Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം വരാൻ ഇനിയും മാസങ്ങൾ; മുത്തൂർ ക്രൈസ്റ്റ് സെൻട്രൽ സ്‌കൂളിൽ പ്ലസ് വണിലേക്കുള്ള പ്രവേശന പരീക്ഷയും കഴിഞ്ഞ് ഫലവും വന്നു; വിജയികളോട് സീറ്റ് ഉറപ്പിക്കാൻ ആവശ്യപ്പെട്ടത് 25,000; പണം നൽകിയില്ലെങ്കിൽ സീറ്റ് പോകുമെന്ന് നിരുപദ്രവകരമായ ഭീഷണിയും; പ്ലസ് വൺ പ്രവേശനം കച്ചവടമാക്കുന്നത് തിരുവല്ലയിൽ

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം വരാൻ ഇനിയും മാസങ്ങൾ; മുത്തൂർ ക്രൈസ്റ്റ് സെൻട്രൽ സ്‌കൂളിൽ പ്ലസ് വണിലേക്കുള്ള പ്രവേശന പരീക്ഷയും കഴിഞ്ഞ് ഫലവും വന്നു; വിജയികളോട് സീറ്റ് ഉറപ്പിക്കാൻ ആവശ്യപ്പെട്ടത് 25,000; പണം നൽകിയില്ലെങ്കിൽ സീറ്റ് പോകുമെന്ന് നിരുപദ്രവകരമായ ഭീഷണിയും; പ്ലസ് വൺ പ്രവേശനം കച്ചവടമാക്കുന്നത് തിരുവല്ലയിൽ

ശ്രീലാൽ വാസുദേവൻ

തിരുവല്ല: എസ്എസ്എൽസി ആണെങ്കിലും സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയാണെങ്കിലും നടന്ന് റിസൾട്ട് വരാൻ ഇനി മാസങ്ങൾ അവശേഷിക്കുന്നുണ്ട്. വിദ്യാർത്ഥികൾ ഫൈനൽ പരീക്ഷയ്ക്ക് പഠിച്ചു തുടങ്ങുന്നതേയുള്ളൂ. എന്നാൽ, ഇതിനോടകം പ്ലസ് വണിലേക്കുള്ള പ്രവേശന പരീക്ഷ നടത്തി അഡ്‌മിഷൻ നടപടികൾ കൂടി ആരംഭിച്ചിരിക്കുകയാണ് മുത്തൂർ ക്രൈസ്റ്റ് സെൻട്രൽ സ്‌കൂൾ. പ്ലസ് വൺ സീറ്റ് നേരത്തേ വിറ്റ് കാശാക്കുക എന്ന നിലപാടാണ് ഇതടക്കമുള്ള തിരുവല്ലയിലെ സ്‌കൂളുകൾ അനുവർത്തിച്ചു പോരുന്നത്.

മറ്റു സ്‌കൂളുകളൊക്കെ ഈ നടപടി തുടങ്ങുന്നത് ഏപ്രിലിൽ ആണ്. എന്നാൽ, അവർക്ക് മുൻപേ ഒരു മുഴം നീട്ടി എറിഞ്ഞിരിക്കുകയാണ് ക്രൈസ്റ്റ് സ്‌കൂൾ. ജനുവരിയിൽ തന്നെ ഇവർ പ്ലസ് വൺ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ നടത്തി. ഈ സ്‌കൂളിൽ നിന്ന് മാത്രമല്ല, മറ്റുള്ള സ്‌കൂളുകളിൽ നിന്നുമുള്ള കുട്ടികളും എൻട്രൻസ് എഴുതാൻ എത്തിയിരുന്നു. എഴുതിയവരിൽ 98 ശതമാനം പേരും യോഗ്യത നേടി. ഇവരെ ഫോണിൽ വിളിച്ചാണ് സ്‌കൂൾ അധികൃതർ 25,000 രൂപ അഡ്വാൻസ് നൽകി സീറ്റ് ഉറപ്പിക്കാൻ ആവശ്യപ്പെടുന്നത്. ഏറ്റവും ആദ്യം എത്തുന്നയാൾക്കാർക്ക് മാത്രമാകും സീറ്റ് ലഭിക്കുക എന്നൊരു ലഘുഭീഷണിയും മുഴക്കുന്നുണ്ട്.

തിരുവല്ലയിൽ തന്നെയുള്ള മറ്റു സ്‌കൂളുകളും ഇത്തരമൊരു രീതി പിന്തുടരുന്നുണ്ട്. പക്ഷേ, അവർ യോഗ്യതാ പരീക്ഷ നടത്തുന്നത് ഏപ്രിലിൽ ആണ്. അതായത് പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന കുട്ടികളെയാണ് യോഗ്യതാ പരീക്ഷ എഴുതിക്കുന്നത്. ഉള്ള കുട്ടികളെ മുഴുവൻ അവർ കൊണ്ടു പോകുന്നതിന് മുൻപ് തങ്ങൾക്ക് കൈക്കലാക്കണം എന്നൊരു ദുരാഗ്രഹവും ക്രൈസ്റ്റ് സ്‌കൂൾ അധികൃതർക്ക് ഉണ്ട്.

ഇതാദ്യമായല്ല ഈ സ്‌കൂൾ വിവാദത്തിൽ ഉൾപ്പെടുന്നത്. ക്രൈസ്റ്റ് സെൻട്രൽ സ്‌കൂളിന്റെ ഹോം എ ഇയർ പദ്ധതിക്കായി മൂലധനം കണ്ടെത്തിയത് കുട്ടികളെ കൊണ്ട് പിരിവ് എടുപ്പിച്ചാണ്. എൽകെജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് ഇതിനായി കാർഡ് നൽകിയിരുന്നു. ഇതുമായി പൊതുജനങ്ങളെ സമീപിച്ചോ അല്ലാതെയോ പണം കണ്ടെത്തണം. ഒരു കുട്ടി ഏറ്റവും കുറഞ്ഞത് 300 രൂപ എങ്കിലും പിരിവെടുത്തുകൊണ്ടു ചെല്ലണം. ഇനി പിരിവെടുക്കാൻ ബുദ്ധിമുട്ടാണെങ്കിൽ സ്വന്തമായി കൊണ്ടു കൊടുത്താലും മതി. ഇത്തരം പിരിവുകൾ മിക്ക സ്‌കൂളുകളും നടത്തുന്നതാണെങ്കിലും എൽകെജി വിദ്യാർത്ഥികളെ ഒഴിവാക്കുന്ന പതിവുണ്ട്.

അതാണ് ഇവിടെ ലംഘിച്ചത്.സിബിഎസ്ഇ അടക്കം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നിർബന്ധിത പണപ്പിരിവ് സർക്കാർ നിരോധിച്ചിട്ടുണ്ട്. എങ്കിലും സിബിഎസ്ഇ സ്‌കൂളുകളിൽ ഇത് നിർബാധം തുടരുകയാണ്. മാത്രമവുമല്ല, എൽകെജിയിൽ പഠിക്കുന്ന കുരുന്നുകളെ കൊണ്ടു വരെ ഇക്കൂട്ടർ പണപ്പിരിവ് നടത്തുകയും ചെയ്യുന്നു. പറഞ്ഞ തുക കൊണ്ടു വരാത്ത പക്ഷം സ്‌കൂളിൽ നിന്ന് പുറത്താക്കുന്നത് അടക്കമുള്ള ഭീഷണികളാണ് സ്‌കൂൾ അധികൃതർ മുഴുക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും മക്കൾ പഠിക്കുന്ന സ്‌കൂൾ ആയതിനാൽ ഇത്തരം പിരിവുകൾക്കെതിരേ ഇവിടെ എതിർപ്പ് ഉയരാറില്ല.

സമരവുമായി എസ്എഫ്ഐയോ കെഎസ്‌യുവോ എബിവിപിയോ കടന്നു ചെല്ലാറില്ല. മാർ ഗ്രിഗോറിയോസിന്റെ സ്മരണാർഥം മാർ തെയോഫിലസ് 1973 ൽ ആരംഭിച്ച എംജിഎം ഇംഗ്ലിഷ് മീഡിയം സ്‌കൂൾ പിന്നീട് 1986 ൽ സിഎംഐ സഭയിലെ വൈദികർ ചേർന്ന് ഏറ്റെടുത്തു. ചാവറയച്ചനെ വഴികാട്ടിയാക്കിയാണ് ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്നത്. നിലവിൽ മുത്തൂർ മാർ ബസേലിയോസ് സിഎംഐ ആശ്രമത്തിന്റെ അധീനതയിലാണ് സ്‌കൂൾ ഉള്ളത്. കുട്ടികളെ കൊണ്ട് പണപ്പിരിവ് നടത്തുന്നത് ബാലാവകാശ നിയമപ്രകാരം ശിക്ഷാർഹമാണ്. ഈ വിവരം അറിഞ്ഞിട്ടും ചൈൽഡ് ലൈനോ ബാലാവകാശ കമ്മിഷനോ ഇടപെട്ടിട്ടില്ല എന്നാണ് അറിയുന്നത്.

കുറേ രക്ഷിതാക്കൾക്ക് ഇക്കാര്യത്തിൽ എതിർപ്പുണ്ടെങ്കിലും മക്കളെ ഇതിന്റെ പേരിൽ ദ്രോഹിച്ചാലോ എന്നു ഭയന്ന് പുറമേ പറയാറില്ല. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെയാണ് പിടിഎ കമ്മറ്റിയിൽ സ്‌കൂൾ അധികൃതർ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതു കാരണം പഠിപ്പു മുടക്കോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ഇല്ല. ചോദിക്കുന്ന പണം നൽകി ഇവർ മിണ്ടാതിരിക്കുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP