Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ശിവശങ്കറുമായുള്ള സൗഹൃദം കള്ളക്കടത്തു ലോബിയുമായുള്ള ബന്ധത്തിന്റെ തെളിവാണെങ്കിൽ ടിയാനെ സ്വകാര്യ കുടുംബ ചടങ്ങുകളിൽ പോലും പങ്കെടുപ്പിച്ചിരുന്ന ഒരു വനിതാ ഉദ്യോഗസ്ഥ കൂടിയുണ്ട്; അവരുടെ ഫ്‌ളാറ്റിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നതായി കിംവദന്തിയുണ്ട്; നേതാവ് പ്രസ്തുത വനിതാ ഉദ്യോഗസ്ഥയുമായി നടത്തിയ സ്വകാര്യയാത്രകളും എൻഐഎ അന്വേഷിക്കുമോ? സെക്രട്ടറിയേറ്റിനുള്ളിലെ പരസ്യങ്ങൾ രഹസ്യമാക്കി ജോയിന്റെ സെക്രട്ടറിയുടെ പോസ്റ്റ്; നന്ദകുമാർ വെല്ലുവിളിക്കുന്നത് സിപിഎം നേതൃത്വത്തെ

ശിവശങ്കറുമായുള്ള സൗഹൃദം കള്ളക്കടത്തു ലോബിയുമായുള്ള ബന്ധത്തിന്റെ തെളിവാണെങ്കിൽ ടിയാനെ സ്വകാര്യ കുടുംബ ചടങ്ങുകളിൽ പോലും പങ്കെടുപ്പിച്ചിരുന്ന ഒരു വനിതാ ഉദ്യോഗസ്ഥ കൂടിയുണ്ട്; അവരുടെ ഫ്‌ളാറ്റിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നതായി കിംവദന്തിയുണ്ട്; നേതാവ് പ്രസ്തുത വനിതാ ഉദ്യോഗസ്ഥയുമായി നടത്തിയ സ്വകാര്യയാത്രകളും എൻഐഎ അന്വേഷിക്കുമോ? സെക്രട്ടറിയേറ്റിനുള്ളിലെ പരസ്യങ്ങൾ രഹസ്യമാക്കി ജോയിന്റെ സെക്രട്ടറിയുടെ പോസ്റ്റ്; നന്ദകുമാർ വെല്ലുവിളിക്കുന്നത് സിപിഎം നേതൃത്വത്തെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മറുനാടൻ മലയാളി നൽകിയ വാർത്തയെ വിമർശിച്ച് സെക്രട്ടറിയേറ്റിലെ ജോയിന്റെ സെക്രട്ടറിയായ നന്ദകുമാർ എഴുതിയ ഫെയ്‌സ് ബുക്ക് കുറിപ്പിൽ നിറയുന്നത് സിപിഎം നേതൃത്വത്തെ വെല്ലുവിളിക്കൽ. ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്ന ഒട്ടനവധി ഉദ്യോഗസ്ഥർക്ക് ശിവശങ്കറുമായി ബന്ധപ്പെടേണ്ടി വരാറുണ്ട്. ശിവശങ്കറുമായുള്ള സൗഹൃദം കള്ളക്കടത്തു ലോബിയുമായുള്ള ബന്ധത്തിന്റെ തെളിവാണെങ്കിൽ ടിയാനെ സ്വകാര്യമായ കുടുംബചടങ്ങുകളിൽ പോലും പങ്കെടുപ്പിച്ചിരുന്ന ഒരു വനിതാ ഉദ്യോഗസ്ഥ കൂടിയുണ്ട്. അവരുടെ ഫ്‌ളാറ്റിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നതായി കിംവദന്തിയുണ്ട്. മേൽ പറഞ്ഞ നേതാവ് പ്രസ്തുത വനിതാ ഉദ്യോഗസ്ഥയുമായി നടത്തിയിട്ടുള്ള നിരവധി സ്വകാര്യയാത്രകളും എൻഐഎ അന്വേഷിക്കുമോ എന്തോ.... ഇതാണ് നന്ദകുമാർ ചർച്ചയാകുന്നത്.

സിപിഎം സർവ്വീസ് സംഘടനാ നേതാവിനെതിരെയാണ് ആരോപണമെന്നാണ് സൂചന. ഇതിനെ ഗൗരവത്തോടെയാണ് സിപിഎം നേതൃത്വം എടുക്കുന്നത്. സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല സംഘടനയ്ക്കുള്ളിലെ വിഴുപ്പഴക്കലാണ് ഈ പോസ്റ്റിന് പിന്നിലെ യഥാർത്ഥ ചേതോവികാരം. പൊന്മുടിയിലെ മദ്യപാന വിവാദത്തിൽ സെക്രട്ടറിയേറ്റിൽ ചർച്ച നടന്നുവെന്ന മറുനാടൻ വാർത്തയ്ക്ക് സ്ഥിരീകരണമായും ചിലത് നന്ദകുമാർ കുറിക്കുന്നുണ്ട്. സെക്രട്ടറിയേറ്റിലെ സിപിഎം സംഘടനാ നേതാവിനെ കടന്നാക്രമിക്കുകയാണ് ഈ പോസ്റ്റിൽ. സംഘടനാ നേതൃതലത്തിലെ ചിലർ നടത്തുന്ന, ഒരു കമ്യൂണിസ്റ്റുകാരന് ചിന്തിക്കാൻ പോലും സാധ്യമാകാത്തത്ര അധാർമിക പ്രവൃത്തികളുടെ നീണ്ട നിര അക്കമിട്ടു നിരത്തി തെളിവുകളും, രേഖകളും, സി.ഡികളുമൊക്കെയായി ബോധ്യപ്പെടുത്തേണ്ടവരെയൊക്കെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ, പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തിപ്പട-ഇതാണ് വിമർശനം. അതായത് സിപിഎം നേതൃത്വവും പരാതി അംഗീകരിച്ചില്ലെന്ന പരോക്ഷ കുറ്റപ്പെടുത്തലായി മാറുകയാണ് ഈ പോസ്റ്റ്.

ഇതു പോരാതെയാണ് മേൽ പറഞ്ഞ സംഘടനാ നേതൃത്വം മംഗളം ദിനപത്രത്തിൽ ഒരു വാർത്ത കൊടുക്കുന്നത്. വാർത്ത പോയ വഴിയൊക്കെ കൃത്യമായി ഞങ്ങൾ രേഖപ്പെടുത്തിയിട്ടുമുണ്ട്. മേൽ വാർത്ത പ്രകാരം മേൽ പറഞ്ഞ ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ സൃഹൃത്തുക്കളായ ഞങ്ങളിൽ ചിലരും മതതീവ്രവാദികളാണ്. തീവ്രവാദ സംഘടനകൾക്ക് ഞങ്ങൾ രഹസ്യങ്ങൾ ചോർത്തി നൽകുന്നു. ആയതിനു വേണ്ടി ആരോഗ്യവകുപ്പിൽ പ്രവർത്തിക്കുന്ന മതതീവ്രവാദിയാണത്രെ ഈ ഹതഭാഗ്യൻ. എൻഐഎ ഞങ്ങളെ കുറിച്ച് അന്വേഷിക്കുന്നു. ഉടനെ അറസ്റ്റുുണ്ടാവും. ഈ വാർത്ത വച്ച് മേൽപറഞ്ഞ ഉദ്യോഗസ്ഥന് സ്വർണക്കടത്തു കേസിൽ പങ്കുണ്ടെന്ന് സംഘടന അനൗദ്യോഗികപ്രചരണം നടത്തുന്നതിനിടയ്കാണ് ആന്റിക്ലൈമാക്‌സെന്ന പോലെ സംഘടനാ നേതാവിനെ തന്നെ എന്ഞഐഎ രണ്ടര മണിക്കൂർ ചോദ്യം ചെയ്‌തെന്ന വാർത്ത വെളിയിൽ വരുന്നതും കോലാഹലമാകുന്നതും. അതു ടിയാനു വലിയ നാണക്കേടുണ്ടാക്കി-ഇങ്ങനേയും നന്ദകുമാർ കുറിക്കുന്നു.

നന്ദകുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ചില ഓർമ്മപ്പെടുത്തലുകൾ........

നാലു വർഷങ്ങൾക്കു മുമ്പാണ്. കുടുംബസമേതം നാട്ടിലേക്കൊരു യാത്ര പോയി രാവിലെ തിരിച്ചെത്തിയതേയുള്ളു. യാത്രാക്ഷീണം തീർക്കാൻ അന്നു കൂടി ലീവെടുത്തു. പതിനൊന്നു മണിയായപ്പോൾ ഒരു ഫോൺ. വിവര പൊതുജനസമ്പർക്ക വകുപ്പിലെ ഒരു അസിസ്റ്റന്റാണ്. സ്വയം പരിചയപ്പെടുത്തിയതിനു ശേഷം അദ്ദേഹം പറഞ്ഞു. 'സാറിനെതിരെ ഒരു വാർത്ത കൊടുക്കാനുള്ള ഗൂഢാലോചന ഇവിടെ നടക്കുന്നുണ്ട്. ചില പത്രക്കാർ ഇവിടെ നിൽക്കുന്നുണ്ട്. ചില സംഘടനാ നേതാക്കളുമുണ്ട്. ഞാൻ മറഞ്ഞു നിന്നു കേട്ടതാ. ഞാനാ പറഞ്ഞേന്ന് ആരോടും പറയല്ലേ''. അദ്ദേഹം ഫോൺ കട്ടു ചെയ്തു.

ഞാനുടനെ എന്റെ ഒരു സുഹൃത്തിനെ വിളിച്ചു. രഹസ്യമായി അവിടെ ഒന്നു സന്ദർശിക്കാൻ ഏർപ്പാടു ചെയ്തു. ഗൂഢാലോചന സംഘം ഈ സമയം കൊണ്ട് ആസാദ് ഗേറ്റിലെ പ്ലാവു വിഴുങ്ങിയ ആലിൻചുവട്ടിലെത്തിയിരുന്നു. അവിടെ നമ്മുടെ വിപ്ലസംഘടനാ നേതാക്കന്മാരായ നാലു പേരും കുത്തക മുത്തശ്ശി പത്രത്തിലെ രണ്ടു പേരും സംസാരിച്ചു നിൽക്കുന്നു എന്നു റിപ്പോർട്ടു കിട്ടി. പത്രപ്രവർത്തകന്റെ പേരറിയില്ല. എന്തിനെ പറ്റിയാണ് വ്യാജ വാർത്ത കൊടുക്കാൻ പോകുന്നതെന്ന് അറിയണമല്ലോ. അഡ്വക്കറ്റായി പ്രാക്റ്റീസു ചെയ്യുന്ന എന്റെ ഒരു സൂഹൃത്ത് ഈ പത്രത്തിൽ ജോലി ചെയ്യുന്ന ചിലരെ എനിക്കു നേരത്തെ പരിചയപ്പെടുത്തിയിരുന്നു. ഞാനദ്ദേഹത്തെ വിളിച്ചു. ഈ സംഭവം ഒന്നന്വേഷിക്കാൻ ഏർപ്പാടാക്കി. അദ്ദേഹം തിരക്കിയിട്ടു വൈകിട്ടു പറയാമെന്നു പറഞ്ഞു. വൈകിട്ട് അഞ്ചുമണിക്ക് അദ്ദേഹം എന്നെ വിളിച്ചു. ഓഫീസു വരെ ചെല്ലാൻ പറഞ്ഞു. അവിടെ ഈ പത്രപ്രവർത്തകനും ഉണ്ടായിരുന്നു. മലയാളത്തിലെ ഒരു ടെലിവിഷൻ അവതാരകയുടെ ഭർത്താവാണ്. നേതാക്കന്മാർ എഴുതിക്കൊടുത്ത കുറിപ്പ് എനിക്കു കാണിച്ചു തന്നു. ദീർഘകാലം സംഘടനയുടെ മുഖപത്രത്തിന്റെ എഡിറ്റർ ആയി ജോലി ചെയ്തിട്ടുള്ളതിനാൽ ഒരു നേതാവിന്റെ കൈപ്പട ഒഴിച്ച് (എന്റെ തെറ്റല്ല- ആ നേതാവിന് എഴുത്തും വായനയും അറിയാത്തതിനാൽ മാത്രം) എല്ലാം എനിക്കു ഹൃദിസ്ഥമാണ്. അദ്ദേഹം ആവർത്തിക്കാറുള്ള അക്ഷരത്തെറ്റുുകൾ വരെ അതേ പടി ആവർത്തിച്ചിരിക്കുന്നു. എന്റെ ഒരു ഫേസ് ബുക്ക് പോസ്റ്റാണ് വിഷയം. സർക്കാരിന്റെ വിദ്യാഭ്യാസ നയത്തെ വിമർശിച്ചു എന്നതിന്റെ പേരിൽ എന്നെ സസ്‌പെന്റുു ചെയ്യിപ്പിക്കാൻ പറ്റുമോ എന്നുള്ള ഗൂഢാലോചനയാണ്. അതിൽ അത്തരം വിഷയമൊന്നുമില്ലാത്തതിനാൽ കൊടുക്കുന്നതിൽ എതിർപ്പില്ല എന്നു ഞാൻ പറഞ്ഞു. എങ്കിലും, അതിലെ സംസ്‌കാരശൂന്യമായ പദപ്രയോഗങ്ങൾ എല്ലാം നീക്കി അവർ വാർത്ത കൊടുത്തു. എങ്കിലും ഞാനീ സംഭവം മുൻകൂട്ടി അറിഞ്ഞു എന്നു വരുത്തുന്നതിനു വേണ്ടി അന്നു രാത്രി ഒൻപതു മണിക്കു തന്നെ ഞാൻ ഫേസ് ബുക്കിൽ ഇതു സംബന്ധിച്ച് മറ്റൊരു പോസ്റ്റുമിട്ടു. പിറ്റേന്നു പത്രത്തിൽ വന്നതോടെ എന്റെ ഫേസ് ബുക്ക് പോസ്റ്റുകൾക്ക് കുറച്ചു കൂടി പ്രചാരം കിട്ടി എന്നതായിരുന്നു ആ സംഭവത്തിന്റെ ബാക്കി പത്രം.

മാധ്യമമേഖലയിൽ ചില സുഹൃത്തുക്കളുള്ളതിനാൽ മേൽപറഞ്ഞ സർവീസ് സംഘടനാ നേതാക്കന്മാർ നൽകിയ ദുരുപദിഷ്ടമായ ഇത്തരം നിരവധി വ്യാജവാർത്തകൾ മുൻകൂട്ടി തടയാൻ കഴിഞ്ഞിട്ടുണ്ട്. രണ്ടു വർഷങ്ങൾക്കു മുമ്പ് മറ്റൊരു സംഭവമുണ്ടായി. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായി ജോലി ചെയ്യുന്ന സമയം. കലശലായ നടുവേദന മൂലം രണ്ടാഴ്ചയോളം അവധിയെടുത്ത് ചികിത്സയിലായിരുന്നു. ഒരു ദിവസം വൈകിട്ട് അൽപം തൈലമൊക്കെയിട്ട് വിശ്രമിക്കുന്ന സമയം. ഭാര്യ അടുത്തുണ്ട്. ഒരു ഫോൺകോൾ. വിളിച്ച ആൾ സ്വയം പരിചയപ്പെടുത്തി. ഒരു കുത്തക-മുത്തശ്ശി പത്രത്തിന്റെ മെട്രോ എഡീഷണിൽ നിന്നാണ്. നേരത്തേ പരിചയപ്പെട്ടിട്ടുണ്ട്.

സാറിപ്പോൾ എവിടെയുണ്ട്?
വീട്ടിൽ. എന്താ കാര്യം?
ഒരു വിവരം തിരക്കാനുണ്ടായിരുന്നു.
ചോദിച്ചോളൂ.
സാർ പൊന്മുടിയിൽ പോയിരുന്നോ?
ഞാനോ? എന്താ കാര്യം?
അല്ല, അവിടെ ഗസ്റ്റ് ഹൗസിൽ ഒരു സംഘർഷം ഉണ്ടായില്ലേ, അതിൽ സാറിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഒരു റിപ്പോർട്ടു കിട്ടിയിട്ടുണ്ട്.
ഞാൻ രണ്ടാഴ്ചയായിട്ടു വീട്ടിൽ തന്നെ കിടപ്പിലാണല്ലോ.
എന്താ സംഭവം?
അല്ല, സാറും സൂഹത്തുക്കളും അവിടെ മദ്യപിച്ചു തമ്മിലടിയായെന്നും പൊലീസ് ഇടപെട്ടെന്നുമൊക്കയാണ് റിപ്പോർട്ടു തന്നിരിക്കുന്നത്.
വേറെ ആരൊക്കെയാ?- അദ്ദഹം പേരുകൾ വായിച്ചു.
താങ്കൾ അവരെയൊക്കെ വിളിച്ചു തിരക്കിയോ?
ഇല്ല. പേരുകൾ കണ്ടപ്പോഴേ മനസ്സിലായി ഇതു വ്യാജവാർത്തയായിരിക്കുമെന്ന്. എനിക്കു നിങ്ങളെയൊക്കെ അറിയാമല്ലോ. ചിലരുടെ ഫോട്ടോയും തന്നിട്ടുണ്ട്. സ്റ്റേറ്റ് എഡീഷണിൽ ഒന്നാംപേജിൽ കൊടുക്കണമെന്നാ നിർദ്ദേശം. ഉയർന്ന ശിപാർശയുമുണ്ട്.
എന്തായാലും, വാർത്ത കൊടുക്കുന്നതിനു മുമ്പ് അവരെയൊക്കെ ഒന്നു വിളിച്ച് കൺഫേം ചെയ്‌തോളൂ.
പക്ഷേ, ഈ വാർത്ത തന്നത് നിങ്ങടെ സംഘടനക്കാരു തന്നെയാണെന്നതറിയാമോ?
അറിയാം. ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമൻതന്നെ. രണ്ടുമൂന്നു വർഷമായി നിരന്തരം നടക്കുന്നതാണല്ലോ ഇത്. അതുകൊണ്ട് ഇതിനിപ്പോൾ വലിയ ഗൗരവമൊന്നും കൊടുക്കുന്നില്ല ഞങ്ങൾ.
അദ്ദേഹം അവരെയൊക്കെ വിളിച്ചു. ആരും അറിഞ്ഞ സംഭവമല്ല.
അതിനാൽതന്നെ വാർത്ത വെളിച്ചം കണ്ടില്ല.
പക്ഷെ, അതു വീട്ടിൽ ഒരു കൊടുങ്കാറ്റുണ്ടാക്കി. ഫോൺവിളി മുഴവൻ ശ്രവിച്ച ഭാര്യ കാര്യം തിരക്കി. സംഭവം ഞാൻ വിശദീകരിച്ചു. അവർ പൊട്ടിത്തെറിച്ചു. ഇങ്ങനെയൊരു വാർത്ത വന്നാൽ പിന്നെ തലയുയർത്തി നടക്കാൻ പറ്റുമോ? 20 വർഷത്തിലധികം ഊണും ഉറക്കവും ഉപേക്ഷിച്ച് , കുടുംബകാര്യങ്ങൾ പോലും മാറ്റി വച്ച് ആത്മാർത്ഥമായി പ്രവർത്തിച്ചതിന് സംഘടന തന്ന പ്രതിഫലം കണ്ടില്ലേ.
ഇനിയുമവർ ഇതിലും മോശമായ പല വ്യാജ വാർത്തകളും കൊടുത്തെന്നു വരും. ഇന്നത്തോടെ മതിയാക്കികൊള്ളണം സംഘടനാ പ്രവർത്തനം. ഇല്ലെങ്കിൽ ഇനി സംഘടനയേ കാണൂ കൂടെ, ഞാനും മക്കളും കാണില്ല.
എനിക്കു തിരിച്ചൊന്നും പറയാൻ തോന്നിയില്ല. അന്നു രാത്രി ഉറച്ചൊരു തീരുമാനമെടുത്തു. ഇനി തുടരാനാവില്ല.

സംഘടനാ നേതൃതലത്തിലെ ചിലർ നടത്തുന്ന, ഒരു കമ്യൂണിസ്റ്റുകാരന് ചിന്തിക്കാൻ പോലും സാധ്യമാകാത്തത്ര അധാർമിക പ്രവൃത്തികളുടെ നീണ്ട നിര അക്കമിട്ടു നിരത്തി തെളിവുകളും, രേഖകളും, സി.ഡികളുമൊക്കെയായി ബോധ്യപ്പെടുത്തേണ്ടവരെയൊക്കെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ, പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തിപ്പട.
തുടരാനാവില്ല എന്നു തീരുമാനിച്ചു. ഏറ്റെടുത്തിരുന്ന ചുമതലകൾ ഒന്നൊന്നായി ഒഴിഞ്ഞു. സർവതന്ത്രസ്വതന്ത്രനായി. ഞാൻ മാത്രമല്ല. സമാനചിന്താഗതിക്കാരായ നിരവധി പേർ.
പുരോഗമന ചിന്ത എന്നത് ആശയാധിഷ്ഠിതമായ ആത്മസമർപ്പണമാണ്. അതിനാരുടെയും അംഗീകാരം വേണ്ട. അതിപ്പോഴും തുടരുന്നു. അർപ്പിതമായ കർത്തവ്യങ്ങൾ ആവോളം ഭംഗിയായി നിർവഹിക്കുന്നുമുണ്ട്.

ഇതൊക്കെ, ഇപ്പോൾ എഴുതിയതെന്തിനാണെന്നു തോന്നാം. ഇത്തരത്തിൽ ഒതുങ്ങി ജീവിച്ചിട്ടും ചില ചെന്നായ്ക്കൾ അതിന്റെ വർഗസ്വഭാവം ഒളിക്കാനാവാതെ ആക്രമണം തുടരുകയാണ്. സെക്രട്ടേറിയറ്റിൽ വർക്ക് സ്റ്റഡി നടത്തുന്നതും കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് നടപ്പിലാക്കുന്നതും മറ്റും സർക്കാരിന്റെ നയപരമായ തീരുമാനങ്ങളാണ്. സർക്കാർ ഏൽപ്പിക്കുന്ന ചുമതലകൾ നിർവഹിക്കുന്ന ഏതൊരു ഉദ്യോഗസ്ഥനും അതൊക്കെ നിർവഹിച്ചേ പറ്റൂ. അത് സംഘടനയ്ക്കു അറിയാഞ്ഞിട്ടല്ല. സംഘടനാ നേതൃത്വത്തിന്റെ ബൗദ്ധികമായ ശോഷണം മൂലം അവർക്കതിൽ സക്രിയമായി ഇടപെടാനാവുന്നില്ല. ആയതിന് ഞങ്ങളാരും ഉത്തരവാദികളല്ല. പക്ഷേ, ഇതിനെല്ലാം ഉത്തരവാദി ഞങ്ങളാണെന്നും ഞങ്ങളിൽ ചിലരുടെ മുട്ടുകാൽ തല്ലിയൊടിക്കുമെന്നും പറഞ്ഞുകൊണ്ട് പേരു വച്ച് നോട്ടീസ് ഇറക്കിയ ഒരു സംഘടനയുടെ ആശയ പാപ്പരത്തം ഓർത്തു നോക്കൂ. അങ്ങേയറ്റം സംസ്‌കാരശൂന്യമായ പദാവലികൾ കുത്തി നിറച്ച് വ്യക്തിഹത്യ നടത്തുന്ന പേരു വയ്ക്കാതെയുള്ള നോട്ടീസുകളും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയുള്ള പ്രചരണങ്ങളും വേറെയുമുണ്ട്. ബഹു. മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും അധിക്ഷേപിച്ചുകൊണ്ടുള്ള പ്രചരണങ്ങളും നടക്കുന്നുണ്ട്. ഇടതു പക്ഷം ഭരിക്കുമ്പോൾ ആ സർക്കാരിന് പിന്തുണ നൽകേണ്ട ഭരണസിരാകേന്ദ്രത്തിലെ ഒരു സംഘടനയുടെ ഇന്നത്തെ അവസ്ഥയാണിത്. 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പൂർണമായും വിട്ടു നിൽക്കാൻ അണികൾക്ക് നിർദ്ദേശം നൽകുകയും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ആഹ്ലാദം പങ്കു വയ്ക്കുകയും ചെയ്ത സംഘടന. ഇതൊരു ഇടതുപക്ഷ സംഘടനയാണു പോലും. സംഘി പക്ഷവുമായി ഇതിൽ പലർക്കുമുള്ള ബന്ധം സെക്രട്ടേറിയറ്റിലെ പരസ്യമായ രഹസ്യവുമാണ്.

ഇനി വിഷയത്തിലേക്കു വരാം. ഈ സ്വർണക്കടത്തു കേസ് വെളിയിൽ വന്ന ഉടനെ, അതിൽ സെക്രട്ടേറിയറ്റിലെ ഉന്നതരായ ചില ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും പലരും ഈ വിഷയത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിരുന്നതായും നഗരത്തിലെ ഒരു സായാഹ്ന പത്രത്തിൽ വാർത്ത കൊടുക്കുന്നു. എന്നിട്ട്, അത് സെക്രട്ടേറിയറ്റിലെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു. രഹസ്യപ്രചരണത്തിൽ ഒരു ഉദ്യോഗസ്ഥന്റെ പേര് പ്രത്യേകം പരാമർശിക്കുന്നു. ടി ഉദ്യോഗസ്ഥൻ മുസ്ലിംനാമധാരിയായതിനാൽ മത തീവ്രവാദിയാണെന്നു വരുത്തുന്നവിധം വ്യാജമായ വിവരങ്ങൾ ഒരു കേന്ദ്രഭരണ കക്ഷിയുടെ സംസ്ഥാന പ്രസിഡണ്ടിന് എത്തിച്ചു കൊടുത്തിരുന്നു മുമ്പ് ഇവർ. ടി കക്ഷിയുടെ ആസ്ഥാനചാനലിൽ അതു വലിയ വാർത്തയാക്കുന്നു. ഇന്നത്തെ സമൂഹത്തിൽ ഒരു മുസ്ലിം നാമധാരിക്ക് രണ്ട് ഓപ്ഷനേ ഉള്ളു എന്നാണ് ഇവർ കരുതുന്നത്- ഒന്നുകിൽ മതതീവ്രവാദിയാകുക അല്ലെങ്കിൽ സംഘിപക്ഷം ചേരുക. രണ്ടുമല്ലാത്ത പുരോഗമന പക്ഷത്ത് സ്വയം അടയാളപ്പെടുത്തണമെങ്കിൽ നിങ്ങൾ വെറുമൊരു പുരോഗമനവാദി മാത്രമായാൽ പോരാ- ഇത്തരക്കാരുടെ സർട്ടിഫി്ക്കറ്റു കൂടി വേണം. എന്നാൽ, നിങ്ങൾ ഹിന്ദുനാമധാരിയാണെങ്കിൽ ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങളെ താലോലിക്കുമ്പോഴും അവരുമായുള്ള രഹസ്യബന്ധം നിലനിർത്തുമ്പോഴും നിങ്ങൾക്ക് സുരക്ഷിതനായി പരോഗമനവാദിയുടെ വേഷം കെട്ടാം. 100% ശതമാനവും സെക്യുലർ ആയിട്ടു പോലും മേൽ പറഞ്ഞ ഉദ്യോഗസ്ഥനെ തീവ്രവാദിയാക്കാൻ ശ്രമിക്കുന്നത് ഈ പറഞ്ഞ വിപ്ലവസംഘടനയാണ് എന്നതാണ് സങ്കടകരം.

ഇതു പോരാതെയാണ് മേൽ പറഞ്ഞ സംഘടനാ നേതൃത്വം മംഗളം ദിനപത്രത്തിൽ ഒരു വാർത്ത കൊടുക്കുന്നത്. വാർത്ത പോയ വഴിയൊക്കെ കൃത്യമായി ഞങ്ങൾ രേഖപ്പെടുത്തിയിട്ടുമുണ്ട്. മേൽ വാർത്ത പ്രകാരം മേൽ പറഞ്ഞ ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ സൃഹൃത്തുക്കളായ ഞങ്ങളിൽ ചിലരും മതതീവ്രവാദികളാണ്. തീവ്രവാദ സംഘടനകൾക്ക് ഞങ്ങൾ രഹസ്യങ്ങൾ ചോർത്തി നൽകുന്നു. ആയതിനു വേണ്ടി ആരോഗ്യവകുപ്പിൽ പ്രവർത്തിക്കുന്ന മതതീവ്രവാദിയാണത്രെ ഈ ഹതഭാഗ്യൻ. NIA ഞങ്ങളെ കുറിച്ച് അന്വേഷിക്കുന്നു. ഉടനെ അറസ്റ്റുുണ്ടാവും. ഈ വാർത്ത വച്ച് മേൽപറഞ്ഞ ഉദ്യോഗസ്ഥന് സ്വർണക്കടത്തു കേസിൽ പങ്കുണ്ടെന്ന് സംഘടന അനൗദ്യോഗികപ്രചരണം നടത്തുന്നതിനിടയ്കാണ് ആന്റിക്ലൈമാക്‌സെന്ന പോലെ സംഘടനാ നേതാവിനെ തന്നെ NIA രണ്ടര മണിക്കൂർ ചോദ്യം ചെയ്‌തെന്ന വാർത്ത വെളിയിൽ വരുന്നതും കോലാഹലമാകുന്നതും. It was a case like the hunter being hunted. അതു ടിയാനു വലിയ നാണക്കേടുണ്ടാക്കി.

ആ നാണക്കേടിനെ മറികടക്കാൻ ടിയാൻ കൂട്ടു പിടിച്ചത് മറുനാടൻ മലയാളിയുടെ സാജൻ സ്‌കറിയയെ. മറുനാടൻ മലയാളിയെയും സാജൻസ്‌കറിയയെും മലയാളികൾക്കിനി പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടല്ലോ. ഇതിൽ നിന്നും ഇപ്പോൾ ഒരു കാര്യം മനസ്സിലായി. സെക്രട്ടേറിയറ്റിലെ പാർട്ടി നേതാക്കന്മാർക്ക് എത്ര പഠനക്ലാസുകൾ നൽകിയിട്ടും പ്രയോജനമില്ല. അവർ മാതൃകയാക്കുന്നത് മാർക്‌സിനെയല്ല, സാജൻ സ്‌കറിയയെ ആണ്. അവർ വായിക്കുന്നത് ദേശാഭിമാനിയല്ല, മറുനാടൻ മലയാളിയാണ്. സെക്രട്ടേറിയറ്റ് കാമ്പസിലെ മറുനാടൻ മലയാളിയുടെ പ്രചാരണ ചുമതല അവിടത്തെ വിപ്ലവസംഘടനക്കാണ്. സഖാക്കളാണു പോലും! ത്ഫൂ....

ഇത്രയുമാണ് ഈ വാർത്ത സംബന്ധിച്ച് പറയാനുള്ളത്. ഞങ്ങൾക്ക് ജീവനക്കാരുടെ പണം പിരിച്ച് നോട്ടീസടിച്ച് നിഷ്‌കളങ്കരായ പ്രവർത്തകരെ ഉപയോഗിച്ച് ഇത്തരം പ്രചരണങ്ങൾക്ക് മറുപടി നൽകാൻ ത്രാണിയില്ലാത്തതിനാലാണ് ഈ മാർഗം അവലംബിക്കേണ്ടി വരുന്നത്. സാമാന്യം ദീർഘമായെന്നറിയാം. സദയം ക്ഷമിക്കുക.

വാൽക്കഷണം:

ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്ന ഒട്ടനവധി ഉദ്യോഗസ്ഥർക്ക് ശിവശങ്കറുമായി ബന്ധപ്പെടേണ്ടി വരാറുണ്ട്. ശിവശങ്കറുമായുള്ള സൗഹൃദം കള്ളക്കടത്തു ലോബിയുമായുള്ള ബന്ധത്തിന്റെ തെളിവാണെങ്കിൽ ടിയാനെ സ്വകാര്യമായ കുടുംബചടങ്ങുകളിൽ പോലും പങ്കെടുപ്പിച്ചിരുന്ന ഒരു വനിതാ ഉദ്യോഗസ്ഥ കൂടിയുണ്ട്. അവരുടെ ഫ്‌ളാറ്റിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നതായി കിംവദന്തിയുണ്ട്. മേൽ പറഞ്ഞ നേതാവ് പ്രസ്തുത വനിതാ ഉദ്യോഗസ്ഥയുമായി നടത്തിയിട്ടുള്ള നിരവധി സ്വകാര്യയാത്രകളും NIA അന്വേഷിക്കുമോ എന്തോ.

മറുനാടൻ മലയാളിയിലെ വാർത്ത ചുവടെ.

പൊന്മുടിയിലെ മദ്യപാനം കണ്ടെത്തിയ പൊലീസുകാരെ വിറപ്പിച്ച വില്ലൻ; സെക്രട്ടറിയേറ്റിലെ താക്കോൽ സ്ഥാനങ്ങളിൽ തീവ്രവാദ ബന്ധമുള്ളവരെ നിയമിച്ച് വിവരങ്ങൾ ചോർത്തിയ വിരുതൻ; ഭരണസിരാ കേന്ദ്രത്തിലെ 'സഖാക്കളുടെ' കണ്ണിലെ കരടായിട്ടും പറന്നു കളിക്കാൻ അവസരം ഒരുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ സൗഹൃദ കരുത്ത്; ശിവശങ്കറിനെ ചോദ്യം ചെയ്ത എൻഐഎ കണ്ണുകൾ ഇനി ലക്ഷ്യമിടുന്നത് ഈ അഡീഷണൽ സെക്രട്ടറിയേയോ? പിണറായിയെ പറ്റിച്ച് വളർന്ന മറ്റൊരു 'അവതാരവും' അന്വേഷണ പരിധിയിൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP