Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രി ഇടപെട്ട് നടത്തിയ ഒത്തുതീർപ്പുകൾ എല്ലാം കാറ്റിൽപ്പറത്തി സ്ഥലം മാറ്റങ്ങൾ; നക്കാപ്പിച്ച ശമ്പളമുള്ളവരെ മാറ്റിയത് മണിക്കൂറുകൾ യാത്ര ചെയ്യേണ്ട ബ്രാഞ്ചുകളിലേക്ക്; പുറത്താക്കിയവരെ തിരിച്ചെടുത്തതുമില്ല; സമരം ചെയ്ത തൊഴിലാളികൾക്കെതിരെ പ്രതികാര നടപടിയുമായി മുത്തൂറ്റ് മുതലാളി; ജീവനക്കാർ വീണ്ടും പ്രക്ഷോഭത്തിന്

മന്ത്രി ഇടപെട്ട് നടത്തിയ ഒത്തുതീർപ്പുകൾ എല്ലാം കാറ്റിൽപ്പറത്തി സ്ഥലം മാറ്റങ്ങൾ; നക്കാപ്പിച്ച ശമ്പളമുള്ളവരെ മാറ്റിയത് മണിക്കൂറുകൾ യാത്ര ചെയ്യേണ്ട ബ്രാഞ്ചുകളിലേക്ക്; പുറത്താക്കിയവരെ തിരിച്ചെടുത്തതുമില്ല; സമരം ചെയ്ത തൊഴിലാളികൾക്കെതിരെ പ്രതികാര നടപടിയുമായി മുത്തൂറ്റ് മുതലാളി; ജീവനക്കാർ വീണ്ടും പ്രക്ഷോഭത്തിന്

അരുൺ ജയകുമാർ

തിരുവനന്തപുരം: തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സമരം ചെയ്ത മുത്തൂറ്റ് ജീവനക്കാർക്കെതിരെ പ്രതികാര നടപടിയുമായി മാനേജ്മെന്റ്. കഴിഞ്ഞ നവംബറിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ 17 ദിവസം സമരം ചെയ്ത ശേഷം നടത്തിയ മന്ത്രിതല ചർച്ചയിലാണ് കാര്യങ്ങൾ ഒത്തുതീർപ്പാക്കിയത്. 17 ദിവസവും ബ്രാഞ്ചുകൾ അടഞ്ഞ് കിടന്നതിനാൽ വലിയ സാമ്പത്തിക നഷ്ടമാണ് അന്ന് മുത്തൂറ്റിന് ഉണ്ടായത്. സമരം ഒത്തുതീർപ്പായതിന് പിന്നാലെ മാനേജ്മെന്റ് ആരംഭിച്ചിരിക്കുന്ന പ്രതികാര നടപടികൾ തുടരുന്നതിനാൽ രണ്ടാംഘട്ട സമരത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് ജീവനക്കാർ. സിഐടിയു, വകുപ്പ് മന്ത്രി എന്നിവർ ഇടപെട്ട് ചർച്ചകൾ നടത്തിയുണ്ടാക്കിയ സമവായമാണ് ഇപ്പോൾ വഞ്ചനയിലൂടെ മാനേജ്മെന്റ് മറികടന്നിരിക്കുന്നത്.

അകാരണമായി ട്രാൻസ്ഫർ നൽകിയവരെ തിരികെ വിളിക്കുമെന്നും മാന്യമായ ശമ്പളം നൽകുമെന്നും സംഘടനാ പ്രവർത്തനത്തിന് സ്വാന്ത്ര്യം നൽകികൊണ്ട് തന്നെ പ്രതികാര നടപടികളുണ്ടാകില്ലെന്നും പറഞ്ഞ മാനേജ്മെന്റ് പക്ഷേ തീരുമാനങ്ങളിൽ നിന്ന് പിന്നോട്ട്പോയിരിക്കുകയാണ്. കരാറിൽ പറഞ്ഞത് പോലെ പിരിച്ച് വിട്ട ജീവനക്കാരെ തിരികെയെടുക്കാൻ മാനേജ്മെന്റ് ഇനിയും തയ്യാറായിട്ടില്ലെന്നും ഇപ്പോൾ കൂടുതൽ ശാഖകൾ അടച്ച് പൂട്ടാനാണ് മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നതെന്നും ജീവനക്കാർ പറയുന്നു. വളരെ സീനിയറായ ജീവനക്കാരെപ്പോലും അന്യസംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റിയിരുന്നു.ഇവരിൽ മിക്കവാറുംപേരുടെ സ്ഥലംമാറ്റം ഇനിയും റദ്ദാക്കിയിട്ടില്ല.

സമരം ചെയ്ത ജീവനക്കാരോടും പ്രതികാര നടപടികൾ സ്വീകരിച്ച് മുന്നോട്ട് പോവുകയാണ് മാനേജ്മെന്റ്. പലർക്കും ദിവസം 45 മുതൽ 110 വരെ കിലോമീറ്റർ യാത്ര ചെയ്ത് ദിവസവും ജോലി ചെയ്യേണ്ട സാഹചര്യമുണ്ടെന്നും ജീവനക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞു. പീയൂൺ പോസ്റ്റിലുള്ള ജീവനക്കാർക്കാണ് ഇത് വലിയ തിരിച്ചടിയായിരിക്കുന്നത്. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഇവർക്ക് ദിവസേനയുള്ള യാത്രക്കൂലിക്ക് പോലും തികയാത്ത അവസ്ഥയാണെന്നും ജീവനക്കാർ പറയുന്നു. കൂടുതൽ ശാഖകൾ അടച്ച് പൂട്ടി പലരേയും ജോലി നിർത്തി പോകാൻ പ്രേരിപ്പിക്കുകയും മനപ്പൂർവ്വം ദ്രോഹിക്കുകയും ചെയ്യുന്ന നിലപാടും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതായും പരാതികളുണ്ട്. ഇത്തരത്തിൽ അടച്ച് പൂട്ടുന്ന പല ശാഖകളും ലാഭത്തിൽ പ്രവർത്തിക്കുന്നവയാണെന്നും ഇതിന്റെ തെളിവുകൾ എവിടെ ഹാജരാക്കാനും തയ്യാറാണെന്നും ജീവനക്കാർ പറയുന്നു.

മന്ത്രിതല ചർച്ചയിൽ സമരമവാസാനിപ്പിച്ചപ്പോൾ ഇരു കൂട്ടരും പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകണമെന്ന് ധാരണയെത്തിരുന്നുവെന്നും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നാണ് ആദ്യമായി വ്യവസ്ഥാലംഘനമുണ്ടായതെന്നും ജീവനക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഒത്തുതീർപ്പ് ധാരണ ലംഘിച്ച മാനേജ്മെന്റിനെതിരെ ഈ മാസം 15ന് മുത്തൂറ്റിന്റെ എറണാകുളം ഹെഡ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്താനാണ് ജീവനക്കാരുടെ തീരുമാനം. കേരളാ പ്രൈവറ്റ് ചിറ്റ്സ് ആൻഡ് ഫിനാൻസ് എംപ്ലോയീസ് യൂണിയൻ എന്ന പേരിൽ സംഘടന രൂപീകരിച്ചത് മുതലാണ് മുത്തൂറ്റിൽ മാനേജ്മെന്റും ജീവനക്കാരും തമ്മിൽ പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. പിന്നീട് 17 ദിവസം ബ്രാഞ്ചുകൾ അടച്ചിട്ട് നടത്തിയ സമരത്തിന് പ്രാദേശിക തലത്തിൽ സിപിഐ(എം) നേതാക്കൾക്ക് ചുമതലയും നൽകിയിരുന്നു.

ജീവനക്കാർക്ക് കമ്പനിയുടെ ഷെയർ നൽക്കുന്ന ഇഎസ്ഒപി എന്ന പദ്ധതിയിലും ഇപ്പോൾ വെള്ളം ചേർക്കുകയാണ് മാനേജ്മെന്റ്. നേരത്തെ 5 വർഷം പൂർത്തിയാക്കിയ ജീവനക്കാർക്കാണ് ഇഎസ്ഒപി നൽകിയിരുന്നത്. എന്നാൽ സമരത്തിൽ പങ്കെടുത്ത ജീവനക്കാർക്ക് ഇപ്പോൾ ഈ ആനുകൂല്യങ്ങൾ നൽകുന്നില്ല.ഇപ്പോൾ മുത്തൂറ്റിൽ ഹാഫ് ഡേ ലീവ് എന്ന സമ്പ്രദായം പോലും നിർത്തിയിരിക്കുകയാണ്. രാവിലെ 9 മണിക്ക് പഞ്ച് ചെയ്യേണ്ട ജീവനക്കാർ 5 മിനിറ്റ് വൈകിയാൽപ്പോലും അത് ഫുൾ ഡേ ലീവായി കൂട്ടുകയാണ് ചെയ്യുന്നതെന്നും ജീവനക്കാർ പരാതിപ്പെടുന്നു.

കഴിഞ്ഞ തവണ ജീവനക്കാർ സമരം നടത്തിയപ്പോൾ വിവിധ തസ്ഥികകളിലേക്ക് മുത്തൂറ്റ് നൽകുന്ന ശമ്പളങ്ങളുടെ വിവരം പരസ്യം ചെയ്തിരുന്നു. എന്നാൽ അത് വെറുതേയാണെന്ന് ജീവനക്കാർ അന്ന് തന്നെ പറഞ്ഞിരുന്നു.പിന്നീട് സമരം ഒത്ത് തീർപ്പായ ശേഷം ഇതേക്കുറിച്ച് ജീവനക്കാർ ചോദിച്ചപ്പോൾ നൽകിയ മറുപടിയാകട്ടെ നിങ്ങളുടെ ബോണസും ഇൻസന്റീവും എല്ലാം ചേർത്തുള്ള തുകയാണ് അതിൽ പ്രസിദ്ധീകരിച്ചത് എന്നായിരുന്നു.തുടർന്നാണ് പ്രതികാര നടപടികൾ തുടരുന്ന സാഹചര്യത്തിൽ സമരവുമായി മുന്നോട്ട് പോകാൻ ജീവനക്കാർ തീരുമാനിച്ചിരിക്കുന്നത്.അതേസമയം അടിയന്തിര സാഹചര്യങ്ങലിലല്ലാതെ ധർണ നടക്കുന്ന ദിവസങ്ങളിൽ അവധിയെടുക്കരുതെന്നു മാനേജ്മെന്റ് ജീവനക്കാർക്ക് കത്ത് നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP