Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

മണപ്പുറം ഫിനാൻസിലും യൂണിയൻ ഉണ്ടെങ്കിലും ഇത്തവണ ഓണത്തിന് ബോണസ് കൊടുത്തത് 28,120 രൂപ; 10,500 മിനിമം സാലറി ഉള്ളവർക്ക് പോലും 28000 ബോണസ് കൊടുക്കാൻ അവർ മാന്യത കാട്ടി; മണപ്പുറത്തും യൂണിയൻ സമരം നടത്തിയെങ്കിലും ലേബർ കമ്മീഷണർ മുമ്പാകെ വിഷയം തീർപ്പാക്കാമെന്ന് ഉറപ്പ് നൽകി; ഓണക്കാലത്ത് ജീവനക്കാർക്ക് അരി മേടിക്കാൻ പോലും കാശ് കൊടുക്കാത്ത മുത്തൂറ്റ് ഫിനാൻസ് മുതലാളി റോഡിൽ കുത്തിയിരുന്ന് കള്ളം പറയുന്നത് ഇവിടെ മാത്രമേ യൂണിയനും സമരവുമുള്ളുവെന്നും

മണപ്പുറം ഫിനാൻസിലും യൂണിയൻ ഉണ്ടെങ്കിലും ഇത്തവണ ഓണത്തിന് ബോണസ് കൊടുത്തത് 28,120 രൂപ; 10,500 മിനിമം സാലറി ഉള്ളവർക്ക് പോലും 28000 ബോണസ് കൊടുക്കാൻ അവർ മാന്യത കാട്ടി; മണപ്പുറത്തും യൂണിയൻ സമരം നടത്തിയെങ്കിലും ലേബർ കമ്മീഷണർ മുമ്പാകെ വിഷയം തീർപ്പാക്കാമെന്ന് ഉറപ്പ് നൽകി; ഓണക്കാലത്ത് ജീവനക്കാർക്ക് അരി മേടിക്കാൻ പോലും കാശ് കൊടുക്കാത്ത മുത്തൂറ്റ് ഫിനാൻസ് മുതലാളി റോഡിൽ കുത്തിയിരുന്ന് കള്ളം പറയുന്നത് ഇവിടെ മാത്രമേ യൂണിയനും സമരവുമുള്ളുവെന്നും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാനേജ്‌മെന്റിന്റെ പിടിവാശി മൂലം മൂത്തൂറ്റ് ഫിനാൻസിലെ സമരം പരിഹാരമില്ലാതെ തുടരുകയാണ്. ഓണത്തിന് മുമ്പ് സർക്കാർ മുൻകൈയെടുത്ത് വിളിച്ചുചേർത്ത ചർച്ചയും ശമ്പളവർദ്ധനയെ ചൊല്ലി അലസിപ്പിരിഞ്ഞു. ഓണം കഴിയുമ്പോൾ വീണ്ടും ചർച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അരി പോലും മേടിക്കാൻ കാശില്ലാതെ വലയുന്ന ജീവനക്കാർ. കൊച്ചിയിൽ നടന്ന യോഗത്തിന് എത്തിയെങ്കിലും കല്യാണത്തിൽ പങ്കെടുക്കാനെന്ന് ന്യായം പറഞ്ഞ് മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്‌സാണ്ടർ ചർച്ചയിൽ പങ്കെടുത്തില്ല. ജീവനക്കാർക്ക് മുഖം കൊടുക്കാനും അദ്ദേഹം തയ്യാറായില്ല. മുത്തൂറ്റ് ഫിനാൻസിലെ അമിതമായ ട്രേഡ് യൂണിയനിസമാണ് സമരത്തിന് കാരണമെന്നാണ് മാനേജ്മന്റിന്റെ നിലപാട്. മുത്തൂറ്റ് ഫിനാൻസിൽ മാത്രമേ യൂണിയനുള്ളുവെന്നും അതാണ് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതെന്നും അവർ പ്രചരിപ്പിക്കുന്നു. മുത്തൂറ്റ് ഫിനാൻസിന്റെ ചുവട് പിടിച്ച് മുത്തൂറ്റ് ഫിൻകോർപ്പിലും യൂണിയനിൽ പെട്ട ഒരുവിഭാഗം ജീവനക്കാർക്ക് ഓണക്കാലത്ത് ആനുകൂല്യങ്ങൾ നിഷേധിച്ചത് വാർത്തയായിരുന്നു. എന്നാൽ, മുത്തൂറ്റ് ഫിനാൻസിൽ മാത്രമാണ് സമരമെന്നത് മാനേജ്‌മെന്റിന്റെ കള്ളപ്രചാരണമാണെന്ന് ജീവനക്കാരുടെ സംഘടനയായ മുത്തൂറ്റ് ഫിനാൻസ് സെക്രട്ടറി രതീഷ് മറുനാടനോട് പറഞ്ഞു.

Stories you may Like

മാനേജ്‌മെന്റ് പലഘട്ടങ്ങളിലായി പറയുന്നത് മുത്തൂറ്റ ഫിനാൻസിൽ മാത്രമേ സമരമുള്ളുവെന്നാണ്. മുത്തൂറ്റ് ഫിനാൻസ് സ്ഥാപനം അടച്ചുപൂട്ടാൻ വേണ്ടിയുള്ള ഗൂഢനീക്കമാണ് എന്ന തരത്തിലാണ് കുപ്രചാരണം. മറ്റുമേഖലകളിലൊന്നും സമരമില്ലെന്നും അവിടെയൊക്കെ ഇവിടുത്തേക്കാൾ കുറഞ്ഞ വേതനമാണെന്നും മാനേജ്‌മെന്റ് പറഞ്ഞുപ്രചരിപ്പിക്കുന്നു.

2015 ൽ ഒരുമാസത്തോളം ശക്തമായ സമരത്തെ തുടർന്നാണ് മുത്തൂറ്റിൽ ജീവനക്കാർ സംഘടനാ പ്രവർത്തനം തുടങ്ങുന്നത്. മുത്തൂറ്റ് ഫിൻകോർപ്പിലാണ് ആദ്യം സംഘടന രൂപീകരിച്ചത്. അന്ന് മുത്തൂറ്റ് ഫിൻകോർപ്പിൽ ആറ് പേരെ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് മുത്തൂറ്റ് ഫിനാൻസിലും, മണപ്പുറം ഫിനാൻസിലുമൊക്കെ സംഘടന രൂപീകൃതമായി. നോൺ ബാങ്കിങ് ഫിനാൻസ് രംഗത്തെ ജീവനക്കാരുടെ തൊഴിലവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് സംഘടന രൂപീകരിച്ചത്. നാല് വർഷമായി വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന 1400 ഓളം ജീവനക്കാർക്കാണ് അംഗത്വമുള്ളത്. അതിൽ ഒരുയൂണിറ്റ് മാത്രമാണ് മുത്തൂറ്റ്. മണപ്പുറം ഫിനാൻസിൽ ഏകദേശം 1100 ഓളം ജീവനക്കാർ സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്. മുത്തൂറ്റ് ഫിനാൻസിനെ കൂടാതെ മുത്തൂറ്റ് മിനിയിലും ഫിൻകോർപ്പിലും ശക്തമായ സംഘടനാസാന്നിധ്യമുണ്ട്. മഹീന്ദ്ര ഫിനാൻസ്, ബിആർബി സെക്യൂരിറ്റീസ് എന്നിവിടങ്ങളിലും യൂണിയനുണ്ട്. യുഎഇ എക്‌സചേഞ്ചിൽ ആയിരത്തോളം ജീവനക്കാർക്ക് സംഘടനയിൽ അംഗത്വമുണ്ട്.

എന്തുകൊണ്ടാണ് മറ്റുസ്ഥാപനങ്ങളിൽ സമരം ഇല്ലാത്തത്?

മുത്തൂറ്റ് ഫിനാൻസ് മാനേജ്‌മെന്റിന്റെ സമീപനമല്ല, മറ്റു സ്ഥാപനങ്ങളിൽ സ്വീകരിച്ചിട്ടുള്ളത്. സംഘടനയെ ഇല്ലാതാക്കുക, നേതാക്കൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുക, ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുക, തുടങ്ങിയ കടുത്ത നടപടികൾ മുത്തൂറ്റ് ഫിനാൻസിലേത് പോലെ മറ്റിടങ്ങളിൽ ഉണ്ടായിട്ടില്ല. പ്രശ്‌നങ്ങൾ തീരെയില്ല എന്നല്ല. എന്നാൽ പ്രശ്‌നങ്ങൾ ഉണ്ടകുമ്പോൾ അവിടെല്ലാം ജീവനക്കാരുടെ സംഘടനയ്ക്ക് ഫലപ്രദമായി ഇടപെടാനും, തീർപ്പാക്കാനും കഴിഞ്ഞു. ജീവനക്കാരെ പട്ടിണിയിലാക്കുന്ന വലിയൊരുസമരത്തിലേക്ക് നീങ്ങേണ്ടി വന്നിട്ടില്ലെന്ന് ചുരുക്കം.

മിനി മുത്തൂറ്റിൽ മാനേജർക്ക് 12,000വും സ്റ്റാഫിന് 8000 രൂപയും ശമ്പളമായിരുന്നത് ഒന്നരക്കൊല്ലം കൊണ്ട് 18,000 വും 25,000 വുമായി കൂട്ടാൻ തങ്ങളുടെ ഇടപെടൽ കൊണ്ടാണ് കഴിഞ്ഞതെന്ന് നോൺ ബാങ്കിങ് പ്രൈവറ്റ് എംപ്ലോയീസ് അസോസിയേഷൻ അവകാശപ്പെടുന്നു. ഇതുവരെ 10 ശതമാനം ലാഭമില്ലാതിരുന്ന കമ്പനിയായിട്ടും ശമ്പള വർദ്ധന നടപ്പാക്കാൻ കഴിഞ്ഞു. മറ്റുകമ്പനികളിൽ മെച്ചപ്പെട്ട സേവന-വേതന നിരക്കുകൾ കൊണ്ടുവരാൻ മാനേജ്‌മെന്റുകൾ സന്നദ്ധരായതുകൊണ്ടാണ് വലിയ സമരങ്ങളിലേക്ക് നീങ്ങാതിരിക്കാൻ കാരണം. എന്നാൽ, മിനി മുത്തൂറ്റിൽ ഈ വർഷം ജൂണിൽ 450 ഓളം ശാഖകളിൽ ഒരുദിവസം പണിമുടക്കുണ്ടായി. ശമ്പള വർദ്ധന ആവശ്യപ്പെട്ട് കൊണ്ടായിരുന്നു സമരം. ലേബർ കമ്മീഷണർ മുമ്പാകെ തർക്കം വരികയും, അത് രമ്യമായി തീർപ്പാക്കുകയും ചെയ്തിരുന്നു. തുടർച്ചയായി 72 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച ഘട്ടത്തിലാണ് അവർ ചർച്ചയ്ക്ക് തയ്യാറായത്.

മണപ്പുറം ഫിനാൻസിൽ കഴിഞ്ഞ ജൂൺ 3 ന് സൂചനാ പണിമുടക്ക് നടത്തി. സെപ്റ്റംബറിൽ അവർ ലേബർ കമ്മീഷണർ മുമ്പാകെ വന്ന് പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞതുകൊണ്ടാണ് അവിടെ പണിമുടക്കില്ലാത്തത്. അതുപോലെ മുത്തൂറ്റ് ഫിൻകോർപ്പിൽ, ഇടുക്കിയിൽ മൂന്നുദിവസം തുടർച്ചയായി സമരം നടത്തിയിട്ടുണ്ട്. ജീവനക്കാരുടെ സമരം പൊളിക്കാൻ മുത്തൂറ്റ് എംഡി ജോർജ് അലക്‌സാണ്ടർ കുത്തിയിരിപ്പ് നടത്തുകയും അത് മാധ്യമങ്ങൾ ഏറ്റുപിടിച്ച് വാർത്തയാക്കുകയും ചെയ്തതോടെയാണ് ജനശ്രദ്ധയിൽ വന്നത്.

അതല്ലാതെ തങ്ങൾ ഒരുസ്ഥാപനത്തെ മാത്രം ടാർജറ്റ് ചെയ്ത് സമരം നടത്തുന്നതല്ല. നോൺ ബാങ്കിങ് പ്രൈവറ്റ് എംപ്ലോയീസ് അസോസിയേഷൻ എന്ന സംഘടനയുടെ ഒരുഭാഗമാണ് മുത്തൂറ്റ് ഫിനാൻസ്. അതിൽ 22 ഓളം സ്ഥാപനങ്ങളിൽ സംഘടനയ്ക്ക് അംഗത്വമുണ്ട്. 10000 പേർ അംഗത്വമെടുത്തത് മുത്തൂറ്റിൽ മാത്രമല്ല, മറ്റുസ്ഥാപനങ്ങളിലും കൂടിയാണ്.

മണപ്പുറം ഫിനാൻസുകാർ ഇത്തവണ ബോണസ് കൊടുത്തത് 28,120 രൂപയാണ്. 10,500 മിനിമം സാലറിയുള്ളവർക്ക് പോലും 28000 ബോണസ് കൊടുത്താൻ അവർ മാന്യമായ സമീപനം സ്വീകരിച്ചു.

എന്നാൽ, മുത്തൂറ്റ് ഫിനാൻസ് മാത്രമാണ് ശമ്പള വർദ്ധന ആവശ്യപ്പെട്ടതിന്റെ പേരിൽ ശമ്പളവുമില്ല, ബോണസുമില്ല എന്ന കണ്ണിൽ ചോരയില്ലാത്ത നിലപാട് എടുത്തത്. മറ്റുസ്ഥാപനങ്ങൾ തൊഴിലാളി യൂണിയനുകളെ അംഗീകരിക്കാൻ തയ്യാറാണ്. എന്നാൽ, മുത്തൂറ്റ് ഫിനാൻസുകാർ അതിന് തയ്യാറല്ല, അതാണ് പ്രശ്‌നകാരണമെന്ന് സിഐടിയു പറയുന്നു. മുത്തൂറ്റ് ഫിനാൻസ് സർ്കകാരിനെ അംഗീകരിക്കില്ല, തൊഴിൽ വകുപ്പിനെ അംഗീകരിക്കില്ല, നിയമപരമായി തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ നൽകില്ല, എന്നിങ്ങനെ തികഞ്ഞ ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റമാണ് മുത്തൂറ്റ് ഫിനാൻസിന്റെതെന്നും അതാണ് പ്രശ്‌നങ്ങൾ വഷളാക്കിയതെന്നും യൂണിയനുകൾ പറയുന്നു. നോൺബാങ്കിങ് ഫിനാൻസ് മേഖലയിൽ ഏകദേശം 50000 ത്തോളം യുവാക്കളാണ് ജോലി ചെയ്യുന്നത്. ബിരുദം മുതൽ മുകളിലോട്ട് യോഗ്യതയുള്ളവർ പണിയെടുക്കുന്ന വലിയൊരുമേഖല. അവിടെ എല്ലാം അവതാളത്തിലാക്കുന്ന തരത്തിലുള്ള മുത്തൂറ്റ് ഫിനാൻസിന്റെ സമീപനം മേഖലയെ പിറകോട്ടടിക്കുമെന്നാണ് ജീവനക്കാരിൽ വലിയൊരു പങ്കും പരാതിപ്പെടുന്നത്.

ആവശ്യങ്ങളോട് മുഖം തിരിച്ച് മുത്തൂറ്റ് മുതലാളി

ജീവനക്കാരുടെ ആവശ്യങ്ങൾക്കെതിരെ മാനേജ്‌മെന്റ് കണ്ണടക്കരുതെന്ന് മാത്രമാണ് സമരക്കാരുടെ ആവശ്യം. തൊഴിൽവകുപ്പ് മന്ത്രിയുടേയും ലേബർ കമ്മീഷണറുടെയും സാന്നിദ്ധ്യത്തിൽ മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ തന്നെ പങ്കെടുത്ത് നടത്തിയ ചർച്ചകളിലെ ഒത്തുതീർപ്പു വ്യവസ്ഥകൾ നടപ്പിലാക്കണമെന്നാണ് ചർച്ചയിലെ ആവശ്യം. ജീവനക്കാരിൽ നിന്ന് പിടിച്ചു വച്ച അർഹതപ്പെട്ട ബോണസ് ഉടൻ വിതരണം ചെയ്യുന്നതിൽ സ്ഥാപനം വീഴ്‌ച്ച വരുത്തി. സമരക്കാരോട് പ്രതിഷേധത്തിന്റെ ഭാഗമായി ട്രാൻസ്ഫറുകളും. ഈ ട്രാൻസ്ഫറുകൾ ഉടൻ നല്കണമെന്നും പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്നും ജീവനക്കാർ ആവശപ്പെടുന്നു.

25,000 കോടിയുടെ വിറ്റുവരവുള്ള കമ്പനിയായിട്ടും പണിയെടുക്കുന്നതിന്റെ കൂലി തൊഴിലാളികൾക്കു നൽകുന്നതിൽ മുഖം തിരിച്ചിരിക്കുകയാണു മാനേജ്‌മെന്റ്. നേരത്തെ മൂന്നു ദിവസം പണിമുടക്കിയിട്ടും തൊഴിലാളികളോട് അനുഭാവപൂർണമായ നടപടി സ്വീകരിക്കാൻ മാനേജ്‌മെന്റ് തയ്യാറായില്ല. തൊഴിലാളികളുടെ പരാതി തൊഴിൽ വകുപ്പിനു ലഭിച്ചതോടെ ഒടുവിൽ മന്ത്രിയും ഇക്കാര്യത്തിൽ ഇടപെടുകയായിരുന്നു. എന്നാൽ, മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കങ്ങൾ മന്ത്രി ഇടപെട്ടിട്ടും പരിഹരിക്കാനായില്ല. അതുകൊണ്ടു തന്നെ മുൻ നിശ്ചയപ്രകാരം അനിശ്ചിതകാല പണിമുടക്കു നടത്തുമെന്നാണു തൊഴിലാളികളുടെ നിലപാട്. ലോകത്തിലെ സമ്പന്നന്മാരുടെ പട്ടികയിൽ ഇടം പിടിച്ച മുത്തൂറ്റ് സ്ഥാപന ഉടമയ്ക്കു തൊഴിലാളികളുടെ സമരം പ്രതിസന്ധിയായേക്കും.

മുത്തൂറ്റ് ഫിനാൻസിൽ മുപ്പത് വർഷം സർവ്വീസുള്ളവർക്ക് കിട്ടുന്നത് 12,000 രൂപയാണ്. മാനേജർമാർക്ക് പോലും 18,000 രൂപയാണ് പ്രതിമാസ ശമ്പളം. കൂടുതൽ ശമ്പളം ചോദിക്കുന്നവരെ പീഡിപ്പിക്കും. ഈ സാഹചര്യത്തിലാണ് യൂണിയൻ രൂപീകരണത്തിന് തൊഴിലാളികൾ മുന്നിട്ടിറങ്ങിയത്. ഇതിന് നേതൃത്വം നൽകിയ 68 പേരെ മാനേജ്‌മെന്റ് കേരളത്തിന് പുറത്തേക്ക് അകാരണമായി സ്ഥലം മാറ്റി. കേരളത്തിന് പുറത്ത് നിങ്ങളുടെ സേവനം ആവശ്യമുണ്ടെന്നായിരുന്നു വിശദീകരണം. യൂണിയൻ രൂപീകരണവുമായി ബന്ധപ്പെട്ടാണോ സ്ഥലം മാറ്റമെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമില്ല. പ്യൂൺ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് പതിനായിരത്തിന് അടുത്ത ശമ്പളം മാത്രമേ മുത്തൂറ്റ് നൽകുന്നുള്ളൂ. ഇവർക്ക് വർഷങ്ങളുടെ സർവ്വീസുണ്ട്. എന്നാൽ കാര്യമായ ശമ്പള വർദ്ധനവ് ഇവർക്ക് കൊടുക്കാറില്ല.

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാർ നേരിടുന്ന തൊഴിൽ ചൂഷണം അവസാനിപ്പിക്കണമെന്നാണ് കേരള സ്റ്റേറ്റ് പ്രൈവറ്റ് ചിറ്റ്‌സ് ആൻഡ് ഫിനാൻസ് എംപ്‌ളോയീസ് യൂണിയന്റെ(സിഐടിയു) ആവശ്യം. അവധി, മിനിമം വേതനം, ദേശീയ അവധി ദിനങ്ങളിലെ ലീവ് തുടങ്ങി നിയമപരമായ അവകാശങ്ങൾ പലസ്ഥാപനങ്ങളിലും നിഷേധിക്കുന്നു. ഞായറാഴ്ചകളിൽ ഓൺലൈൻ ടെസ്റ്റിന്റെ പേരിൽ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി വേണം. മിനിമം വേതനം 15000 രൂപയാക്കണമെന്നും ഈ സംഘടന ആവശ്യപ്പെടുന്നു. ഇതെല്ലാം അംഗീകരിച്ചതോടെയാണ് മുമ്പ് സമരത്തിൽ നിന്ന് തൊഴിലാളികൾ പിന്മാറിയത്. എന്നാൽ ഒന്നും നടപ്പായില്ല, ഇതോടെയാണ് വീണ്ടും സമരം തുടങ്ങിയത്. എന്നാൽ ശാഖകൾ പൂട്ടി സമരം തകർക്കാനായിരുന്നു മുത്തൂറ്റ് മുതലാളി നീക്കം നടത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP