Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202118Tuesday

ഞാൻ കോവിഡ് പോസിറ്റീവായപ്പോൾ പ്രോട്ടോക്കോൾ പ്രകാരം ഭാര്യയ്ക്ക് എന്നെ പരിചരിക്കാൻ സാധിച്ചില്ല; കുടുംബ ബന്ധ മാഹാത്മ്യം പറഞ്ഞ് മുഖ്യമന്ത്രി ഗുരുതര പ്രോട്ടോക്കോൾ ലംഘനത്തെ ന്യായീകരിക്കുന്നു; നിയമതുല്യത തിരിച്ചറിയാത്തത് ഫാസിസ്റ്റ് പ്രവണത എന്ന്‌ എൻ കെ പ്രേമചന്ദ്രൻ

ഞാൻ കോവിഡ് പോസിറ്റീവായപ്പോൾ പ്രോട്ടോക്കോൾ പ്രകാരം ഭാര്യയ്ക്ക് എന്നെ പരിചരിക്കാൻ സാധിച്ചില്ല; കുടുംബ ബന്ധ മാഹാത്മ്യം പറഞ്ഞ് മുഖ്യമന്ത്രി ഗുരുതര പ്രോട്ടോക്കോൾ ലംഘനത്തെ ന്യായീകരിക്കുന്നു; നിയമതുല്യത തിരിച്ചറിയാത്തത് ഫാസിസ്റ്റ് പ്രവണത എന്ന്‌ എൻ കെ പ്രേമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് നെഗറ്റീവായി മടങ്ങുമ്പോൾ പോസിറ്റീവായ ഭാര്യയെ ഒപ്പം കൂട്ടിയതിനെ പറ്റിയുള്ള വിമർശനങ്ങൾ കടുക്കുകയാണ്. ഇത് മുഖ്യമന്ത്രി മറുപടി നൽകിയത് കുടുംബ മഹിമ പറഞ്ഞു കൊണ്ടായിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ ഈ വിശദീകരണവും നിയമത്തെ വകവെക്കാതിരിക്കലാണെന്ന വിമർശനം ശക്തമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ചു എൻ കെ പ്രേമചന്ദ്രൻ എംപി രംഗത്തുവന്നു. താൻ കോവിഡ് പോസിറ്റീവായപ്പോൾ ഉണ്ടായ അനുഭവം പങ്കുവെച്ചു കൊണ്ടാണ് പ്രേമചന്ദ്രൻ വിമർശനം ഉന്നയിച്ചത്.

താൻ കോവിഡ് പോസിറ്റീവായപ്പോൾ ഭാര്യ നെഗറ്റീവായിരുന്നു. അവർ തനിക്കൊപ്പം നിൽക്കാൻ ആഗ്രഹിച്ചെങ്കിലും അതിന് പ്രോട്ടോക്കോളും നിയമവും അനുവദിക്കാത്തതു കൊണ്ട് സാധിച്ചില്ല. എന്നാൽ, മുഖ്യമന്ത്രി തന്റെ കാര്യം വന്നപ്പോൾ നിയമത്തിന് അതീതനായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രീ, താങ്കൾ ചെയ്തത് ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമാണെന്ന് പ്രേമചന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ഗുരുതരമായ വീഴ്ച താങ്കളുടെ ഭാഗത്തു നിന്നു ഉണ്ടായി. ചിലപ്പോൾ, അറിഞ്ഞു കൊണ്ടായിരിക്കണമെന്നില്ല. കേവലം ശ്രദ്ധക്കുറവാകാം. അഥവാ ജാഗ്രതാക്കുറവാകാം.. ആർക്കും സംഭവിക്കാവുന്ന വീഴ്ചയാണെന്നും കരുതാം. ഇതു സമ്മതിച്ചാൽ തീരുന്ന പ്രശ്‌നമേയുള്ളു. നിർഭാഗ്യവശാൽ അതു ഉൾക്കൊള്ളാനും അംഗീകരിക്കാനും താങ്കൾ തയാറാകുന്നില്ല. എല്ലാവർക്കും അവരവരുടെ കുടുംബം അത്രയേറെ വലുതും സുദൃഢവുമാണെന്നു മനസ്സിലാക്കാൻ പോലുമുള്ള ഹൃദയ വിശാലത താങ്കൾക്കില്ലാതെ പോയല്ലോ... എന്നാണ് പ്രേമചന്ദ്രൻ ചോദിക്കുന്നത്.

നിയമത്തിനു മുന്നിൽ പിണറായി വിജയൻ എന്നല്ല, നാംഎല്ലാവരും തുല്യരാണെന്നല്ലേ അതു പറയുന്നത്.... ? സംസ്ഥാനത്തിന്റെ ഭരണത്തലവന് അത് തിരിച്ച്‌റിയാൻ കഴിയാതെ പോകുന്നത് ജനാധിപത്യത്തിന്റെ ദുരന്തവും അധികാരം സമ്മാനിച്ച ഫാസിസ്റ്റ് പ്രവണതയുടെ പ്രതിഫലനവുമാണെന്നും പ്രേമചന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിൽ വിമർശിക്കുന്നു.

എൻ കെ പ്രേമചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

'പ്രോട്ടോക്കോൾ ലംഘനവും കുടുംബ മാഹാത്മ്യവും...'

കഴിഞ്ഞ സെപ്റ്റംബറിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം... സമ്മേളനത്തിനിടയിൽ നേരിയ രോഗലക്ഷണങ്ങളെത്തുടർന്നു ഞാനും ഒപ്പമുണ്ടായിരുന്ന ഭാര്യ ഡോ. ഗീതയും പാർലമെന്റ് അനക്‌സിലെ ഐസിഎംആർ ലാബിൽ കോവിഡ് പരിശോധനയ്ക്കു വിധേയരായി. ആദ്യത്തെ ആന്റിജൻ പരിശോധനയിൽ തന്നെ എനിക്കു കോവിഡ് പോസിറ്റീവ്. ഗീതയ്ക്കു നെഗറ്റീവ്. നിമിഷങ്ങൾക്കുള്ളിൽ ഞങ്ങളെ രണ്ടു പേരെയും പ്രത്യേക സ്ഥലങ്ങളിലേയ്ക്കു മാറ്റി. ഓൾ ഇന്ത്യാ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ (എയിംസ്) ആംബുലൻസ് എത്തി എന്നെ സ്ട്രക്ചറിൽ കിടത്തി കോവിഡ് സെന്ററിലാക്കി. ആംബുലൻസിൽ എന്നോടൊപ്പം വരണമെന്നു ആവശ്യപ്പെട്ട ഗീതയെ അവർ തടഞ്ഞു.

ആശുപത്രിയിലെത്തിച്ചു സ്ട്രക്ചറിൽ എന്നെ ലിഫ്റ്റിലേക്കു കയറ്റുമ്പോഴേക്കും ആംബുലൻസിനെ പിന്തുടർന്നു കാറിൽ ഗീത അവിടെ എത്തി. എന്റെ എല്ലാ സുഖദുഃഖങ്ങളിലും കൂടെ ഉണ്ടാകുന്ന ഭാര്യ, ആശുപത്രിയിൽ എന്നെ പരിചരിക്കാനായി ഒപ്പം നിൽക്കണം എന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. പിപിഇ കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളോടെ പരിചാരകയായി നിന്നുകൊള്ളാമെന്നു അഭ്യർത്ഥിച്ചിട്ടും അവർ അനുവദിച്ചില്ല. അതു മറ്റൊന്നും കൊണ്ടല്ല, നിയമവും ചട്ടവും പ്രോട്ടോക്കോളും അനുവദിക്കാത്തതുകൊണ്ടു മാത്രം.

ഒന്നാലോചിച്ചു നോക്കൂ, നിത്യവും ഞാൻ കഴിക്കുന്ന മരുന്നുകൾ ഏതൊക്കെയാണെന്നു പോലും എനിക്കറിയില്ല. ഭാര്യ എപ്പോഴും കൂടെയുണ്ടെന്ന ധൈര്യം- അതെത്ര വലുതാണെന്നു മാത്രം എനിക്കറിയാം. എന്നിട്ടും ഞങ്ങൾ രണ്ടു പേരും രണ്ടിടത്തായി. ഞാൻ ആശുപത്രിയിലും ഗീത ഡൽഹിയിലെ ഔദ്യോഗിക വസതിയിലും. വല്ലാത്തൊരു മാനസികാവസ്ഥയായിരിക്കും അത്.

ദിവസങ്ങൾ കഴിഞ്ഞു രോഗമുക്തനായി ആശുപത്രി വിട്ട എന്നെ ഏകനായി സ്ട്രച്ചറിൽ ആംബുലൻസിൽ കിടത്തി ഡൽഹി കാനിങ് ലെയിനിലെ 40 -ാം നമ്പർ വസതിയിലെത്തിക്കുകയായിരുന്നു. അവിടെ എനിക്കു വേണ്ടി പ്രത്യേകമായി ക്രമീകരിച്ച മുറിയിൽ റിവേഴ്‌സ് ക്വാറന്റൈൻ കഴിയുന്നതു വരെ ആരും പ്രവേശിച്ചില്ല. ജീവിതത്തിലെ ഒരിക്കലും മറക്കാത്ത അനുഭവമായിരുന്നു ആ രണ്ടാഴ്ചക്കാലം. ഇത് ഞാനിപ്പോൾ കുറിക്കുന്നതിനു പ്രത്യേകിച്ച് ഒരു കാരണമുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി, അദ്ദേഹം നടത്തിയ കോവിഡ് പ്രോട്ടോക്കാൾ ലംഘനത്തെ ന്യായീകരിക്കാൻ കുടുംബ ബന്ധത്തെ പരാമർശിച്ചു നടത്തിയ പ്രതികരണം അത്രമേൽ മറുപടി അർഹിക്കുന്നു.

രോഗബാധിതനായ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമ്മേതം പരിവാരങ്ങളോടും പാർട്ടി നേതാക്കളോടൊപ്പം ആശുപത്രിയിൽ എത്തുന്നു ! ദിവസങ്ങൾക്കുള്ളിൽ ടെസ്റ്റ് നടത്തി രോഗവിമുക്തി പ്രഖ്യാപിച്ചു കോവിഡ് ബാധിതയായ ഭാര്യയോടൊപ്പം ഒരു സുരക്ഷാ കവചവുമില്ലാത്ത ഗൺമാനും ഡ്രൈവർക്കും ഒപ്പം യാത്ര ചെയ്ത് വീട്ടിലെത്തുന്നു കോവിഡ് രോഗബാധിതരെ യാത്രയ്ക്കാൻ എംഎ‍ൽഎ അടക്കമുള്ള വലിയ നേതൃനിര ആശുപത്രിയിൽ കാത്തുനിൽക്കുന്നു! കുടുംബ ബന്ധത്തിന്റെ മഹത്വം പറഞ്ഞ് താൻ ചെയ്ത ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനത്തെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി മറ്റുള്ളവരുടെ കുടുംബസ്‌നേഹം ഇങ്ങിനെയായിരിക്കണമെന്നില്ല എന്ന പരിഹാസച്ചുവയോടുള്ള പ്രതികരണവും നടത്തുന്നു.

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, അങ്ങു മനസ്സിലാക്കണം, താങ്കൾ ചെയ്തതു ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമാണ്. ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്. ഗുരുതരമായ വീഴ്ച താങ്കളുടെ ഭാഗത്തു നിന്നു ഉണ്ടായി. ചിലപ്പോൾ, അറിഞ്ഞു കൊണ്ടായിരിക്കണമെന്നില്ല. കേവലം ശ്രദ്ധക്കുറവാകാം. അഥവാ ജാഗ്രതാക്കുറവാകാം.. ആർക്കും സംഭവിക്കാവുന്ന വീഴ്ചയാണെന്നും കരുതാം. ഇതു സമ്മതിച്ചാൽ തീരുന്ന പ്രശ്‌നമേയുള്ളു. നിർഭാഗ്യവശാൽ അതു ഉൾക്കൊള്ളാനും അംഗീകരിക്കാനും താങ്കൾ തയാറാകുന്നില്ല. എല്ലാവർക്കും അവരവരുടെ കുടുംബം അത്രയേറെ വലുതും സുദൃഢവുമാണെന്നു മനസ്സിലാക്കാൻ പോലുമുള്ള ഹൃദയ വിശാലത താങ്കൾക്കില്ലാതെ പോയല്ലോ...

തനിക്കെതിരായ വിമർശനങ്ങൾ ഉൾക്കൊള്ളാനും അംഗീകരിക്കാനും തയാറല്ല എന്നത് ഒരു പ്രത്യേക മാനസികാവസ്ഥയല്ലേ... വിയോജിപ്പിന്റെ സ്വരത്തെ ഉൾക്കൊള്ളാൻ കഴിയാത്തത് ജനാധിപത്യ ഭരണാധികാരിക്കു ചേർന്നതാണോ...? ഇപ്പറഞ്ഞ ഗുരുതരമായ ചട്ട ലംഘനം കുടുംബത്തിന്റെ പേരിൽ ന്യായീകരിക്കുന്ന അങ്ങേയ്ക്ക് സാമൂഹിക അകലത്തെക്കുറിച്ചും ആരോഗ്യ പ്രോട്ടോക്കാളിനെക്കുറിച്ചും ജനങ്ങളോട് നിർദ്ദേശിക്കാൻ എന്ത് ധാർമ്മികതയാണുള്ളത്...? എങ്ങനെ കേരളം അങ്ങയുടെ വാക്കുകളെ മുഖവിലയ്‌ക്കെടുക്കും...?

നിയമത്തിനു മുമ്പിൽ സർവ്വരും സമന്മാരല്ലേ...? ഇനിയും സംശയം ഉണ്ടെങ്കിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 14 ഒന്നും വായിച്ചു നോക്കണം... 'Equality Before Law and Equal Protection of Law'. നിയമത്തിനു മുന്നിൽ പിണറായി വിജയൻ എന്നല്ല, നാംഎല്ലാവരും തുല്യരാണെന്നല്ലേ അതു പറയുന്നത്.... ? സംസ്ഥാനത്തിന്റെ ഭരണത്തലവന് അത് തിരിച്ച്‌റിയാൻ കഴിയാതെ പോകുന്നത് ജനാധിപത്യത്തിന്റെ ദുരന്തവും അധികാരം സമ്മാനിച്ച ഫാസിസ്റ്റ് പ്രവണതയുടെ പ്രതിഫലനവുമാണ്...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP