Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`ജോലിക്ക് കയറിയാൽ കൈയും കാലും വെട്ടും`; ജീവനക്കാർക്ക് ജോലിക്കെത്താൻ ആഗ്രഹമുണ്ടായിട്ടും കഴിയാത്തത് ഭീഷണി കാരണം; കേരളമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ലാഭം; മുത്തൂറ്റ് ഫിനാൻസിലെ എല്ലാ കുഴപ്പത്തിനും കാരണം സിഐടിയു എന്ന് മാനേജ്മെന്റ് വിശദീകരണം; അനാവശ്യ സമരം കാരണം കേരളത്തിൽ ബിസിനസ് തകർന്നെന്നും വിശദീകരണക്കുറിപ്പ്; സാമ്പത്തിക പ്രതിസന്ധിയും കെടുകാര്യസ്ഥതയും കാരണമുള്ള തകർച്ച ഞങ്ങളുടെ തലയിലിടേണ്ടെന്ന് തൊഴിലാളി സംഘടനയും

`ജോലിക്ക് കയറിയാൽ കൈയും കാലും വെട്ടും`; ജീവനക്കാർക്ക് ജോലിക്കെത്താൻ ആഗ്രഹമുണ്ടായിട്ടും കഴിയാത്തത് ഭീഷണി കാരണം; കേരളമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ലാഭം; മുത്തൂറ്റ് ഫിനാൻസിലെ എല്ലാ കുഴപ്പത്തിനും കാരണം സിഐടിയു എന്ന് മാനേജ്മെന്റ് വിശദീകരണം; അനാവശ്യ സമരം കാരണം കേരളത്തിൽ ബിസിനസ് തകർന്നെന്നും വിശദീകരണക്കുറിപ്പ്; സാമ്പത്തിക പ്രതിസന്ധിയും കെടുകാര്യസ്ഥതയും കാരണമുള്ള തകർച്ച ഞങ്ങളുടെ തലയിലിടേണ്ടെന്ന് തൊഴിലാളി സംഘടനയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി മുത്തൂറ്റ് ശാഖകളിൽ നടന്നുവരുന്ന സിഐടിയു സമരത്തിനെതിരെ പ്രതിഷേധവുമായി മുത്തൂറ്റ് മാനേജ്‌മെന്റ്. ഈ മാസം 20 മുതൽ കേരളത്തിൽ നിരവധി ശാഖകൾ അടഞ്ഞ് കിടക്കുന്നതിലൂടെ കോടി കണക്കിന് രൂപയുടെ നഷ്ടമാണ് എന്നും ഇത് കമ്പനിക്ക് ഒപ്പം തന്നെ ജീവനക്കാരെയും ബാധിക്കുന്നതാണ് എന്നാണ് കമ്പനിയുടെ വിശദീകരണം. ഇപ്പോൾ അടഞ്ഞ് കിടക്കുന്ന ശാഖകളിലെ ഭൂരിഭാഗം ജീവനക്കാർക്കും സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ തന്നെയാണ് താൽപര്യം എന്നും എന്നാൽ സിഐടിയു ഇവരെ ഭീഷണിപ്പെടുത്തിയാണ് സമര രംഗത്ത് നിർത്തിയിരിക്കുന്നത് എന്നും മുത്തൂറ്റ് ഫിനാൻസ് മാനേജ്‌മെന്റ് വിശദീകരണത്തിൽ പറയുന്നു

സമര അനുകൂലികൾ പ്രചരിപ്പിക്കുന്നത് പലതും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് എന്നും കമ്പനി വിശദീകരണത്തിൽ പറയുന്നു. കേരളത്തിൽ ഇപ്പോൾ 611 ശാഖകൾ ഉള്ളതിൽ 458 ശാഖകൾ തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ഇങ്ങനെ സിഐടിയു സമരം കാരണം കേരളത്തിൽ മാത്രം മുത്തൂറ്റ് ഫിനാൻസ് തിരിച്ചടി നേരിടുകയാണ്. കേരളം ഒഴികെ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും കമ്പനി വളർച്ചയുടെ പാതയിലാണ്. എന്നാൽ സിഐടിയു സമരം കാരണം കേരളത്തിൽ മോശം അവസ്ഥയുണ്ടായി. ഇച് കാരണം ബുദ്ധിമുട്ട് സഹിക്കുന്നതാകട്ടെ പാവപ്പെട്ട ജീവനക്കാരും ഇടപാടുകാരുമാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സമരം കാരണം കേരളത്തിലെ ബിസിനസ് 11% എന്ന കണക്കിൽ നിന്ന് നാല് ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ വളർച്ച കമ്പനിക്ക് മൊത്തത്തിൽ ഗുണം ചെയ്തുവെന്നും 24,000 കോടിയിൽ നിന്നും 36,000 കോടിയായി ഉയർന്നുവെന്നും കമ്പനി വിശദീകരിക്കുന്നു. ശാഖകൾ അടച്ച് പൂട്ടേണ്ട അവസ്ഥ വന്നപ്പോൾ പോലും ജീവനക്കാരെ പിരിച്ച് വിടാതിരിക്കാൻ കമ്പനി ശ്രദ്ധിച്ചിരുന്നുവെന്നും കുറിപ്പിൽ വിശദീകരിക്കുന്നു. മിനിമം വേതനത്തെക്കാൾ വലിയ ശമ്പളം തന്നെയാണ് ജീവനക്കാർക്ക് നൽകുന്നത് എന്നും എന്നാൽ ഇപ്പോൾ നടക്കുന്ന കുപ്രചരണങ്ങൾ കമ്പനിക്ക് വലിയ കളങ്കമുണ്ടാക്കിയെന്നും കുറിപ്പിൽ വിശദീകരിക്കുന്നു.ജീവനക്കാരും ഇടപാടുകാരും ആഗ്രഹിക്കുന്നതനുസരിച്ച് സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ താൽപര്യം ഉണ്ടെന്നും എന്നാൽ അതിനുള്ള സാഹചര്യമാണ് ഇല്ലാത്തത് എന്നും കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.

അതേസമയം കമ്പനിക്ക് കേരളത്തിലുണ്ടായ നഷ്ടങ്ങൾ മുഴുവൻ സമരക്കാരുടെ തലയിൽ ഇടാനാണ് ഇപ്പോൾ മാനേജ്‌മെന്റ് ശ്രമിക്കുന്നത് എന്ന് ആണ് സിഐടിയും ആരോപിക്കുന്നത്.മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ ബ്രാഞ്ചുകൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് സിഐടിയു പ്രതിനിധി. കേരളത്തിൽ വിവിധയിടങ്ങളിൽ മുത്തൂറ്റിന് ലോൺ നൽകാൻ സാധിക്കാത്ത സാഹചര്യമുണ്ടെന്നും സാമ്പത്തിക പ്രതിസന്ധിയാണ് തീരുമാനത്തിന് പിന്നിലെന്നും സിഐടിയു ആരോപിക്കുന്നു.തങ്ങളുടെ സമരം ന്യായമായ ആവശ്യങ്ങൾക്കാണ്. രണ്ട് വർഷം മുൻപ് തൊഴിൽ മന്ത്രിയുടേയും ലേബർ കമ്മീഷന്റേയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പ് ഉടമ്പടി തയ്യാറാക്കിയിരുന്നു. എന്നാൽ ഇത് നടപ്പിലാക്കിയില്ല.

രണ്ടു വർഷത്തിനിടെ പത്തോളം മന്ത്രിമാരുടെ സാന്നിധ്യത്തിലും ലേബർ കമ്മീഷന്റെ നേതൃത്വത്തിലും ചർച്ച നടത്തിയെങ്കിലും സമവായമുണ്ടായില്ലെന്നും പ്രതിനിധി പറഞ്ഞു.കേരളത്തിൽ 650 ഓളം ബ്രാഞ്ചുകളിലായി മൂവായിരത്തോളം ജീവനക്കാരാണ് ഉള്ളത്. ഇതിൽ 90 ശതമാനം പേരും സംഘടനയിൽ അംഗങ്ങളാണ്. പത്ത് ശതമാനം ജീവനക്കാർ മാത്രമാണ് മാനേജ്മെന്റിന്റെ കൂടെ നിൽക്കുന്നത്. ഇക്കാര്യം കമ്പനിക്ക് തന്നെ പരിശോധിക്കാവുന്നതാണ്. അതൊന്നും ചെയ്യാതെ ട്രേഡ് യൂണിയൻ പ്രവർത്തനം സ്ഥാപനത്തിൽ അനുവദിക്കില്ല എന്ന മാനേജ്മെന്റിന്റെ ദാർഷ്ട്യമാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും സിഐടിയു കുറ്റപ്പെടുത്തി.

കഴിഞ്ഞ വർഷം മുത്തൂറ്റ് സംസ്ഥാനത്തിന് നൽകിയത് 500 കോടിയുടെ നികുതിയാണ്. സമരത്തെത്തുടർന്ന് പ്രവർത്തിപ്പിക്കാൻ കഴിയാത്ത ശാഖകൾ സെപ്റ്റംബർ 2 ന് അടയ്ക്കാനാണ് തീരുമാനം. മാനേജ്മെന്റ് ഇത് സംബന്ധിച്ച സർക്കുലർ ബ്രാഞ്ചുകൾക്ക് നൽകി കഴിഞ്ഞു. അടയ്ക്കുന്ന ബ്രാഞ്ചുകളിലെ ജീവനക്കാരെ പുനർവിന്യസിക്കില്ല. സിഐടിയു സമരം തുടങ്ങുന്നത് 2016ലാണ്. സർക്കാർ സമവായ ശ്രമങ്ങൾ നടത്തിയില്ല. 3 വർഷത്തെ സമരത്തെ തുടർന്ന് മുത്തൂറ്റിന്റെ ബിസിനസ് കേരളത്തിൽ പകുതിക്ക് മേൽ ഇടിഞ്ഞു. ഇടപാടുകാർ വലിയ തോതിൽ കൊഴിയുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിൽ ഇടപാടുകൾ നിർത്തുന്നതെന്നാണ് മുത്തൂറ്റിന്റെ വിശദീകരണം.

നിരന്തര സമരം കാരണം കഴിഞ്ഞ മൂന്നു വർഷമായി മുത്തൂറ്റ് ഫിനാൻസ് തകർച്ചയിലാണെന്ന് മുത്തൂറ്റ് അധികൃതരും സമ്മതിക്കുന്നു. ഇപ്പോൾ ഒമ്പത് ദിവസമായി തുടരുന്ന സമരം കാരണം മുത്തുറ്റിൽ നിന്നും ഇടപാടുകാർ അതിവേഗം അകന്നുകൊണ്ടിരിക്കുന്നു. ഈ രീതിയിൽ മുന്നോട്ടു പോകാൻ കഴിയില്ല. സെപ്റ്റംബർ രണ്ടിന് ശേഷവും ഈ സ്ഥിതി തുടരുകയാണെങ്കിൽ മുത്തുറ്റിന്റെ കേരളത്തിലെ ഇടപാടുകൾ അവസാനിപ്പിക്കാനുള്ള തീരുമാനം വരുമെന്നാണു മുത്തൂറ്റ് അധികൃതർ മറുനാടനോട് വ്യക്തമാക്കിയത്.

കേരളത്തിലെ നിരന്തരമായ സമരം മുത്തൂറ്റ് ഫിനാൻസിനെ തകർത്തിരിക്കുകയാണെന്നും സിഐടിയു പോലുള്ള സംഘടന നേതൃത്വം നൽകുന്ന സമരം അവസാനിപ്പിക്കാൻ തങ്ങൾക്ക് കഴിയാത്ത അവസ്ഥയിലാണെന്നുമാണ് മുത്തൂറ്റ് അധികൃതർ വ്യക്തമാക്കുന്നത്. മുത്തൂറ്റ് സമരം തുടരുമ്പോൾ ഇടപാടുകാർ ആശങ്കയിലാണ്. അവർ നിരന്തരം വിളിക്കുകയാണ്. അവരുടെ പണയ ഉരുപ്പടികൾ തിരികെ വേണം എന്നാണ് അവരുടെ ഡിമാൻഡ്. സമരം തുടരുമ്പോൾ ഇതിനുള്ള വഴികൾ മുന്നിലില്ല-മുത്തൂറ്റ് ഫിനാൻസിന്റെ ചീഫ് ജനറൽ മാനേജർ ബിജുമോൻ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP