Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മെറ്റേണിറ്റി ലീവ് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്; പക്ഷേ ചാലക്കുടിയിൽ നിന്ന് പ്രസവത്തിനു പോയ ജീവനക്കാരി തിരികെ കയറേണ്ടത് അങ്കമാലിയിലാകും; ബോണസ് 20 ശതമാനമെങ്കിലും അതും പല കണക്കുകളുടെ പേരിൽ കുറയ്ക്കും; മിനിമം വേതനം നിശ്ചയിച്ചിട്ടും 7000 രൂപ മാത്രം കിട്ടുന്ന ജീവനക്കാരും ഏറെ; റിസ്‌കും യോഗ്യതയും കണക്കിലെടുത്ത് വേതനം പരിഷ്‌കരിച്ച സർക്കാർ വിജ്ഞാപനത്തെ തളർത്തിയത് മുതലാളിയുടെ സ്റ്റേ; മുത്തൂറ്റിൽ രക്ഷ കിട്ടാതെ അലയുന്നത് പട്ടണി പാവങ്ങൾ; തൊഴിൽ സമരത്തിന് പിന്നിലെ കണ്ണീർ കഥ

മെറ്റേണിറ്റി ലീവ് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്; പക്ഷേ ചാലക്കുടിയിൽ നിന്ന് പ്രസവത്തിനു പോയ ജീവനക്കാരി തിരികെ കയറേണ്ടത് അങ്കമാലിയിലാകും; ബോണസ് 20 ശതമാനമെങ്കിലും അതും പല കണക്കുകളുടെ പേരിൽ കുറയ്ക്കും; മിനിമം വേതനം നിശ്ചയിച്ചിട്ടും 7000 രൂപ മാത്രം കിട്ടുന്ന ജീവനക്കാരും ഏറെ; റിസ്‌കും യോഗ്യതയും കണക്കിലെടുത്ത് വേതനം പരിഷ്‌കരിച്ച സർക്കാർ വിജ്ഞാപനത്തെ തളർത്തിയത് മുതലാളിയുടെ സ്റ്റേ; മുത്തൂറ്റിൽ രക്ഷ കിട്ടാതെ അലയുന്നത് പട്ടണി പാവങ്ങൾ; തൊഴിൽ സമരത്തിന് പിന്നിലെ കണ്ണീർ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദൈവത്തെയോർത്ത് ഒന്നു മനസ്സിലാക്കൂ....ഇത് രാഷ്ട്രീയ സമരമല്ല. ഞങ്ങളിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. ജീവിക്കാനാണ്.ഞങ്ങൾക്കും ജീവിക്കണം. കുടുംബവും കുട്ടികളുമുണ്ട്. എട്ടു വർഷം കഴിഞ്ഞിട്ടും എനിക്ക് കിട്ടുന്നത് 13,000 രൂപയാണ്. ഞങ്ങൾക്ക് കിട്ടാനുള്ളത് കിട്ടണം. ലാഭം മുഴുവനും എടുത്ത് തരണമെന്നൊന്നും പറയുന്നില്ല. ന്യായമായ വിഹിതം അത്രയേ ആവശ്യപ്പെടുന്നുള്ളൂ. മുത്തുറ്റ് നിലനിൽക്കണം. അതിന് ഇനിയും ലാഭമുണ്ടാവണം. അതിനാൽ ഞങ്ങൾക്ക് ജയിച്ചേ പറ്റൂ....' '22 വർഷമായി മുത്തൂറ്റിൽ ജോലി ചെയ്യുന്നു. ഇപ്പോഴും ശമ്പളം 16,000 രൂപ.1997-ൽ 150 ൽ താഴെ ശാഖകളും ഇത്ര ലാഭമോ ബിസിനസോ ഇല്ലാതിരുന്നപ്പോഴും ജോലിക്കെത്തിയതാണ് .ഇപ്പോൾ ആയിരക്കണക്കിന് ശാഖകൾ വന്ന്,കമ്പനിയുടെ ബിസിനസും ലാഭവും കുമിഞ്ഞു കൂടിയിട്ടും എനിക്ക് കഞ്ഞി കുമ്പിളിലാണ്.'- കോഴഞ്ചേരിയിൽ നിന്ന് രാജ്യന്തര തലത്തിലേക്ക് വളർന്ന മുത്തൂറ്റ് ഫിനാൻസിൽ, സേവന-വേതന വ്യവസ്ഥകൾക്ക് ഒരു വ്യവസ്ഥയുമില്ലെന്നതിന് തെളിവാണ് ജീവനക്കാരുടെ ഈ അഭിപ്രായ പ്രകടനങ്ങൾ.

ഇനി, 36 വർഷമായി, ഇവിടെ ജോലി ചെയ്യുന്ന,അദ്ദേഹം തന്നെ,സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ട 2019 മെയ്‌ മാസത്തിലെ പേസ്ലിപ്പിൽ പറയുന്ന കണക്ക്... തസ്തിക -സർവീസ് അസിസ്റ്റന്റ്..ബേസിക് പേ+ഡി.എ-12,026, വീട്ടുവാടക അലവൻസ്-3,753, അരിയേഴ്‌സ്-233,സി.എം.ഐ റിലീസ്(എംപ്ലോയർ കോൺട്രിബ്യൂഷൻ-500) ആകെ-16,512 ഇതിൽ പി.എഫ്-1443, ഇ.എസ്‌ഐ-281, പെൻഷൻ കോൺട്രിബ്യൂഷൻ - 1500 എന്നിവ കുറച്ചാൽ കയ്യിൽ കിട്ടുന്നത് 13,288 രൂപ.-ഇതാണ് അവസ്ഥ. 132 വർഷം പാരമ്പര്യമുള്ള,36000 കോടിയുടെ ബിസിനസ് നടക്കുന്ന, 3000 കോടി ലാഭമുള്ള, 1000 കോടി ആദായ നികുതി നൽകുന്ന മുത്തൂറ്റ് ഫിനാൻസിലെ ജീവനക്കാരുടെ അവസ്ഥ ബഹുകഷ്ടമാണ്.

ഒരു തൊഴിൽ നിയമങ്ങളും ബാധകമല്ലെന്നാണ് മാനേജ്‌മെന്റ് നിലപാടെന്ന് ജീവനക്കാർ പറയുന്നു. ഇത് തന്നെയാണ് സമരത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. അതിനിടെ മുത്തൂറ്റ് ഫിനാൻസിന്റെ വിവിധ ഓഫീസുകളിലെ 15 ജീവനക്കാർക്ക് മിനിമം വേതനം ലഭിക്കാത്തതായും തൊഴിൽവകുപ്പ് എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. എറണാകുളം ബാനർജി റോഡിലുള്ള ഹെഡ് ഓഫീസിലെ ഏഴ് തൂപ്പുതൊഴിലാളികളും ഇതിൽ ഉൾപ്പെടും. മലപ്പുറം ജില്ലയിലെ ശാഖകളിലാണ് മറ്റ് എട്ട് ജീവനക്കാരെ മിനിമം വേതനം പോലും നൽകാതെ ജോലി ചെയ്യിച്ചിരുന്നത്. ജൂലൈയിലാണ് സംസ്ഥാന വ്യാപകമായി മുത്തൂറ്റ് ഫിനാൻസിന്റെ 101 ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് പരിശോധന നടത്തിയത്. ഇതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമപ്രകാരമുള്ള മിനിമം വേതനം 2016ൽ പ്രാബല്യത്തിലായി രണ്ട് വർഷത്തിന് ശേഷം 2018 ആഗസ്തിലാണ് മുത്തൂറ്റ് ഫിനാൻസ് നടപ്പാക്കിയത്. അതും ഓഗസ്റ്റ് മാസം മുതൽ നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയിസ് അസോസിയേഷന്റെ (സിഐടിയു) നേതൃത്വത്തിൽ ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിന് നോട്ടീസ് നൽകിയപ്പോൾ തൊഴിൽവകുപ്പ് നടത്തിയ ഇടപെടലിനെ തുടർന്നും. തീർത്തും നിയമ ലംഘനമാണ് മുത്തൂറ്റിൽ തൊഴിലാളികൾക്ക് നേരെ നടക്കുന്നത്. ഇത് വ്യക്തമാക്കുന്ന സാലറി സ്ലിപ്പിന്റെ പകർപ്പ് മറുനാടനും ലഭിച്ചു. നിയമങ്ങൾ നടപ്പാക്കത്തതു കൊണ്ട് രണ്ടുവർഷത്തിനിടെ വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റുവിറ്റി പോലുള്ള ആനുകൂല്യങ്ങളിൽ വൻ കുറവാണുണ്ടായത്. 11,600 മുതൽ 13,500 വരെ മിനിമം വേതനം നിശ്ചയിച്ചിട്ടും 7000 രൂപയോളം മാത്രമാണ് ഏതാനും ജീവനക്കാർക്ക് നൽകിയിരുന്നത് എന്നാണ് തൊഴിൽവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത് എന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബർ എട്ടിനാണ് ഈ വാർത്ത ദേശാഭിമാനി നൽകിയിരിക്കുന്നത്. 

എറണാകുളത്തെ ഹെഡ് ഓഫീസിൽ 7000 രൂപമാത്രം ശമ്പളമുള്ള ഇരുപത്തിയഞ്ചോളം തുപ്പുതൊഴിലാളികളാണ് തൊഴിൽവകുപ്പിന്റെ പരിശോധനാ സമയത്തുണ്ടായിരുന്നത് എന്നും ദേശാഭിമാനി പറയുന്നു.  എല്ലാവരും മുത്തൂറ്റ് ജീവനക്കാരായിരുന്നെങ്കിലും ഏഴുപേരൊഴികെയുള്ളവർ കരാർ തൊഴിലാളികളായിരുന്നു. മലപ്പുറം ജില്ലയിലെ ശാഖയിൽ കണ്ടെത്തിയ മിനിമം വേതനമില്ലാത്ത ജീവനക്കാർക്ക് മറ്റുവിധത്തിൽ മിനിമം വേതനത്തിന് തുല്യമായ തുക നൽകുന്നതായി മാനേജ്മെന്റ് തൊഴിൽവകുപ്പിനോട് വിശദീകരിച്ചു. ജീവനക്കാർക്ക് പരാതിയില്ലെന്നും വാദിച്ചു. രണ്ടുവർഷത്തെ ബോണസും ജീവനക്കാർക്ക് നൽകിയിട്ടില്ല. മറ്റ് നോൺബാങ്കിങ് സ്ഥാപനങ്ങൾ മിനിമം വേതനം കണക്കാക്കി ബോണസ് നൽകിയപ്പോൾ മുത്തൂറ്റ് അതിന് തയ്യാറായില്ല. തുടർന്ന് 2016ൽ ജീവനക്കാരുടെ സംഘടന വ്യവസായ തർക്ക ട്രിബ്യൂണലിനെ സമീപിച്ചു.

ഇത് പരിഹരിക്കാൻ ഇപ്പോഴും മാനേജ്മെന്റ് തയ്യാറായിട്ടില്ലാത്തതിനാൽ കഴിഞ്ഞ വർഷവും ബോണസ് നിഷേധിച്ചു. എന്നാൽ ജീവനക്കാർക്ക് നൽകുന്ന ഇൻസന്റീവുകൾ ബോണസായി തെറ്റിദ്ധരിപ്പിക്കുന്ന പതിവുണ്ടെന്നും ജീവനക്കാർ പറയുന്നു.

നടക്കുന്നതുകൊടും പീഡനങ്ങൾ എന്ന് ജീവനക്കാർ

തങ്ങളുടെ കരുത്തെന്ന് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റ് തന്നെ വിശേഷിപ്പിക്കുന്ന, 35000 വരുന്ന 'സമർപ്പിതരായ' ജീവനക്കാരുടെ വീട്ടിൽ ദുരിതമാണ്. ഇതര സംസ്ഥാന തൊഴിലാളിപോലും കൂലി ചോദിച്ചു വാങ്ങുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് ഈ കഷ്ടതയുടെ കഥ ചർച്ചയാക്കുന്നത്. 2016ലാണ് മൂത്തൂറ്റ് ഫിനാൻസ് എംപ്ലേയീസ് യൂനിയൻ രൂപവത്ക്കരിച്ചത്.സിഐ.ടി.യു.വുമായിട്ടാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.യൂനിയൻ അംഗങ്ങളായതിനു സ്ത്രീകളെയടക്കം 50 ജീവനക്കാരെ സംസ്ഥാനത്തിനു പുറത്തേക്കുവരെ സ്ഥലം മാറ്റി. ചുമതലയേൽക്കാത്തതിനു സസ്പന്റെ് ചെയ്തു.തുടർന്ന് 17 ദിവസം നീണ്ട സമരത്തിനൊടുവിൽ എല്ലാവരെയും തിരിച്ചെടുത്തു.എന്നാൽ അന്നുണ്ടാക്കിയ കരാർ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടു. ഇതാണ് ഇപ്പോഴത്തെ സമരത്തിന്റെ യാഥാർത്ഥ കാരണം.

താഴെ തലത്തിൽ പ്രവർത്തിക്കുന്നവരിലേറെപ്പേർക്കും കിട്ടുന്നത് 9000 മുതൽ 12000 രൂപവരെയാണ്. ഏതെങ്കിലും മാസം ടാർജറ്റ് എത്തിയില്ലെങ്കിൽ ഇൻക്രിമന്റെ് കുറക്കും. ബോണസ് 20 ശതമാനമാണെന്നാണ് വയ്‌പെങ്കിലും അതും പല കണക്കുകളുടെ പേരിൽ കുറക്കും. പ്രസവാവധി അനുവദിക്കാറുണ്ടെങ്കിലും ജോലി പോകും. ചാലക്കുടിയിൽ നിന്ന് പ്രസവത്തിനു പോയ ജീവനക്കാരി തിരികെ കയറേണ്ടത് അങ്കമാലിയിലാകും. പൂട്ടാൻ തീരുമാനിച്ച ശാഖകളിൽ യൂനിയൻകാരെ ഇരുത്തുമ്പോൾ മുതാളിക്ക് ഓശാന പാടുന്നവർ േജാലിചെയ്യുക ലാഭകരമായ ശാഖകളിലായിരിക്കും. നിശ്ചിത വർഷം പൂർത്തിയായവർക്ക് ഓഹരി നൽകുന്ന എംപ്ലോയീസ് സ്‌റ്റോക്ക് ഓണർഷിപ്പ് പ്ലാനിൽ ഉൾപ്പെടുന്നതും മുതലാളിയുടെ താൽപ്പര്യക്കാർ മാത്രം. തൊഴിൽ പ്രശ്‌നങ്ങൾ ഉന്നയിക്കുമ്പോൾ ചർച്ചക്ക് തയാറാവാത്ത നിലപാടാണ് മാനേജ്മന്റെിൻേറത്. ജീവനക്കാരല്ല, പുറത്തുള്ളവരാണ്ശാഖകൾ അടപ്പിക്കുന്നതെന്നാണ് അവരുടെ വാദം.ഹിത പരിശോധനയിലുടെ എണ്ണം നിർണ്ണയിക്കാമെന്ന യൂനിയൻ നിർദ്ദേശവും നടന്നില്ല.

4600 ശാഖകളിൽ 620 എണ്ണമാണ് കേരളത്തിൽ. ആകെയുള്ളത് 3200 ജീവനക്കാർ. 1200 പേർ അംഗങ്ങളാണെന്നാണ് യൂനിയൻ നേതാക്കൾ അവകാശപ്പെടുന്നത്. ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്മന്റെ് ജീവനക്കാരോടൊപ്പമായിരുന്നു ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരെ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ അവരുടെ യോഗ്യതയും ജോലിയിലെ റിസ്‌ക്കും മറ്റും കണക്കിലെടുത്ത് പ്രത്യേകമായി പരിഗണിച്ച്, സേവന വേതന വ്യവസ്ഥകൾ നിശ്ചയിച്ച് സർക്കാർ കരടുവിജ്ഞാപനം ഇറക്കി. എന്നാൽ ഇതിനെതിരെ പണമിടപാട് സ്ഥാപന ഉമകൾ കോടതിയിൽ പോയി സ്‌റ്റേ സമ്പാദിച്ചു. ഇത് നടപ്പാക്കിയാൽ തീരുന്നതേയുള്ളൂ എല്ലാ പ്രശ്‌നങ്ങളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP