Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രി നിർദ്ദേശിച്ച് തൊഴിൽ മന്ത്രി വിളിച്ച ചർച്ചയ്ക്ക് മുത്തൂറ്റ് നൽകുന്നത് പുല്ലുവില; ചർച്ച തുടങ്ങും മുമ്പേ 15 ശാഖകൾ പൂട്ടാൻ നടപടിയുമായി ചിട്ടിക്കമ്പനി; 15 ശാഖകളിൽ ഇന്ന് മുതൽ പണയം എടുക്കില്ലെന്ന് പത്രപ്പരസ്യം; മാനേജ്മെന്റ് നടത്തിയ സമര നാടകവും തിരക്കഥയുടെ ഭാഗം തന്നെ; ശമ്പള പരിഷ്‌കരണം നടപ്പാക്കാതെ കേരളം വിടാനുള്ള നീക്കത്തിൽ ഉറച്ച് മുത്തൂറ്റ്; വഴിയാധാരമാകുക പാവം തൊഴിലാളികൾ; സമരപ്പേടിയിൽ കോർപ്പറേറ്റ് ഓഫീസ് ബംഗളൂരുവിലേക്ക് മാറ്റാൻ ജോർജ് മുത്തൂറ്റ്

മുഖ്യമന്ത്രി നിർദ്ദേശിച്ച് തൊഴിൽ മന്ത്രി വിളിച്ച ചർച്ചയ്ക്ക് മുത്തൂറ്റ് നൽകുന്നത് പുല്ലുവില; ചർച്ച തുടങ്ങും മുമ്പേ 15 ശാഖകൾ പൂട്ടാൻ നടപടിയുമായി ചിട്ടിക്കമ്പനി; 15 ശാഖകളിൽ ഇന്ന് മുതൽ പണയം എടുക്കില്ലെന്ന് പത്രപ്പരസ്യം; മാനേജ്മെന്റ് നടത്തിയ സമര നാടകവും തിരക്കഥയുടെ ഭാഗം തന്നെ; ശമ്പള പരിഷ്‌കരണം നടപ്പാക്കാതെ കേരളം വിടാനുള്ള നീക്കത്തിൽ ഉറച്ച് മുത്തൂറ്റ്; വഴിയാധാരമാകുക പാവം തൊഴിലാളികൾ; സമരപ്പേടിയിൽ കോർപ്പറേറ്റ് ഓഫീസ് ബംഗളൂരുവിലേക്ക് മാറ്റാൻ ജോർജ് മുത്തൂറ്റ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുത്തൂറ്റിന്റെ ശ്രമം നഷ്ടത്തിൽ ഓടുന്ന ശാഖകൾ പൂട്ടുക തന്നെയെന്ന് വ്യക്തം. സിഐടിയു സമരത്തിന് പരിഹാരം കാണാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം തൊഴിൽ മന്ത്രി വിളിച്ച യോഗത്തിന് മുത്തൂറ്റ് നൽകുന്നത് പുല്ലുവില. പ്രശ്‌നപരിഹാരത്തിനു മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രി ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ഇന്നു തിരുവനന്തപുരത്തു ചർച്ച നടക്കാനിരിക്കെ ശാഖകൾ പൂട്ടുന്നതുമായി ബന്ധപ്പെട്ട പത്രപരസ്യങ്ങൾ ഇന്ന് എത്തിക്കഴിഞ്ഞു. ഇതോടെ നഷ്ടത്തിലോയുന്ന ശാഖകൾ പൂട്ടാനും ജീവനക്കാരെ പിരിച്ചു വിടാനുമുള്ള തന്ത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് വ്യക്തമായി. 15 ശാഖകളാണ് പൂട്ടാൻ ആദ്യ ഘട്ടത്തിലെ തീരുമാനം.

സിഐടിയു സമരം മൂലം അടച്ചിട്ടിരിക്കുന്ന മുന്നൂറിലേറെ ശാഖകൾ മറ്റു മാർഗങ്ങളില്ലെങ്കിൽ പൂട്ടേണ്ടിവരുമെന്നു മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് അറിയിച്ചിരുന്നു. റിസർവ് ബാങ്കിന്റെ അനുമതിയോടെ ഇവ ഘട്ടം ഘട്ടമായി പൂട്ടുമെന്ന് ബാനർജി റോഡിലെ ഹെഡ് ഓഫിസ് സിഐടിയു പ്രവർത്തകർ ഉപരോധിച്ച പശ്ചാത്തലത്തിലാണ് ഇത് പറഞ്ഞത്. ഇതിനിടെയിലും പ്രശ്‌ന പരിഹാരത്തിന് തൊഴിൽ മന്ത്രി യോഗം വളിച്ചു. എന്നാൽ ഈ യോഗത്തിന്റെ തീരുമാനം എന്തെന്ന് പോലും അറിയാൻ നിൽക്കാതെ ശാഖകൾ പൂട്ടുകയാണ് മാനേജ്‌മെന്റ്. യൂണിയൻ ഉണ്ടാക്കിയവരെ പുറത്താക്കാനുള്ള തന്ത്രമാണ് ഇതെന്ന് വ്യക്തമാണ്. മുത്തൂറ്റിന്റെ കോർപ്പറേറ്റ് ഓഫീസ് ബംഗളൂരുവിലേക്കും മാറ്റും. കേരളത്തിൽ പൂർണ്ണമായും പ്രവർത്തനം ഒഴിവാക്കാനാണ് നീക്കം.

രണ്ടര വർഷത്തിനിടെ, 8 തവണയാണു സമരം മൂലം ശാഖകൾ അടച്ചിടേണ്ടിവന്നത്. 800 ശാഖകൾ ഉണ്ടായിരുന്നത് 611 ആയി കുറഞ്ഞു. അതിൽ മുന്നൂറിലേറെയും തുറക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന് മുത്തൂറ്റ് മാനേജ്‌മെന്റ് പറയുന്നു. മുത്തൂറ്റിന്റെ മൊത്ത വരുമാനം 36,000 കോടി രൂപയാണ്. കേരളത്തിന്റെ വിഹിതം 10 ശതമാനമായിരുന്നെങ്കിലും സമരം മൂലം അതു 4 % ആയി. വരുമാനം കുറവാണെങ്കിലും കമ്പനി ആസ്ഥാനം കേരളത്തിലായതിനാൽ നികുതിയായി 1100 കോടി രൂപ സംസ്ഥാനത്തിനു ലഭിക്കുന്നുണ്ട്. മുത്തൂറ്റ് ഫിനാൻസിൽ തൊഴിലാളി യൂണിയനില്ല. ഹെഡ് ഓഫിസിലെ 351 ജീവനക്കാരിൽ ഒരാൾ പോലും യൂണിയനിൽ അംഗമല്ല. മേഖലയിലെ ഏറ്റവും മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യവുമാണു നൽകുന്നതെന്ന് മാനേജ്‌മെന്റ് പറയുന്നു. ഈ ജീവനക്കാർ തൊഴിലാളി സമരത്തെ എതിർക്കുന്നുണ്ട്.

മാനേജ്മെന്റിന്റെ കടുംപിടിത്തമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എൻ.ഗോപിനാഥ് പറയുന്നു. യൂണിയൻ പ്രവർത്തനം അനുവദിക്കുക, ശമ്പള വർധനവ് നടപ്പാക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്ന് പറഞ്ഞ കെ.എൻ.ഗോപിനാഥ് വലിയൊരു വിഭാഗം ജീവനക്കാർ തങ്ങൾക്കൊപ്പമുണ്ടെന്നും അവകാശപ്പെട്ടു. ഇതാണ് സത്യവും. മുത്തൂറ്റ് ഫിൻസാൻസ് ശാഖകളിലെ 80 ശതമാനത്തിൽ അധികവും സമരത്തിലാണ്. അതുകൊണ്ടാണ് ശാഖകൾ പൂട്ടിക്കിടക്കുന്നത്. എന്നാൽ കോർപ്പറേറ്റ് ഓഫീസിൽ നിറയെ മാനേജ്‌മെന്റിനെ അനുകൂലിക്കുന്നവർ മാത്രമാണുള്ളത്. യൂണിയൻ അംഗങ്ങളെ ഇവിടെ എടുക്കാറുമില്ല. ഇത് മറച്ചു വച്ചാണ് കോർപ്പറേറ്റ് ഓഫീസിലെ ജീവനക്കാരെ മുമ്പിൽ നിർത്തി ജീവനക്കാർ തങ്ങൾക്കൊപ്പമാണെന്ന് വരുത്താൻ മാനേജ്‌മെന്റ് ശ്രമം.

ഇന്നലെ രാവിലെ മുതലാണു ബാനർജി റോഡിലെ ഹെഡ് ഓഫിസ് സിഐടിയു ഉപരോധിച്ചത്. മാനേജിങ് ഡയറക്ടർ ഉൾപ്പെടെ ആരെയും ഓഫിസിൽ പ്രവേശിപ്പിച്ചില്ല. സിഐടിയു പ്രവർത്തകരെ മറികടന്നു ജീവനക്കാർ ജോലിക്കു കയറാൻ ശ്രമിച്ചപ്പോൾ സംഘർഷവുമുണ്ടായി. സമരം വൈകിട്ട് 5 വരെ തുടർന്നു. ഇതിനിടെ, ജീവനക്കാർ പൊലീസ് സംരക്ഷണം തേടി കമ്മിഷണറെ സമീപിച്ചു. ജീവനക്കാരെ പ്രവേശിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോർജ് അലക്‌സാണ്ടർ മുത്തൂറ്റും അവർക്കൊപ്പം നിലത്തു കുത്തിയിരുന്നു. ജീവനക്കാരും സമരക്കാരും മുദ്രാവാക്യങ്ങളോടെ ഇരുഭാഗത്തും നിലയുറപ്പിച്ചതോടെ പൊലീസ് ഇടയ്ക്കുനിന്നു. തന്ത്രപരമായ ഇടപെടലാണ് മാനേജ്‌മെന്റ് ഇക്കാര്യത്തിൽ നടത്തിയത്. കോർപ്പറേറ്റ് ഓഫീസിലുള്ളവർക്ക് വലിയ ശമ്പളാണ് മുത്തൂറ്റിലുള്ളത്. എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് ഓഫീസ് മാറ്റിയാലും ഇവർക്ക് ജോലി കിട്ടും. അതുകൊണ്ടാണ് ഇവർ മാനേജ്‌മെന്റിനെ പിന്തുണയ്ക്കുന്നത്.

സമരത്തിനു പിന്തുണയുമായി എറണാകുളം മാർക്കറ്റിൽ നിന്നടക്കമുള്ള സിഐടിയു തൊഴിലാളികളുമെത്തി. ബാനർജി റോഡിൽ വൻ ഗതാഗതക്കുരുക്കുമായി. നേരത്തേ നോട്ടിസ് നൽകിയായിരുന്നു സമരം. അതുകൊണ്ട് തന്നെ സിഐടിയു സമരത്തെ ജനവിരുദ്ധമെന്ന നിലയിൽ ചർച്ചയാക്കാനുള്ള ആസൂത്രിത നീക്കവും നടന്നു. വിവിധ ആവശ്യങ്ങളുന്നയിച്ച് 14 ദിവസമായി സിഐടിയു മുത്തൂറ്റ് ശാഖകളിൽ ഉപരോധം തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് ജീവനക്കാർക്കൊപ്പമുള്ള മുതലാളിയുടെ കുത്തിയിരിപ്പ് സമരം പോലും. ഇതിനിടെയാണ് ഹെഡ് ഓഫീസിലേക്ക് സമരം എത്തിക്കാൻ തീരുമാനിച്ചത്. കമ്പനി പൂട്ടുമെന്ന വാദങ്ങൾ സജീവമയാതു കൊണ്ടായിരുന്നു ഇത്. എന്നാൽ, ഇന്ന് ജോലിക്ക് പ്രവേശിക്കണമെന്ന ആവശ്യവുമായി മുന്നൂറോളം ജീവനക്കാർ കൊച്ചി ബാനർജി റോഡിലുള്ള ഹെഡ് ഓഫീസിൽ എത്തുകയായിരുന്നു. ജോലിയിൽ പ്രവേശിക്കാൻ സമരക്കാർ അനുവദിക്കാതെ വന്നതിനെ തുടർന്ന് ഉപരോധക്കാർക്കെതിരെ ഇവരും ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ കേരളാ കമ്പനി (മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്) കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് സൂചന. ഇതുമൂലം 3500 ഓളം പേർക്ക് തൊഴിൽ നഷ്ടമാകും. ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയാണ് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്. ആകെ 26000 ജീവനക്കാരാണുള്ളത്. ഇതിൽ 3500 പേരും കേരളത്തിലാണ്. ഇവരാണ് പ്രതിസന്ധിയിലാകുക. കഴിഞ്ഞ വർഷം മുത്തൂറ്റ് സംസ്ഥാനത്തിന് നൽകിയത് 500 കോടിയുടെ നികുതിയാണ്. സമരത്തെത്തുടർന്ന് പ്രവർത്തിപ്പിക്കാൻ കഴിയാത്ത ശാഖകൾ അടയ്ക്കാനാണ് തീരുമാനം. മാനേജ്മെന്റ് ഇത് സംബന്ധിച്ച സർക്കുലർ ബ്രാഞ്ചുകൾക്ക് നൽകി കഴിഞ്ഞു. അടയ്ക്കുന്ന ബ്രാഞ്ചുകളിലെ ജീവനക്കാരെ പുനർവിന്യസിക്കില്ല. സിഐടിയു സമരം തുടങ്ങുന്നത് 2016ലാണ്. മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡും ഉപകമ്പനികളും ചേർന്ന് 2018-19-ൽ 2,103 കോടി രൂപ അറ്റാദായം നേടിയിരുന്നു. മുൻവർഷം ഇതേ കാലയളവിലെ 1,844 കോടി രൂപയേക്കാൾ 14 ശതമാനം കൂടുതലാണിത്. റിപ്പോർട്ടിങ് വർഷത്തിൽ കമ്പനിയുടെ മൊത്തം വായ്പ മുൻവർഷത്തെ 31,921 കോടി രൂപയിൽ നിന്ന് 20 ശതമാനം വളർച്ചയോടെ 38,304 കോടി രൂപയിലെത്തി. 2019 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ കമ്പനി നൽകിയ മൊത്തം വായ്പ 7 ശതമാനം വർധനയോടെ 2,361 കോടി രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം അറ്റാദായം 2018-19ൽ മുൻവർഷത്തെ 1,778 കോടി രൂപയേക്കാൾ 11 ശതമാനം വർധനയോടെ 1,972 കോടി രൂപയിലേക്ക് ഉയർന്നിട്ടുണ്ട്.

ഈ കാലയളവിൽ മുത്തൂറ്റ് ഫിനാൻസ് മാത്രം നൽകിയിട്ടുള്ള മൊത്തം വായ്പ മുൻവർഷത്തേക്കാൾ 18 ശതമാനം വർധനയോടെ 34,246 കോടി രൂപയിലെത്തി. 2017-18ലിത് 29,142 കോടി രൂപയായിരുന്നു. ഇത്തരത്തിലൊരു കമ്പനിയാണ് തൊഴിലാളി സമരത്തെ ഭയന്ന് കേരളത്തിൽ പ്രവർത്തനം നിർത്തുന്നത്. ഗോൾഡ് ലോൺ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മുത്തൂറ്റ് ഫിനാൻസ് രാജ്യത്താകമാനം 250ൽ പരം ശാഖകൾ തുറക്കാൻ പദ്ധതിയിട്ടിരുന്നു. 1887-ൽ മധ്യതിരുവിതാംകൂറിലെ ഒരു കുഗ്രാമമായിരുന്ന കോഴഞ്ചേരിയിൽ നൈനാൻ മത്തായി മുത്തൂറ്റ് തുടങ്ങിയ സ്ഥാപനമാണ് മൂന്നു തലമുറയിലൂടെ പടർന്ന് പന്തലിച്ച് ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ കമ്പനികളിലൊന്നായി മാറിയത്. വൈവിധ്യവത്കരണത്തിന്റെ പുതിയ പാതകളിലൂടെ മുന്നേറുകയായിരുന്നു മുത്തൂറ്റ് ഫിനാൻസ്. ഇതിനിടെയാണ് യൂണിയൻ പ്രവർത്തനം എത്തുന്നതും കമ്പനി പ്രതിസന്ധിയിലാകുന്നതും. ഫോബ്‌സ് ഏഷ്യമാസികയിലെ സമ്പന്നരുടെ നിരയിൽ പോലും മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് എത്തിയിരുന്നു. 1887 -ൽ മരവ്യവസായവുമായി തുടങ്ങിയ സ്ഥാപനം 1939-ലായിരുന്നു സാമ്പത്തിക ബിസിനസ് മേഖലയിലേക്ക് കടന്നത്. നൈനാൻ മത്തായി മുത്തൂറ്റിന്റെ മക്കളായ എം.ജോർജ് മുത്തൂറ്റും സഹോദരന്മാരും കുടുംബ ബിസിനസിലേക്ക് കടന്നുവരികയും പാർട്ണർഷിപ്പ് വ്യവസ്ഥയിൽ മുത്തൂറ്റ് ബാങ്ക് ആരംഭിക്കുകയുമായിരുന്നു. 'ബാങ്ക്' എന്ന പദം ഉപയോഗിക്കാൻ ഗവണ്മെന്റ് വിലക്ക് വന്നതോടെ 1979-ൽ 'മുത്തൂറ്റ് ബാങ്കേഴ്‌സ്' ആയി മാറി. 1999-വരെ ഇത് തുടർന്നു. സ്വർണപ്പണയ വായ്പ തന്നെയായിരുന്നു പ്രധാന ബിസിനസ്. ഇതിനെല്ലാം ചുക്കാൻ പിടിച്ചതാകട്ടെ മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനായ എം.ജോർജ് മുത്തൂറ്റും.

1970-കളിൽ തന്നെ കേരളത്തിനകത്തും പുറത്തും ശാഖകൾ ആരംഭിച്ച് പ്രവർത്തനം വിപുലമാക്കി. പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കാനും തുടങ്ങി. 2000-ൽ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് എന്നാക്കിമാറ്റി കമ്പനിയുടെ പേര്. പാർട്ണർ ഷിപ്പ് ബിസിനസ് അവസാനിപ്പിച്ച് തൊട്ടടുത്തവർഷം തന്നെ റിസർവ് ബാങ്കിന്റെ രജിസ്‌ട്രേഷനോടെ ബാങ്കിങ്ങിതര ധനകാര്യസ്ഥാപനമായി മാറി. അന്ന് 200 ബ്രാഞ്ചായിരുന്നു ഉണ്ടായിരുന്നത്. 150 എണ്ണം കേരളത്തിലും 50 എണ്ണം തമിഴ്‌നാട്, ഡൽഹി തുടങ്ങിയ മറ്റു ഭാഗങ്ങളിലും. 1993-ൽ ആയിരുന്നു എം.ജോർജ് മുത്തൂറ്റ് അന്തരിച്ചത്. എം.ജോർജ് മുത്തൂറ്റിന്റെ ആറുമക്കളിൽ ഇളയ നാലുപേരാണ് ഇന്ന് ബിസിനസ് സാമ്രാജ്യം നോക്കുന്നത്. മൂത്ത രണ്ടുപേർ വിദേശത്ത് താമസമാക്കിയ ഡോക്ടർമാർ. അതിൽ ഒരാൾ അപകടത്തിൽ മരിക്കുകയും ചെയ്തു. അവസാന നാലുപരേിലെ മൂത്തയാളാണ് ചെയർമാനായ എം.ജി.ജോർജ് മുത്തൂറ്റ്. പിന്നീടുള്ള ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ് എന്നിവർ ഡയറക്ടർമാരാണ്. ഇതിൽ രണ്ടുപേർ എൻജിനിയറിങ് ബിരുദധാരികളുമാണ്. ഏറ്റവും ഇളയയാളും എം.ഡി.യുമായ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് ചാർട്ടേഡ് അക്കൗണ്ടന്റാണ്.

2000 -നു ശേഷമുള്ള ഒരു ദശകത്തിൽ കമ്പനിയുടെ വളർച്ചയുടെ ഗ്രാഫ് കുത്തനെ ഉയരുകയായിരുന്നു. 2002 -ൽ മണി ട്രാൻസ്ഫർ, വിദേശനാണ്യ വിനിമയം എന്നിവയും ആരംഭിച്ചു. 2005-ൽ വായ്പ നൽകിയ തുക 500 കോടി രൂപ കടന്നു. 2007 ആകുമ്പോഴേക്കും മുത്തൂറ്റ് ഗ്രൂപ്പിന് 500 ശാഖകളും വായ്പസംഖ്യ 1000 കോടി രൂപയുമായി. അടുത്തവർഷം മുത്തൂറ്റ് ഫിനാൻസ് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി. ലോൺ നൽകുന്ന സംഖ്യ 2000 കോടി രൂപയായി. 2009 ആകുമ്പോഴേക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി കമ്പനിയുടെ ബ്രാഞ്ചുകൾ 1000 കടന്നു. 2010-ൽ സ്ഥാപനം വായ്പയായി നൽകിയ തുക 7400 കോടി രൂപയായിരുന്നു. ക്രിസിലിന്റെ (ജ1+) റേറ്റിങ്ങും ഐ.സി.ആർ.എ.യുടെ (എ1+) റേറ്റിങ്ങും ലഭിച്ചു. 2001 ൽ 20 ശതമാനം ഓഹരികൾക്ക് ഐ.പി.ഒ. ഇറക്കിക്കൊണ്ട് മുത്തൂറ്റ് ഫിനാൻസ് ക്യാപിറ്റൽ മാർക്കറ്റിലുമെത്തി. ഇത് പിന്നേയും മുമ്പോട്ട് കുതിച്ചു. ഇത്തരത്തിലൊരു സ്ഥാപനമാണ് കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP