Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202124Saturday

സംസ്ഥാനത്ത് ആകമാനം മുറിച്ചത് 400 കോടിയുടെ മരങ്ങൾ; മുട്ടിലിൽ മാത്രം നടന്നത് 15 കോടിയുടെ വനംകൊള്ള; അറസ്റ്റു ചെയ്താൽ ഉടൻ ജാമ്യം നൽകണം; മുൻകൂർ ജാമ്യാപേക്ഷയുമായി അഗസ്റ്റിൻ സഹോദരന്മാർ ഹൈക്കോടതിയിൽ; ഉന്നതങ്ങളിൽ പിടിയുള്ള പ്രതികളുടെ ജാമ്യത്തിൽ സർക്കാർ നിലപാട് നിർണായകമാകും

സംസ്ഥാനത്ത് ആകമാനം മുറിച്ചത് 400 കോടിയുടെ മരങ്ങൾ; മുട്ടിലിൽ മാത്രം നടന്നത് 15 കോടിയുടെ വനംകൊള്ള; അറസ്റ്റു ചെയ്താൽ ഉടൻ ജാമ്യം നൽകണം; മുൻകൂർ ജാമ്യാപേക്ഷയുമായി അഗസ്റ്റിൻ സഹോദരന്മാർ ഹൈക്കോടതിയിൽ; ഉന്നതങ്ങളിൽ പിടിയുള്ള പ്രതികളുടെ ജാമ്യത്തിൽ സർക്കാർ നിലപാട് നിർണായകമാകും

അഡ്വ. പി നാഗരാജ്

തിരുവനന്തപുരം: 2020 ലെ റവന്യൂ വകുപ്പിന്റെ മരം മുറി ഉത്തരവുകളുടെ മറവിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നിന്നും വനം മാഫിയ 400 കോടിയിലധികം രൂപയുടെ വനം കൊള്ള നടത്തിയ സംഭവത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ വനം കേസായ വയനാട് മുട്ടിൽ 15 കോടിയുടെ തേക്ക് , ഈട്ടി മരം മുറി കേസിൽ പ്രതികളായ മുഖ്യമന്ത്രിയുടെ സുഹൃത്ത് റോജി അഗസ്റ്റിനും കൂട്ടു പ്രതികളായ സഹോദരങ്ങളും സമർപ്പിച്ച മുൻകൂർ ജാമ്യഹർജി  തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. വയനാട് മുട്ടിൽ വനം കൊള്ള കേസിൽ ഒന്നു മുതൽ മൂന്നു വരെ പ്രതികളായ വയനാട് സൂര്യ ടിമ്പേഴ്‌സ് ഉടമകളായ വാഴവട്ട മൂങ്കനാനിയിൽ ആന്റോ അഗസ്റ്റിൻ , ജോസുകുട്ടി അഗസ്റ്റിൻ , റോജി അഗസ്റ്റിൻ എന്നിവരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള മുൻകൂർ ജാമ്യ ഹർജിയിൽ സർക്കാർ നിലപാട് നിർണ്ണായകമാകും. തങ്ങൾ നിരപരാധികളാണെന്നും കേസുമായി യാതൊരു ബന്ധവുമില്ലെന്നും തങ്ങളെ അറസ്റ്റു ചെയ്യുന്ന പക്ഷം ഉടനടി ജാമ്യത്തിൽ വിട്ടയക്കാൻ അന്വേഷണ ഉദ്യാഗസ്ഥർക്ക് ഹൈക്കോടതി നിർദ്ദേശം നൽകണമെന്നതാണ് ഹർജിയിലെ ആവശ്യം. ഹർജിയിൽ സർക്കാർ നിലപാടറിയിക്കാനും മേപ്പാടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെടാനും സാധ്യതയുണ്ട്. വയനാട് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിൽ നിലവിലുള്ള വനം കേസായ മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ക്രൈം കേസ് (ഒ ആർ) ഒക്കറൻസ് റിപ്പോർട്ടിലാണ് പ്രതികൾ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തത്.

2020 മാർച്ച് 11 , ഒക്ടോബർ 24 എന്നീ തീയതികളിൽ സംസ്ഥാന റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ മരംമുറി അനുവാദ ഉത്തരവുകളുടെ വെളിച്ചത്തിലാണ് സംസ്ഥാനമൊട്ടുക്ക് 5 ജില്ലകളിലായി 400 കോടിയുടെ വനംകൊള്ള നടന്നത്. വയനാട് , ഇടുക്കി , പത്തനംതിട്ട , തൃശൂർ , എറണാകുളം ജില്ലകളിലെ വനമേഖലയിലെ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റിസർവ്വ് വനങ്ങളടക്കം കൈയേറിയ വനം മാഫിയ 400 കോടിയിലധികം രൂപ വിലമതിക്കുന്ന തേക്ക് , വീട്ടി തുടങ്ങിയ വൃക്ഷങ്ങൾ മുറിച്ച് കടത്തുകയായിരുന്നു. ഇവയിൽ പലതും ആഡംബര ഫർണിച്ചറായി മാറി വിറ്റഴിഞ്ഞ് പോയിട്ടുണ്ട്. അതേ സമയം 101 ഈട്ടി മരങ്ങൾ മുറിച്ചതിന് മാത്രമാണ് മേപ്പാടി ഫോറസ്റ്റ് റെയിഞ്ചിൽ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

മിക്ക ജില്ലാ കളക്ടർമാരും വനം മാഫിയക്കെതിരെ സർക്കാരിന് റിപ്പോർട്ടു നൽകിയെങ്കിലും വനം മാഫിയക്ക് സർക്കാരിലുള്ള സ്വാധീനത്താൽ സർക്കാരും വനം വകുപ്പും റവന്യൂ വകുപ്പും അനങ്ങിയില്ല. ഫയൽ പിന്നീട് വെളിച്ചം കണ്ടതുമില്ല. 3 മാസത്തിന് ശേഷം മരംമുറി ഉത്തരവ് ഒദ്യോഗിക രേഖകളിൽ പിൻവലിച്ചെങ്കിലും വനം മാഫിയ നിർബാധം വനംകൊള്ള തുടർന്നു. വയനാട് മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് മുറിച്ചു കടത്താൻ ശ്രമിച്ച 15 കോടിയുടെ വീട്ടി , തേക്ക് മരങ്ങൾ മേപ്പാടി ഡി എഫ് ഒ (ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ) പി . ധനേഷ് പിടികൂടിയതോടെയാണ് സർക്കാർ - വനം - റവന്യൂ വകുപ്പ് - വനം മാഫിയാ ബന്ധം മറ നീക്കി പുറത്ത് വന്നത്. സംഭവം മാധ്യമങ്ങളിലൂടെ പുറം ലോക മറിഞ്ഞ തോടെ മുഖം രക്ഷിക്കാനായി 2021 ജൂൺ 5 ഓടെ 42 വനം കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു.

അതേ സമയം പല ജില്ലകളിലും പ്രതിപ്പട്ടികയിൽ പ്രതിയുടെ ഊരും പേരും ഇല്ലാതെയാണ് നാമമാത്രമായി കേസ് രജിസ്റ്റർ ചെയ്തത് സർക്കാർ മുഖം രക്ഷിച്ചെടുത്തത്. വില്ലേജ് ഓഫീസർമാരടങ്ങുന്ന കുറച്ച് റവന്യൂ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത സർക്കാർ തടിയൂരുകയും ചെയ്തു. കേസന്വേണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി ഹൈക്കോടതി ജൂൺ ആദ്യവാരം തള്ളി. എന്നിട്ടുപോലും പ്രതികളെ നാളിതുവരെയായിട്ടും അറസ്റ്റ് ചെയ്തിട്ടുമില്ല. ഇത് വനം മാഫിയക്ക് സംസ്ഥാന സർക്കാരിലുള്ള സ്വാധീനം വെളിവാക്കുന്നതാണ്. മുൻകൂർ ജാമ്യഹർജി സമർപ്പിച്ചാൽ പോലും പ്രതിയെ നിശ്ചിത ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന കോടതിയുടെ ഇടക്കാല ഉത്തരവില്ലാത്തപ്പോൾ പോലും പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യാൻ യാതൊരു നിയമ തടസവുമില്ല.

മുഖ്യ പ്രതി റോജി അഗസ്റ്റിനുമായി മുഖ്യമന്ത്രി പിണറായി വിജയന് ഉള്ള ബന്ധം വെളിവാക്കുന്ന ചിത്ര തെളിവുകൾ പത്ര ദൃശ്യ മാധ്യമങ്ങൾ പുറത്തുവിട്ടതോടെ സർക്കാർ വെട്ടിലായി. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപയോളം വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന് പ്രധാന പ്രതി റോജിയുടെ ഫോൺ സംഭാഷണം ജൂൺ 10 ന് പുറത്തു വന്നു. വനം കൊള്ളക്ക് റോജി വയനാട് ഡി.എഫ്.ഒ രഞ്ജിത്തിനെ വിളിക്കുന്ന ഫോൺ സംഭാഷണമാണ് ലീക്കായത്. ഡി.എഫ് ഒ ക്കും മറ്റ് ഉദ്യോഗസ്ഥർക്കും പണം നൽകിയതായി ഫോൺ സംഭാഷണത്തിൽ വ്യക്തമാണ്. ഡി എഫ് ഒ രഞ്ജിത്തിന് 10 ലക്ഷവും ഡി എഫ് ഒ ഓഫീസ് സ്റ്റാഫുകൾക്ക് മൂന്നു ലക്ഷവും വീതം നൽകി. മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ചർക്ക് 3 ലക്ഷം , വനിതാ സ്റ്റാഫുകൾക്ക് 2 ലക്ഷം വീതം എന്നിങ്ങനെയാണ് പണം നൽകിയതിന്റെ കണക്ക് വ്യക്തമാക്കുന്നത്.

കോടികളുടെ വനംകൊള്ളയിൽ വെട്ടിയിട്ട മരം കടത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥരും വനം മാഫിയയും ചേർന്ന് നടത്തിയ കള്ളക്കളി പൊളിച്ചത് ഡി എഫ് ഒ പി . ധനേഷാണ്. വനം വകുപ്പ് എറണാകുളത്തു നിന്ന് ഈട്ടി , തേക്ക് തടികൾ പിടിച്ചെടുത്ത ദിവസം തയ്യാറാക്കിയ ഫെബ്രുവരി 8 ലെ തൊണ്ടി മഹസർ നിയമ സാധുതയില്ലാതാക്കാൻ വേണ്ടി റോജി അഗസ്റ്റിന് അനുവദിച്ചിരുന്ന ഫോറം 4 പാസിന്റെ ഡ്യൂപ്ലിക്കേറ്റ് ഫെബ്രുവരി 9 ന് ഡിവിഷൻ ഓഫീസിൽ സമർപ്പിക്കുകയും ഫെബ്രുവരി 6 തീയതി വച്ച് ഫോറസ്റ്റ് ഡിവിഷൻ സീനിയർ സൂപ്രണ്ടിനെക്കൊണ്ട് ഒപ്പിടുവിക്കുകയായിരുന്നു.

ഇത് നിയമവിരുദ്ധവും കുറ്റകരവുമാണെന്ന് ധനേഷ് കുമാർ തന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. റോജിയുടെ സൂര്യ ടിമ്പേഴ്‌സിന് പ്രോപ്പർട്ടി മാർക്ക് രജിസ്‌ട്രേഷൻ ലഭിക്കാൻ വേണ്ട ഭൗതിക സാഹചര്യങ്ങളോ രേഖകളോ ഇല്ലെന്നിരിക്കെ രജിസ്‌ട്രേഷൻ അനുവദിച്ചത് ബാഹ്യപ്രേരണ മൂലമാകാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സൂര്യ ടിമ്പേഴ്‌സിൽ പരിശോധന നടത്താതെയാണ് പ്രോപ്പർട്ടി രജിസ്‌ട്രേഷൻ മാർക്ക് നൽകിയതെന്നും ടിമ്പേഴ്‌സിലെ തടികൾ പരിശോധിക്കാതെ പാസ് അനുവദിച്ചത് ഗുരുതരമായ ക്രമക്കേടാണെന്നും ചൂണ്ടിക്കാട്ടിയ ധനേഷ് വനം വകുപ്പിന്റെ ലക്കിടി ചെക്ക് പോസ്റ്റിലടക്കമുണ്ടായ വീഴ്ചകളും ചൂണ്ടിക്കാട്ടി. മേലുദ്യോഗസ്ഥനും പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുള്ള ഫോറസ്റ്റ് കൺസർവേറ്റർ എൻ.റ്റി. സാജനായിരുന്നു. റോജിയുമായി സാജന് ബന്ധമുണ്ടെന്ന് കാട്ടി നോർത്ത് ചീഫ് കൺസർവേറ്റർ വിനോദ് കുമാർ മേലാവിലേക്ക് റിപ്പോര്ട്ട് നൽകിയിരുന്നു.

ഫോറസ്റ്റ് വിജിലൻസിന്റെ ചുമതലയുണ്ടായിരുന്ന ദേവപ്രസാദ് അവധിയിൽ പോയപ്പോൾ അന്വേഷണം ഏറ്റെടുത്ത എൻ.റ്റി. സാജൻ റോജിക്ക് തടികൊണ്ടു പോകാൻ അനുമതി നിഷേധിച്ച മേപ്പാടി റെയ്ഞ്ച് ഓഫീസർ സമീറിനെതിരെ നടപടിയെടുക്കാൻ ധനേഷിനെ നിർബന്ധിച്ചതായും കൺസർവേറ്റർ വിനോദ്കുമാറിന്റെ റിപ്പോർട്ടിലുണ്ട്. കുടുക്കിൽ പെട്ടതോടെ പ്രതികൾ സൗത്ത് വയനാട് ഡി. എഫ്. ഒ രഞ്ജിത് കുമാർ ധനേഷ് കുമാറിന് വേണ്ടി രണ്ടു ലക്ഷം രൂപ വാങ്ങിയെന്ന ആരോപണമുയർത്തുകയായിരുന്നു. ഈ ആരോപണമാണ് ഫോൺ ശബ്ദരേഖയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP