ഭാവി കവി; വേദന മാറാതെ കൂട്ടുകാരും കോളനിക്കാരും

ആറു സെന്റ് കോളനിയിലെ സിമന്റ് തേക്കാത്ത കൂരയിലെ മങ്ങിയ വെളിച്ചത്തിൽ ഇരുന്ന് അവൾ നിരന്തരം കവിതകൾ കുറിച്ചു; മലയാളം മനസ്സിലാകാത്ത പ്രിൻസിപ്പൾ കാമുകനുള്ള കത്തുകളായി തെറ്റിധരിച്ചു; അദ്ധ്യാപികയുടെ ശകാരത്തിൽ മനംനൊന്ത് മരണം വരിച്ചത് മലയാളത്തിന്റെ ഭാവി കവി; വേദന മാറാതെ കൂട്ടുകാരും കോളനിക്കാരും

മറുനാടൻ മലയാളി ബ്യൂറോ

മൂവാറ്റുപുഴ: നാട്ടുകാരും കൂട്ടുകാരും വീട്ടുകാരും ഈ കൊച്ചു കവയത്രിയെ ഓർത്ത് വേദനിക്കുകയാണ്. വീട്ടിലെ കുറവുകൾക്കിടയിലായിരുന്നു കവി ഹൃദയം ഉണർന്നത്. മണിയന്തടം കോളനിയിലെ ആറു സെന്റ് കോളനിയിലെ സിമന്റു തേയ്ക്കാത്ത കൊച്ചു കൂരയ്ക്കുള്ളിൽ കഴിഞ്ഞ് കൂലിപ്പണിയെടുത്താണ് അനിധരനും ലേഖയും മകളെ വളർത്തിയത്. അതുകൊണ്ട് തന്നെ നന്ദനയുടെ വിയോഗം ഈ കോളനിയുടെ ആകെ ദുഃഖമാണ്. പഠനത്തിലും മകിവ് പുലർത്തിയ നന്ദനയെ ആത്മഹത്യയിലേക്ക് തള്ളി വിട്ടത് സ്‌കൂൾ പ്രിൻസിപ്പളുടെ അറിവില്ലായ്മയുടെ പ്രതിഫലനമാണ്.

വായനയേയും എഴുത്തിനേയും കവിതകളേയും സ്‌നേഹിച്ചിരുന്ന നന്ദന തന്റെ ബാഗിൽ നിന്നും കണ്ടെടുത്ത കുറിപ്പുകളുടെ പേരിൽ നേരിട്ട ശകാരം താങ്ങാനാവാതെയാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ചെറുപ്പത്തിൽ തന്നെ നന്ദനയ്ക്ക് കവിതയിൽ താൽപര്യം ഉണ്ടായിരുന്നു. പത്താം ക്ലാസിൽ പഠിച്ചിരുന്നപ്പോൾ പുനർജനിയെന്ന സ്‌കൂൾ മാഗസിനിൽ ഓർമ്മച്ചെപ്പ് എന്ന കവിതയിൽ അവൾ ഇങ്ങനെ കുറിച്ചു ഏകാന്തയാമങ്ങളിൽ മനസിന്റെ ചില്ലിട്ട ജാലകങ്ങൾ മെല്ലെ തുറക്കവെ മധുരിക്കുന്ന ഓർമ്മകളേയും തിക്താനുഭവങ്ങളുടെ ദുഃഖങ്ങളേയും താലോലിച്ച നിമിഷങ്ങൾ.... ഏറെ അംഗീകാരങ്ങളും ഈ കുട്ടിയെ തേടിയെത്തി. നന്ദന എഴുതിയ കവിതയുടെ അവസാന വരികൾ ഇങ്ങനെയായിരുന്നു- തിക്താനുഭവങ്ങൾ സമ്മാനിച്ച ദുഃഖം കലർന്നതാം ഓർമ്മയിൽ..... എന്മനം മന്ത്രിക്കുന്നുവോ... -അത്രയും ഭാവസാന്ദ്രമായിരുന്നു നന്ദനയുടെ എഴുത്ത്.

ഇതിന്റെ കരുത്ത് സ്‌കൂൾ പ്രിൻസിപ്പളിന് മാത്രം തിരിച്ചറിയാനായില്ല. എല്ലാം അറിയാമായിരുന്ന നന്ദനയുടെ സഹപാഠികളും വേദന കടിച്ചമർത്തുകയാണ്. മൂവാറ്റുരുഴ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാം വർഷ വിദ്യാർത്ഥിനി വാഴക്കുളം പനവേലിൽ അനിധരന്റെ മകൾ നന്ദന (17) കഴിഞ്ഞ മൂന്നിനാണ് ആത്മഹത്യാശ്രമം നടത്തിയത്. അന്നേ ദിവസം രാവിലെ സ്‌കൂളിൽ ഉണ്ടായ സംഭവത്തെ തുടർന്നാണ് താൻ ആത്മഹത്യശ്രമം നടത്തിയതെന്നാണ് വിദ്യാർത്ഥിനി മജിസ്‌ട്രേസ്‌ട്രേറ്റിനു മുന്നിൽ മൊഴി നൽകിയിട്ടുമുണ്ട്. രണ്ടിന് പരീക്ഷയ്ക്കിടെ എല്ലാ വിദ്യാർത്ഥികളുടേയും ബാഗുകൾ പരിശോധിച്ചിരുന്നു. കുട്ടികൾക്കിടയിൽ മൊബൈൽ, പെൻഡ്രൈവ്, സി.ഡി. എന്നിവയുടെ ഉപയോഗം വർധിക്കുന്നതായി മനസിലായതിനെ തുടർന്നായിരുന്നു പരിശോധന. ഇതിനിടയിൽ നന്ദനയുടെ ബാഗിൽനിന്ന് ഒരു കത്തു ലഭിച്ചു.

അതിനെ പ്രണയ ലേഖനമായി പ്രിൻസിപ്പൽ കരുതി. നന്നായി എഴുതുന്ന കുട്ടിയായിരുന്നു നന്ദന. സ്‌കൂളിലെ മാഗസിൻ എഡിറ്ററുമായിരുന്നു. ലെറ്റർ ആർക്കും നൽകാനായി എഴുതിയതല്ലെന്നും വ്യക്തമായിരുന്നു. കത്ത് കണ്ടെടുത്തതിനെ തുടർന്ന് പ്രിൻസിപ്പൽ കുട്ടിയെ ഓഫീസിൽ വിളിച്ച് ഗുണദോഷിക്കുകയും മാതാവിനെ ഫോണിൽ വിളിച്ച് അടുത്ത പ്രവൃത്തി ദിവസമായ തിങ്കളാഴ്ച സ്‌കൂളിൽ എത്തണമെന്ന് പറയുകയും ചെയ്തു. മറ്റ് അദ്ധ്യാപകരുടേയും രണ്ടു രക്ഷകർത്താക്കളുടേയും സാന്നിധ്യത്തിൽ അപമാനിക്കപ്പെട്ടതാണു കുട്ടിയെ വേദനിപ്പിച്ചത്. വീട്ടിൽ ചെന്ന വിദ്യാർത്ഥിനി മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു.

നന്ദനയുടെ അച്ഛൻ മകളുടെ മരണത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ- പരീക്ഷക്ക് മുമ്പായി കുട്ടികൾ മൊബൈൽ ഉപയോഗിക്കുന്നുണ്ടോ എന്നറിയാൻ സ്‌കൂളിലെ അദ്ധ്യാപകർ കുട്ടികളുടെ ബാഗ് പരിശോധിച്ചിരുന്നു. ഇതിനിടെ നന്ദനയുടെ ബാഗിൽനിന്ന് ഒരു കുറിപ്പ് കണ്ടെത്തി. തുടർന്ന് പ്രധാനാധ്യാപിക സുനിത, നന്ദനയെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നെന്ന് അച്ഛൻ അനിധരൻ പറയുന്നു. സ്‌കൂളിലുണ്ടായിരുന്ന ചില രക്ഷിതാക്കളുടെയും മറ്റ് അദ്ധ്യാപകരുടെയും മുന്നിൽവച്ച് കുട്ടിയെ അപമാനിക്കുന്ന തരത്തിൽ പ്രിൻസിപ്പൽ സംസാരിച്ചു. ഇതിനൊടുവിൽ ഇങ്ങനെയൊക്കെ എഴുതുന്ന കൂട്ടത്തിലാണെങ്കിൽ ഒരു അഭിസാരികയെപ്പോലെ ജീവിക്കുന്നതിലും ഭേദം പോയി മരിക്കുന്നതാണെന്നും പ്രിൻസിപ്പൽ ഉപദേശിച്ചുവത്രെ. ഇതിനും ശേഷം നന്ദനയുടെ അമ്മയുടെ ഫോണിൽ വിളിച്ച ശേഷം നന്ദനയുടെ പേരിൽ ഒരു സാധനം ഇവിടെ ഉണ്ടെന്നും രക്ഷിതാക്കൾ ആരെങ്കിലും തിങ്കളാഴ്ച സ്‌കൂളിലെത്തി അത് ഒപ്പിട്ട് വാങ്ങണണെന്നും പറഞ്ഞു. എന്താണ് കാര്യമെന്നോ മറ്റ് വിവരങ്ങളോ പ്രിൻസിപ്പൽ അമ്മയോട് പറഞ്ഞില്ല.

ഇതിന്റെ മനോവിഷമത്തിലാണ് സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയ ഉടനെ നന്ദന മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അച്ഛൻ പറയുന്നു. അബദ്ധത്തിൽ തീകത്തിയതാണെന്ന് കരുതിയെങ്കിലും സ്‌കൂൾ യൂണിഫോമിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് ഓട്ടോറിക്ഷ ഡ്രൈവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ വച്ച് കുട്ടിയോട് ചോദിച്ചപ്പോഴാണ് അച്ഛനോട് ഞാനെല്ലാം പറയാമെന്ന് പറഞ്ഞ്, നന്ദന നടന്ന സംഭവങ്ങളെല്ലാം വിവരിച്ചത്. കുട്ടിയെ മറ്റുള്ളവർക്ക് മുന്നിൽ നിന്ന് മാറ്റിനിർത്തി ശാസിക്കുകയോ അതുമല്ലെങ്കിൽ രണ്ട് അടികൊടുക്കുകയോ ചെയ്തിരുന്നെങ്കിൽ തനിക്ക് മകളെ നഷ്ടമാകില്ലായിരുന്നെന്ന് കണ്ണീരോടെ അച്ഛൻ പറഞ്ഞു. 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്ന നന്ദന മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. രാത്രി ആരോഗ്യനില വഷളായി. പുലർച്ചെ ഒരു മണിയോടെ മരണം സംഭവിച്ചു.

കഥയും കവിതയുമൊക്കെ എഴുതാറുണ്ടായിരുന്ന നന്ദന, അങ്ങനെ പാതി പൂർത്തിയാക്കിയ കുറിപ്പ് ആവാം ചിലപ്പോൾ അദ്ധ്യാപകർ കണ്ടെടുത്തതെന്ന് അയൽവാസിയായ ജിന്റോ പറയുന്നു. സംഭവശേഷം പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള അദ്ധ്യാപകർ നന്ദനയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ഇതിനു ശേഷമാണു പ്രിൻസിപ്പലിനെതിരേ പൊലീസ് കേസെടുത്തത്. പ്രിൻസിപ്പലിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടിയെ മാനസികമായി ബുദ്ധിമുട്ടിച്ചതിനാണു പ്രിൻസിപ്പൽ കോതമംഗലം കുത്തുകുഴി മാരമംഗലം തൈലക്കുടിയിൽ സുനിതക്കെതിരേ കേസെടുത്തിരിക്കുന്നത്.

അവധിക്കു ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും. ഇതിനുശേഷമാകും പൊലീസിന്റെ തുടർ നടപടികൾ. അന്വേഷണത്തിൽ ആത്മഹത്യാ പ്രേരണ നടത്തിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ ഐ.പി.സി. 306 വകുപ്പ് പ്രകാരം പൊലീസിന് കേസെടുക്കേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP