Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കടമ മറന്ന മന്ത്രിയെ രാജിവയ്‌പ്പിച്ച ഐഎഎസുകാരി; നിലപാടിൽ വെള്ളം ചേർക്കാത്ത സുതാര്യതയുടെ മുഖം; മാഫിയകൾക്ക് സ്വാധീനിക്കാനാകാത്ത പെൺകരുത്ത്; മുഖ്യമന്ത്രിയുടെ ഓഫീസിനെ അഴിമതി മുക്തമാക്കിയ കാർക്കശക്കാരി; ചീഫ് സെക്രട്ടറി പദത്തിൽ എത്തുന്നത് വെല്ലുവിളികൾ ഏറെ മറികടന്ന്; ഉദ്യോഗസ്ഥ ഭരണത്തിന് അച്ചടക്കമുണ്ടാക്കാൻ നളിനി നെറ്റോയെത്തുമ്പോൾ

കടമ മറന്ന മന്ത്രിയെ രാജിവയ്‌പ്പിച്ച ഐഎഎസുകാരി; നിലപാടിൽ വെള്ളം ചേർക്കാത്ത സുതാര്യതയുടെ മുഖം; മാഫിയകൾക്ക് സ്വാധീനിക്കാനാകാത്ത പെൺകരുത്ത്; മുഖ്യമന്ത്രിയുടെ ഓഫീസിനെ അഴിമതി മുക്തമാക്കിയ കാർക്കശക്കാരി; ചീഫ് സെക്രട്ടറി പദത്തിൽ എത്തുന്നത് വെല്ലുവിളികൾ ഏറെ മറികടന്ന്; ഉദ്യോഗസ്ഥ ഭരണത്തിന് അച്ചടക്കമുണ്ടാക്കാൻ നളിനി നെറ്റോയെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉറച്ച നിലപാടുകളാണ് നളിനി നെറ്റോയുടെ കരുത്ത്. തിരുവനന്തപുരം കളക്ടർ മുതൽ അഡീഷണൽ ചീഫ് സെക്രട്ടറി വരെയുള്ള പദവിയിൽ ഉയർത്തിപ്പിടിച്ചതും നിലപാടുകൾ തന്നെയാണ്. അഴിമതി രഹിത പ്രതിച്ഛായയും നീണ്ട സർവ്വീസിൽ ഈ ഉദ്യോഗസ്ഥയുടെ മാറ്റ് കൂട്ടി. സമർദ്ദങ്ങൾക്ക് വഴങ്ങാതെ നിയമം നടപ്പാക്കിയപ്പോൾ സഹ ഐഎഎസുകാർ പോലും ശത്രുപക്ഷത്തായി. എന്നിട്ടും നളിനി നെറ്റോയെന്ന ഉദ്യോഗസ്ഥയ്ക്ക് കുലുക്കമുണ്ടായില്ല. അവർ ധീരതയോടെ തീരുമാനമെടുത്തു. ഇനി ഈ കാർകശ്യം കേരളത്തിന്റെ ചീഫ് സെക്രട്ടറി കസേരയ്ക്കും സ്വന്തം. സ്ത്രീ സുരക്ഷയുടെ ചർച്ചകൾ നാടെങ്ങും നിറയുമ്പോൾ കേരളത്തിന്റെ ഉദ്യോഗസ്ഥരുടെ തലപ്പത്ത് നളിനി നെറ്റോയെത്തുന്നു. ഇനിയുള്ള കുറച്ചു മാസം ഇവരാകും കേരളത്തിന്റെ ചീഫ് സെക്രട്ടറി.

ഇടത് സർക്കാർ അധികാരത്തിലെത്തിയപ്പോൾ മുതൽ സീനിയർ ഐഎഎസുകാരും മുഖ്യമന്ത്രിയും രണ്ട് വഴിക്കാണ് നീങ്ങുന്നതെന്ന് വാദങ്ങളുണ്ടായിരുന്നു. ഐഎഎസുകാർക്കെതിരായ വിജിലൻസ് കേസുകളായിരുന്നു ഇതിന് കാരണം. ഫയൽ നീക്കം പോലും സെക്രട്ടറിയേറ്റിൽ തടസ്സപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപണം ഉയർത്തി. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയായി നളിനി നെറ്റോയുടെ സ്ഥാന ലബ്ദിയുടെ പ്രസക്തി കൂടുന്നത്. പിണറായി വിജയന്റെ അതിവിശ്വസ്തയാണ് നളിനി നെറ്റോ. മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രിൻസിപ്പൽ സെക്രട്ടറി പദത്തിൽ മികവുകാട്ടിയാണ് അവർ ചീഫ് സെക്രട്ടറിയായി എത്തുന്നത്. മുഖ്യമന്ത്രിയുടെ മനസ്സ് അറിയാവുന്ന ചീഫ് സെക്രട്ടറി ഭരണത്തിന് കൂടുതൽ വേഗം നൽകുമെന്ന പ്രതീക്ഷയുമുണ്ട്.

എന്നും ജനപക്ഷ തീരുമാനമായിരുന്നു നളിനി നെറ്റോയുടെ കരുത്ത്. ഏറ്റെടുക്കുന്ന ഉത്തരവാദിത്തം സുതാര്യതയോടെ നടപ്പാക്കുന്ന വ്യക്തിത്വം. കുറച്ചു കാലം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി തുടരുമ്പോഴും വിവാദങ്ങൾക്ക് അപ്പുറം ജനകീയ തീരുമാനങ്ങളുമായി മുന്നോട്ട് പോയി. യുവാക്കളെ ജനാധിപത്യ പ്രക്രിയയിൽ സജീവമാക്കാൻ നടത്തിയ പരിഷ്‌കാരങ്ങൾ ശ്രദ്ധേയമായി. അവിടെ നിന്ന് ആഭ്യന്ത്ര സെക്രട്ടറിയുടെ പദവിയിലേക്ക്. അപ്പോഴും പുറ്റിങ്ങൽ ദുരന്തമെത്തിയപ്പോൾ തെറ്റ് ചൂണ്ടിക്കാട്ടി. തന്റെ നിലപാടിനെ ആഭ്യന്തരമന്ത്രി ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ അതിശക്തമായി നലപാട് എടുത്തു. അവിടെ നിന്ന് പിണറായിയുടെ പേഴ്സണൽ സ്റ്റാഫിലെ ഒന്നാം നമ്പർ പേരുകാരിയായി. ഇപ്പോഴിതാ അർഹിച്ച അംഗീകരാമായി ചീഫ് സെക്രട്ടറി പദവും.

സുതാര്യതയും അഴിമതി രഹിത പ്രതിച്ഛായയയുമാണ് നളിനി നെറ്റോയുടെ കരുത്ത്. നിയമത്തെ കാറ്റിൽ പറത്തുന്നതൊന്നും നളിനി നെറ്റോ ചെയ്യുകയില്ല. നീതി ബോധത്തോടെ ആർക്കും വഴങ്ങാതെ പ്രവർത്തിക്കുന്ന ഐഎഎസുകാരിയാണ് അവരെന്ന് ജനത്തിനും അറിയാം. മാഫികളും കച്ചവടക്കാരുമെല്ലാം ഈ ഉദ്യോഗസ്ഥയിൽ നിന്ന് കൃത്യമായ അകലം പാലിക്കും. ഇതു മനസ്സിലാക്കിയാണ് നളിനി നെറ്റോയെ പേഴ്സണൽ സ്റ്റാഫിൽ പിണറായി എടുത്തത്. ഉറച്ച തീരുമാനങ്ങളുമായി അവർ മുഖ്യമന്ത്രിയുടെ ഓഫീസിന് ദിശാബോധം നൽകി. വികസന പരിവേഷം മുഖ്യമന്ത്രിക്കും കിട്ടി. ഇനി ചീഫ് സെക്രട്ടറിയുടെ പദത്തിന്റെ കരുത്തിൽ നാടു നന്നാക്കൽ ദൗത്യം നളിനി നെറ്റോയിലേക്ക് എത്തുന്നു.

ഓരോ ഫയലും കീറി മുറിച്ച് പരിശോധിച്ച് മന്ത്രിസഭയ്ക്ക് ഉപദേശം നൽകാൻ ചീഫ് സെക്രട്ടറിയുടെ റോളിൽ നളിനി നെറ്റോ ഇനിയുണ്ടാകും. മന്ത്രിസഭയെ കുഴിയിൽ ചാടിക്കാതെ രക്ഷിക്കുകയെന്ന ഉത്തരവാദിത്തമാണ് നളിനി നെറ്റോയിലെത്തുമ്പോൾ അത് അഴിമതിക്കാരായ പലർക്കും ഇഷ്ടമാകുന്ന കാര്യവുമല്ല. പലതരത്തിൽ ഈ പദവിയിൽ അവർ എത്തുന്നത് തടയാൻ ശ്രമങ്ങളുണ്ടായി. അഴിമതിയും സ്വജനപക്ഷപാതവുമെല്ലാം കാട്ടി വിജിലൻസ് കോടതിയേ സമീപിച്ചവരുണ്ട്. എന്നാൽ അത്തരം പരാതികൾക്കെല്ലാം വെറും കടലാസിന്റെ പ്രാധാന്യമേ നീതി പീഠങ്ങൾ നൽകിയുള്ളൂ. അങ്ങനെ കേരളത്തിലെ ഉദ്യോഗസ്ഥ വൃന്ദം കണ്ട ഏറ്റവും കരുത്തയായ സ്ത്രീ ചീഫ് സെക്രട്ടറിയുമാകുന്നു. ക്രിയാത്മകവും ചലനാത്മകവുമായി തീരുമാനങ്ങളിലൂടെ എക്‌സിക്യൂട്ടീവിന് ദിശാ ബോധം നൽകാൻ കരുത്തുള്ള വനിതയാണ് അവർ.

നീലലോഹിത ദാസൻ നാടാർ മന്ത്രിയായിരിക്കെ നളിനി നെറ്റോ ഉയർത്തിയ വിവാദം രാഷ്ട്രീയ കൊടുങ്കാറ്റായി. സമ്മർദ്ദങ്ങൾ പലതുണ്ടായിട്ടും അവർ പിന്മാറിയില്ല. സ്ത്രീത്വം
ഉയർത്തി നീലനെതിരെ നിലപാട് കടുപ്പിച്ചപ്പോൾ മന്ത്രിക്ക്‌രാജിവയ്ക്കേണ്ടി വന്നു. കേരള ചരിത്രത്തിൽ തന്നെ ആദ്യമായിരുന്നു ഇത്. മന്ത്രിമാരുടെ ഇംഗിതത്തിന് വഴങ്ങുന്ന ഉദ്യോഗസ്ഥർക്കിടയിൽ പുതു മാതൃകയായി നളിനി നെറ്റോ. അവർ പറഞ്ഞത് തെറ്റാണെന്ന് കേരളീയ പൊതു സമൂഹം വിശ്വസിച്ചതുമില്ല. ഇത് തന്നെയാണ് നളിനി നെറ്റോയെന്ന ഐഎഎസ് ഉദ്യോസ്ഥയ്ക്ക് മലയാളിയുടെ മനസ്സിലെ വിശ്വാസ്യതയ്ക്ക് തെളിവും. ഇത് മുതൽക്കൂട്ടാക്കാൻ തന്നെയാണ് പിണറായിയുടെ ശ്രമവും. 1981ലെ ഐഎഎസ് ബാച്ചുകാരിയാണ് നളിനി നെറ്റോ.

യുഡിഎഫ് സർക്കാരിന്റെ തുടക്ക കാലത്ത് തീർത്തും അപ്രധാന തസ്തികയിലായിരുന്നു നളിനി നെറ്റോയെന്ന ഐഎഎസുകാരി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെന്ന നിലയിൽ ആരോടും പരിഭവമില്ലാതെ ഒതുങ്ങിക്കഴിഞ്ഞു നളിനി നെറ്റോ. യുഡിഎഫ് ഭരണകാലത്ത് ആഭ്യന്തരമന്ത്രിയെന്ന താക്കോൽ പദവിയിൽ രമേശ് ചെന്നിത്തല എത്തിയത്. ഇമേജ് ലക്ഷ്യത്തോടെ നളിനി നെറ്റോയെ ആഭ്യന്തര സെക്രട്ടറിയുമായി. എന്നിട്ടും യുഡിഎഫ് സർക്കാരിന്റെ തെറ്റുകൾ നളിനി നെറ്റോ ചൂണ്ടിക്കാട്ടി. ജനകീയ പിന്തുണയുള്ളതിനാൽ ഈ ഉദ്യോഗസ്ഥയെ മാറ്റുന്നത് ഗുണകരമാകില്ലെന്ന് ആഭ്യന്തരമന്ത്രിയും തിരിച്ചറിഞ്ഞു. പുറ്റിങ്ങൽ ദുരന്തമെത്തിയപ്പോൾ ജനപക്ഷ നിലപാടുമായി നളിനി നെറ്റോ രംഗത്ത് വന്നു. ദുരന്തത്തിന് പൊലീസിന്റെ വീഴ്ച അവർ അക്കമിട്ട് നിരത്തി. അന്ന് അത് അംഗീകരിക്കാൻ ഡിജിപി സെൻകുമാർ തയ്യാറായില്ല. ആഭ്യന്തരമന്ത്രിയുടെ ഡിജിപിയും ഒത്തുകളിക്കുന്നതായും ആക്ഷേപമെത്തി. തന്റെ നിലപാടിനെ ആഭ്യന്തരമന്ത്രി ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ അതിശക്തമായി നലപാട് എടുത്തു.

ഇതോടെ ശത്രുക്കളും കൂടി. ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണിന്റെ വിരമിക്കലിന് മുമ്പ് തന്നെ നളിനി നെറ്റോയെ ഒതുക്കാൻ യുഡിഎഫ് സർക്കാരിലെ ഉന്നതരുടെ സഹായത്തോടെ ചിലർ കരുനീക്കം നടത്തിയിരുന്നു. ജിജി തോംസൺ വിരമിക്കുമ്പോൾ തെരഞ്ഞെടുപ്പ് കാലമായിരുന്നു. ഇതുയർത്തി ജിജി തോംസണ് കാലാവധി നീട്ടികൊടുക്കാൻ അന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കരുനീക്കം നടത്തി. എന്നാൽ അത് വിജയിച്ചില്ല. അങ്ങനെ ഒരു മാസത്തേക്ക് പികെ മൊഹന്തി ചീഫ് സെക്രട്ടറിയായി. മൊഹന്തി വിരമിക്കുമ്പോൾ സ്വാഭാവികമായും നളിനി നെറ്റോയായിരുന്നു ചീഫ് സെക്രട്ടറി ആകേണ്ടിയിരുന്നത്. എന്നാൽ ഉദ്യോഗസ്ഥ കളികൾ എല്ലാം മാറ്റി മറിച്ചു. കേന്ദ്ര സർവ്വീസിലായിരുന്ന എസ്എം വിജയാനന്ദനെ കേന്ദ്ര ഡെപ്യൂട്ടേഷൻ ഒഴിവാക്കി കേരളത്തിലെത്തിച്ചു. സീനിയോറിട്ടി ഉയർത്തി വിജയാനന്ദനെ ചീഫ് സെക്രട്ടറിയുമാക്കി. ഇവിടെ ഉദ്യോഗസ്ഥ ലോബിയുടെ ലക്ഷ്യം നളിനി നെറ്റോയായിരുന്നു. മൊഹന്തി ചീഫ് സെക്രട്ടറിയായാൽ അടുത്ത വർഷം മാർച്ച് വരെ അദ്ദേഹത്തിന് സർവ്വീസുണ്ട്. ഇതിനിടെയിൽ ചീഫ് സെക്രട്ടറി കസേരയിൽ നളിനി നെറ്റോയ്ക്ക് എത്താൻ കഴിയില്ല.

വിജയാനന്ദ്‌ വിമരിച്ച ശേഷം നളിനി നെറ്റോ ചീഫ് സെക്രട്ടറിയായാലും അഞ്ച് മാസമേ അവർക്ക് സർവ്വീസ് കാലാവധിയുള്ളൂ. അതുകൊണ്ട് തന്നെ കാബിനെറ്റിൽ നളിനി നെറ്റോയുടെ സാന്നിധ്യം കുറയുമെന്നായിരുന്നു കണക്ക് കൂട്ടൽ. ഇത് വിജയിക്കുകയും ചെയ്തു. എന്നാലും അവർക്ക് മുന്നിൽ ചീഫ് സെക്രട്ടറി പദത്തിൽ അഞ്ചു മാസം ബാക്കിയുണ്ട്. മാഫിയകൾക്ക് വഴങ്ങാത്ത പ്രകൃതമാണ് നളിനി നെറ്റോയുടേത്. ചീഫ് സെ്ക്രട്ടറിയായാൽ കാബിനെറ്റിലെത്തുന്ന ഫയലുകളെല്ലാം അവർ കാണും. നിയമവിരുദ്ധമായതൊന്നും നളിനി നെറ്റോയെന്ന ചീഫ് സെക്രട്ടറി അംഗീകരിക്കില്ല.

ഇതോടെ മന്ത്രിസഭയെ തെറ്റിധരിപ്പിച്ച് മാഫിയകൾക്കായി ഉത്തരവുകൾ ഉണ്ടാക്കിയെടുക്കാനുള്ള നീക്കങ്ങൾ പൊളിയും. ഇത് മനസ്സിലാക്കിയ ഉദ്യോഗസ്ഥ ലോബിയാണ് യുഡിഎഫ് കാലത്ത് വിജയാനന്ദിനെ കേരളത്തിലെത്തിച്ച് നളിനി നെറ്റോ ചീഫ് സെക്രട്ടറിയാകാനുള്ള സാധ്യത പൊളിച്ചത്. 2017 ഓഗസ്റ്റിലാണ് നളിനി നെറ്റോയുടെ വിരമിക്കൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP