Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുതലാളിമാരുടെ ആട്ടും തുപ്പും കേട്ട് പിടിച്ചു നിന്നവരെ തേടി എത്തിയ ലോട്ടറി; ജീവിക്കാനുള്ള കാശ് ചോദിച്ചിട്ട് കൊടുക്കാതിരുന്ന മുത്തൂറ്റ് അടങ്ങിയ മുതലാളിമാർ ഇനി തൂപ്പുകാർ മുതൽ മാനേജർമാർ വരെയുള്ളവർക്ക് മാന്യമായ ശമ്പളം കൊടുത്തേ മതിയാവൂ; തൂപ്പുകാർക്കും പ്യൂൺമാർക്കും 14650 രൂപ വീതം കിട്ടുമ്പോൾ സെക്യൂരിറ്റിക്കാർക്ക് 20750ഉം ക്ലർക്കുമാർക്ക് 25250 വരെ ശമ്പളം ലഭിക്കും; അസാധാരണമായ ഒരു തൊഴിൽ സമരത്തിന്റെ വിജയഗാഥ ഇങ്ങനെ

മുതലാളിമാരുടെ ആട്ടും തുപ്പും കേട്ട് പിടിച്ചു നിന്നവരെ തേടി എത്തിയ ലോട്ടറി; ജീവിക്കാനുള്ള കാശ് ചോദിച്ചിട്ട് കൊടുക്കാതിരുന്ന മുത്തൂറ്റ് അടങ്ങിയ മുതലാളിമാർ ഇനി തൂപ്പുകാർ മുതൽ മാനേജർമാർ വരെയുള്ളവർക്ക് മാന്യമായ ശമ്പളം കൊടുത്തേ മതിയാവൂ; തൂപ്പുകാർക്കും പ്യൂൺമാർക്കും 14650 രൂപ വീതം കിട്ടുമ്പോൾ സെക്യൂരിറ്റിക്കാർക്ക് 20750ഉം ക്ലർക്കുമാർക്ക് 25250 വരെ ശമ്പളം ലഭിക്കും; അസാധാരണമായ ഒരു തൊഴിൽ സമരത്തിന്റെ വിജയഗാഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുത്തൂറ്റിനെതിരെ കൊടി പിടിച്ച തൊഴിലാളി യൂണിയനുകൾക്ക് ഇത് അഭിമാന മുഹൂർത്തം. നേഴ്‌സുമാർക്ക് മിനിമം കൂലി നിശ്ചയിച്ച് മാതൃകയായ കേരളത്തിൽ മറ്റൊരു വിപ്ലവം കൂടി. ഇത് സമരം ചെയ്തവരുടെ വിജയമാണ്. എത്ര കോടികളുണ്ടെങ്കിലും തൊഴിലാളി പ്രശ്‌നത്തിൽ മുതലാളിമാർക്ക് മുമ്പിൽ മുട്ടു മടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുകയാണ്. സംസ്ഥാനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം സർക്കാർ പ്രഖ്യാപിച്ചത് മുത്തൂറ്റിലെ സമരത്തിന്റെ പശ്ചാത്തലത്തിലാണ്. ബാങ്കിങ്, നോൺ-ബാങ്കിങ്, പണയം, ഇൻഷുറൻസ്, മൈക്രോ ഫിനാൻസ്, വിദേശനാണ്യ വിനിമയ ഹയർ പർച്ചേസ്, ചിട്ടി, കുറി തുടങ്ങി പണമിടപാടു നടത്തുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും ബാധകമാകത്തക്ക വിധമാണ് പ്രഖ്യാപനം. എല്ലാവർക്കും ഇനി മാന്യമായ ശമ്പളം കിട്ടും.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ചതോടെ ഈ രംഗത്തു നിലവിലുള്ള വേതന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുവകയാണ്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാർക്കു മാന്യമായ വേതനം ഉറപ്പുവരുത്തുന്നതാണു നടപടി. ഈ മേഖലയിൽ ഇതാദ്യമായാണ് സർക്കാർ മിനിമം വേതനം പ്രഖ്യാപിക്കുന്നത്. ഇതോടെ ഓരോ തസ്തികയ്ക്കും നൽകേണ്ട മിനിമം വേതനം സംബന്ധിച്ച തർക്കങ്ങളും ഇല്ലാതാകും. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള മിനിമം വേതനം നിശ്ചയിച്ച് 2016 ഓഗസ്റ്റ് ഒമ്പതിന് സർക്കാർ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതു കോടതി താത്കാലികമായി സ്റ്റേ ചെയ്തിരുന്നതിനാൽ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതു വൈകി. പിന്നീട്, മുത്തൂറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർ നടത്തിയ 52 ദിവസം നീണ്ട പണിമുടക്ക് സംബന്ധിച്ച കേസ് പരിഗണിക്കവെ, പ്രാഥമിക വിജ്ഞാപനത്തിൽ പറഞ്ഞിരുന്ന സർവീസ് വെയിറ്റേജ്, റിസ്‌ക് അലവൻസ്, ഫിറ്റ്മെന്റ് ബെനഫിറ്റ് തുടങ്ങിയ ആനുകൂല്യങ്ങൾ ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഈ ആനുകല്യങ്ങൾ ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനും ഹൈക്കോടതി ഒഴിവാക്കാൻ നിർദ്ദേശിച്ച ആനുകൂല്യങ്ങൾ സംരക്ഷിക്കുന്നതിന് സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യുന്നതിനും സർക്കാരിനു നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ മേഖലയിലെ ജീവനക്കാർക്ക് മിനിമം വേതനം നിശ്ചയിച്ചു വിജ്ഞാപനമായത്. അതുകൊണ്ട് തന്നെ ഇത് മുത്തൂറ്റിലെ സമരത്തിന്റെ തുടർച്ചയാണ്.

മുതലാളിമാരുടെ ആട്ടും തുപ്പും കേട്ട് പടിച്ചു നിന്നവരെ തേടി എത്തിയ ലോട്ടറിയാണ് സർക്കാർ തീരുമാനം. ജീവിക്കാനുള്ള കാശ് ചോദിച്ചിട്ട് കൊടുക്കാതിരുന്ന മുത്തൂറ്റ് അടങ്ങിയ മുതലാളിമാർ ഇനി തൂപ്പുകാർ മുതൽ മാനേജർമാർ വരെയുള്ളവർക്ക് മാന്യമായ ശമ്പളം കൊടുത്തേ മതിയാവൂ. തൊഴിൽ ചൂഷണം നിലനിൽക്കുന്ന സ്വകാര്യ ധനകാര്യ മേഖലയിലെ ജീവനക്കാരുടെ ദീർഘകാല ആവശ്യത്തിനാണ് മിനിമം വേതനം വിജ്ഞാപനത്തിലൂടെ സംസ്ഥാന സർക്കാർ അംഗീകാരം നൽകിയത്. ഈ മേഖലയിൽ ആദ്യമായാണ് സർക്കാർ മിനിമം വേതനം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞവർഷം മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ നടത്തിയ അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതിയുടെ ഇടപെടലിനും സർക്കാരിന്റെ തീരുമാനത്തിനും കാരണമായി എന്നതും പ്രധാനം. മുത്തൂറ്റിലെ തൊഴിൽ ചൂഷണം തുറന്നുകാണിച്ചാണ് ജീവനക്കാർ കോടതിയിലെത്തിയത്. അത് പരിഗണിക്കവെയാണ് പ്രശ്നത്തിലെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട് സർക്കാർ വിജ്ഞാപനത്തിനു നൽകിയിരുന്ന സ്റ്റേ കോടതി നീക്കിയത്.

നിലവിൽ കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമമനുസരിച്ചാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വേതനം നൽകുന്നത്. ക്ലീനർ, സ്വീപ്പർ, ഓഫിസ് അറ്റൻഡന്റ്, അറ്റൻഡർ തുടങ്ങിയ തസ്തികകളിലുള്ളവർക്ക് നിലവിൽ ഡി.എ. അടക്കം 11140 രൂപയോളമാണ് തുടക്കത്തിൽ വേതനമായി ലഭിക്കുന്നത്. പുതിയ മിനിമം വേതന വിജ്ഞാപന പ്രകാരം ഈ തസ്തികകളിലെ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ തുടക്ക ശമ്പളം ഡി.എ. അടക്കം 13,400 രൂപയായി ഉയരും. വാച്ച്മാൻ, സെക്യൂരിറ്റി തുടങ്ങിയ ജീവനക്കാർക്ക് നിലവിൽ ഡി.എ. അടക്കം 11,350 രൂപയാണ് മിനിമം വേതന നിയമപ്രകാരം കുറഞ്ഞ വേതനമായി കണക്കാക്കിയിരിക്കുന്നത്. പുതിയ വിജ്ഞാപനത്തോടെ ഇത് 14,000 രൂപയായി ഉയരും. ഡ്രൈവറുടേത് നിലവിലുള്ള 11560 രൂപ എന്നത് കുറഞ്ഞത് 14750 രൂപ എന്ന നിലയിലേക്കും ഉയരും. കളക്ഷൻ എക്സിക്യൂട്ടിവുമാർ, ബിൽ കളക്ടർ, എ.ടി.എം. ക്യാഷ് ലോഡിങ് എക്സിക്യൂട്ടിവുമാർ, അപ്രൈസർമാർ തുടങ്ങിയവരുടെ വിഭാഗത്തിൽവരുന്നവർക്ക് തുടക്കത്തിൽ 16500 രൂപയിൽ കുറയാത്ത ശമ്പളം പ്രതിമാസം ലഭിക്കുമെന്ന് പുതിയ വിജ്ഞാപനം ഉറപ്പാക്കുന്നു.

ക്ലർക്ക്, ജൂനിയർ ഓഫിസർ, ജൂനിയർ അസിസ്റ്റന്റ്, ബിസിനസ് ഡെവലപ്മെന്റ് ഓഫിസർമാർ, ഇൻഷ്വറൻസ് പ്രോമോട്ടർമാർ, കസ്റ്റമർ സർവീസ് എക്സിക്യൂട്ടിവുമാർ തുടങ്ങിയ തസ്തികയിലുള്ളവർക്ക് നിലവിൽ 11770 രൂപയാണ് ഡി.എ. അടക്കം തുടക്കത്തിൽ കുറഞ്ഞ വേതനമായി കണക്കാക്കിയിരിക്കുന്നത്. പുതിയ വിജ്ഞാപനം പ്രാബല്യത്തിൽവന്നതോടെ ഇത് 17,000 രൂപയായി ഉയരും. ക്യാഷ്യർ, അക്കൗണ്ടന്റ്, സീനിയർ എക്സിക്യൂട്ടിവ്, കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടിവ് തുടങ്ങിയ തസ്തികകളിലുള്ളവർക്ക് ഡി.എ. അടക്കം 19500 രൂപ ഏറ്റവും കുറഞ്ഞ തുടക്ക ശമ്പളമായി ലഭിക്കും. അസിസ്റ്റന്റ് മാനേജർമാർ, ബിസിനസ് മാനേജർമാർ, സെയിൽസ് ഡെവലപ്മെന്റ് മാനേജർമാർ തുടങ്ങിയവരുടെ വിഭാഗത്തിൽ നിലവിലെ വ്യവസ്ഥകളനുസരിച്ച് 11980 രൂപയാണ് ഡി.എ. അടക്കം കുറഞ്ഞ വേതനം. പുതിയ വിജ്ഞാപന പ്രകാരം തുടക്കക്കാരായ ജീവനക്കാർക്ക് ഏറ്റവും കുറഞ്ഞത് 21750 രൂപ ലഭിക്കും. ബ്രാഞ്ച് മാനേജർ, മാനേജർ(എച്ച്.ആർ), ഓപ്പറേഷൻസ് ഹെഡ് തുടങ്ങിയ തസ്തികകളിൽ 23750 രൂപയും ഏറ്റവും കുറഞ്ഞ വേതനം ഉറപ്പാക്കുന്നുണ്ട്. ജീവനക്കാർക്ക് ലഭിക്കേണ്ട വാർഷിക ഇൻക്രിമെന്റ് സംബന്ധിച്ചും വിജ്ഞാപനത്തിൽ വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്.

അടിസ്ഥാന വേതനം ഇങ്ങനെ

ക്ലീനർ, സ്വീപ്പർ, ഹൗസ്‌കീപ്പിങ് അസിസ്റ്റന്റ്, അറ്റൻഡർ, ഓഫിസ് അറ്റൻഡന്റ്, മെസഞ്ചർ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ഇനി 10150-400-12150-500-14650 രൂപ എന്ന സ്‌കെയിലിൽ കുറയാതെ മാസ വേതനം ലഭിക്കും. ഗാർഡനർ, സായുധരല്ലാത്ത വാച്ച്മാൻ/സെക്യൂരിറ്റി ഗാർഡ് എന്നിവർക്ക് 10750-400-12750-500-15250 എന്ന സ്‌കെയിലിലും ഡ്രൈവർമാർക്ക് 11500-400-13500-500-16000 എന്ന സ്‌കെയിലിലും അടിസ്ഥാന വേതനം ലഭിക്കും.

കളക്ഷൻ എക്സിക്യൂട്ടിവ്, എടിഎം ക്യാഷ് ലോഡിങ് എക്സിക്യൂട്ടിവ്, കളക്ഷൻ ഏജന്റ്, റിക്കവറി അസിസ്റ്റന്റ്, ബിൽ കളക്ടർ, അപ്രൈസർ, സായുധരായ സെക്യൂരിറ്റി ഗാർഡ് എന്നിവരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന വേതനം 13250-700-16750-800-20750 രൂപയായിരിക്കും. ക്ലാർക്ക്, ജൂനിയർ ഓഫിസർ, ജൂനിയർ അസിസ്റ്റന്റ്, സെയിൽസ് ഓഫിസർ, ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ, ഇൻഷ്വറൻസ് പ്രൊമോട്ടർ, ഇൻഷ്വറൻസ് ഏജന്റ്, ഇൻഷ്വറൻസ് അഡൈ്വസർ, ജൂനിയർ റിക്കവറി ഓഫിസർ, ജൂനിയർ എക്സിക്യൂട്ടിവ്, കസ്റ്റമർ സർവീസ് എക്സിക്യൂട്ടിവ്, ബിസിനസ് അസോസിയേറ്റ്, ജൂനിയർ ക്രെഡിറ്റ് ഓഫിസർ എന്നീ തസ്തികകളിലുള്ളവർക്ക് 14750-750-18500-850-22750 എന്ന സ്‌കെയിലിലും കാഷ്യർ, അക്കൗണ്ടന്റ്, സീനിയർ എക്സിക്യൂട്ടിവ്, കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടിവ് / കസ്റ്റമർ റിലേഷൻ ഓഫിസർ, സീനിയർ റിക്കവറി ഓഫിസർ, സീനിയർ ബിസിനസ് അസോസിയേറ്റ്, ജൂനിയർ ഇൻഷ്വറൻസ് ഓഫിസർ, അസിസ്റ്റന്റ് ക്രെഡിറ്റ് ഓഫിസർ എന്നിവർക്ക് 16250-850-20500-950-25250 എന്ന അടിസ്ഥാന സ്‌കെയിലിലും വേതനം ലഭിക്കും.

അസിസ്റ്റന്റ് മാനേജർ, ബിസിനസ് മാനേജർ, സെയിൽസ് ഡെവലപ്മെന്റ് മാനേജർ, സെയിൽസ് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ, കാഷ്യർ-കം-അക്കൗണ്ടന്റ്, സീനിയർ ഇൻഷ്വറൻസ് ഓഫിസർ, ക്രെഡിറ്റ് ഓഫിസർ തസ്തികകളിൽ 18500-1150-24300-1250-30550 എന്നതായിരിക്കും അടിസ്ഥാന ശമ്പള സ്‌കെയിൽ. ബ്രാഞ്ച് മാനേജർ, മാനേജർ(എച്ച്.ആർ), ഓപ്പറേഷൻസ് ഹെഡ്, ബ്രാഞ്ച് ഹെഡ്, ലീഗൽ അസിസ്റ്റന്റ് എന്നിവർക്ക് 20500-1250-25750-1400-33750 സ്‌കെയിലിലും അടിസ്ഥാന വേതനം നൽകണം.

അടിസ്ഥാന വേതനത്തിനു പുറമേ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ജില്ലാ ആസ്ഥാനങ്ങൾക്കായി ഓരോ മാസവും പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വിലസൂചികയിലെ 250 പോയിന്റിനു മേൽ വർധിക്കുന്ന ഓരോ പോയിന്റിനും 32 രൂപ 50 പൈസ നിരക്കിൽ ക്ഷാമബത്തയും നൽകണം. ക്ലീനർ, സ്വീപ്പർ, ഹൗസ്‌കീപ്പിങ് അസിസ്റ്റന്റ്, അറ്റൻഡർ, ഓഫിസ് അറ്റൻഡന്റ്, മെസഞ്ചർ, ഗാർഡനർ, സായുധരല്ലാത്ത വാച്ച്മാൻ/സെക്യൂരിറ്റി ഗാർഡ്, ഡ്രൈവർ, കളക്ഷൻ എക്സിക്യൂട്ടിവ്, എടിഎം ക്യാഷ് ലോഡിങ് എക്സിക്യൂട്ടിവ്, കളക്ഷൻ ഏജന്റ്, റിക്കവറി അസിസ്റ്റന്റ്, ബിൽ കളക്ടർ, അപ്രൈസർ, സായുധരായ സെക്യൂരിറ്റി ഗാർഡ് എന്നീ തസ്തികകളിലുള്ളവർക്ക് സർവീസ് വെയിറ്റേജ്, അധിക ജോലിക്കുള്ള പ്രത്യേക വേതനം, റിസ്‌ക് അലവൻസ് എന്നിവ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള കേസിലെ അന്തിമ തീർപ്പിന് വിധേയമായി നൽകണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

മിനിമം വേതനം പ്രഖ്യാപിച്ച് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ഉൾപ്പെടാത്ത തസ്തികകളിൽ ഈ മേഖലയിലെ സമാന ജീവനക്കാരുടെ വേതനത്തിന്റെയും ക്ഷാമബത്തയുടേയും ഇൻക്രിമെന്റിന്റെയും നിരക്കിൽ വേതനം നൽകണം. മാസ വേതനത്തെ 26 കൊണ്ട് ഭാഗിച്ചാകണം ദിവസവേതനം നിശ്ചയിക്കേണ്ടത്. ഏതെങ്കിലും സ്ഥാപനത്തിലോ തൊഴിലുടമയ്ക്കു കീഴിലോ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉത്തരവിൽ പറയുന്നതിനേക്കാൾ ഉയർന്ന വേതനം ലഭിക്കുന്നുണ്ടെങ്കിൽ അവർക്ക് തുടർന്നും അതേ നിരക്കിൽ വേനം നൽകണമെന്നും വിജ്ഞാപനലുണ്ട്.

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള മിനിമം വേതനം സംബന്ധിച്ച് 2016 ജൂലൈയിൽ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പ്രാഥമിക വിജ്ഞാപനത്തിലെ കരട് നിർദ്ദേശങ്ങളിലുള്ള ആക്ഷേപങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ചും ഈ ആവശ്യത്തിനായി രൂപീകരിച്ച മിനിമം വേതന ഉപദേശ ബോർഡിന്റെ ശുപാർശകളും പരിഗണിച്ചാണ് മിനിമം വേതന നിരക്കുകൾ പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP