Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വലത്തൂടെയോ ഇടത്തൂടെയോ ചീറിപ്പാഞ്ഞുവന്ന് ഒന്ന് വെട്ടിച്ച് കുതിച്ചുപൊങ്ങി പാഞ്ഞുപോകുന്ന സൂപ്പർ ബൈക്കുകൾ; മത്സരയോട്ടത്തിൽ ന്യൂജെൻകാർക്ക് കമ്പം കൂടുമ്പോൾ നിരത്തുകളിൽ ചോരപ്പുഴ; തിരുവല്ലം ബൈപാസിൽ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയത് 1000 സി.സി.എഞ്ചിൻ കപ്പാസിറ്റിയുള്ള കാവാസാക്കി നിൻജ; സൂപ്പർ ബൈക്കുകൾക്ക് പൂട്ടുവീഴുന്നു

വലത്തൂടെയോ ഇടത്തൂടെയോ ചീറിപ്പാഞ്ഞുവന്ന് ഒന്ന് വെട്ടിച്ച് കുതിച്ചുപൊങ്ങി പാഞ്ഞുപോകുന്ന സൂപ്പർ ബൈക്കുകൾ; മത്സരയോട്ടത്തിൽ ന്യൂജെൻകാർക്ക് കമ്പം കൂടുമ്പോൾ നിരത്തുകളിൽ ചോരപ്പുഴ; തിരുവല്ലം ബൈപാസിൽ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയത് 1000 സി.സി.എഞ്ചിൻ കപ്പാസിറ്റിയുള്ള കാവാസാക്കി നിൻജ; സൂപ്പർ ബൈക്കുകൾക്ക് പൂട്ടുവീഴുന്നു

അമൽ രുദ്ര

 തിരുവനന്തപുരം: പേടിയാകും, കേരളത്തിലെ നിരത്തുകളിലൂടെ ഇപ്പോൾ സഞ്ചരിക്കാൻ. ഇടത്തുകൂടെയും വലത്തുകൂടെയും മിന്നായം പോലെ പാഞ്ഞുവന്ന്, ഒന്നുകുതിച്ച് ഇരപ്പിച്ച് വളഞ്ഞുപുളഞ്ഞുപോകുന്ന ബൈക്കഭ്യാസികളെ കൊണ്ട് നിരത്തുകൾ നിറഞ്ഞിരിക്കുന്നു. തിരുവനന്തപുരത്ത് നേരത്തെ കവടിയാർ റൂട്ടിലായിരുന്നു മത്സരം നടന്നിരുന്നതെങ്കിൽ, ഇപ്പോൾ കുറെ കൂടി രസം തോന്നുന്ന തിരുവല്ലം ബൈപാസിലാണ് ന്യൂജെൻ തലമുറയുടെ മത്സരയോട്ടം. അതും പുതുപുത്തൻ 1000 സിസി ബൈക്കുകളിൽ. എതിരെ വരുന്നവരെന്നോ, മുന്നിൽ പോകുന്നവരെന്നോ ഭേദമില്ല. ഭാഗ്യം ഉണ്ടെങ്കിൽ, തല രക്ഷിച്ച് വീട്ടിൽ എത്താം എന്നതാണ് സ്ഥിതി.

തിരുവല്ലം ബൈപ്പാസിൽ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് വഴിയാത്രക്കാരിയായ സന്ധ്യയും ബൈക്ക് യാത്രികനായ അരവിന്ദും മരിച്ച സംഭവമാണ് ഏറ്റവുമൊടുവിൽ നമ്മളെ നടുക്കിയത്. കേരളത്തിന്റെ പരിതസ്ഥിതിക്ക് അനുയോജ്യമല്ലാത്ത എഞ്ചിൻ കപ്പാസിറ്റി കൂടിയ ബൈക്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശിച്ചിരിക്കുകയാണ്. കമ്മീഷൻ, പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി

ഇക്കാര്യത്തിൽ അനന്തര നടപടികൾ സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. ഇക്കഴിഞ്ഞ ജനുവരി 30 നാണ് തിരുവല്ലം ബൈപ്പാസിൽ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് വഴിയാത്രക്കാരിയായ സന്ധ്യയും ബൈക്ക് യാത്രികനായ അരവിന്ദും മരിച്ചത്. ബൈക്ക് റേസിംഗാണ് അപകടകാരണമെന്ന് ആരോപണം ഉയർന്നിരുന്നു.

1000 സി.സി.എഞ്ചിൻ കപ്പാസിറ്റിയുള്ള കാവസാക്കി നിൻജ എന്ന ബൈക്കാണ് അപകടത്തിൽ പെട്ടത്. അമിത വേഗതയാണ് അപകട കാരണമെന്ന് പൊലീസ് കണ്ടെത്തി. ഇത്തരം ബെക്കുകൾക്ക് അനുയോജ്യമല്ല കേരളത്തിലെ റോഡുകളെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.

മീഡിയനുകളിൽ വളർന്നു നിൽക്കുന്ന ചെടികൾ മറുവശത്തെ കാഴ്ച മറയ്ക്കുമെന്നും നിരവധി കത്തുകൾ നൽകിയിട്ടും ദേശീയപാതാ അഥോറിറ്റി തെരുവുവിളക്കുകൾ കത്തിച്ചിട്ടില്ലെന്നും തിരുവല്ലം പൊലീസ് ഇൻസ്പെക്ടർ കമ്മീഷനെ അറിയിച്ചു. മുന്നറിയിപ്പ് ബോർഡുകളോ സീബ്രാ ക്രോസിംഗോ സ്പീഡ് ബ്രേക്കറോ ഇല്ലെന്നും ഇൻസ്പെക്ടർ അറിയിച്ചു.

അമിത വേഗത തടയാൻ സംസ്ഥാനത്തെ റോഡുകളിൽ സ്പീഡ് ബ്രേക്കറുകളും മുന്നറിയിപ്പ് ബോർഡുകളും സ്പീഡ് ഹമ്പുകളും റോഡ് മുറിച്ചു കടക്കാതിരിക്കാൻ മീഡിയനുകളിൽ ഫെൻസിംഗും സ്ഥാപിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മീഡിയനുകളിലുള്ള ചെടികൾ മറുവശത്തെ കാഴ്ച മറയ്ക്കാതിരിക്കാൻ ഇടയ്ക്കിടെ പരിശോധിക്കണം.

ആളുകൾക്ക് അപകടം കൂടാതെ റോഡ് മുറിച്ചുകടക്കാൻ സൗകര്യം ഒരുക്കണം. വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും കാഴ്ച മറയ്ക്കുന്ന ബോർഡുകൾ ,ഹോർഡിങ്, കൊടി എന്നിവ സ്ഥാപിക്കരുത്. തെരുവുവിളക്കുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണം. വാഹന റേസിങ് ഒഴിവാക്കാൻ പൊലീസ് പെട്രോളിങ് ഉറപ്പാക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി ഐ.ജി. ആൻഡ് കമ്മിഷണർ എന്നിവർക്കാണ് ഉത്തരവ് അയച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP