Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മോഹൻലാലിനെ ഇറക്കാൻ ബിജെപി ശ്രമം തുടരവേ ശശി തരൂരിനെ തളയ്ക്കാൻ നമ്പി നാരായണനെ ഇറക്കാൻ കരുക്കൾ നീക്കി സിപിഎം രംഗത്ത്; സിപിഐയുമായി ധാരണയിലെത്താൻ തിരിക്കിട്ട ശ്രമം; മടിച്ചു നിൽക്കുന്ന ശാസ്ത്രജ്ഞന്റെ മേൽ സമ്മർദ്ദം ചെലുത്തുന്നത് മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് ശ്രീവാസ്തവ; ലാൽ സമ്മതിച്ചില്ലെങ്കിൽ കുമ്മനത്തിനെ തന്നെ ഇറക്കണമെന്ന് വാദിക്കുന്നവർ ബിജെപിയിലും ഏറെ; അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പോരാട്ടം നടക്കുക തിരുവനന്തപുരമെന്ന് തന്നെ സൂചന

മോഹൻലാലിനെ ഇറക്കാൻ ബിജെപി ശ്രമം തുടരവേ ശശി തരൂരിനെ തളയ്ക്കാൻ നമ്പി നാരായണനെ ഇറക്കാൻ കരുക്കൾ നീക്കി സിപിഎം രംഗത്ത്; സിപിഐയുമായി ധാരണയിലെത്താൻ തിരിക്കിട്ട ശ്രമം; മടിച്ചു നിൽക്കുന്ന ശാസ്ത്രജ്ഞന്റെ മേൽ സമ്മർദ്ദം ചെലുത്തുന്നത് മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് ശ്രീവാസ്തവ; ലാൽ സമ്മതിച്ചില്ലെങ്കിൽ കുമ്മനത്തിനെ തന്നെ ഇറക്കണമെന്ന് വാദിക്കുന്നവർ ബിജെപിയിലും ഏറെ; അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പോരാട്ടം നടക്കുക തിരുവനന്തപുരമെന്ന് തന്നെ സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഏക സ്ഥലം തിരുവനന്തപുരമാണ്. ബിജെപിക്ക് വേണ്ടി ഒ രാജഗോപാൽ മികച്ച പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ തവണ ശശി തരൂരിന് പിന്നിൽ രാജഗോപാൽ രണ്ടമാത് എത്തി. കോൺഗ്രസിനായി തരൂർ സീറ്റ് നിലനിർത്തിയത് 12,000വോട്ടുകളുടെ ലീഡിലാണ്. ബെനറ്റ് എബ്രഹാമെന്ന ദുർബ്ബലനായ സ്ഥാനാർത്ഥിയെയാണ് സിപിഐ ഇടതു പക്ഷത്തിനായി ഇറക്കിയത്. അതുകൊണ്ട് വലിയ നഷ്ടവും ഇടതുപക്ഷത്തിനുണ്ടായി. അടുത്ത വർഷം വീണ്ടും തെരഞ്ഞെടുപ്പ്. കോൺഗ്രസിനായി ശശി തരൂർ തന്നെ മത്സരിക്കും. ബിജെപിയുടെ മനസ്സിൽ സൂപ്പർ താരം മോഹൻലാലാണ് സ്ഥാനാർത്ഥി. എന്നാൽ ലാൽ സമ്മതം കൊടുക്കുന്നുമില്ല. ഇതിനിടെ ഇടതുപക്ഷവും കരുത്തനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ ശ്രമിക്കുകയാണ്. തിരുവനന്തപുരത്തുകാരുടെ മനസ്സിലെ പ്രിയ മുഖമായ നമ്പി നാരായണനെ.

ചാരക്കേസിൽ കുറ്റ വിമുക്തനായ നമ്പി നാരായണനോട് കാട്ടിയ ക്രൂരതയിൽ തിരുവനന്തപുരത്തുകാർക്ക് ഏറെ വേദനയുണ്ട്. നിയമപോരാട്ടത്തിലെ വിജയത്തോടെ സമൂഹമൊന്നാകെ നമ്പി നാരായണനെ കൂടുതൽ നെഞ്ചിലേക്ക് ചേർത്തു. ഈ സാഹചര്യം വോട്ടായി മാറുമെന്ന് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും പ്രതീക്ഷിക്കുന്നു. എന്നാൽ സിപിഐയുടേതാണ് തിരുവനന്തപുരത്തെ സീറ്റ്. ഇടതു പക്ഷത്തെ രണ്ടാമനായ സിപിഐയോട് സംസാരിച്ച് ധാരണയിലെത്തി നമ്പി നാരായണനെ പൊതു സ്വതന്ത്രനാക്കാനാണ് പിണറായിയുടെ ആഗ്രഹം. ഇതിലൂടെ തിരുവനന്തപുരത്ത് അതിശക്തനായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനും കഴിയും. തരൂരിന്റെ വ്യക്തിപരമായ മികവ് തിരുവനന്തപുരത്ത് കോൺഗ്രസിന് കൂടുതൽ മുൻതൂക്കം നൽകുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് മോഹൻലാലിനെ പോലൊരു അതിശക്തനെ എത്തിക്കാൻ ബിജെപി ശ്രമിക്കുന്നത്. ഇതോടെ സിപിഎമ്മിന്റെ സാധ്യത പൂർണ്ണമായും അടയുമെന്നായിരുന്നു വിലയിരുത്തൽ. ഇത് മനസ്സിലാക്കിയാണ് നമ്പി നാരായണനെന്ന തുറുപ്പു ചീട്ടിനായുള്ള ശ്രമം.

അതി ശ്ക്തനെ നിർത്താനുള്ള ബിജെപി നീക്കം തിരിച്ചറിഞ്ഞാണ് സിപിഎമ്മും സർവ്വ സമ്മതനിലേക്ക് ചർച്ചകളെത്തിക്കുന്നത്. മോഹൻലാലിന് പുറമേ സുരേഷ് ഗോപി, ടിപി സെൻകുമാർ തുടങ്ങിയ പേരുകളും ബിജെപി പരിഗണിക്കുന്നുണ്ട്. എന്നാൽ ലാൽ വിസമ്മതം മൂളിയാൽ മിസോറാം ഗവർണ്ണറായ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാക്കാനാണ് സാധ്യത. ശബരിമല സ്ത്രീ പ്രവേശന വിധിയിൽ ഉയരുന്ന വികാരം അനുകൂലമാക്കാനാണ് കുമ്മനത്തെ കൊണ്ടു വരാനുള്ള ആലോചന. കുമ്മനവും അതി ശക്തനായ സ്ഥാനാർത്ഥിയാകും. ആർ എസ് എസിലെ വലിയൊരു വിഭാഗം കുമ്മനത്തിനായി ചരടു വലികൾ നടത്തുന്നുണ്ട്. ഇതോടെ തിരുവനന്തപുരത്തെ മത്സരം തരൂരും ബിജെപിയും തമ്മിലേക്ക് ചുരുങ്ങുമെന്ന വിലയിരുത്തലുണ്ടായി. ഇതിനെ മറികടക്കാനാണ് നമ്പി നാരായണനെ സിപിഎം സ്ഥാനാർത്ഥിയാക്കാൻ ശ്രമിക്കുന്നത്. ഇത് നടന്നാൽ അതിശക്തമായ ത്രികോണ പോര് നടക്കുന്ന മണ്ഡലമായി തിരുവനന്തപുരം മാറും. ദേശീയ തലത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന സീറ്റായും തിരുവനന്തപുരത്തെ വിലയിരുത്തപ്പെടും.

നമ്പി നാരായണനുമായി സിപിഎമ്മിലെ ചിലർ ചില അനൗദ്യോഗിക ആശയവിനിമയങ്ങൾ നടന്നുവെന്നും നമ്പി നാരായണൻ സമ്മതം മൂളിയില്ലെന്നുമാണ് അറിയുന്നത്. ''പലരും പല കഥകളും പറയുന്നുണ്ട്. ആരും എന്നെ അങ്ങനെ സമീപിച്ചിട്ടില്ല. അപ്പോൾ ആലോചിച്ചാൽ മതിയല്ലോ''എന്ന് നമ്പി നാരായണൻ പ്രതികരിക്കുകയും ചെയ്തു. മനോരമയോടായിരുന്നു ഈ പ്രതികരണം. അതിനിടെ നമ്പി നാരായണനെ ഇടത് സ്ഥാനാർത്ഥിയാക്കാൻ സമ്മർദ്ദം ചെലുത്താൻ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയെ നിയോഗിച്ചെന്ന സുപ്രധാന സൂചന മറുനാടന് ലഭിച്ചു. നമ്പി നാരായണനുമായി ഏറെ സൗഹൃദമാണ് ശ്രീവാസ്തവയ്ക്കുള്ളത്. ചാരക്കേസിൽ ശ്രീവസ്തവയും പ്രതിക്കൂട്ടിലായിരുന്നു. കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഐജിയായിരുന്ന ശ്രീവാസ്തവയെ കേസിൽ ഉൾപ്പെടുത്തിയത് കോൺഗ്രസിലെ എ ഗ്രൂപ്പിന്റെ കള്ളക്കളിയായിരുന്നു. കരുണാകരനെ പുറത്താക്കാൻ നടത്തിയ നാടകത്തിൽ ശ്രീവാസ്തവയെ പെടുത്തി. ഇതിന് വേണ്ടി ഉണ്ടാക്കിയെടുത്ത നാടകത്തിൽ നമ്പി നാരായണനും പെട്ടതാണെന്നാണ് പൊതുവേയുള്ള ചർച്ച. അതുകൊണ്ട് തന്നെ ശ്രീവാസ്തവയുമായി വ്യക്തിപരമായ ഏറെ ബന്ധം ശ്രീവാസ്തവയ്ക്കുണ്ട്.

ഈ സൗഹദത്തിന്റെ കുരത്തിൽ നമ്പി നാരായണനെ രംഗത്തിറക്കാനാണ് നീക്കം. തിരുവനന്തപുരത്തെ സവർണ്ണ വോട്ടുകൾ ഒന്നാകെ ഇടതു പക്ഷത്ത് എത്തിക്കാൻ നമ്പി നാരായണന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ കഴിയും. കുതികാൽ വെട്ട് രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയായി നമ്പി നാരായണനെ അവതരിപ്പിക്കാനും അതിലൂടെ തിരുവനന്തപുരത്ത് വിജയം നേടാനും ഇടതിന് കഴിയുമെന്നാണ് വിലയിരുത്തൽ. മത്സരിക്കുന്നതിന് വിസമ്മതം നമ്പി നാരായണൻ മൂളിയിട്ടില്ല. എന്നാൽ സമ്മതവും അറിയിച്ചില്ല. ഇനിയും സമയമുണ്ട്. എല്ലാം നമ്പി നാരായണനെ ബോധ്യപ്പെടുത്തി തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായി അവതരിപ്പിക്കുമെന്നാണ് ഇതേ കുറിച്ച് പ്രമുഖ സിപിഎം നേതാവ് മറുനാടനോട് പ്രതികരിച്ചത്. ആവശ്യമെങ്കിൽ മുഖ്യമന്ത്രി നേരിട്ട് തന്നെ നമ്പി നാരായണനോട് മത്സരിക്കാൻ ആവശ്യപ്പെടും. നമ്പി നാരായണനെ അംഗീകരിക്കേണ്ട ഉത്തരവാദിത്തമാണ് ഇതിലൂടെ നിർവ്വഹിക്കാൻ ശ്രമിക്കുന്നതെന്നും സിപിഎം വിശദീകരിക്കുന്നു.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ബെന്നറ്റ് ഏബ്രഹാമിനെ നിർത്തി പേയ്‌മെന്റ് സീറ്റ് എന്ന പേരുദോഷം ഏറ്റുവാങ്ങേണ്ടിവന്ന സിപിഐ അതുകൂടി മായ്ക്കാൻ കഴിയുന്ന മികവുറ്റ സ്ഥാനാർത്ഥിയെയാണു തിരയുന്നത്. ശശി തരൂരിനെതിരെ പ്രഗത്ഭനായ ഒരാൾ വേണമെന്നു വാദിക്കുന്നവരാണു നമ്പി നാരായണന്റെ പേരു മുന്നോട്ടുവച്ചത്. ചാരക്കേസിൽ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയതിനെത്തുടർന്നു നഷ്ടപരിഹാരമായി വിധിച്ച 50 ലക്ഷം രൂപ പൊതു ചടങ്ങു തന്നെ സംഘടിപ്പിച്ചു നമ്പിനാരായണനു മുഖ്യമന്ത്രി കൈമാറിയതും ഈ സാധ്യതയുമായി ചേർത്തു വായിക്കുന്നവരുണ്ട്. ഈ ചടങ്ങിൽ മുഖ്യമന്ത്രിയേയും സിപിഎം ഭരണത്തേയും നമ്പി നാരായണൻ പുകഴ്‌ത്തിയിരുന്നു. ശ്രീവസ്തവയെ കുറിച്ചും പറഞ്ഞു. ചാരക്കേസ് കള്ളമാണെന്ന് ഉറച്ച് വിശ്വസിച്ച ആദ്യ മുഖ്യമന്ത്രിയാണ് പിണറായി എന്നാണ് നമ്പി നാരായണൻ പറഞ്ഞത്. കേസിൽ പീഡനത്തിന് ഇരയായ തന്റെ സുഹൃത്ത് ശ്രീവസ്തവയെ ഉപദേഷ്ടാവാക്കിയത് ഇതിന് തെളിവാണെന്നും പറഞ്ഞു. നഷ്ടപരിഹാരമായ 50 ലക്ഷം വിലപേശലില്ലാതെ തന്നതോടെ തനിക്കൊപ്പം സർക്കാരുണ്ടെന്ന് മനസ്സിലായതായും വിശദീകരിച്ചിരുന്നു. നല്ല മനസ്സുള്ള വ്യക്തിയാണ് മിസ്റ്റർ പിണറായി എന്നും നമ്പി നാരായണൻ പുകഴത്തി. ഇതെല്ലാം നമ്പി നാരായണന് മുമ്പിൽ സിപിഎം രാഷ്ട്രീയ വാതിൽ തുറന്നതിന്റെ സൂചനയാണ്.

മുഖ്യമന്ത്രിയിൽനിന്നു 50 ലക്ഷത്തിന്റെ ചെക്കുവാങ്ങി കേരള സ്റ്റേറ്റ് കാറിൽ വീട്ടിൽ വന്നിറങ്ങുന്ന ചിത്രം പങ്കുവെച്ച് നമ്പി നാരായണൻ സോഷ്യൽ മീഡയിയിലും ചർച്ച ഉയർത്തിയിരുന്നു. ചാരക്കേസുമായി ബന്ധപ്പെട്ട നഷ്ടപരിഹാരമായി നമ്പി നാരായണന് 50 ലക്ഷം രൂപ നൽകാൻ സുപ്രീം കോടതി വിധിച്ചിരുന്നു. ഈ തുകയാണ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നു നമ്പി നാരായണൻ ഏറ്റുവാങ്ങിയത്. ''ജീവിതം ഒരു പൂർണവൃത്തമാണ്. 24 വർഷം മുൻപ് ഒരു കുറ്റവാളിയായി പൊലീസ് ജീപ്പിൽ കയറി. വളരെ ദീർഘവും ശക്തി ക്ഷയിപ്പിക്കുന്നതുമായി പോരാട്ടത്തിനൊടുവിൽ വിജയിച്ച് സ്റ്റേറ്റ് കാറിൽ തിരിച്ച് വരുന്നു. പ്രിയപ്പെട്ടവരോടൊപ്പം ജീവിതത്തിന്റെ പുതിയ അധ്യായം ആന്ദകരമാക്കണമെന്നാണ് ആഗ്രഹം, എന്നാൽ ചെയ്തു തീർക്കാൻ ഒരുപാട് ജോലികൾ ബാക്കിയുണ്ട്'' ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചു. നമ്പി നാരായണന്റെ ഈ വരികളും ഏറെ പ്രതീക്ഷയോടെയാണ് സിപിഎം കാണുന്നത്. സിപിഎമ്മിനോട് ചേർന്നുള്ള രാഷ്ട്രീയമാണ് നമ്പി നാരായണൻ ഉദ്ദേശിക്കുന്ന പുതിയ അധ്യായമെന്നും അവർ പറയുന്നത്.

സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രത്തിൽ നമ്പി നാരായണന് ആശംസകൾ അർപ്പിച്ചു നിരവധി പേരാണ് രംഗത്തെത്തുന്നത്. ചിത്രം വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്നുമുണ്ട്. കേരളത്തിൽ കോളിളക്കമുണ്ടാക്കിയ ചാരക്കേസിൽ നമ്പി നാരായണന് അരക്കോടി രൂപ നഷ്ടപരിഹാരം നൽകാൻ സെപ്റ്റംബർ 14ന് ആണു സുപ്രീംകോടതി ഉത്തരവിട്ടത്. 24 വർഷം നീണ്ട നിയമയുദ്ധത്തിലൂടെയാണ് നമ്പി നാരായണൻ ഈ ചരിത്ര വിധി നേടിയെടുത്തത്. ദർബാർ ഹാളിലെ നിറഞ്ഞ സദസ്സിന്റെ കരഘോഷത്തിനിടയിലായിരുന്നു മുഖ്യമന്ത്രി നമ്പി നാരായണന് ചെക്ക് കൈമാറിയത്. നമ്പി നാരായണനൊപ്പം നിരവധി ആരോപണങ്ങൾ കേൾക്കേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥനും ഇപ്പോൾ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകനുമായ രമൺ ശ്രീവാസ്തവയും ചടങ്ങിനെത്തി. പ്രധാന പരിപാടികൾ മാത്രം അരങ്ങേറുന്ന ദർബാർ ഹാളിൽ ഇത്തരമൊരു പരിപാടി നടന്നത് പീഡിപ്പിക്കപ്പെട്ട ഒരു മുതിർന്ന ശാസ്ത്രജ്ഞനെ ആദരിക്കുന്നതിന് തുല്യവുമായി. നമ്പി നാരായണന്റെ മകൾ ഗീത, മറ്റു കുടുംബാംഗങ്ങൾ തുടങ്ങിയവരും ചടങ്ങിനെത്തി.

രാജ്യത്തെ ശാസ്ത്രജ്ഞരുടെ നിരയിൽ പ്രമുഖനായ നമ്പി നാരായണൻ ഒരുപാട് പീഡനങ്ങൾ നേരിടേണ്ടിവന്നെന്നും ഇതിൽനിന്ന് ഇത്തരം കാര്യങ്ങൾ കൈകാര്യംചെയ്യുന്നവർക്ക് ഒരുപാട് പഠിക്കാനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പറഞ്ഞു. സുപ്രീംകോടതി ഉത്തരവിട്ട നഷ്ടപരിഹാരത്തുക അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നൽകുകയോ നേരിട്ടു നൽകുകയോ ചെയ്യാമായിരുന്നു. പരസ്യമായി നൽകുന്നതാണ് ഉചിതമെന്നു തോന്നിയതിനാലാണ് ചടങ്ങു സംഘടിപ്പിച്ചത്. നഷ്ടപരിഹാരം യഥാർഥത്തിൽ നൽകേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. അതിന്റെ നിയമവശങ്ങൾ പരിശോധിച്ചു സർക്കാർ തീരുമാനിക്കും -മുഖ്യമന്ത്രി പറഞ്ഞിരുന്നു. പിണറായി വിജയന്റേത് മനുഷ്യത്വമുള്ള മനസ്സെന്നായിരുന്നു മറുപടി പ്രസംഗത്തിൽ നമ്പി നാരായണൻ പറഞ്ഞത്. കരുണാകരനെ താഴെയിറക്കാനാണ് കേസ് ഉണ്ടാക്കിയതെന്നാണ് ചിലർ പറയുന്നത്. എന്നാൽ അത് മാത്രമല്ല മറ്റെന്തോ ഒരു ശക്തി കൂടിയുണ്ടെന്നാണ് തന്റെ മനസ് പറയുന്നത്.കരുണാകരൻ താഴെയിറങ്ങി എന്നത് ഒരു സത്യമാണെങ്കിലും ഐഎസ്ആർഒ 25 വർഷമെങ്കിലും പിന്നിലേക്ക് പോയി എന്നുള്ളതാണ്. ആത്യന്തികമായി ഈ കേസിലൂടെ ഐഎസ്ആർഒയെ തകർക്കുകയെന്നതായിരുന്നു ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.

നമ്മുടെ ഗവൺമെന്റിന്റെ സപ്പോർട്ട് എനിക്കുണ്ടെന്ന് അറിയാൻ സാധിച്ചതിൽ പൂർണസന്തോഷമുണ്ട്. 24 വർഷം ഫൈറ്റ് ചെയ്യേണ്ടി വന്നുവെന്നത് സത്യമാണ്. എന്നാൽ ഒരു ഫൈറ്റും ചെയ്യാതെ നിശബ്ദമായി സഹിച്ച മൂന്നാല് ജീവിതങ്ങൾ ഉണ്ട്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ. വളരെ വേദനാജനകമായിരുന്നു അവരുടെ ജീവിതം. ചിലർ മരിച്ചു പോയി. എന്നാൽ ജീവിച്ചിരിക്കുന്ന അവർക്ക് വേണ്ടി കൂടി എന്തെങ്കിലും ചെയ്യണമെന്നും തുക സ്വീകരിച്ച് കൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP