Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയുടെ പ്രസവതീയതി നാളെ; ആശുപത്രിയിൽ മൂത്തമകളെ അമ്മയെ കാട്ടി ധൈര്യം പകർന്ന് മടങ്ങവേ മുട്ടം മെട്രോ സ്‌റ്റേഷന് അടുത്തെത്തിയപ്പോൾ സ്‌നാക്‌സ് വാങ്ങാൻ ഓട്ടോ നിർത്തി; ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അനിയത്തി വരുന്നതിന്റെ ആഹ്ലാദത്തിൽ അർച്ചന; കുഞ്ഞുടുപ്പ് വാങ്ങുന്നതും താരാട്ടുപാടുന്നതും സ്വപ്‌നം കണ്ടുനിൽക്കെ പൊടുന്നനെ ആൾക്കൂട്ടത്തിലേക്ക് ആ കാർ; മജേഷിനെയും അർച്ചനയെയും കൊണ്ടുപോയ മരണപ്പാച്ചിൽ

ഭാര്യയുടെ പ്രസവതീയതി നാളെ; ആശുപത്രിയിൽ മൂത്തമകളെ അമ്മയെ കാട്ടി ധൈര്യം പകർന്ന് മടങ്ങവേ മുട്ടം മെട്രോ സ്‌റ്റേഷന് അടുത്തെത്തിയപ്പോൾ സ്‌നാക്‌സ് വാങ്ങാൻ ഓട്ടോ നിർത്തി; ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അനിയത്തി വരുന്നതിന്റെ ആഹ്ലാദത്തിൽ അർച്ചന; കുഞ്ഞുടുപ്പ് വാങ്ങുന്നതും താരാട്ടുപാടുന്നതും സ്വപ്‌നം കണ്ടുനിൽക്കെ പൊടുന്നനെ ആൾക്കൂട്ടത്തിലേക്ക് ആ കാർ; മജേഷിനെയും അർച്ചനയെയും കൊണ്ടുപോയ മരണപ്പാച്ചിൽ

ആർ പീയൂഷ്

കൊച്ചി: ഭാര്യയെ പ്രസവത്തിനായി പ്രവേശിപ്പിച്ച ആശുപത്രിയിൽ സന്ദർശനം നടത്തി വീട്ടിലേക്ക് മടങ്ങും വഴിയാണ് തൃക്കാക്കര തോപ്പിൽ മറ്റത്തിപറമ്പിൽ മജേഷും(40) മകൾ അർച്ചനയും (8) കാറിടിച്ച് മരണപ്പെട്ടത്. മജേഷിന്റെ ഭാര്യ രേവതി പാതാളം ഇ.എസ്‌ഐ ആശുപത്രിയിൽ പ്രസവ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ട് കുറച്ചു ദിവസമായതേയുള്ളൂ. നാളെയാണ് പ്രസവത്തിനായുള്ള തീയതി പറഞ്ഞിരിക്കുന്നത്. വൈകുന്നേരം മകൾ അർച്ചനയുമായി ആശുപത്രി സന്ദർശിച്ച് മടങ്ങുമ്പോൾ മുട്ടം മെട്രോ സ്റ്റേഷന് സമീപത്തുള്ള കിമോത്തി അൽബാനി എന്ന ഹോട്ടലിന് മുന്നിൽ റോഡിന്റെ അരികിലായി സ്‌നാക്‌സ് വിൽക്കുന്നത് കണ്ടു. ഇവിടെ ഇരുവരും ഇറങ്ങി പലഹാരങ്ങൾ വാങ്ങുന്നതിനിടയിലാണ് ചീറിപ്പാഞ്ഞെത്തിയ ഫോർഡ് കാർ ഇവരെ ഇടിച്ച് തെറിപ്പിച്ചത്.

രേവതി ആസ്റ്റർ മെഡിസിറ്റിയിലെ നഴ്സാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് രണ്ടാമത് രേവതി ഗർഭിണിയായത്. ഏറെ സന്തോഷത്തിൽ തന്നെയായിരുന്നു മജേഷും അർച്ചനയും. പിറക്കാൻ പോകുന്ന കുഞ്ഞിനെ കാണുന്ന ആവേശത്തിലായിരുന്നു അർച്ചനയും. നാളെ രാവിലെ തന്നെ ആശുപത്രിയിലെത്തുമെന്നും കുഞ്ഞിനെ എടുത്ത് താരാട്ട് പാട്ട് പാടണമെന്നുമൊക്കെ ഇന്ന് ആശുപത്രിയിൽ വച്ച് പറഞ്ഞിരുന്നു. കുഞ്ഞുടുപ്പ് വാങ്ങുന്ന കാര്യമൊക്കെ പറഞ്ഞ് സന്തോഷത്തോടെയാണ് ആശുപത്രിയിൽ നിന്നും ഇറങ്ങിയത്. എന്നാൽ വിധി ഒരുക്കി വച്ചത് മറ്റൊന്നായിരുന്നു.

ആദ്യം കാർ ഇടിച്ചത് ഇവരുടെ ഒപ്പം തന്നെ പലഹാരം വാങ്ങാനെത്തിയ മുട്ടം തൈക്കാവ് പുതുവയിൽ വീട്ടിൽ കുഞ്ഞുമോനെ(52)യായിരുന്നു. കുഞ്ഞുമോൻ ഇടിയുടെ ആഘാതത്തിൽ തെറിച്ചു പോയപ്പോൾ മജേഷിനെയും അർച്ചനയേയും കൊണ്ട് മുന്നോട്ട് പാഞ്ഞ് മെട്രോ തൂണിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മൂവരും മരിച്ചു. കുഞ്ഞുമോൻ നോമ്പു തുറക്കാൻ സ്ഥിരമായി പലഹാരം വാങ്ങാനെത്തുന്നയാളായിരുന്നു. പതിവു പോലെ കടയുടമയുമായി സംസാരിച്ച് നിൽക്കുമ്പോഴായിരുന്നു അപകടം.

ഓട്ടോറിക്ഷാ വശത്ത് ഒതുക്കി നിർത്തിയിരിക്കുകയായിരുന്നു. ഇവരെ ഇടിച്ച് തെറിപ്പിച്ച് ഓട്ടോ റിക്ഷയിലും ഇടിച്ചാണ് കാർ മുന്നോട്ട് പാഞ്ഞ് മെട്രോ തൂണിൽ തട്ടി നിന്നത്. അമിത വേഗതയിൽ നിയന്ത്രണം വിട്ടാണ് കാർ ഇടിച്ചതെന്ന് പൊലീസിന്റെ പ്രഥമിക അന്വേഷണത്തിൽ തെളിഞ്ഞു. കാർ അൽപ്പം പോലും ബ്രേക്ക് ചെയ്തിരുന്നില്ലാ എന്നും കണ്ടെത്തി. ബ്രേക്ക് ചെയ്തതിന്റെ ഒരു ലക്ഷണവും റോഡിലില്ലായിരുന്നു. പലഹാരം വിറ്റു കൊണ്ടിരുന്ന ഷാജു, ഷനൂപ്, സനോജ് എന്നിവർക്ക് സാരമായ പരിക്കേറ്റു. പുറത്ത് വിൽപ്പനയ്ക്കായി വച്ചിരുന്ന പലഹാരങ്ങളും തട്ടും ചിതറി തെറിച്ചു. കാർ ഡ്രൈവർ തൊടുപുഴ സ്വദേശി രഘുവിനെ (65) കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച മൂന്നു പേരുടെയും മൃതദേഹം ഇതേ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മജോഷിന്റെയും മകൾ അർച്ചനയുടെയും മരണ വിവരം രേവതിയെ ഇതുവരെ അറിയിച്ചില്ല. ഇരുവർക്കും ചെറിയൊരു അപകടം പറ്റി എന്നാണ് പറഞ്ഞിരിക്കുന്നത്. പ്രസവത്തിന് ശേഷം മാത്രമേ വിവരം അറിയിക്കുകയുള്ളൂ. അതിന് ശേഷണാണ് സംസ്‌ക്കാരം എപ്പോഴാണ് എന്ന് തീരുമാനിക്കുക. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കാർ ആലുവ ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു. റോഡിൽ തിരക്കില്ലാതിരുന്നതിനാൽ അമിത വേഗതയിൽ പാഞ്ഞതാവാം എന്ന് പൊലീസ് പറയുന്നു. ആലുവ പൊലീസ് സംഭവത്തിൽ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കഴിഞ്ഞ ദിവസം യുവ നടനുൾപ്പെടെ മൂന്ന് പേർ കാറപകടത്തിൽ മരിച്ച വാർത്തയുടെ ഞെട്ടൽ മാറും മുൻപ് മറ്റൊരു ദുരന്തവാർത്ത അറിഞ്ഞ് നടുങ്ങിയിരിക്കുകയാണ് എല്ലാവരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP