Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്ക് ഡൗൺ കാരണം ദേവസ്വങ്ങൾ മരണവീട് പോലെ ശോകമൂകം; ക്ഷേത്രങ്ങളിൽ നിന്നും ഒരു രൂപ പോലും വരുമാനമില്ല; ഫണ്ടില്ലാത്തതിനാൽ ശമ്പള-പെൻഷൻ വിതരണവും പ്രതിസന്ധിയിൽ; ക്ഷേത്ര നവീകരണ ഫണ്ടിൽ നിന്നും സർക്കാരിന് നൽകിയത് ഒരു കോടി രൂപയും; ബോർഡ് പ്രസിഡന്റും കൂട്ടരും നടത്തിയത് രഹസ്യനീക്കം; ദേവസ്വം സംഘടനകൾ കാര്യമറിയുന്നത് ഫേസ്‌ബുക്കിലൂടെ; ക്ഷേത്രങ്ങൾക്കായി ഭക്തർ നൽകിയ തുകയിൽ നിന്നും ഒരു കോടിയെടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ എൻ.വാസുവിന്റെ നടപടി വിവാദത്തിൽ

ലോക്ക് ഡൗൺ കാരണം ദേവസ്വങ്ങൾ മരണവീട് പോലെ ശോകമൂകം; ക്ഷേത്രങ്ങളിൽ നിന്നും ഒരു രൂപ പോലും വരുമാനമില്ല; ഫണ്ടില്ലാത്തതിനാൽ ശമ്പള-പെൻഷൻ വിതരണവും പ്രതിസന്ധിയിൽ; ക്ഷേത്ര നവീകരണ ഫണ്ടിൽ നിന്നും സർക്കാരിന് നൽകിയത് ഒരു കോടി രൂപയും; ബോർഡ് പ്രസിഡന്റും കൂട്ടരും നടത്തിയത് രഹസ്യനീക്കം; ദേവസ്വം സംഘടനകൾ കാര്യമറിയുന്നത് ഫേസ്‌ബുക്കിലൂടെ; ക്ഷേത്രങ്ങൾക്കായി ഭക്തർ നൽകിയ തുകയിൽ നിന്നും ഒരു കോടിയെടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ എൻ.വാസുവിന്റെ നടപടി വിവാദത്തിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: പ്രളയകാലത്ത് ക്ഷേത്രങ്ങൾ തകർന്നടിഞ്ഞപ്പോൾ ആരംഭിച്ച ടെമ്പിൾ റിനോവേഷൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപയെടുത്ത് സർക്കാർ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടി വിവാദമാകുന്നു. ക്ഷേത്ര വരുമാനം പൂർണമായി നിലച്ചിരിക്കെ, ശമ്പളം നൽകാൻ പോലും ഫണ്ടില്ലാതിരിക്കുന്ന അവസ്ഥ നേരിടുമ്പോൾ ടെമ്പിൾ റിനോവേഷൻ ഫണ്ടിൽ നിന്നും ഒരു കോടി സംഭാവന നൽകിയ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിന്റെ നടപടിക്കെതിരെ കടുത്ത എതിർപ്പാണ് ദേവസ്വം സംഘടനകളിൽ നിന്നും ജീവനക്കാരിൽ നിന്നും ഉയരുന്നത്. വരുമാനം നിലച്ച ഈ സാഹചര്യത്തിലും സർക്കാരിനോട് സഹായം അഭ്യർത്ഥിക്കില്ലാ എന്നാണ് ബോർഡ് പ്രസിഡന്റ് വ്യക്തമാക്കുന്നത്. ഈ നിലപാട് കൈക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് ക്ഷേത്ര നവീകരണത്തിനു ഭക്തർ നൽകിയ തുകയെടുത്ത് വാസു സർക്കാരിനു നൽകിയിരിക്കുന്നത്.

പ്രളയത്തിൽ തകർന്ന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം മാത്രം ലക്ഷ്യമാക്കി കഴിഞ്ഞ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫണ്ടാണിത്. പ്രളയത്തിൽ തകർന്നടിഞ്ഞ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനു ഭക്തർ നല്കുന്ന ഈ തുക ഒരു പ്രത്യേകം അക്കൗണ്ടായാണ് ദേവസ്വം പരിപാലിക്കുന്നത്. മറ്റു ഭണ്ഡാരങ്ങൾ തുറക്കുമ്പോഴാണ് ക്ഷേത്രങ്ങളിലേ ഈ പ്രത്യേക ഭണ്ഡാരവും തുറക്കുന്നത്. ഈ തുക ടെമ്പിൾ റിനോവേഷൻ ഫണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഈ ഫണ്ടിൽ നിന്നും ഒരു കോടി രൂപയെടുത്താണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭാവന ചെയ്തത്. സാലറി ചാലഞ്ചുമായി ബന്ധപ്പെട്ടു ദേവസ്വം ബോർഡ് ഇറക്കിയിരിക്കുന്ന സർക്കുലറിൽ പറയുന്നത് ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമില്ലെന്നാണ്. അതിനാൽ ഒരു മാസത്തെ ശമ്പളം ടെമ്പിൾ റിനോവേഷൻ ഫണ്ടിലേക്ക് സംഭാവന ചെയ്യണം. ദേവസ്വം തന്നെ കടുത്ത പ്രതിസന്ധിയിൽ മുന്നോട്ടു പോകുമ്പോഴാണ് ദേവസ്വം പരിപാലിക്കുന്ന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ നൽകിയ തീരുമാനത്തിന്നെതിരെ എതിർപ്പ് ശക്തമാകുന്നത്.

ടെമ്പിൾ റിനോവേഷൻ ഫണ്ടിൽ നിന്നും തുകയെടുക്കുന്നത് ശരിയല്ലാത്തതിനാൽ എതിർപ്പ് പേടിച്ച ആരും അറിയാത്ത ഒരു രഹസ്യനീക്കമാണ് എൻ.വാസുവും കൂട്ടരും നടത്തിയത്. സംഭാവനാ നീക്കം പുറത്ത് വന്നില്ല. അറിഞ്ഞവർ എല്ലാം രഹസ്യമാക്കി വയ്ക്കുകയും ചെയ്തു. ഒരു കോടി രൂപ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വാസു സംഭാവന ചെയ്യുന്ന ചിത്രങ്ങൾ ഇടത് ദേവസ്വം നേതാക്കൾ ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഏക അംഗീകൃത സംഘടനയായ ദേവസ്വം എപ്ലോയീസ് ഫ്രണ്ട് കൂടി സംഭവം അറിഞ്ഞില്ല. ഇതോടെയാണ് എൻ.വാസുവിന്റെ നടപടിയെക്കുറിച്ച് സംഘടനകൾക്കും ജീവനക്കാർക്കും എതിർപ്പ് ശക്തമാകുന്നത്. ക്ഷേത്രങ്ങൾ തുറക്കാത്തതിനെ തുടർന്നു വരുമാനം നിലച്ചതിനാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. ലോക്ക് ഡൗൺ കാരണം ദേവസ്വങ്ങൾ മരണവീട് പോലെ മൂകമാണ്. ഒരു രൂപയുടെ വരുമാനം പോലും ഭക്തർ എത്താത്തത് കാരണം ബോർഡിനു ലഭിക്കുന്നില്ല.

കൊറോണ കാരണം സർക്കാർ സാലറി ചാലഞ്ച് ഏർപ്പെടുത്തിയപ്പോൾ ദേവസ്വം ജീവനക്കാർക്ക് മറ്റൊരു നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. സാലറി ചാലഞ്ച് തുക ടെമ്പിൾ റിനോവേഷൻ ഫണ്ടിനു നൽകാനാണ് സർക്കുലറിൽ ആവശ്യപ്പെടുന്നത്. ദേവസ്വം ജീവനക്കാരുടെ ശമ്പളവും പെൻഷനും അടക്കുമുള്ള തുകകൾക്ക് പ്രതിസന്ധി നേരിടുന്നതിനാലാണ് ഈ തീരുമാനം. ദേവസ്വം ബോർഡ് ഇറക്കിയിരിക്കുന്ന സർക്കുലറിൽ തന്നെ കാര്യങ്ങൾ സുവ്യക്തമാണ്. വരുമാന നഷ്ടം വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചതെന്നാണ് ബോർഡ് സമ്മതിക്കുന്നത്. അതിനാൽ ഒരു മാസത്തെ ശമ്പളം ജീവനക്കാർ ടെമ്പിൾ റിനോവേഷൻ ഫണ്ടിലേക്ക് നൽകണം. രണ്ടു പ്രളയങ്ങളും ശബരിമല യുവതീ പ്രവേശന വിഷയങ്ങളും ബോർഡിനെ സാമ്പത്തികമായി തകർത്തിരിക്കുന്നു. കാണിക്കയാണ് പ്രധാന വരുമാനം. കാണിക്ക നിലച്ചിരിക്കുന്നു. അപ്പോൾ മുന്നോട്ട് പോകാൻ ഒരു മാസത്തെ ശമ്പളം നൽകിയെ തീരൂ. ഈ തുക ശമ്പള ബില്ലിൽ നിന്നും കുറവ് ചെയ്യും. നിലവിലെ പ്രതിസന്ധിയുടെ ചിത്രം സർക്കുലർ വഴി വിവരിക്കുന്ന ബോർഡ് ഉന്നതർ തന്നെയാണ് ദുരിതാശ്വാസ നിധിയിലേക്ക് ഉള്ള തുകയും സംഭാവന ചെയ്തിരിക്കുന്നത്. ബോർഡിനു തന്നെ നിലനിൽക്കാൻ പണമില്ല. അപ്പോൾ കരുതൽ ധനം എടുത്ത് സംഭാവന നൽകിയാൽ ബോർഡ് എങ്ങനെ മുന്നോട്ടു പോകും എന്നാണ് സംഘടനകൾ ഉയർത്തുന്ന ചോദ്യം.

കൊറോണ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡിനെയാണ്. കാണിക്ക വരുമാനമാക്കി മുന്നോട്ടു പോകുന്ന ബോർഡിനു കടുത്ത പ്രഹരമാണ് ക്ഷേത്രങ്ങളുടെ അടച്ചിടൽ. ശബരിമല അടക്കമുള്ള മുഴുവൻ ക്ഷേത്രങ്ങളും അടഞ്ഞു കിടക്കുകയാണ്. കൊറോണ കാരണം ബോർഡ് മൂക്കുകുത്തിയിരിക്കുകയാണ്. രണ്ടു പ്രളയങ്ങൾ, യുവതീ പ്രവേശന വിഷയം ബോർഡിനു അതിജീവനശേഷിയുടെ മേലുള്ള കടുത്ത പ്രഹരങ്ങളാണ്. ജീവനക്കാരുടെ ശമ്പളം, പെൻഷൻ വഴിമുട്ടിയ അവസ്ഥയിലാണ്. അതിനാൽ ഒരു മാസ ശമ്പളം റിനോവേഷൻ ഫണ്ടിലേക്ക് വകയിരുത്തും. ഇതാണ് സർക്കുലറിൽ ബോർഡ് വ്യക്തമാക്കുന്നത്. മഹാപ്രളയത്തിൽ ശബരിമല അടക്കമുള്ള ക്ഷേത്രങ്ങൾ തകർന്നടിഞ്ഞപ്പോൾ ദേവസ്വം ബോർഡ് കണക്കാക്കിയ നഷ്ടം നൂറു കോടിയുടെതായിരുന്നു. നൂറു കോടിയുടെ നഷ്ടം ചൂണ്ടിക്കാട്ടി തന്നെ വന്നു കണ്ട അന്നത്തെ പ്രസിഡന്റ് എ.പത്മകുമാറിനോട് അയ്യപ്പൻ തുണയ്ക്കും എന്ന മറുപടി നൽകിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ യാത്രയാക്കിയത്. ബോർഡിന്റെ നീക്കിയിരുപ്പായ ആയിരം കോടിയോളം വരുന്ന ഫണ്ടിൽ നിന്നും പണമെടുത്ത് പുനർ നിർമ്മാണം നടത്താനും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ശമ്പളം, പെൻഷൻ മുന്നിലുള്ളതിനാൽ ഈ നിർദ്ദേശം പത്മകുമാർ തള്ളിക്കളഞ്ഞിരുന്നു. തുടർന്നാണ് പത്മകുമാർ ടെമ്പിൾ റിനോവേഷൻ ഫണ്ട് എന്ന ഓമനപ്പേര് നൽകി ക്ഷേത്ര പുനരുദ്ധാരണത്തിൽ ഭക്തരിൽ നിന്നും സംഭാവന തേടാനുള്ള തീരുമാനം കൈക്കൊണ്ടത്.

ഫണ്ടില്ലാത്തതിനെ തുടർന്നു നൂറു കോടി രൂപ തിരുവിതാംകൂർ ദേവസ്വം ബോർഡിനു പിന്നീട് മുഖ്യമന്ത്രി തന്നെ അനുവദിച്ചിരുന്നു,. ആ നൂറു കോടിയിൽ നിന്നും മുപ്പത് കോടി മാത്രമാണ് പക്ഷെ ദേവസ്വം ബോർഡിനു ലഭിച്ചത്. എഴുപത് കോടി നൽകിയതേയില്ല. ഈ ഘട്ടത്തിൽ തന്നെയാണ് യുവതീ പ്രവേശന വിഷയവും ബോർഡിനെ പിടിച്ചു കുലുക്കിയത്. ശബരിമലയിൽ പോലും ഭക്തർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. പൊലീസിന്റെ ലാത്തി പേടിച്ച് പോകുന്ന ഭക്തരും ശബരിമല എത്തിയില്ല. പ്രളയവും യുവതീ പ്രവേശന വിഷയവും കാരണം ഇതര സംസ്ഥാനക്കാരും താത്ക്കാലത്തെക്കെങ്കിലും ശബരിമല കൈയൊഴിഞ്ഞ അവസ്ഥയിലായി. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കാലാകാലങ്ങളായി സർക്കാർ അനുവദിക്കുന്ന ഗ്രാന്റുണ്ട്. പ്രതിവർഷം 80 ലക്ഷം രൂപയാണ് ഈ ഗ്രാന്റ്. ഇതിലും നാല്പത് ലക്ഷം മാത്രമേ നൽകിയിട്ടുള്ളൂ. ദേവസ്വം ബോർഡിനോടുള്ള സർക്കാർ നിലപാട് ഇങ്ങനെയായിരിക്കെയാണ് വിത്തെടുത്ത് കുത്തുന്ന രീതിയിൽ ടെമ്പിൾ റിനോവേഷൻ ഫണ്ടിൽ നിന്നും ഒരു കോടിയെടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് ബോർഡ് സംഭാവന ചെയ്തിരിക്കുന്നത്. കടുത്ത പ്രതിഷേധം ബോർഡ് ഉന്നതർക്കെതിരെ ഉയർത്താനുള്ള ഒരുക്കത്തിലാണ് ദേവസ്വം സംഘടനകൾ.

വരുമാനത്തിലെ കുറവ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ താളം തെറ്റിച്ചിട്ടുണ്ട്. ലോക് ഡൗൺ നീട്ടുന്നത് മുന്നിൽ കണ്ട് ഓൺലൈൻ വഴിപാടുകൾ ആരംഭിക്കാനാണ് ബോർഡ് തീരുമാനം. ദൈനംദിന പൂജകൾ മാത്രമാണ് ക്ഷേത്രങ്ങളിൽ ഇപ്പോൾ നടക്കുന്നത്. ലോക് ഡൗണിൽ ഭക്തർക്ക് നിയന്ത്രണമേർപ്പെടുത്തിയതോടെ വഴിപാട് വരുമാനവും കാണിക്ക വരുമാനവും നിലച്ചു. ശബരിമല ക്ഷേത്രത്തിൽ മാത്രം സാധാരണ വിഷു കാലത്ത് ലഭിക്കാറുള്ളത് 30 കോടിയാണ്. ഈ തുക ഇക്കുറി ലഭിക്കില്ല. ലോക് ഡൗൺ നീട്ടുന്നത് മുന്നിൽ കണ്ട് ഓൺലൈൻ വഴിപാടുകൾ ആരംഭിക്കാനാണ് ബോർഡ് തീരുമാനം. ശബരിമലയിൽ ഓൺലൈൻ വഴിപാട് ബുക്കിങ് സൗകര്യം ഒരുക്കി. മേട -വിഷു പൂജകൾക്കായി ശബരിമല നട തുറക്കുന്ന പതിനാലാം തീയതി മുതൽ പതിനെട്ടാം തീയതി വരെ 8 വഴിപാടുകൾ ഭക്തർക്ക് ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP