Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രിമാരെയും നേതാക്കളെയും കൊലപ്പെടുത്തി കരുത്തു തെളിയിച്ചു; ഫണ്ട് ശേഖരണത്തിന് വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ശൃംഖല; പഞ്ചാബ് രാഷ്ട്രവാദം ഉന്നയിക്കുന്ന സംഘടനയ്ക്ക് പാക് ചാര സംഘടനയുമായും അടുത്ത ബന്ധം: ഹർമീന്ദർസിങ് മിന്റു തലവനായ ഖാലിസ്ഥാൻ ലിബറേഷൻ രാജ്യത്തെ വിറപ്പിക്കുന്നത് ഇങ്ങനെ

മന്ത്രിമാരെയും നേതാക്കളെയും കൊലപ്പെടുത്തി കരുത്തു തെളിയിച്ചു; ഫണ്ട് ശേഖരണത്തിന് വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ശൃംഖല; പഞ്ചാബ് രാഷ്ട്രവാദം ഉന്നയിക്കുന്ന സംഘടനയ്ക്ക് പാക് ചാര സംഘടനയുമായും അടുത്ത ബന്ധം: ഹർമീന്ദർസിങ് മിന്റു തലവനായ ഖാലിസ്ഥാൻ ലിബറേഷൻ രാജ്യത്തെ വിറപ്പിക്കുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്

അമൃത്സർ: രാജ്യം കണ്ട ഏറ്റവും കരുത്തയായ ഭരണാധികാരി ആയിരുന്ന ഇന്ദിരാഗാന്ധിയുടെ ജീവൻ പൊലിഞ്ഞത്. പഞ്ചാബ് സ്വതന്ത്രവാദം ഉന്നയിച്ചു കൊണ്ടുള്ള ഖാലിസ്ഥാൻ തീവ്രവാദികളെ അമർച്ച ചെയ്തതിന്റെ പേരിലാണ്. സുവർണ ക്ഷേത്രത്തെ മറയാക്കി ബിന്ദ്രൻ വാലയും സംഘവും ഭീകരത വിതച്ചപ്പോൾ മടിച്ചു നിൽക്കാതെ ബ്ലൂസ്റ്റാർ ഓപ്പറേഷന് ഇന്ദിര ഉത്തരവിട്ടു. ഈ സംഭവമാണ് പിൽക്കാലത്ത് പഞ്ചാബിലെ വിഘടന വാദത്തിന്റെ അടിവേരറുത്തത്. എന്നാൽ, ഇടക്കാലം കൊണ്ട് വീണ്ടും ഖാലിസ്ഥാൻ വാദം ശക്തമാകുന്നു എന്നത് രാജ്യത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നതാണ്.

പഞ്ചാബിലെ നാഭാ സെൻട്രൽജയിൽ ആക്രമിച്ച് ആയുധധാരികളായ സംഘം നിരോധിതസംഘടനയായ ഖാലിസ്ഥാൻ ലിബറേഷൻ തലവൻ ഹർമീന്ദർസിങ് മിന്റുവടക്കം അഞ്ചുപേരെ മോചിപ്പിച്ച സംഭവം രാജ്യത്തെ ഞെട്ടിക്കാൻ കാരണവും മറ്റൊന്നല്ല. അത്രമേൽ ഭീതിപ്പെടുത്തുന്ന വിധത്തിലാണ് ഖാലിസ്ഥാൻ ലിബറേഷൻ എന്ന സംഘടനയുടെ വളർച്ച. പൊലീസ് വേഷത്തിൽ എത്തി ജയിൽ ആക്രമിച്ചു കടന്ന സംഘം അക്ഷരാർത്ഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു.

ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെ രണ്ട് കാറുകളിലായാണ് എട്ടുപേരോളം വരുന്ന അക്രമിസംഘമെത്തിയത്. കനത്തസുരക്ഷയുള്ള ജയിൽഭേദിച്ച സംഘം ജയിൽ കാവൽക്കാരനെ കത്തിയുപയോഗിച്ച് ആക്രമിക്കുകയും തുടർന്ന് പൊലീസിനുനേരെ നൂറു റൗണ്ടോളം വെടിയുതിർക്കുകയും ചെയ്തു. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. അധോലോകനേതാവായ വിക്കി ഗോണ്ടർ, ഗുർപ്രീത് സെക്കോൺ, നീത ദിയോൾ, വിക്രംജിത് എന്നിവരാണ് മിന്റുവിനൊപ്പം രക്ഷപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തെത്തുടർന്ന് ജയിൽ ഡി.ജി.പിയെ സസ്‌പെൻഡ് ചെയ്തു. ജയിൽ സൂപ്രണ്ട്, ഡെപ്യൂട്ടി ജയിൽസൂപ്രണ്ട് എന്നിവരെ പുറത്താക്കി. സംഭവത്തെക്കുറിച്ചന്വേഷിക്കാൻ പ്രത്യേക ദൗത്യസംഘത്തെയും നിയോഗിച്ചിട്ടുണ്ട്. മൂന്നുദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ജയിൽ ചാടിയവരെ എത്രയുംപെട്ടെന്ന് പിടികൂടുമെന്ന് ഉപമുഖ്യമന്ത്രി സുഖ്ബീർ ബാദൽ പറഞ്ഞു. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

സംഭവത്തിൽ സംസ്ഥാന സർക്കാറിനോട് കേന്ദ്രം റിപ്പോർട്ട് തേടി. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലുമായി ഫോണിൽ ചർച്ച നടത്തി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി സംസ്ഥാന പൊലീസ് മേധാവിയോട് സംസ്ഥാനത്തെ ജയിലുകളിൽ സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യപ്പെട്ടു. അയൽസംസ്ഥാനങ്ങളായ ഹരിയാണ, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലും രാജ്യാതിർത്തിയിലും ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.

രണ്ട് പതിറ്റാണ്ടിലേറെയായി നിഷ്‌ക്രിയാവസ്ഥയിലായ ഖാലിസ്ഥാൻ രാഷ്ട്രവാദം അടുത്തകാലത്തായി വീണ്ടും തലപൊക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നത്. ഹർമിന്ദർസിങ് മിന്റു ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സിന്റെ (കെ.എൽ.എഫ്.) തലവനായി ചുമതലയേറ്റെടുത്തതിനുശേഷമാണ് ഇവർ വീണ്ടും സജീവമായത്. വിദേശരാജ്യങ്ങളിലടക്കം ഖാലിസ്ഥാൻ പ്രസ്ഥാനത്തിന് വേരുകളുണ്ടാക്കാൻ മിന്റുവിനായി. കെ.എൽ.എഫിന്റെ സാമ്പത്തികസ്രോതസ്സുകളും വിദേശരാജ്യങ്ങളിലാണ്. തായ്‌ലൻഡ് കേന്ദ്രീകരിച്ചാണ് മിന്റുവിന്റെ പ്രവർത്തനം. പാക്കിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുമായും കെ.എൽ.എഫിന് അടുത്തബന്ധമുണ്ട്.

മിന്റുവിന്റെ അറസ്റ്റോടെ കെ.എൽ.എഫിന്റെ പ്രവർത്തനം നിലച്ചെന്ന പ്രതീതിയുണ്ടായെങ്കിലും രാജ്യത്തെ അതിസുരക്ഷയുള്ള ജയിലുകളിലൊന്നായ നാഭ ആക്രമിക്കാനും മിന്റുവടക്കം അഞ്ചുപേരെ രക്ഷിക്കാനുംകഴിഞ്ഞത് ഇവർ വീണ്ടും സജീവമായതിന്റെ സൂചനയാണ്.
സ്വതന്ത്ര സിഖ് രാജ്യമെന്ന നിലയിൽ ഖാലിസ്ഥാൻ രൂപവത്കരിക്കണമെന്ന ആവശ്യമാണ് ഖാലിസ്ഥാൻ വാദികൾ ഉയർത്തുന്നത്. സിഖ് വിഭാഗക്കാരുടെ ഏറ്റവും പ്രധാന ആരാധനാലയമായ അമൃത്സറിലെ സുവർണക്ഷേത്രംതന്നെ ഒരു കാലത്ത് ഇതിന്റെ പ്രവർത്തനങ്ങൾക്ക് മുഖ്യകേന്ദ്രമായിരുന്നു. ജർണൈയിൽസിങ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ ഈ പ്രസ്ഥാനം വൻ വളർച്ച നേടി.

ഖാലിസ്ഥാൻ തീവ്രവാദികളെ നേരിടാനാണ് ഇന്ദിരാഗാന്ധി സർക്കാർ 'ഓപ്പറേഷൻ ബ്ലൂസ്റ്റാർ' എന്നറിയപ്പെടുന്ന സൈനികനടപടി കൈക്കൊണ്ടത്. ഇതിനുശേഷം വർഷങ്ങൾ നീണ്ടുനിന്ന പൊലീസ് നടപടികളിലൂടെ ഖാലിസ്ഥാൻ പ്രസ്ഥാനത്തെ അടിച്ചൊതുക്കി. എങ്കിലും രാജ്യത്തിനുപുറത്ത് ഇതിന്റെ അവശേഷിപ്പുകൾ സജീവമാണ്. ഈ അവശേഷിപ്പിക്കുളാണ് രാജ്യത്തെ ഇപ്പോൾ വിറപ്പിക്കുന്ന വിധത്തിലേക്ക് വളർന്നിരിക്കുന്നത്.

2014 നവംബറിലാണ് മിന്റുവിനെ പൊലീസ് അറസ്റ്റുചെയ്തത്. തായ്‌ലൻഡിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽവച്ച് അറസ്റ്റുനടന്നത്. അറസ്റ്റിലാകുന്ന സമയത്ത് 10 തീവ്രവാദ കേസുകളിൽ ഇയാൾ പ്രതിയായിരുന്നു. നിരോധിത സംഘടനയായ ഖാലിസ്ഥാൻ ലിബറേഷനുവേണ്ടി ഫണ്ട് സംഭരിക്കുന്നതിനായി തായ്‌ലൻഡ് കേന്ദ്രീകരിച്ചാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. ഗുർദീപ്‌സിങ് എന്ന പേരിൽ വ്യാജ മലേഷ്യൻ പാസ്‌പോർട്ടും തിരിച്ചറിയൽ കാർഡുമായി യുറോപ്പിലും ഏഷ്യയിലുമുടനീളം ഇയാൾ യാത്രചെയ്തിട്ടുണ്ട്. കമ്പോഡിയ, ലാവോസ്, മ്യാന്മർ എന്നീ രാജ്യങ്ങളിൽ ഇയാൾക്ക് വൻശൃംഖലയുണ്ട്. 2013 ജൂണിൽ പാക്കിസ്ഥാനിലേക്കും ഇയാൾ യാത്രചെയ്തു. പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്നു.

2008 ൽ ആത്മീയസംഘടനയായ 'ദേരാ സച്ചാ സൗദാ' തലവൻ ഗുർമീത് രാം റഹിംസിങ്ങിനുനേരെയും മൂന്ന് ശിവസേനാ നേതാക്കൾക്കുനേരെയും ആക്രമണം നടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്. 2010ൽ ലുധിയാനയ്ക്ക് സമീപമുള്ള ഹൽവാര വ്യോമസേനാതാവളത്തിൽനിന്ന് സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയ കേസും മിന്റുവിന്റെ പേരിലുണ്ട്. സ്വാതന്ത്ര്യദിനത്തിൽ പഞ്ചാബിൽ ആക്രമണം നടത്തുന്നതിനായി പാക്കിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ. ഇയാളെ നിയോഗിച്ചെങ്കിലും പദ്ധതി പരാജയപ്പെടുകയായിരുന്നു. ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിൽ പാക് ചാര സംഘടനയുടെപങ്കുണ്ടോ എന്ന സംശയവും ബലമാണ്.

ഹർമിന്ദർസിങ് മിന്റു നേതൃത്വം നൽകുന്ന ഖാലിസ്ഥാൻ ലിബറേഷൻ 1986ൽ അരൂർ സിങ്ങും സുഖ്‌വീന്ദർസിങ് ബാബ്ബറുമാണ് രൂപവത്കരിച്ചത്. 1995്ൽ കെ.എൽ.എഫിനെ ഖാലിസ്ഥാൻ മൂവ്‌മെന്റുമായി ബന്ധപ്പെട്ട പ്രമുഖ തീവ്രവാദസംഘടനകളുടെ ലിസ്റ്റിൽപ്പെടുത്തി രാജ്യം മുൻകരുതലെടുത്തു. എന്നാൽ, ഇവരുടെ മുന്നേറ്റത്തെ പൂർണ്ണമായും തടയാൻ സാധിച്ചില്ല. പഞ്ചാബിലും പുറത്തുമായി നിരവധി തീവ്രവാദപ്രവർത്തനങ്ങൾക്കും കൊലപാതകങ്ങൾക്കും കെ.എൽ.എഫ്. നേതൃത്വം നൽകി കരുത്തു തെൡയിച്ചു കൊണ്ടിരുന്നു.

പൊലീസുകാരും മന്ത്രിമാരും നേതാക്കളും കെഎൽഎഫിന്റെ പ്രവർത്തനത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 1987 ഡിസംബർ 12ന് പഞ്ചാബിൽ പൊലീസുകാർക്കുനേരെ ആക്രമണം നടത്തി. ഒമ്പത് പൊലീസുകാർ കൊല്ലപ്പെട്ടു. 1990ൽ സംസ്ഥാനമന്ത്രിയായിരുന്ന ബൽവന്ത്‌സിങ്ങിനെ കൊലപ്പെടുത്തിയും ഇവർ കരുത്തു കാണിച്ചു. ഇതിനിടെ 1990ൽ റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും എട്ടുപേരെ കൊലപ്പെടുത്തുകയും ചെയ്തു.

1991 ഒക്ടോബറിൽ റൊമാനിയൻ നയതന്ത്രജ്ഞനായിരുന്ന ലിവിയു റാഡുവിനെ തട്ടിക്കൊണ്ടുപോയതും സർക്കാറിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. 1992 ജൂലൈ 29ന് കെ.എൽ.എഫ്. തലവൻ ഗുർജന്ത് സിങ്ങിനെ ലുധിയാനയിൽവച്ച് പൊലീസ് കൊലപ്പെടുത്തി. 1999 ഓഗസ്റ്റ് 20ന് മൂന്ന് കെ.എൽ.എഫ്. തീവ്രവാദികളെ പൊലീസ് അറസ്റ്റ് ചെയ്തു. 1999 ൽ കെ.എൽ.എഫ്. പ്രവർത്തകൻ ദേവേന്ദർപാൽ സിങ്ങിനെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. എന്നാൽ അവിടം കൊണ്ടും ഒന്നും നിന്നില്ല. 2008 ൽ ദേരാ സച്ചാ സൗദാ ആസ്ഥാനം ആക്രമിച്ചാണ് സംഘഠന കരുത്തുകാട്ടിയത്. 2009 ആർഎസ്എസ്സിന്റെ പഞ്ചാബ് അധ്യക്ഷൻ രുൾഡാ സിങ്ങിനെ കൊലപ്പെടുത്തിയതോടെ സംഘടന്ക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP